വെടിവെച്ച് കൊന്ന് കലാപകാരിയാക്കിയ സിറാജുന്നീസയുടെ ജീവിതം പുസ്തകമാകുന്നു
text_fieldsപാലക്കാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പൊലീസ് മനപ്പൂര്‍വം വെടിവെച്ചു കൊലപ്പെടുത്തിയ സിറാജുന്നീസ എന്ന പതിനൊന്നുകാരി പെണ്‍കുട്ടിക്ക് ഇനി അക്ഷരലോകത്ത് പുനര്‍ജനി. തസ്രാക്കിലെ അള്ളാപിച്ച മൊല്ലാക്കയും അപ്പുക്കിളിയുമൊക്കെ ഒ.വി. വിജയന്‍െറ ഇതിഹാസ നോവലില്‍ അവിസ്മരണീയ കഥാപാത്രങ്ങളായ പാലക്കാടന്‍ മണ്ണില്‍നിന്ന് സിറാജുന്നീസയെ പ്രധാന കഥാപാത്രമാക്കിയാണ് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍െറ പുതിയ കഥാസമാഹാരം പുറത്തിറങ്ങുന്നത്. പുതുപ്പള്ളിത്തെരുവില്‍ അരങ്ങേറിയ സമാനതകളില്ലാത്ത പൊലീസിന്‍െറ കൊടുംഭീകരതക്ക് വ്യാഴാഴ്ച ഇരുപത്തഞ്ചാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ പുസ്തകം പുറത്തിറങ്ങുന്നുവെന്നത് മറ്റൊരു സവിശേഷത.
അതിദാരുണമായി 1991 ഡിസംബര്‍ 15ന് വൈകുന്നേരമാണ് സിറാജുന്നീസ വെടിയേറ്റ് മരിച്ചത്. വെടിയുണ്ടയേറ്റു വാങ്ങിയ പെണ്‍കുട്ടി അന്ന് മരിക്കാതെ രക്ഷപ്പെട്ടിരുന്നുവെങ്കില്‍ ആ ജീവിതം അത്യന്തം ദുരിതപൂര്‍ണമാവുമായിരുന്നുവെന്ന് ഫാഷിസ്റ്റ് തേര്‍വാഴ്ചയുടെ പശ്ചാത്തലത്തില്‍ വിവരിക്കുകയാണ് ഏഴ് കഥകളടങ്ങിയ സമാഹാരത്തിലൂടെ. ഡി.സി. ബുക്സ് പുറത്തിറക്കുന്ന സമാഹാരത്തിന്‍േറയും ആദ്യകഥയുടേയും പേര് സിറാജുന്നീസ എന്നുതന്നെ. പൊലീസ് വെടിവെപ്പിനുശേഷമുള്ള കാലത്തും ഒരു മുസ്ലിം പെണ്‍കുട്ടിക്ക് സാധാരണ ജീവിതം ദുഷ്ക്കരമാണെന്ന പൊരുളിലേക്ക് വര്‍ത്തമാന സംഭവങ്ങളുടെ ഇഴകള്‍ ചികഞ്ഞ് വിരല്‍ ചൂണ്ടുകയാണ് കഥാകാരന്‍. ഡിസംബര്‍ 22ന് കോഴിക്കോടാണ് പ്രകാശനം.
_0.jpg)
കേരളത്തെ നടുക്കിയ ഏകപക്ഷീയ പൊലീസ് പേക്കൂത്തിന് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ പ്രാണവെപ്രാളത്തിന് സാക്ഷ്യം വഹിച്ച വീട്ടുമുറ്റവും ചെറുവീടും ഇപ്പോഴില്ല. നഗരറോഡിലൂടെ കാറില്‍ ചീറിപ്പായുമ്പോള്‍ ‘ഐ വാണ്‍ഡ് മുസ്ലിം ഡെഡ്ബോഡി’ എന്ന് വയര്‍ലെസിലൂടെ ആക്രോശിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ രമണ്‍ ശ്രീവാസ്തവ ഡി.ജി.പിയായി സര്‍വിസില്‍ നിന്ന് അടുത്തൂണ്‍ പറ്റി.
ജില്ല കലക്ടറുടെ ചേംബറില്‍ യോഗത്തിനിടെ തുറന്നുവെച്ച വയര്‍ലെസിലൂടെ പ്രസ്തുത ആക്രോശം കേട്ടവരില്‍ ഒരാളായിരുന്ന അന്നത്തെ മന്ത്രി ടി.എം. ജേക്കബ് ജീവിതത്തോടുതന്നെ വിടപറഞ്ഞു. വിവാദ ആക്രോശം നടത്തിയ രമണ്‍ ശ്രീവാസ്തവക്കെതിരെ കൊളക്കാടന്‍ മൂസഹാജി എന്നയാള്‍ സുപ്രീം കോടതിയില്‍നിന്ന് അന്വേഷണ ഉത്തരവ് സമ്പാദിച്ചെങ്കിലും മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍റ മാനസപുത്രനായ വാസ്തവ സംസ്ഥാന പൊലീസ് മേധാവിയാകുന്നത് ജനം കണ്ടു.
സിറാജുന്നീസ താമസിച്ച വീടിന്‍െറ സ്ഥാനത്ത് മറ്റൊരു ഭവനമുയര്‍ന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ഉമ്മ നഫീസ ദുരന്തനാളിന്‍െറ ചൂടാറും മുമ്പേ മരിച്ചിരുന്നു. ഉപ്പ മുസ്തഫ നഗരത്തിനടുത്ത് തന്നെ വിശ്രമജീവിതത്തിലാണ്.
സിറാജുന്നീസയുടെ സഹോദരിമാരായ ആത്തിക്കയും മുംതാസും വിവാഹിതരായി. സഹോദരന്മാരായ നസീര്‍ ജില്ല വ്യവസായ കേന്ദ്രത്തില്‍ ജോലി ചെയ്യുമ്പോള്‍ അബ്ദുല്‍ സത്താര്‍ ചെറിയ കച്ചവടവുമായി ജീവിക്കുന്നു. പൊലീസിന് പറ്റിയ ഒരു കൈതെറ്റായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രദേശത്താരും ഇതിനെ കാണുന്നില്ല.
വെടിവെപ്പിനുശേഷം സിറാജുന്നീസയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പൊലീസ്. ഇല്ലാത്ത വൈദ്യുതി പോസ്റ്റില്‍ തട്ടിത്തെറിച്ച വെടിയുണ്ട മരണകാരണമായെന്നതടക്കമുള്ള നിരവധി പരിഹാസ്യ നിലപാടുകള്‍ നിര്‍ലജ്ജം പൊലീസ് എടുത്തു.
ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച എകതയാത്രക്കുനേരെയുണ്ടായ അക്രമമാണ് നടപടിക്കിടയാക്കിയതെന്ന വിശദീകരണവും പാളി. പുതുപ്പള്ളിത്തെരുവില്‍ ഈ യാത്ര എത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
