വിവാദമായ ആത്മകഥ പിൻവലിച്ച് നവാസുദ്ദീൻ സിദ്ധിഖി മാപ്പ് പറഞ്ഞു

09:07 AM
31/10/2017
navasudeen-sidiqui and niharika singh
നവാസുദ്ദീൻ സിദ്ധിഖിയും നിഹാരിക സിങ്ങും

സിനിമാരംഗത്തുള്ളവരുടേയും രാഷ്ട്രീയ രംഗത്തുള്ളവരുടേയും ആത്മകഥകൾ എല്ലാക്കാലത്തും കോളിളക്കം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വിറ്റഴിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമെന്ന് കരുതി പിന്നീട് വിസ്മരിക്കപ്പെടുകയാണ് പതിവ്. എന്നാൽ തുറന്നുപറച്ചിലുകൾ അതിരു കടന്നതിനാൽ പ്രശസ്ത ബോളിവുഡ് നടനായ നവാസുദ്ദീൻ സിദ്ധിഖി പുലിവാല് പിടിച്ചിരിക്കുകയാണ്. വിവാദങ്ങളുടെ ഒടുക്കം മാപ്പ് പറയുക മാത്രമല്ല, ആത്മകഥ തന്നെ പിൻവലിച്ച് തടിയൂരിയിക്കുകയാണ് സിദ്ധിഖി.

മുൻകാമുകിമാരായ നിരഹാരിക സിങ്ങും സുനിത രാജ്വാറുമാണ് സിദ്ധിഖിക്കെതിരെ രംഗത്തെത്തിയത്. പുസ്തകം വിറ്റഴിക്കാനുള്ള വില കുറഞ്ഞ തന്ത്രങ്ങളാണ് സിദ്ധിഖി പയറ്റിയതെന്നാണ് ഇരുവരും ആരോപിച്ചത്. ഇതിന് പിന്നാലെ നിഹാരിക സിങ്ങിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനെതിരെ വനിതാ കമ്മീഷൻ സിദ്ധിഖിക്കെതിരെ കേസെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. 

ട്വിറ്ററിലൂടെയാണ് മാപ്പ് പറയുന്നതായും പുസ്തകം പിൻവലിക്കുന്നതായും സിദ്ധിഖി അറിയിച്ചിരിക്കുന്നത്. "മെമ്മയർ ആൻ ഓർഡിനറി ലൈഫ് എന്ന എന്‍റെ പുസ്തകത്തെ ചുറ്റിപ്പറ്റി വേദനിപ്പിക്കപ്പെട്ട എല്ലാവരോടും ഞാൻ മാപ്പ് പറയുന്നു. എനിക്ക് കുറ്റബോധമുണ്ട്. ആ പുസ്തകം പിൻവലിക്കുന്നതായി അറിയിക്കുന്നു" എന്നാണ് സിദ്ധിഖി ട്വിറ്ററിലൂടെ അറിയിച്ചത്.

COMMENTS