Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightസ്പൈനാടനം

സ്പൈനാടനം

text_fields
bookmark_border
സ്പൈനാടനം
cancel

എന്റെ എട്ടാമത്തെ സി റ്റി സ്‌ക്കാനാണ് .
'ദേവകിയുടെ എട്ടാമത്തെ പുത്രന്‍' എന്നു കഥാപ്രസംഗക്കാര്‍ പറയുന്നപോലെ ഒരു എഫക്റ്റ് ഒക്കെയിട്ട് , 'എട്ടാമത്തെ സി.റ്റി സ്‌ക്കാന്‍' എന്ന് പറഞ്ഞുനോക്കാവുന്നതാണ്. വിവര്‍ത്തനത്തിന് കിട്ടിയ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കഴിഞ്ഞാല്‍ പിന്നെ എന്റെ  ആയുസ്സിന്റെ  പുസ്തകത്തിന് കിട്ടിയ നേട്ടം,  നാളും നേരവും കുറിച്ചുവച്ച ഏഴ് സ്‌ക്കാനിങ് സി ഡി കളാണ്. ഇത്തവണത്തെ സ്‌ക്കാനിങ് സി ഡികളിലെല്ലാം  കേന്ദ്രകഥാപാത്രം നട്ടെല്ലാണ്. 'അമൃത'യില്‍ ന്യൂറോ,ഗ്യാസ്‌ട്രോ,ഹെയ്മറ്റോളജി.. 'രാജഗിരി'യില്‍ പള്‍മോ...

ചമ്മനാട്ടമ്പലത്തിന് ഉത്സവത്തിന് കൊടികയറിയതുപോലെ എന്ന് മഹാരാജാസിലെ ആര്‍ട്ടസ് ക്‌ളബ് ഫെസ്റ്റിവല്‍ ഒരാഴ്ചമുഴുന്‍ നീളുമ്പോള്‍ അമ്മ കളിയാക്കുമായിരുന്നു. ചെക്കപ്പുകളും ഇപ്പോ ഉത്സവംപോലെയാണ്  മൂന്നും നാലും ദിവസം  കൊണ്ടൊക്കെയാണ് ഒന്നു തീര്‍ന്നുകിട്ടുക. ചെക്കപ്പിനു ചെല്ലുമ്പോള്‍ തൃക്കാക്കര അമ്പലത്തില്‍ തൊഴാന്‍ നില്‍ക്കുന്നതാണ് പലപ്പോഴും ഓര്‍മ്മ വരിക. പ്രധാനമൂര്‍ത്തികള്‍ വാമനനും ശിവനും. ഗ്യാസ്‌ട്രോയെയും ന്യൂറോയെയും തൊഴുതിറങ്ങുമ്പോള്‍ ഉപമൂര്‍ത്തികളായി നിന്ന് ഹെയ്മറ്റോളജി ,  പള്‍മോ എന്നീ വിഭാഗങ്ങള്‍ ചോദിക്കും ഞങ്ങളെ കാണാന്‍ വരുന്നില്ലേ ?  ഉപമൂര്‍ത്തികളാണെങ്കിലെന്ത് സുബ്രഹ്മണ്യന്‍, ഗണപതി, രക്ഷസ്സ് എന്നിവരുടെയും അനുഗ്രഹം വേണം ജീവിച്ചുപോകാന്‍.

ഇത്തവണ സ്‌ക്കാനിങ് വഴിപാട് അമൃതയിലെ ന്യൂറോസര്‍ജറിവിഭാഗത്തിലായിരുന്നില്ല.. രാജഗിരിയിലെ പള്‍മനോളജിയിലായിരുന്നു. ചെക്കപ്പിനുചെല്ലുമ്പോള്‍ അമൃതയിലാണെങ്കില്‍ ഏതാണ്ടെന്റെ പ്രായക്കാരായ  കോ-ഓര്‍ഡിനേറ്റേഴ്‌സ് -പ്രീതിയും സുപ്രഭയും ഉണ്ട് ഗ്യാസ്‌ട്രോയില്‍.  പ്രീതി ചിരിച്ചുകൊണ്ട് എന്നെക്കാണുമ്പോഴേ പറയും , 'മാഡത്തിന്റെ ആദ്യ സക്കാനിങ് ഞങ്ങളുടെ വക, കണ്ണുകൊണ്ട്'. അപ്പോള്‍ എന്റെ കട്ടിമാലയും നീളന്‍കമ്മലും വളക്കൂട്ടവും ചിരിക്കും. എല്ലാം ഊരാന്‍ എളുപ്പമുള്ളവ, സ്വര്‍ണ്ണമല്ലാത്തവ.. തല നേരെ നില്‍ക്കുന്ന നേരമാണെങ്കില്‍, മൂക്കുത്തി, അത് വീട്ടില്‍ ഊരിവച്ചിട്ടാണ് ഞാന്‍ ആശുപത്രിയിലേക്ക് സ്‌ക്കാനിങ് നേരത്ത് വരാറുള്ളത്.  ആശുപത്രിനേരത്തൂരി മാറ്റിയാല്‍, ആ കിടുങ്ങാമണി സൂക്ഷിക്കാന്‍ പ്രയാസമാണ്. പലപ്പോഴും എന്റെ  ദേഹത്തുള്ള ഒരേയൊരു സ്വര്‍ണ്ണത്തരി അതുമാത്രമാണ്.

