അഴീക്കോടിനെ സാഹിത്യ അക്കാദമി അവഗണിച്ചു
text_fieldsതൃശൂർ: ഡോ. സുകുമാർ അഴീക്കോട്... ആ സാഗരഗർജനം നിലച്ചിട്ട് ബുധനാഴ്ച ആറ് വർഷം. കേരളത്തിെൻറ സാംസ്കാരിക രാഷ്്ട്രീയ മണ്ഡലങ്ങളെ ഇളക്കി മറിച്ച മഹാത്മാവിെൻറ അഭാവം ആഴത്തിൽ പ്രകടമാവുന്ന കാലം. വർത്തമാനകേരളത്തിെൻറ വഴിവിട്ട യാത്രകൾ അനുഭവിക്കുേമ്പാൾ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ എന്ന് പറയാത്ത മലയാളികൾ ഉണ്ടാവില്ല. കേരളത്തിെൻറ മനസ്സാക്ഷി ആയിരുന്ന ആ ജ്ഞാനിയെ ആദരിക്കേണ്ടവർ പക്ഷേ, അവഗണിച്ചു- ഒരു വഴിപാട്പോലെ പോലും കേരള സാഹിത്യ അക്കാദമി അദ്ദേഹത്തിെൻറ സ്മരണക്ക് വേണ്ടി ഒന്നും ചെയ്തില്ല.
ഒരു ചെലവുമില്ലാത്ത കാര്യമായിട്ടും ജീവിതത്തിെൻറ ഏറിയ പങ്കും അഴീക്കോട് െചലവഴിച്ച തൃശൂരിൽ അദ്ദേഹം മോഹിച്ച് പണിത വീട് ആറ് വർഷമായിട്ടും പൊതുജനങ്ങൾക്ക് പ്രയോജനകരമാവുന്ന വിധത്തിലേക്ക് മാറ്റാൻ അക്കാദമി മനസ്സ് കാണിച്ചിട്ടില്ല. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ഇത്വരെ നിമജ്ജനം ചെയ്യാനുമായിട്ടില്ല. സ്മാരകത്തിനും നടപടികൾക്കുമായി സർക്കാർ അന്ത്യശാസനം നൽകിയിട്ടും ചുമതലയുള്ള സാഹിത്യ അക്കാദമി അനങ്ങിയിട്ടില്ല.
2012 ജനുവരി 24നാണ് അഴീക്കോട് വിട പറഞ്ഞത്. വീട് 2013 മേയ് അഞ്ചി-ന് സര്ക്കാര് ഏറ്റെടുത്ത് സാഹിത്യ അക്കാദമിയെ ഏല്പ്പിച്ചുവെങ്കിലും ഇതുവരെ സ്മാരകമെന്ന നിലയിലേക്ക് പ്രവർത്തനം തുടങ്ങിയിട്ടില്ല. അഴീക്കോട് സ്മാരകമെന്ന പേരിൽ സാഹിത്യ അക്കാദമി സ്ഥാപിച്ച ബോർഡും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെത്തി പൊടി തട്ടിയും തുടച്ചും പോകുന്ന ജീവനക്കാരനും ഉണ്ടെന്നല്ലാതെ അഴീക്കോടിെൻറ വീട് അനാഥമാണ്.
സാഹിത്യ അക്കാദമിയുടെ ലൈബ്രറി പോലെ തന്നെ അപൂർവ പുസ്തക ശേഖരമുള്ള അഴീക്കോടിെൻറ വീട്ടിലെ ലൈബ്രറിയും ഗവേഷണ വിദ്യാർഥികൾക്ക് ഗുണകരമാകുമെന്നായിരുന്നു പ്രതീക്ഷ. അഴീക്കോടെന്ന വിജ്ഞാന സാഗരത്തെ പുതുതലമുറക്ക് കൂടുതൽ അറിയാനുള്ള ഇടമായും ഇൗ ലൈബ്രറി മാറുമായിരുന്നുവെന്ന് സാംസ്കാരിക പ്രവർത്തകനായ വിജേഷ് എടക്കുന്നി ചൂണ്ടിക്കാട്ടി.
മരണശേഷം മാത്രം അവകാശികളായെത്തിയവരെ കാത്ത് ചിതാഭസ്മം സൂക്ഷിച്ചു വെച്ചിരിക്കുന്ന സാഹിത്യഅക്കാദമിയുടെ നടപടി അഴീക്കോടിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സാഹിത്യ അക്കാദമിയുടെ മുൻ വൈസ് പ്രസിഡൻറ് കൂടിയായ കേന്ദ്ര സാഹിത്യ അക്കാദമിയംഗം ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു.
അഴീക്കോട് സ്മാരകത്തിന് ബജറ്റിൽ വകയിരുത്തിയ 50 ലക്ഷം രൂപ പുതിയ ബജറ്റ് കാലമെത്തുമ്പോഴും അനങ്ങിയിട്ടില്ല. നിരവധി തവണ സാംസ്കാരിക വകുപ്പ് നേരിട്ട് സാഹിത്യ അക്കാദമിയെ ഇക്കാര്യം അറിയിച്ചു. ഫണ്ട് പിൻവലിക്കുമെന്ന മുന്നറിയിപ്പും നൽകി. എന്നിട്ടും പദ്ധതി സമർപ്പിച്ചില്ല. പിന്നീട് കെ. രാജൻ എം.എൽ.എ കത്തിടപാടുകൾ നടത്തിയും സാംസ്കാരിക മന്ത്രിയെ നേരിട്ട് കണ്ടും അഭ്യർഥിച്ചശേഷം മാസങ്ങൾക്ക് മുമ്പാണ് പദ്ധതി സർക്കാറിന് സമർപ്പിച്ചത്. അതിവേഗത്തിൽ നിർമാണത്തിന് നിർദേശിച്ച് സർക്കാർ അംഗീകരം നൽകിയെങ്കിലും ഇതുവരെയും നിർമാണ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല. അടുത്തയിടെ സാംസ്കാരിക വകുപ്പ് സാഹിത്യ അക്കാദമിക്ക് അന്ത്യശാസനം നൽകുകയും ചെയ്തു.