പുതുതലമുറ എന്തുപറയുന്നു?
text_fieldsതിരൂര്‍: എല്ലാ പച്ചപ്പും വെട്ടിമാറ്റിയശേഷം കാറിനും വീടിനും ഉദ്യാനത്തിന്‍െറ പേരിടുന്ന മലയാളിയുടെ പരിസ്ഥിതിബോധം കപടമാണെന്ന് കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട്. നാം ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഇന്നത്തെ എഴുത്തില്‍ കടന്നുവരുന്നുണ്ടോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ലിറ്റററി ഫെസ്റ്റില്‍ ‘പുതുതലമുറ: എഴുത്തും രാഷ്ട്രീയവും’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്‍െറ വിദ്വേഷനയങ്ങള്‍ക്കെതിരായ പ്രതിഷേധം പ്രതിഫലിക്കുന്നതായിരുന്നു ഇത്തവണത്തെ ഓസ്കര്‍ വേദി. എന്നാല്‍, ആ വേദിയില്‍പോലും ആഗോളതാപനത്തിനെതിരായ ട്രംപിന്‍െറ നിലപാട് വിഷയമായില്ല. പരിസ്ഥിതി വിഷയങ്ങള്‍ പ്രമേയമാകുന്ന രചനകള്‍ സൈലന്‍റ് വാലി സമരത്തിനുശേഷം മലയാളത്തിലും കുറവാണ്.
നഷ്ടപ്പെടുന്നതിനെക്കുറിച്ച് നിരന്തരം വേവലാതിപ്പെടുന്ന സമൂഹമാണ് മലയാളിയുടേതെന്ന് അര്‍ഷാദ് ബത്തേരി പറഞ്ഞു. കുന്ന് ഇടിച്ചുനിരത്തുന്നതുവരെ മിണ്ടാതിരിക്കുകയും അതിനുശേഷം കുന്ന് സംരക്ഷണത്തിനായും വയലുകള്‍ നികത്തിയശേഷം വയലിനായും സമരം ചെയ്യും. മതേതരത്വത്തെക്കുറിച്ച് വാചാലരാവുകയും മതചിഹ്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് മലയാളിയുടെ ഇരട്ടമുഖമാണെന്നും എഴുത്തിലെ ഏറ്റവും വലിയ രാഷ്ട്രീയം മനുഷ്യപക്ഷത്ത് നില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാര്‍ എഴുത്തുകാര്‍ക്ക് പിന്തുണ നല്‍കേണ്ട കാലമാണിതെന്ന് കവിയും മാധ്യമപ്രവര്‍ത്തകനുമായ ഡോ.എം.ബി. മനോജ് വ്യക്തമാക്കി. എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും കൊല ചെയ്യപ്പെടുന്ന പ്രത്യേക പരിതസ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സാധാരണക്കാര്‍ സംരക്ഷിച്ചില്ളെങ്കില്‍ എഴുത്തുകാര്‍ കൊല ചെയ്യപ്പെട്ടേക്കാം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതി കോളനികളും ദലിത് കോളനികളും ഇപ്പോഴും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് എസ്. കലേഷ് വ്യക്തമാക്കി.
രണ്ടരലക്ഷത്തോളം പാവപ്പെട്ടവര്‍ പുറമ്പോക്കില്‍ ജീവിക്കുന്ന കേരളത്തില്‍ ബിനാലെക്കായി കൊച്ചിയില്‍ അഞ്ചേക്കര്‍ ഭൂമി വിട്ടുകൊടുക്കാനുള്ള സര്‍ക്കാറിന്‍െറ തീരുമാനം ആശങ്കയുണ്ടാക്കുന്നു. കുടിലിന്‍െറ അടുക്കള പൊളിച്ച് ശവങ്ങള്‍ മറവുചെയ്യേണ്ട ഗതികേടിലായ കുടുംബങ്ങളുണ്ട് ഇവിടെ. ആ പശ്ചാത്തലത്തില്‍ വേണം എഴുത്തിന്‍െറ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടതെന്നും നേരിട്ടല്ല, തങ്ങളുടെ തലമുറ എഴുത്തിനെ സൂക്ഷ്മാര്‍ഥത്തിലാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാഷയില്‍ പുരുഷമേധാവിത്തം നിലനില്‍ക്കുന്നുവെന്ന് പുതുതലമുറ എഴുത്തുകാരിയായ ലിജിഷ ചൂണ്ടിക്കാട്ടി. ഡോ. സി. ഗണേഷ് മോഡറേറ്ററായിരുന്നു. വി.എച്ച്. നിഷാദ്, വിനോയ് തോമസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