മൂക്കുത്തിയിടും നേരത്ത് ആ പ്രവൃത്തിയുടെ വരുംവരായ്കകളെക്കുറിച്ച് ഇത്രമേല്‍ ചുഴിഞ്ഞുചിന്തിക്കേണ്ടി വന്ന ഒരു സ്ത്രീയും ലോകത്തുകാണില്ല എന്നാണ് ഞാന്‍ പറയാറ്. എന്റെ മൂക്ക്, എന്റേതല്ല, അസുഖങ്ങളുടേതാണ്. ഉള്ളില്‍ പടരുന്ന രക്താഭയെ നിലയ്ക്കുനിര്‍ത്താന്‍, ഉള്ള് കഴുകി വെടിപ്പാക്കാന്‍, ദ്രവരൂപ ഭക്ഷണം തരാന്‍ ഒക്കെ നേസല്‍റ്റൂബ് അത്യാവശ്യം. ബോധം പോകുന്ന നേരത്തും  സ്‌ക്കാനിങ് നേരത്തുമൊക്കെ  ആര് ഊരിക്കൊടുക്കും മൂക്കുത്തി എന്ന് ആലോചിച്ചാല്‍ അതിനൊന്നും ഉത്തരം ഇല്ലാത്തതുകൊണ്ട്, ചോദ്യത്തെ ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞ്  രണ്ടുംകല്‍പ്പിച്ച് മൂക്കുത്തിയിടുകയാണുണ്ടായത്.
 
'കിടക്കണോ' എന്നു ചോദിച്ച് എന്നെ കൂട്ടിക്കൊണ്ടുപോയി,  എന്‍ഡോസ്‌ക്കോപ്പി- എപ്പിസോഡില്‍ അത്തവണ ഞാനില്ല  എങ്കില്‍ക്കൂടിയും  പ്രൊസിജിയര്‍ റൂമില്‍ കിടത്തും പ്രീതി. ചുറ്റും കര്‍ട്ടനുകള്‍ വലിച്ചിട്ട് 'മാം ഉറങ്ങിക്കോ'എന്നു പറഞ്ഞ് പ്രീതി പോകും . സ്‌ക്കളീറോ തെറാപ്പി സമയം കഴിഞ്ഞ്  സ്വബോധത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നവരുടെ ഞരക്കങ്ങള്‍ ശ്രദ്ധിച്ചുശശ്രദ്ധിച്ച് ഞാനവിടെ കിടന്ന് മയങ്ങിപ്പോകും . സ്‌ക്‌ളീറോതെറാപ്പി റ്റേബിളില്‍ എത്രയെത്ര തവണ കിടന്നിരിക്കുന്നു! അതിനായി കാത്തുകിടക്കുമ്പോഴൊക്കെ ചന്ദ്രമതിറ്റീച്ചറെ ഓര്‍ത്തിട്ടുണ്ട്. 1983 ല്‍ തുടങ്ങിയതാണ് എനിക്ക് സ്‌ക്‌ളീറോതെറാപ്പി. എന്‍ഡോസ്‌ക്കോപ്പി എന്ന പരിപാടിയെക്കുറിച്ച്   ക്യാന്‍സര്‍ശേഷ  'ഞണ്ടു'പുസ്തകത്തില്‍ , 'കീമോതെറാപ്പിയേക്കാള്‍ സഹിക്കാനാവാത്തത്' എന്ന് ചന്ദ്രമതിറ്റീച്ചര്‍  എഴുതിയിട്ടുണ്ട്.

