Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഅച്ഛൻ അറിയാൻ.......

അച്ഛൻ അറിയാൻ.... സുഭാഷ് ചന്ദ്രൻ എഴുതുന്നത്

text_fields
bookmark_border
subhash and father
cancel

കമ്പനിപ്പണിക്കിടയില്‍ വലതുകൈയിലെ നടുവിരല്‍ അറ്റുപോയ അച്ഛനെ എനിക്കിപ്പോള്‍ ഓര്‍മിക്കണം. മൂലധനം വായിച്ചിട്ടില്ലാത്ത കമ്മ്യൂണിസ്റ്റായിരുന്നു അച്ഛന്‍. കുട്ടിക്കാലത്ത് പാട്ടിനും കവിതക്കും പഠനത്തിനും സമ്മാനം വാങ്ങിച്ചെല്ലുമ്പോള്‍ വ്യവസായവിപ്ലവത്തിന് കൈവിരല്‍ നേദിച്ച അദ്ദേഹം മൂര്‍ധാവില്‍ കൈവെച്ച് ചേര്‍ത്തുപിടിക്കുമായിരുന്നു-വാക്കുകളില്ലാതെ. 

ജീവിതകാലം മുഴുവന്‍ കമ്മ്യൂണിസ്റ്റായിരുന്ന അച്ഛന്‍ ഒരിക്കലേ മദ്യപിച്ചുള്ളൂ- ഞങ്ങളുടെ ജില്ലാ കൗണ്‍സിലിലേക്ക് ഒരു ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയിച്ച സന്ദര്‍ഭത്തില്‍. കുറെക്കാലം തുടര്‍ച്ചയായി ആലുവയിലും എറണാകുളത്തും കോണ്‍ഗ്രസ് എം.എല്‍.എ.യും കോണ്‍ഗ്രസ് എം.പി.യും മാത്രം തിരഞ്ഞെടുക്കപ്പെടുന്ന നാളുകളായിരുന്നു അത്. ആദ്യമായി ജില്ലാ കൗണ്‍സില്‍ തിരെഞ്ഞടുപ്പ് നടക്കുകയായിരുന്നു. 

ജയാഘോഷങ്ങളില്‍നിന്നു മാറി ഒറ്റയ്ക്കു കാണപ്പെട്ട അദ്ദേഹം പതിവില്ലാതെ ചിരിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ''അച്ഛന്‍ കുടിച്ചോ?''
മകന്‍റെ മുന്നില്‍ തലകുനിച്ചുകൊണ്ട് അച്ഛന്‍ വികാരാധിക്യത്തോടെ പറഞ്ഞു: ''ഇന്നല്ലെങ്കില്‍പ്പിന്നെ എന്നാണെടാ എനിക്കു കുടിക്കാന്‍ കഴിയുക?''

എട്ടുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. പണ്ട്് അലൂമിനിയം കമ്പനിയിലേക്ക് അദ്ദേഹം നടന്നുതീര്‍ത്ത ദൂരമത്രയും ഒരിക്കല്‍ക്കൂടി എന്റെ കാറില്‍ ഇരുത്തിക്കൊണ്ടുപോകണമെന്ന ദുരാഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ ആ നാണംകെട്ട തമാശയില്‍ പങ്കാളിയാക്കാതെ കാലം അദ്ദേഹത്തെ കാത്തു. പകരം, സഞ്ചയനത്തിനു പെറുക്കിയ അസ്ഥികള്‍ മടിയിലും പിന്നെ ചാക്കില്‍ വടിച്ചുകൂട്ടിയ ചാരം ഡിക്കിയിലുമാക്കി ഞങ്ങള്‍ ആലുവാപ്പുഴയിലേക്കുപോയി. ആലുവാപ്പുഴയില്‍ ചെന്ന് അച്ഛനെ കൊട്ടിക്കളഞ്ഞിട്ട് തിരിച്ച് കോഴിക്കോട്ടെത്തിയപ്പോള്‍ പുത്തന്‍ കാറിന്റെ ഡിക്കിയിലെ വെല്‍വെറ്റില്‍ ഓട്ടച്ചാക്കില്‍നിന്നു തൂവിയ ഭസ്മം പറ്റിയിരുന്നത് അസ്വാസ്ഥ്യമുണ്ടാക്കി. മോനേ മോനേ എന്നു വിളിച്ച് എന്നോടൊപ്പം കോഴിക്കോട്ടേക്കു പോന്ന കുറച്ചു ചാരം.

അച്ഛാ, എല്ലാം കത്തിത്തീരുകയാണല്ലോ. സുഖജീവിതകാമനകള്‍ അച്ഛന്‍റെ മകനെയും ജീവിച്ചിരിക്കെത്തന്നെ ചാരമാക്കിത്തീര്‍ക്കുന്ന കാലവും വന്നല്ലോ. അവസാനത്തെ കനലും അണയുംമുന്‍പ് ഇത്രയെങ്കിലും എഴുതിവെച്ചതിന് പണ്ടത്തെപ്പോലെ എന്റെ നെറുകയില്‍ ഒരിക്കല്‍കൂടി തൊടണേ!
(മനുഷ്യന് ഒരാമുഖം എന്ന നോവലിന്‍റെ മുന്‍കുറിപ്പില്‍നിന്ന്)
നാളെ അദ്ദേഹത്തിന്‍റെ എട്ടാം ശ്രാദ്ധം

Show Full Article
TAGS:subhash chandran manushyanu oru amukham literature news malayalam news 
News Summary - Subhash Chandran-literature
Next Story