സ്ത്രീവിരുദ്ധതയിൽ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തുല്യം ​-കെ.ആർ. മീര​

20:56 PM
27/11/2019
kr-meera

കോട്ടയം: സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും ഒന്നാണെന്ന്​ സാഹിത്യകാരി കെ.ആർ. മീര. ശബരിമല ദര്‍ശനത്തിന്​ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ്​ കമീഷണര്‍ ഓഫിസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെയുണ്ടായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചാണ്​ മീര ഈ പാർട്ടികൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആഞ്ഞടിച്ചത്​.

നാലുവോട്ടോ നാലുപേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദുവിന്​ നാമം ജപിച്ച്​ നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്. എടുത്തുപറയേണ്ടത് അതിക്രമികളുടെ സംഘബോധവും വർഗസ്നേഹവുമാണ്​. സ്​ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ല.

അതിക്രമം അനിവാര്യതയാണെന്ന് അവര്‍ വാദിച്ചുകൊണ്ടിരിക്കും. തുല്യനീതി എന്ന ആശയത്തില്‍നിന്ന്​ ശ്രദ്ധതിരിക്കാന്‍ അവര്‍ ഇനിയും മുളകുപൊടി വിതറും. മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിനു മഹാകുളിര്‍മയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചുകൊണ്ടിരിക്കും. ഈ സംഘബോധവും വർഗസ്​നേഹവും ഇരകള്‍ക്കും അതിജീവിതര്‍ക്കും ഇല്ല. അത് ഉണ്ടാകുംവരെ അതിക്രമികള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് രാഷ്​ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടിരിക്കുമെന്നും താൻ ബിന്ദുവിനൊപ്പമാണെന്നും മീര വ്യക്തമാക്കുന്നു.

Loading...
COMMENTS