'മാം , ഉറങ്ങുകയാണോ' എന്നു ചോദിച്ച് സുപ്രഭ വരും തിരക്കൊഴിയുമ്പോള്‍. ഞങ്ങള്‍ മക്കള്‍വിശേഷങ്ങള്‍ പറയും  .  'അമ്മ നാളത്തെ പത്രം കൊണ്ടുവന്നിട്ടുണ്ടോ ?' എന്ന് വൈകിട്ട്  ആശുപത്രിയില്‍ നിന്നുചെല്ലുന്ന സുപ്രഭയോട്  സുപ്രഭയുടെ മകന്‍ ചോദിക്കുന്നത് , അവന് നാളെ സക്കൂളുണ്ടോ എന്നറിയാനാണ് ! സ്‌ക്കാനിങ് സമയമാവുമ്പോള്‍ താഴെ നിന്ന് പ്രേമ, എന്നെയോ പ്രീതിയെയോ വിളിക്കു . പ്രേമ , എനിക്കുവേണ്ടി സ്‌ക്കാനിങ് കാര്യങ്ങള്‍ കോ-ഓര്‍ഡിനേറ്റുചെയ്ത് നടക്കുന്നതുകാണുമ്പോള്‍  ആരെങ്കിലുമൊക്കെ ചോദിക്കും എന്നോട്, 'പ്രേമാ മാമിന്റെ സിസ്റ്റര്‍ ആണോ?'കൂലംകഷമായി ചിന്തിക്കുമ്പോള്‍, വലിയ കണ്ണും വലിയ ആഭരണങ്ങളുമാവാം ഞങ്ങള്‍ക്കിടയില്‍ പൊതുവായുള്ളത് എന്നുതോന്നാറുണ്ടെങ്കിലും തളര്‍ന്ന കണ്ണും ഒഴിഞ്ഞ കാതും കഴുത്തുമായി  ചപ്രചിപ്രത്തലമുടിക്കാരിയായി, നന്നേ നേര്‍ത്ത ചായയുടെ നിറവും  എനിക്കൊരിക്കലും പാകമാകാത്തുമായ അമൃതയിലെ രോഗീവസ്ത്രം അണിഞ്ഞ് കിടക്കുന്ന എന്നെയും സുന്ദരീമണിയായി നടക്കുന്ന പ്രേമയേയും ചേര്‍ത്തുവച്ച് ജനം  അങ്ങനെ എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ പ്രേമയെ നോക്കി കുസൃതിക്കണ്ണാലേ 'അയ്യോ കഷ്ടം , എന്റെ പ്രേമേ' എന്ന്  ചിരിക്കും .

ഇത്തവണ രാജഗിരിയില്‍ പള്‍മനോളജിയില്‍ ഡോ.രാജേഷ് പറഞ്ഞിട്ടായിരുന്നു സ്‌ക്കാനിങ്. 'ചെക്കപ്പിന് പോണം' എന്നു പറഞ്ഞപ്പോള്‍ കുഞ്ഞുണ്ണി ചിണുങ്ങി - 'അമ്മ ചെക്കപ്പിനു പോകണ്ട.' അമ്മയെ അഡ്മിറ്റ് ചെയ്യുമോ എന്നാണ് അവന്റെ പേടി എന്നറിയാം. ഞാന്‍ ചെക്കപ്പിനു പോകുന്ന ദിവസം, അവന്‍ വൈകിട്ട് സ്‌ക്കൂളില്‍ നിന്നു വരുന്നത് 'അമ്മ വന്നോ' എന്ന് ഗേറ്റില്‍നിന്നേ വേവലാതിയോടെ വിളിച്ചുചോദിച്ചാണ്. അഡ്മിറ്റ് ചെയ്യാന്‍ തക്ക പ്രശ്‌നങ്ങളൊന്നുമില്ല അമ്മയ്ക്ക് എന്നു പറഞ്ഞത് ബോദ്ധ്യമാകാത്തപോലെനിന്ന് അവന്‍ വീണ്ടും ചിണുങ്ങി. 'അമ്മ ചെക്കപ്പിനു പോകണ്ട.'  വിവരദോഷിയായ എന്റെ അച്ഛനാകാന്‍തക്ക കാര്യവിവരത്തോടെ പെരുമാറാറുള്ളള ഈ കുട്ടിക്ക് ഇന്നെന്തു പറ്റി എന്നാലോചിക്കുമ്പോഴേക്ക്, അല്പം മുന്നോട്ടുനടന്നുകൊണ്ട്, നിര്‍വ്വികാരഭാവത്തില്‍ അവന്‍ പറഞ്ഞു- 'അമ്മ ക്യാഷപ്പിനു പോയാല്‍ മതി, എനിക്ക് ചെക്കല്ല, ക്യാഷാണിഷ്ടം.'ഞാന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.

