Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightമലയാളത്തിന്‍റെ സ്വന്തം...

മലയാളത്തിന്‍റെ സ്വന്തം അക്ബര്‍ മാഷ്....

text_fields
bookmark_border
മലയാളത്തിന്‍റെ സ്വന്തം അക്ബര്‍ മാഷ്....
cancel

അസാധാരണവും അകൃത്രിമവുമായ ചെറുകഥകള്‍ കൊണ്ട് മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ച സാഹിത്യകാരന്‍ ഓര്‍മയായിരിക്കുന്നു. തന്‍െറ എഴുത്തു ജീവിതത്തിന്‍റെ നിതാന്ത സ്മാരകങ്ങളായ 27 ലധികം ചെറുകഥകള്‍ നോവലുകള്‍, യാത്രാവിവരണങ്ങള്‍, അനുഭവക്കുറിപ്പുകള്‍ എന്നിവ മലയാളിയുടെ മനസ്സിലും കെകളിലും വിട്ടുതന്നാണ് അദ്ദേഹം ഈ മണ്ണില്‍ നിന്ന് വിട പറഞ്ഞിരിക്കുന്നത്. ഗഹനവും സങ്കീര്‍ണ്ണവുമായ ആശയങ്ങള്‍ ലളിതമായി അവതരിപ്പിക്കാനുള്ള കഴിവും അധ്യാപകരുടെ വ്യഥകളും ധര്‍മസങ്കടങ്ങളും വിദ്യാര്‍ഥികളുമായുള്ള ആഴമുള്ള ബന്ധങ്ങളും നര്‍മത്തിലൂടെ വരഞ്ഞിടുന്ന രീതിയുമാണ് അക്ബര്‍ കക്കട്ടിലിനെ സമകാലികരായ മറ്റ് എഴുത്തുകാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. കൈകാര്യം ചെയ്യുന്ന വിഷയത്തിനനുസരിച്ച് ഗൗരവപൂര്‍ണമായും ആക്ഷേപഹാസ്യത്തിലും എഴുതാന്‍ ശേഷിയും സാഹിത്യകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. 

കാരൂര്‍ നീലകണ്ഠപ്പിള്ളക്ക് ശേഷം മലയാള സാഹിത്യത്തില്‍ പുതിയൊരു രുചിക്കൂട്ട് നല്‍കുകയായിരുന്നു അധ്യാപക കഥകളിലൂടെ അക്ബര്‍ കക്കട്ടില്‍.  അധ്യാപക കഥകള്‍ എന്ന കഥാസമാഹാരവും സ്കൂള്‍ ഡയറി എന്ന ലേഖന സമാഹാരവും പാഠം 30 എന്ന സര്‍വ്വീസ് സമാഹാരവുമാണ് അദ്ദേഹത്തെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രിയങ്കരനാക്കിയത്. തന്‍റെ ജീവിതത്തിലെ പച്ചയായ അനുഭവങ്ങളാണ് നര്‍മത്തില്‍ ചാലിച്ച് അദ്ദേഹം കോറിയിട്ടത്. എന്നാല്‍, കക്കട്ടിലിന്‍റെ ഓരോ മാഷും വ്യത്യസ്തരായിരുന്നു.

 'ഇനി നമുക്ക് റഷീദയെ കുറിച്ച് സംസാരിക്കാം' എന്ന കഥയിലെ റഷീദ എന്ന തന്‍്റെ രണ്ട് വിദ്യാര്‍ഥിനികള്‍ ചേര്‍ന്നതാണെന്ന് കഥാകൃത്ത് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കഥ പ്രസിദ്ധീകരിച്ച ശേഷം യഥാര്‍ഥ റഷീദയെ കഥാകൃത്ത് കണ്ടപ്പോള്‍ റഷീദ, മാഷ്... ന്നെ പറ്റി കഥയെഴുതി ല്ളേ...? എന്ന് ചോദിച്ചു. അത് നീയാണെന്ന് നിനക്കെന്താത്രെ ഉറപ്പ്? എന്നായിരുന്നു മാഷിന്‍്റെ മറുപടി. കഥയിലെ കൂസലില്ലാത്ത കുസൃതികുടുക്കയായ റഷീദ, മാഷ്ക്ക് ഉറപ്പുണ്ടല്ളോ. നിക്ക്...അതു മതി! എന്ന് തിരിച്ചടിച്ചു. അക്ബര്‍ കക്കട്ടിലിന്‍്റെ കഥാപാത്രങ്ങള്‍ എത്രത്തോളം ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്നതിന്‍്റെ  ഉദാഹരണമാണിത്. വളരെ ലളിതമെന്ന് തോന്നുന്ന ആഖ്യന ശൈലിയിലൂടെ സ്ത്രീകളുടെ ജീവിതത്തെ ഗൗരവമായി സമീപിക്കുകയാണ് ഈ കഥയിലൂടെ കക്കട്ടില്‍. 'സ്ത്രീകള്‍ക്ക് ആനൂകൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും നേടാനേ കഴിയൂ അതൊന്നും അനുഭവിക്കാന്‍ ഭാഗ്യമില്ല' എന്ന് അവസാനഭാഗത്ത് പറയുമ്പോഴാണ് ഒരു ലളിതകഥയുടെ ഒളിഞ്ഞിരിക്കുന്ന സങ്കീര്‍ണത വെളിപ്പെടുന്നത്.

