Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightവെറുമൊരു...

വെറുമൊരു ചിരിയായിരുന്നില്ല ചെമ്മനം

text_fields
bookmark_border
വെറുമൊരു ചിരിയായിരുന്നില്ല ചെമ്മനം
cancel
camera_alt???? ??????????? ? ??????????? ????????? ????????

ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയുളള വാക്കുകളിലൂടെ മലയാളിയുടെ ചിന്തകൾക്ക് ചിന്തേരിട്ട കവി ചെമ്മനം ചാക്കോ വിടവാങ്ങിയിരിക്കുന്നു... രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തിലേക്ക് പുലരുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിലാണ് വിമർശനഹാസ്യ കവിതാരംഗത്തെ ഈ ഒറ്റയാന്റെ വേർപാട്.
 പതിനഞ്ചാം വയസിൽ സ്കൂൾ കൈയ്യെഴുത്തു മാസികയിൽ എഴുതിയ ‘വെളിച്ചംകണ്ട വിക്രമി’ എന്ന കവിതയെഴുതി തുടക്കം. അച്ചടിച്ചുവച്ച ആദ്യ കവിത ‘പ്രവചനം’ ചക്രവാളം മാസികയിൽ (1945)

യാദൃച്ഛികമായിരിക്കാം 1947 ൽ ‘വിളംമ്പരം’ എന്ന കവിതാ സമാഹാരത്തിലൂടെയാണ് ചെമ്മനവും കവിതയിലേക്കുള്ള തന്റെ സ്വാതന്ത്യം പൂർണമായും പ്രഖ്യാപിച്ചത്. 1965 ൽ മുപ്പത്തൊമ്പതാം വയസ്സിൽ ചെമ്മനം വിമർശന ഹാസ്യത്തിലേക്ക് കടന്നുവന്നു.1967ൽ ‘കനകാക്ഷരങ്ങൾ’ എന്ന പ്രഥമ വിമർശഹാസ്യ കവിതാ സമാഹാരവുമിറങ്ങി. തുടർന്ന് അരനൂറ്റാണ്ടുകാലം സമൂഹം / ഭരണകൂടം / സർക്കാർ ഉദ്യോഗസ്ഥർ / രാഷ്ട്രീയക്കാർ  തുടങ്ങി മനുഷ്യന്റെ നിയതി നിയന്ത്രിക്കുന്ന എല്ലാ അധികാര സ്ഥാപനങ്ങളുടേയും പിടിപ്പുകേടുകളെ കുറിച്ച് അതിനിശിതമായി ചെമ്മനം എഴുതിക്കൊണ്ടിരുന്നു. സർക്കാർ ഓഫീസുകളിലെ ‘ആളില്ലാകസേരകൾ’ക്കെതിരെ ചെമ്മനം നടത്തിയ  വാക്കേറ്റങ്ങൾക്ക് ഇന്നും എന്നും  പ്രസക്തിയുണ്ട്.
വിമർശനങ്ങൾ വിളിച്ചുവരുത്തിയ എതിർപ്പുകളും  വിവാദങ്ങളും സംവാദങ്ങളും ചെമ്മനം കവിതയാക്കി!

കേരള സർവ്വകലാശാലയിൽ പ്രസിദ്ധീകരണവിഭാഗം ഡയറക്ടറായിരിക്കെ വള്ളത്തോളിന്റെ ഋഗ്വേദ പരിഭാഷയുടെ പ്രകാശനകർമത്തിന്​ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ വൈകി എത്തിയതിനെ വിമർശിച്ചത് സിൻഡിക്കറ്റിൽ ഒച്ചപ്പാടുണ്ടാക്കി. സിൻഡിക്കേറ്റു ചർച്ച ‘കവിയുടെ തോൽവി’ എന്ന കവിതയ്ക്കു വിഷയവുമായി ! പത്രമാധ്യമങ്ങളിലെ ‘മാനസമലിനീകരണ’ത്തിനെതിരെ തുടർച്ചായി വിമർശനമുന്നയിച്ച ചെമ്മനത്തിന്, ഇന്നത്തെ ദൃശ്യമാധ്യമ പെരുക്കത്തിൽ തിളക്കം കുടുന്നു.

സമകാലീന സംഭവങ്ങളോടുള്ള പെട്ടെന്നുള്ള പ്രതികരണങ്ങൾ എന്ന നിലയിൽ വായിക്കപ്പെടുന്ന വിമർശന ഹാസ്യ കൃതികൾ പൊതുവേ അല്പായുസാണ് എന്ന പതിവിനെ തെറ്റിക്കുന്നതിൽ സഞ്ജയനെപ്പോലെ ചെമ്മനവും വിജയിക്കുന്നു. കാലം പഴകുന്തോറും ഈ വാക്കുകളുടെ പ്രഹരശേഷി കൂടുന്നു എന്നത് സമൂഹമെന്ന നിലയിൽ നമ്മെ ചിന്തിപ്പിക്കേണ്ടതുമാണ്. എഴുത്തിലെ ശ്രദ്ധയെ കുറിച്ച് ചെമ്മനം പറയുന്നത് ഇങ്ങനെയാണ് ‘പൂ വിരിയുന്നത്പോലെ അല്ല എനിക്ക് കാവ്യരചന. ഈ മുറിയിൽ കിടക്കുന്ന ആറ്റക്കിളിക്കൂടു കണ്ടില്ലേ? അതിന്റെ നിർമാണം പോലെ ശ്രദ്ധാപൂർവം ഞാൻ കവിത പൂർത്തിയാക്കി ശിൽപഭംഗി വരുത്തുന്നു. വള്ളത്തോളിന്റെ കവിതകളിൽ നിന്നാണ് രചനാ തന്ത്രം ഞാൻ പഠിച്ചത്. ആവിഷ്കരണ ധൈര്യം നൽകിയത് കുഞ്ചൻ നമ്പ്യാരാണ്. ഭാഷാശൈലിക്ക് രൂപം നല്കാൻ എൻ.വി കൃഷ്ണവാര്യരുടെ രചനകൾ മാതൃകയാക്കി..’ (അഭിമുഖം, എഴുമറ്റൂർ രാജരാജ വർമ ).