ആ ചിരിയുടെ ഓര്‍മ്മ വന്നുകൊണ്ടിരുന്നു രാജഗിരിയില്‍ സ്‌ക്കാനിങ് വഴിപാടിനുള്ള ചീട്ടുംവാങ്ങി കാത്തിരുന്നപ്പോള്‍..
നട്ടെല്ലു ചതിച്ചതിന്റെ പേരിലെ ആദ്യ സിറ്റി സ്‌ക്കാന്‍ സമയത്ത്, ( സിറ്റി സ്‌ക്കാന്‍, എനിക്ക് പുതിയ 'എറ്റം നമ്പറൊ'ന്നുമല്ല! ഇത്ര വയ്യാതെ ഇതാദ്യം എന്നുമാത്രം) അമൃതയില്‍  ഇന്‍പേഷ്യന്റായിരുന്നു. അതിരാവിലേ ആദ്യ പേഷ്യന്റായി സ്‌ക്കാന്‍ റുമിലേക്ക് 'കിടന്നുകൊണ്ട് പ്രവേശിക്കുമ്പോള്‍', വേദന കൊണ്ട് കിടക്കാന്‍ വയ്യായിരുന്നു. സ്‌ട്രെച്ചറില്‍ നിന്ന് സ്‌ക്കാനിങ് റ്റേബിളിലേക്ക്, ഒരു പ്‌ളേറ്റില്‍ നിന്ന് മറ്റൊരുപ്‌ളേറ്റിലേക്കെന്നപോലെ എന്നെ നിരക്കിക്കിടത്തുകയായിരുന്നു. അരമണിക്കൂര്‍നേരം ഒരേ പൊസിഷനില്‍ അനങ്ങാതെ കിടക്കാനൊന്നും ആവില്ല എനിക്ക് എന്നുറപ്പിച്ച് ഞാന്‍ ചോദിച്ചു, 'അത്രമേല്‍ വയ്യാതെ തോന്നിയാല്‍ ഞാനെങ്ങനെ അത് കമ്യൂണിക്കേറ്റ് ചെയ്യും?'  കംപ്യൂട്ടര്‍ മൗസിനേക്കാള്‍ ചെറുതായ ഒരു മൗസ് കൈയില്‍ തന്ന്, ആശയവിനിമയസാദ്ധ്യത അവര്‍ പറഞ്ഞുതന്നു. എനിക്ക് പകുതി സമാധാനമായി..

എന്തോ ചുണ്ടെലിയെ ഉപയോഗിക്കേണ്ടിവന്നില്ല. സ്‌ക്കാന്‍മെഷീനില്‍ നിന്നുവരുന്ന  ഒച്ചയും ബഹളവും കേട്ട് പേടിക്കരുത് എന്നൊരു മുന്നറിയിപ്പുണ്ട് എപ്പോഴും. ഒരിക്കലും, എന്തിന് ആദ്യത്തെ തവണ പോലും, എന്നെ അത് അലോസരപ്പെടുത്തിയിട്ടില്ല. എന്നോടതെന്നും നിറയെ സംസാരിച്ചു . അരുന്ധതിയുടെ പുസ്തകം എന്നപോലെ ഞാനതിന്റെ ഒച്ചകളെയും  വിവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു. ആദ്യം അത് , പുതിയ സ്‌ളേറ്റില്‍ പുതിയ കല്ലുപെന്‍സില്‍ കൊണ്ടെഴുതുമ്പോഴുള്ള 'കരപര' ഒച്ച ഉണ്ടാക്കിയാണ് അതെന്നോട് സംസാരിച്ചുതുടങ്ങിയത് . പിന്നെ 'സ്വപ്‌ന, സ്പ്‌ന' എന്നെന്നോട് പറഞ്ഞു. അതെന്റെ ആദ്യത്തെ ഹോംനേഴ്‌സായിരുന്നു.  സംസാരിക്കാന്‍ പഠിക്കുന്ന ഒരു കുട്ടിയെപ്പോലെ അതെന്നോട് സംസാരിക്കുകയും അത് പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട് എന്നായപ്പോള്‍ അതിന്റെ ഉള്ളിലുള്ളതെല്ലാം പൊതിഞ്ഞ് എനിക്ക് തരികയും ചെയ്തു.