ഗ്രാമീണതയുടെ പശ്ചാത്തല ഭംഗിയാണ് അക്ബര്‍ കക്കട്ടിലിന്‍റെ കഥകളുടെ മറ്റൊരു പ്രത്യേകത. എട്ടു കൊല്ലത്തോളം സ്കോളര്‍ഷിപ്പോടെ സംസ്കൃതം പഠിക്കാന്‍ അവസരമുണ്ടായിട്ടും ഒരു കഥയിലും ഒരു സംസ്കൃത വാക്ക് പോലും തന്‍റെ എഴുത്തുകളില്‍ കടന്ന് വന്നിട്ടില്ല എന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു അദ്ദേഹം. ആധുനികതയുടേയും ഉത്തരാധുനികതയുടേയും കാലത്ത് വാമൊഴിയുടെ സൗന്ദര്യം സര്‍ഗസാഹിത്യത്തിലും കാത്തുസൂക്ഷിക്കാന്‍ അക്ബര്‍ കക്കട്ടിലിനായി. തികഞ്ഞ കക്കട്ടില്‍കാരന്‍ തന്നെയായിരുന്നു അദ്ദേഹം എല്ലായ്പ്പോഴും. തന്‍റെ പേരിന്‍്റെ കൂടെ ഗ്രാമത്തിന്‍റെ പേര് കൂട്ടിചേര്‍ക്കപ്പെട്ടതിന് കാരണക്കാരന്‍ കുഞ്ഞുണ്ണിമാഷായിരുന്നു എന്ന് പറയുന്നു കക്കട്ടില്‍. ബാലപംക്തിയില്‍ ആദ്യത്തെ രചന അച്ചടിച്ചു വന്ന സമയത്ത് കുഞ്ഞുണ്ണിമാഷ് അക്ബര്‍ എന്നെഴുതി ഒരു കോമയിട്ട് കക്കട്ടില്‍ എന്നാണ് കൊടുത്തിരുന്നത്. അങ്ങനെയത് ക്രമേണ അക്ബര്‍ കക്കട്ടിലായി മാറി. 

കക്കട്ടില്‍ മലയാളത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായി കരുതാവുന്ന ഒന്നാണ് ‘സര്‍ഗസമീക്ഷ’. തനിക്ക് മുമ്പേ പറന്ന എഴുത്തുകാരുടെ കൃതികളിലേക്കും ജീവിതത്തിലേക്കും വെളിച്ചം പകരുകയും അവരെ ആദരിക്കുന്ന സര്‍ഗാത്മക സാഹിത്യകാരന്‍ എന്ന നിലയില്‍ എഴുത്തുകാരുമായി സംവദിക്കുകയും ചെയ്യുന്ന അഭിമുഖങ്ങളുടെ സമാഹാരമായിരുന്നു സര്‍ഗസമീക്ഷ.  അത്തരത്തില്‍ ഒരു പുസ്തകം ഇന്ത്യയില്‍ തന്നെ ആദ്യമായിരുന്നു. തകഴി, ബഷീര്‍, മുകുന്ദന്‍, സേതു, സക്കറിയ എന്നിവരുടെ കഥാപാത്രങ്ങള്‍ എപ്പോഴും മനസ്സില്‍ വന്നു നിറഞ്ഞ് ഇനിയൊരിക്കലും എഴുതാനാവില്ല എന്ന അവസ്ഥയില്‍ കഥാകൃത്തിനെ അകപ്പെടുത്തിയ പുസ്തകമായിരുന്നു സര്‍ഗസമീക്ഷ എന്ന് കക്കട്ടില്‍ മാങ്ങാട് രത്നാകരനുമായുള്ള സംഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ തലമുതിര്‍ന്ന എഴുത്തുകാരെ അടുത്തറിയാനുള്ള സൗഭാഗ്യമാണ് ഈ പുസ്തകത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചത്. 

4 നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളും കൂടാതെ ലഘുനോവലുകള്‍, യാത്ര, സിനിമ, നാടകം, ബാലപംക്തി കുറിപ്പുകള്‍, ഉപന്യാസങ്ങള്‍, സ്മൃതി ചിത്രങ്ങള്‍ എന്നിവയടക്കം 54 പുസ്തകങ്ങള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ് എന്നിവയടക്കം എണ്ണമറ്റ അവാര്‍ഡുകള്‍. കേരള ലളിതകലാ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് തുടങ്ങി അനേകം പദവികള്‍. എന്നാല്‍ മലയാള സാഹിത്യ നഭസ്സില്‍ അക്ബര്‍ കക്കട്ടില്‍ എന്ന കഥാകൃത്തിന്‍്റെ സ്ഥാനം പദവികള്‍ക്കും അവാര്‍ഡുകള്‍ക്കും അപ്പുറത്താണ്. തനിക്കേറ്റവും പ്രിയപ്പെട്ട കഥാകൃത്തായ എം.ടി. വാസുദേവന്‍ നായര്‍ കക്കട്ടിലിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ മറവിയുടെ ശൂന്യതയില്‍ വിലയം പ്രാപിക്കാത്ത ഏതാനും മികച്ച ചെറുകഥകള്‍ കൊണ്ട് മലയാളത്തിന്‍്റെ ശ്രദ്ധയാകര്‍ഷിച്ച കാഥികന്‍... അതായിരുന്നു അക്ബര്‍ കക്കട്ടില്‍. കക്കട്ടില്‍ തന്നെക്കുറിച്ച് ഏറ്റവുമധികം കേള്‍ക്കാനാഗ്രഹിച്ച വാക്കുകള്‍ അതായിരിക്കും എന്നുറപ്പ്.

Show Full Article
TAGS:akbar kakkattil 
Next Story