പത്തായത്തില്‍ നെല്ലുള്ളവര്‍ക്കേ വിഷുവുണ്ടായിരുന്നുള്ളൂ....
text_fieldsവിഷു മനോഹരമായ ആഘോഷമാണ്. പക്ഷേ, അതാർക്ക് എന്ന ചോദ്യമാണ് പണ്ടുമുതലേ നിലനിൽക്കുന്നത്. മണ്ണിൽ പണിയെടുക്കുന്ന പുലയന് വിഷുവുണ്ടായിരുന്നില്ല. ജന്മിമാർ തൊഴുത്തിലെ കാലികൾക്ക് വരെ വിഷുക്കണി കാണിക്കും. അപ്പോഴും മണ്ണിൽ പണിയെടുക്കുന്നവൻ പടിക്കുപുറത്തായിരുന്നു. ഇപ്പോൾ ജന്മിത്വം അവസാനിപ്പിച്ചെന്ന് വീരസ്യം പറയുന്നുണ്ടല്ലോ.. സത്യത്തിൽ എന്താണ് ഉണ്ടായത്. വലത്തേ കാലിലെ മന്ത് ഇടത്തേ കാലിലേക്ക് മാറി. ജന്മികളുടെ കൈയിൽനിന്ന് അത് പാട്ടകുടിയാന്മാരിലേക്ക് മാറി. അപ്പോഴും മണ്ണിൽ പണിയെടുക്കുന്നവൻ പട്ടിണിയിലാണ് -പ്രശസ്ത എഴുത്തുകാരിയും നിരൂപകയും അധ്യാപികയും പ്രഭാഷകയുമായ പ്രഫ. എം.ലീലാവതി പറയുന്നു. പ്രായാധിക്യത്തിെൻറ അവശതകൾക്കിടയിലും കൊച്ചിയിലെ വസതിയിലിരുന്ന് അവർ ‘മാധ്യമ’ത്തോട് വിഷു ഒാർമകൾ പങ്കുവെച്ചു.
ഇന്ന് പണിക്കാരന് കൂലികൊടുത്ത് കൃഷി നടത്തുന്നതിലും ഭേദം വയലുകളിൽ കെട്ടിടം ഉയർത്തുന്നതാണെന്ന് പാട്ടകുടിയാന്മാരിൽ ചിലർ തീരുമാനിച്ചതോടെ അതും അവസാനിച്ചു. പഴയ ജന്മിമാരിൽ പലരും ഇപ്പോൾ ദരിദ്രരാണ് എന്നത് ഒരു വസ്തുതയാണ്. പക്ഷേ, അത് മുൻകാല പാപങ്ങൾക്കുള്ള ശിക്ഷയാണ്.
വിഷു, സൂര്യ സംക്രമണം ആസ്പദമാക്കിയാണല്ലോ.. അത് അനുസരിച്ച് മേടം ഒന്നാം തിയതി മഴ പെയ്യാറുണ്ട്. ഇപ്പോൾ ആ രീതിക്കൊക്കെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്്. എന്നാലും മഴയെ പ്രതീക്ഷിച്ച് തന്നെയാണ് കഴിയുന്നത്. മഴപെയ്താൽ മേടം ഒന്നാം തീയതി വിത്തിറക്കിയിരുന്നു. എെൻറ കുട്ടിക്കാലത്തൊക്കെ അത് പതിവായി നടന്നിരുന്ന സംഗതിയാണ്. വിഷു കാർഷിക ആഘോഷമാണ്. ഒരു മതപരമായ ചടങ്ങേ അല്ല. വിഷുക്കണി തന്നെ അതിന് ഉദാഹരണമാണ്.
ധാന്യങ്ങളും ഫലവർഗങ്ങളുമാണ് കണികാണാൻ വെക്കുന്നത്. എെൻറ അഭിപ്രായത്തിൽ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് വിഷുക്കണി. എല്ലാം സ്വർണവർണത്തിൽ പ്രകാശിതമായ മനോഹരക്കാഴ്ച. ഒാട്ടുരുളിയിൽ ഉണക്കനെല്ലരിയാണ് വെക്കുക. രണ്ട് തേങ്ങാമുറി വെച്ച് അഞ്ച് തിരിയിട്ട് വിളക്ക് കത്തിക്കും. ഗ്രന്ഥം, വസ്ത്രം, കുങ്കുമം അങ്ങനെ പലതും കൂടെ വെക്കും. പഴുത്ത സ്വർണനിറമുള്ള വെള്ളരിയാണ് വെക്കുക, കൊന്നപ്പൂക്കുല, മഞ്ഞ നിറത്തിലുള്ള മാമ്പഴം, ചക്കയുടെ കാലത്താണ് വിഷുവെന്നത് കൊണ്ട് ഒഴിച്ചുകൂടാനാവാത്ത ഫലവർഗമാണത്. ഇങ്ങനെ ഇതെല്ലാം ചേർന്ന് രാവിലെ കണികാണുന്നത് ഒരു സുഖമുള്ള കാഴ്ചയാണ്. കാർഷിക വിഭവങ്ങൾ സമൃദ്ധിയിലായാൽ കൊല്ലം മുഴുക്കെ ആ ഫലം നില നിൽക്കുമെന്നുള്ളതാണ് കണിയുടെ ലക്ഷ്യം തന്നെ. വിഷു മതാചാരമല്ല എന്നതിന് മറ്റൊരു ശക്തമായ തെളിവ്. തൊഴുത്തിലെ കാലികളെ കൂടി കണിക്കാണിക്കും എന്നുള്ളത് തന്നെ. കർഷകെൻറ സമൃദ്ധിയുടെ ഒരു കാരണക്കാരൻകൂടിയാണ് കാലികൾ. അങ്ങനെ നോക്കുമ്പോൾ ഇത് എവിടെയാണ് മതാചാരമായി മാറുന്നത്.
വിഷുവിന് ആദ്യകാലത്തൊക്കെ ഭക്ഷണം വിഷുക്കഞ്ഞിയാണ്. പുഴുങ്ങലരിയുടെ കഞ്ഞി, തോങ്ങാപ്പൂൾ, ശർക്കര അച്ച്, പപ്പടം, ചക്കവറുത്തത് ഇത്രയുമാണ് വിഭവം. ഒാണത്തിനുള്ള വിവിധ വിഭവങ്ങളോടുകൂടിയ സദ്യയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ പലരും അതിലേക്ക് മാറി. സാധാരണ മക്കളോടും കൊച്ചുമക്കളോടുമൊത്ത് വിഷു ആഘോഷിക്കാറുണ്ട്. കുട്ടികൾക്കാണല്ലോ അതിൽ വലിയകാര്യം. പക്ഷേ, എല്ലാതവണയും എന്നുപറയാനൊക്കില്ല. മക്കളൊക്കെ നാട്ടിൽ വരുമ്പോൾ മാത്രം. വിഷുവിന് ഗുരുവായൂർ കോട്ടപ്പടിയിലെ വീട്ടിൽ പോകാറുണ്ടെങ്കിലും ശാരീരിക അവശതയുള്ളതുകൊണ്ട് ഇത്തവണ വിഷു തൃക്കാക്കരയിലെ വീട്ടിൽ. മിക്കവാറും ഒറ്റക്കായിരിക്കും. അടുപ്പമുള്ളവരും സമപ്രായക്കാരും പലരും ഇല്ലാതാകുന്ന വിഷുവാണ് ഒാരോ വർഷവും കടന്നുപോകുന്നത്. അങ്ങനെ നോക്കുമ്പോൾ ആഘോഷങ്ങൾക്കിടയിലെ വേദനയാണത്.