ഓരോ തവണയും  അതെന്നോട് കൂടുതല്‍ കൂടുതല്‍ വര്‍ത്തമാനം പറഞ്ഞു. ആശുപത്രികളില്‍ കൂട്ടുവരാറുള്ള എന്റെ മഹാരാജാസ് ക്‌ളാസ്‌മേറ്റ് അനു അതുകേട്ട് വളരെ ഗൗരവത്തില്‍ പറഞ്ഞു, 'എടോ , അത് പറയുന്നത് മനസ്സിലാക്കാന്‍ ആരും ഇതുവരെ മെനക്കെട്ടിട്ടുണ്ടാവില്ല. അതിന് ഇങ്ങനത്തെ ഒരനുഭവം ആദ്യമായിട്ടായിരിക്കും'. അതിനുള്ളില്‍ കിടക്കുമ്പോള്‍  ഞാന്‍ മെല്ലെ , കണ്ണ്  പൂട്ടും. കണ്ണ് പൂമൊട്ടുപോലെ കൂമ്പുന്നതുകൊണ്ടാണോ  എസിത്തണുപ്പിന്റെ ഫലമാണോ എന്നറിയില്ല അപ്പോഴെന്നെ മയക്കം ബാധിക്കും. കോണ്‍ട്രാസ്റ്റ് സ്‌ക്കാന്‍ ഉള്ളപ്പോള്‍ കുത്തിവയ്ക്കുന്ന മരുന്നില്‍ സെഡേറ്റീവ് എന്തെങ്കിലും ഉള്ളതുകൊണ്ടാണോ എന്ന് അറിയില്ല എന്നു തോന്നിയിരുന്നു ചിലപ്പോള്‍. വെറും പ്‌ളെയിന്‍ സ്‌ക്കാനിങ് നേരത്തും ഞാന്‍ സ്വപാനാടകയാവുന്നു എന്ന് പിന്നെപ്പിന്നെ മനസ്സിലായി .സ്‌ക്കാനിങ് റൂമില്‍ എനിക്ക് മാത്രം തൊടാവുന്ന ഒരു മാജിക് ഉണ്ടായിരിക്കാം. സ്‌ക്കാന്‍തുരങ്കത്തിലേക്ക് കയറുംമുമ്പ് , 'ഇനി അനങ്ങരുത്, ഒരു തരിപോലും' എന്ന് അവര്‍ പലതവണ പറയും. 'എന്തിനാണ് അനങ്ങുന്നത്' എന്ന് തിരിച്ചുചോദിക്കാന്‍ തോന്നും. സൗമ്യസുന്ദരമായി എന്നോടു സംസാരിക്കുന്ന ഒരു യന്ത്രം, അതെന്നെ നെഞ്ഞിനകത്ത് കയറ്റിക്കിടത്തിയിരിക്കുകയാണ്. വാക്കുകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് മൊഴിയാനുള്ള ത്രാണിവരെയേ അത് എത്തിയിട്ടുള്ളു, ചിലപ്പോ ചുമ്മാ കോലാഹലം കൂട്ടും കുട്ടികളെപ്പോലെ തന്നെ. അര്‍ഥമില്ലാത്ത ശബ്ദസമുച്ചയങ്ങള്‍ നിര്‍ത്താതെ ഉച്ചരിച്ചുകൊണ്ടേയിരിക്കും മറ്റുചിലപ്പോള്‍. വാക്കുകള്‍ കൂട്ടിച്ചൊല്ലാറായിട്ടില്ല എന്നു സാരം.

'ശബ്ദം പേടിയില്ലല്ലോ അല്ലേ' എന്നും അവര്‍ ചോദിക്കും. എനിക്ക് ഒരു കാലത്തും ഇഷ്ടമല്ല യന്ത്രശബ്ദങ്ങള്‍. മാളുകളിലെ കളിയിടത്തില്‍, 'ഇപ്പോ തിരിഞ്ഞോടും' എന്ന മട്ടിലാണ് ഞാന്‍ കുഞ്ഞുണ്ണിയോടൊപ്പം നില്‍ക്കാറ്.  അവനെ ശബ്ദകോലാഹലക്കളിയിടങ്ങളിലേക്ക് പലപ്പോഴും ആരുടെ കൂടെയെങ്കിലും വിടാറാണ് പതിവ്. എനിക്കാ  യന്ത്രക്കളിസാമാനങ്ങളുടെ ഇരമ്പല്‍ക്കോലാഹലം കേട്ടുനില്‍ക്കുമ്പോഴൊക്കെ ,  എന്റെ ആത്മാവിലേക്ക് അതികഠിനമായ എന്തോ, ആരോ കുത്തിയിറക്കുംപോലെയാണ് തോന്നുക. തികഞ്ഞ നിസ്സഹായതയോടെ  അപ്പോഴെല്ലാം ഉറക്കെ കരയാന്‍ തോന്നും.