സ്വാതന്ത്ര്യാനന്തര സമൂഹത്തിന്റെ സ്വപ്നങ്ങൾക്ക് സംഭവിച്ച തകർച്ചകളെ / പിഴവുകളെ നിരന്തരം ചൂണ്ടികാണിക്കുന്ന രാഷ്ടീയകവിതകളാണ് ചെമ്മനത്തിന്റേത്. എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബന്ധതയെക്കുറിച്ച്, രാഷ്ട്ര/രാഷ്ട്രീയ ബോധത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ചെമ്മനം അവസരം കിട്ടുമ്പോഴൊക്കെ അവതരിപ്പിച്ചിട്ടുണ്ട്. ‘ഒരു വികസ്വര രാജ്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് നാം. വികസിത രാജ്യത്തിലെ പൗരന്മാരുടേതിൽ നിന്നു വളരെ വിഭിന്നവും ലക്ഷ്യോൻമുഖവുമായ വമ്പിച്ച ചുമതല ഈ വികസ്വരരാജ്യത്തിലെ പൗരന് നിർവഹിക്കാനുണ്ട്. ജനങ്ങളെ രാജ്യപുരോഗതിയിലേക്ക് നയിക്കുന്നതിൽ ഒരു വികസ്വരരാജ്യത്തിലെ സാഹിത്യത്തിനും ഇതരകലകൾക്ക്​ മുമ്പ് വമ്പിച്ച ഉത്തരവാദിത്വമുണ്ട്​. നിസ്വാർത്ഥമായ ദേശ സ്നേഹത്തിന്റേയും സാമൂഹിക പ്രതിബദ്ധതയുടേയും അടിത്തറയിൽ നിന്നു കൊണ്ടുവേണം സാഹിത്യകാരന്മാരും കലാകാരന്മാരും അവരവരുടെ ചുവടുകൾ മുന്നോട്ട് നീക്കുവാൻ. ആദർശോജ്ജ്വലമായ  നേർവഴികൾ കാണിച്ചു കൊടുക്കുവാനും സമൂഹമദ്ധ്യത്തിൽ നുഴഞ്ഞു കയറിയ വൈകല്യങ്ങളെ ചൂണ്ടിക്കാണിക്കുവാനും അവർ കടപ്പെട്ടവരാണ്..’ എന്ന ചെമ്മനത്തിന്റെ വാക്കുകൾ എഴുത്തിന് കഴുത്തു നഷ്ടപ്പെടുന്ന സമകാലീന ഇന്ത്യനവസ്ഥയിൽ ‘നർമസങ്കട’'മായി തോന്നുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത്, പ്രജാപതി രാജ്യപുരോഗതിയുടെ പെരുപ്പിച്ച കണക്കുകൾ ഘോഷിക്കുന്ന നിമിഷങ്ങളിലാണ് ഈ വാക്കുകൾ കുറിക്കുന്നത്. മൾട്ടി മില്യണുകളിൽ പുരോഗതി കണക്കുകൾ നാടകീയമായി അവതരിപ്പിച്ചാൽ വികാരം കൊള്ളുന്ന / കൈയ്യടിക്കുന്ന ജനതയാണ് എന്ന ഉത്തമബോധ്യത്തിലാണ്  ഈ പ്രകടമെന്നതാണ് വാസ്തവം.

സത്യം വിളിച്ചു പറയാൻ ഇനിയും ചെമ്മനങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. ശുചിമുറികളുപയോഗിക്കാൻ നിരന്തരം ബോധവത്​കരണം നടത്തേണ്ടി വരുന്ന ജനതയോട് ‘ഡിജിറ്റൽ ഇന്ത്യ’യെ കുറിച്ച് വാചോടോപം നടത്തുന്നവരോട് ഒറ്റ ചോദ്യമേയുള്ളൂ.
നിങ്ങളുടെ ഉത്തരവാദിത്തം ആരോടാണ്?
ഈ ചോദ്യമാണ് ചെമ്മനം ചാക്കോ  കവിതയിലൂടെ ഒളിഞ്ഞും തെളിഞ്ഞും ഉന്നയിച്ചുകൊണ്ടിരുന്നത്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memoirChemmanm ChackoMalayalam Litterature
News Summary - remembering chemmanam chacko Malayalam poet -litterateur
Next Story