പക്ഷേ ഈ സ്‌ക്കാനിങ്ങ് ശബ്ദങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. എന്താവാം കാരണം , അറിയില്ല..
സ്‌ക്കാനിങ് യന്ത്രത്തിന്റെ മിണ്ടല്‍ത്തുടക്കം എന്നും സ്‌ളേറ്റിലെ 'പരപര' എഴുത്തോടെയാണ്. അതിന് ഒരുതവണയും മാറ്റമില്ല. പിന്നെ ഓരോ തവണയും പലമാതിരി പുലമ്പലുകളാണ്. ഇന്നപ്പോള്‍ ഇന്നതു പറയും എന്നു പ്രവചിക്കാനാവില്ല.ഇത്തവണ കുറേനേരം  ബസിന്റെപോലെ ഹോണടിച്ചു. ഞാന്‍, 'വരവേല്‍പ്പ് സിനിമയും ബസും മോഹന്‍ലാലും' എന്നോര്‍ത്ത് ചിരിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍, അത് ഹോണടി നിര്‍ത്തി പീപ്പിവിളിയായി. അറ്റത്ത് ബലൂണുള്ള പീപ്പി ഊതുമ്പോള്‍ ബലൂണ്‍ വീര്‍ക്കുന്നതും ഊതല്‍ നിര്‍ത്തുമ്പോള്‍, ബലൂണ്‍ ചുരുങ്ങിപ്പോകുന്നതും എനിക്ക് മുന്നില്‍ക്കാണാമായിരുന്നു. അമ്പലപ്പറമ്പിലെ ആ പാവ-പീപ്പി-ബലൂണ്‍ സംവിധാനക്കാരന്‍, അതെല്ലാം തൂക്കിയിട്ട ആ സംവിധാനം ചുമന്ന്  പഴയ ഒരു കാലത്തിലൂടെ മെല്ലെ നടന്നുവന്ന് എന്റെ അടുത്തുനിന്നു. ഒരിക്കല്‍ അയാളുടെ അടുത്തുനിന്ന് , പൊട്ടാസ് വാങ്ങിച്ചതിന്റെ നേരിയ ഓര്‍മ്മയില്‍ ചുണ്ടത്തു ചിരിയൂറി .

എനിക്ക് പൊട്ടാസ് ചതച്ചുപൊട്ടിക്കാനും അതില്‍ നിന്നുയരുന്ന നേര്‍ത്ത പുക മൂക്കിലേക്കു വലിച്ചെടുക്കാനും അന്നും ഇന്നും ഇഷ്ടമാണ്. പടക്കങ്ങളില്‍ ഒരു പക്ഷേ ഞങ്ങള്‍ ചേര്‍ത്തലക്കാര്‍ക്ക് , പൊട്ടാസാണ് ഏറ്റവും പ്രധാനം. കശുവണ്ടി ശേഖരിച്ച് വില്‍ക്കുന്നവരുടെ പൈസാപ്പാത്രത്തിന് അനുയോജ്യമായ വിലയുള്ളത് , പൊട്ടാസ് മാത്രമായിരുന്നിരിക്കണം. 'കോലങ്ങള്‍ '  എന്ന സിനിമയും  അമ്പലപ്പറമ്പിലെ ബലൂണ്‍സംവിധാനങ്ങളും ചുമന്ന്  കണ്ണുകൊണ്ട് മിണ്ടിക്കൊണ്ട് കടന്നുവന്ന 'കോല'ങ്ങളിലെ വേണുനാഗവള്ളിയും' എന്ന ഓര്‍മ്മവന്നു പെട്ടെന്നെനിക്ക്. കെ.ജി ജോര്‍ജ്ജിനെ ഇപ്പോത്തന്നെ കാണണം എന്നു തിടുക്കം തോന്നി. എനിക്ക് മലയാളസിനിമയില്‍, കെ ജി ജോര്‍ജ്ജോളം ഇഷ്ടമുള്ള വേറാരുമില്ല.  അനിയന്‍ ദിപുവിന്റെ  ശേഖരത്തിലാണ് 'കോലങ്ങള്‍.' അതവനോട്  ഉടനെ കൊണ്ടുവരാന്‍ പറയണം എന്നു വിചാരിച്ചു. കോലങ്ങളും കെ.ജി ജോര്‍ജും വിളിച്ചിട്ടും എണീറ്റുപോകാന്‍ പറ്റാത്തതില്‍ എനിക്ക് ശ്വാസംമുട്ടി.

പെട്ടെന്ന് യന്ത്രം, 'തങ്കാപ്പുങ്ക തങ്കാപ്പുങ്ക' എന്ന താളാത്മകമായി ചൊല്ലാന്‍ തുടങ്ങി. എന്നെ വീട്ടില്‍ വിളിച്ചിരുന്ന പേരാണ് തങ്കക്കുട്ടി. ഞാന്‍ എന്ന സ്‌ക്കൂള്‍കുട്ടിക്ക് അത് ഒരു മണുക്കൂസ് പേരാണ് എന്നു ഒരു സമയത്ത് തോന്നി . 'എന്നെ അങ്ങനെ ഇനി വിളിക്കരുത്' എന്ന് അമ്മയോട് ഞാന്‍ കര്‍ശനമായി പറഞ്ഞു. അമ്മ, എന്റെ ഉത്തരവ് അനുസരിച്ചു. പക്ഷേ അങ്ങനെ പറഞ്ഞ് അനുസരിപ്പിക്കാന്‍ പറ്റാത്ത ഒരുപാടുപേര്‍ എന്നെ 'തങ്ക' എന്നു പിന്നെയും വിളിച്ചുപോന്നു. പിന്നെപ്പിന്നെ ഞാന്‍ വലുതായപ്പോള്‍, അമ്മാവനും ദേവകിയമ്മ എന്ന ജോലിക്കാരിയും പോലും ആ വിളി മറന്നുപോയി. ഇപ്പോ ചെല്ലപ്പാമ്മന്‍ എന്ന തൊണ്ണൂറുവയസ്സുകാരന്‍ മാത്രമേ എന്നെ അങ്ങനെ വിളിക്കാറുള്ളൂ. ഒരു ഓമനപ്പേര് കളഞ്ഞുകുളിച്ച ഓര്‍മ്മയില്‍ നോവണോ വേണ്ടയോ എന്ന് നിശ്ചയമില്ലാതെ അങ്ങനെ കിടക്കുമ്പോള്‍ അത്, പെട്ടെന്ന് 'ഇട്ടി ,ഇട്ടി' എന്നു വിളിക്കാന്‍ തുടങ്ങി. 'ഇട്ടി' എന്നു പേരുള്ള ആരെയും എനിക്കറിയില്ല. 'ഇട്ടി ആരാ , ഇട്ടി ആരാ' എന്ന് ഞാനതിനോട് അതിന്റെ അതേ താളത്തില്‍ തിരിച്ചുചോദിച്ചു. എനിക്ക് നന്നായി ചിരി വരുന്നുണ്ടായിരുന്നു. ഞാന്‍ ചിരിച്ചുകിടക്കുന്നതൊക്കെ ഈ യന്ത്രത്തെ മോണിറ്റര്‍ ചെയ്യുന്നവര്‍ കാണുന്നുണ്ടാവുമോ, ഇതെന്തൊരു ഭ്രാന്ത് എന്നവര്‍ വിചാരിക്കുന്നുണ്ടാവുമോ എന്ന് ആലോചിക്കെ അപ്പുറത്തുനിന്ന് ഒരു മനുഷ്യശബ്ദം വന്ന് എന്നെത്തൊട്ടു. 'ക്രിയാറ്റിന്‍ റ്റെസ്റ്റ് ചെയതാണോ അടുത്തെങ്ങാനും?' ഞാന്‍  താളത്തില്‍ ഉള്ളാലേ പറഞ്ഞുപോയി ,' ക്രിയാറ്റിന്‍ ,ജെലാറ്റിന്‍....'

എനിക്ക് പെട്ടെന്നോര്‍മ്മ വന്നത് എസ്തയെയാണ് . അരുന്ധതി റോയിയുെട , കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനിലെ എസ്ത. ഏത്തപ്പഴ ജാമിന്റെ പാചകക്കുറിപ്പ് എഴുതുന്നതിനിടെ അവന്റെ ഒരു വാചകം ഇങ്ങനെയാണ് -. 'ജെലാറ്റിന്‍ (പെക്റ്റിന്‍) ഇപ്രകാരമുണ്ടാക്കുക.' ഏത്തപ്പഴജാം തുഴയുന്ന നേരമത്രയും  എസ്ത സങ്കല്‍പ്പിക്കുന്നു-പെക്റ്റിന്‍,ഹെക്റ്റിന്‍, അബെഡ്‌നിഗോ എന്നി മൂന്നുസഹോദരന്മാര്‍, അവരില്‍   ഏറ്റവും ഇളയവാനാണ് പെക്റ്റിന്‍. നോഹയുടെ മക്കളെപ്പോലെ,  മങ്ങിയ വെളിച്ചത്തും ചാറ്റല്‍മഴയത്തും നിന്ന്  മരക്കപ്പല്‍ പണിയുന്നവരെപ്പോലെയാണ് പെക്റ്റിന്‍  എന്നാണ് എസ്തയ്ക്ക് തോന്നാറ്.

ക്രിയാറ്റിന്‍ ചോദ്യക്കാരനോട് 'ഇല്ല, അങ്ങനൊരു റ്റെസ്റ്റ് ചെയ്തിട്ടില്ല' എന്ന് കണ്ണുതുറക്കാതെ സ്വപ്‌നാത്മകമായി ഞാന്‍ പറഞ്ഞു. 'എല്‍ എഫ് റ്റി ചെയ്യാനേ പറഞ്ഞിരുന്നുള്ളൂ' എന്നു കൂടിയും 'സ്വപ്നാടനക്കാരി'  പറഞ്ഞൊപ്പിച്ചു. 'അതിന്റെ റിസള്‍ട്ട്, ബൈസ്റ്റാന്‍ഡറുടെ കൈയിലുണ്ടാവുമോ' എന്ന് അടുത്ത ചോദ്യം. എഴുപത്തൊമ്പതുവയസ്സുള്ള അച്ഛനാണ് കുറേക്കാലമായി എന്റെ ബെസ്റ്റാന്‍ഡര്‍. 'ആ റിപ്പോര്‍ട്ടൊക്കെ കഴിഞ്ഞ ദിവസം വന്നപ്പോള്‍ ഡോക്റ്ററെ കാണിച്ചതാണ്' എന്നും  'സ്‌ക്കാനിങ് സി.ഡി കള്‍ എഴെണ്ണം അച്ഛന്റെയടുത്തുണ്ടെ'ന്നും പറഞ്ഞ് സ്‌ക്കാനിങ് യന്ത്രത്തിന്റെ സംസാരപ്പെരുമയിലേക്ക് വീണ്ടും കയറിപ്പോകെ, സ്‌ക്കാനിങ് യന്ത്രം തകതിമി, തകതിമി എന്ന് താളമായി  പെട്ടെന്ന്.

'അരുന്ധതിപ്പുസ്തകം ' എന്നപോലെ സ്‌ക്കാനിങ് മെഷീനിനെയും  വിവര്‍ത്തനം ചെയ്യാന്‍ പറ്റുന്നു എന്നു പറഞ്ഞപ്പോള്‍ അനു പറഞ്ഞു , 'ആരും ഇതുവരെ അത് പറയുന്നതെന്താണെന്ന് ആലോചിച്ചിട്ടേയുണ്ടാവില്ല.!'
അമൃതയിലെ മെഷീനിനേക്കാള്‍ സംസാരശീലനാണ് രാജഗിരി മെഷീന്‍ എന്ന് പലപ്പോഴും തോന്നി.  അപ്പോഴൊക്കെ , പ്രേമയെ ഓര്‍മ്മ വന്നു.

അമൃതയില്‍ നിന്നുള്ള ഒരു ഡിസ്ചാര്‍ജ് ദിവസം. പ്രേമയുടെ വലിയ, നിറയെ കല്ലുകളുള്ള മൂക്കുത്തിയില്‍ ഭ്രമിച്ചുപോയി ഞാന്‍. ജീവിച്ചുപോകണമെങ്കില്‍, ഭ്രമിച്ചുവീഴാന്‍ എന്തെങ്കിലും കണ്ടെത്തിയല്ലേ പറ്റൂ..! ഒരു വര്‍ഷം നീണ്ടുനിന്ന ബ്രെയ്‌സ് വാസത്തില്‍ നിന്ന് ന്യൂറോ ഡോക്റ്റര്‍, നട്ടെല്ലിനെ പരോളില്‍ വിട്ട ദിവസമായിരുന്നു അത്.
പെട്ടിയും റിപ്പോര്‍ട്ടുകളും അച്ഛനും കാറിലിരിക്കെ, ലുലുമാളില്‍ വണ്ടി നിര്‍ത്തിച്ച്, ഉറക്കാത്ത കാലുകളോടെ പ്രാഞ്ചി പ്രാഞ്ചി നടന്നുചെന്ന്  ഒരു സ്വര്‍ണ്ണക്കടയില്‍ചെന്ന് മൂക്കുത്തി പരതി. കാഴ്ചകളൊന്നും കണ്ണില്‍ പതിയാത്തത്ര വിവശമായിരുന്നു കണ്ണവസ്ഥ.

കണ്ണുകള്‍ പതറിപ്പോകുന്നതും കാലുകള്‍ തെന്നിപ്പോകുന്നതും ആരുമറിയാനിട വരുത്താതെ, പ്രേമയുടെ അതേ മൂക്കുത്തി കിട്ടാത്തതില്‍ ഒന്നു നിരാശയായി, പകരം ഒരു ത്രികോണാകൃതി വെള്ളക്കൽ മൂക്കുത്തിയുമായി നടന്നുനീങ്ങവേ 'തലകറങ്ങിത്താഴെ വീഴുമോ' എന്ന പേടിയുണ്ടായിരുന്നു. താഴെ വീഴാതെ താങ്ങുന്ന ആ 'യാരോ ഒരാള്‍', അത് എന്റെയുള്ളിലെ ഞാനാണോ അതോ  ഒരിക്കലും കാണാനാവാത്ത ആരെങ്കിലുമാണോ?

ഞാന്‍ അത്ഭുതപ്പെടുന്നു , 'ഡാന്‍സിങ് വിത് എ സ്‌ട്രേന്‍ജര്‍' എന്നാണോ ആ സ്‌പൈന്‍-സിഡികളുടെ  പേര് ?

Show Full Article
TAGS:priya a.s spinadanam 
Next Story