തെരഞ്ഞെടുപ്പ് വാർത്തകളിൽ ചോര മണക്കുന്നു

News

മദർ തെരേസ ഒരിക്കൽ പറഞ്ഞു:"യുദ്ധവിരുദ്ധ റാലികളിൽ എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്നു എന്നോടൊരിക്കൽ ചോദിച്ചു. ഞാൻ പറഞ്ഞു."ഞാൻ ഒരിക്കലും അതിൽ പങ്കെടുക്കില്ല. നിങ്ങൾ സമാധാനത്തിനു വേണ്ടി റാലി സംഘടിപ്പിക്കൂ. ഞാൻ അതിൽ പങ്കെടുക്കാം."

ഇതൊരു നിലപാടാണ്. യുദ്ധം എന്ന വാക്കു പോലും ഇഷ്ടപ്പെടാത്ത അഗതികളുടെ അമ്മയുടെ ധീരമായ നിലപാട്. ലോകത്തേറ്റവും വെറുക്കപ്പെടേണ്ട ഒന്നാണ് യുദ്ധം. നമ്മുടെ പത്രവായനകളിൽ, ചാനൽ വാർത്തകളിൽ, തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാത്തിലും നമ്മൾ നിരന്തരമായി ഉപയോഗിക്കുന്ന പദമാണ് "യുദ്ധം" എന്നത്. പോരാട്ടം, പോർക്കളം, വാർ റൂം, പോര്, മലർത്തിയടിക്കൽ, അടർക്കളം, പടക്കളം, പടനിലം, അങ്കം -അങ്ങനെ അങ്ങനെ പോകുന്നു തെരഞ്ഞെടുപ്പ് വാർത്തകൾ.

സത്യത്തിൽ തെരഞ്ഞെടുപ്പ് ഒരു യുദ്ധമാണോ?
പണ്ട് പ്രാകൃത യുഗത്തിൽ കയ്യൂക്കായിരുന്നു കാര്യം. ശക്തിയുള്ളവൻ മല്ലയുദ്ധത്തിൽ എതിരാളിയെ തോൽപ്പിച്ച് ആധിപത്യം പുലർത്തി. കാട്ടിൽ ഇരകളെ കൊന്നു തിന്നുന്ന സിംഹം രാജാവായി.മനുഷ്യൻ പുരോഗമിച്ചപ്പോൾ അമ്പിനും വില്ലിനും പകരം ആയുധങ്ങളായി. മിസൈലുകളും ബോംബുകളും അണ്വായുധങ്ങളും വന്നു. ശത്രുവിനെ, ശത്രുരാജ്യത്തെ കീഴടക്കാൻ യുദ്ധത്തിൽ ജയിക്കുന്നവർ ആധിപത്യം പുലർത്തി. അധികാരവും ആരാധനയും അവർക്ക്.

ഇത് ജനാധിപത്യ യുഗം. കൂടുതൽ ആളുകൾ ആരെയാണോ ഇഷ്ടപ്പെടുന്നത് തെരഞ്ഞെടുപ്പിൽ അവർ ജയിക്കണം. എന്നിട്ടും ഇതൊരു "യുദ്ധ"മായി മാറുന്നതെന്താണ്? ഏറ്റവും കൂടുതൽ ആക്രമത്തിൻെറയും ഹിംസയുടെയും പദങ്ങൾ തെരഞ്ഞെടുത്ത്​ നമ്മൾ ജനാധിപത്യത്തിന് യുദ്ധക്കുപ്പായങ്ങൾ തുന്നുന്നെതെന്തുകൊണ്ട്? (പടച്ചട്ട എന്നാണു തെരഞ്ഞെടുപ്പ് കാല പദം).
ജനാധിപത്യക്കുപ്പായം അഴിച്ചുകഴിയുമ്പോൾ നമ്മൾ വെറും നരഭോജികളാണോ? അക്രമവും ഹിംസയും വധവുമൊക്കെ മനുഷ്യൻെറ ആദിമ ചോദനകളാണോ? മനഃശാസ്ത്രജ്ഞർ അന്വേഷിക്കേണ്ട ഒരു വിഷയമാണിത്.

തെരഞ്ഞെടുപ്പ് കാലത്തു ആക്രമങ്ങളും കൊലകളും വർധിക്കുന്നത് നാം കാണുന്നു. ശത്രു സൈന്യം ദേശങ്ങൾ കയ്യേറുന്നതു പോലെ ബൂത്തുകൾ കയ്യേറുന്നു. ബോംബുകളും തോക്കുകളും "താര" സാനിധ്യമാവുന്നു. മദർ തെരേസ പറഞ്ഞത് പോലെ നമ്മൾ ആദ്യം "യുദ്ധം"എന്ന വാക്കിനെ തന്നെ വെറുക്കുക. വെറുക്കപ്പെടേണ്ട പദങ്ങൾ നമ്മുടെ പ്രഭാഷണങ്ങളിൽ നിന്നും ലഘുലേഖകളിൽ നിന്നും (പ്രചാരണായുധം എന്നാണു തെരഞ്ഞെടുപ്പ് കാലത്തെ വാക്ക്) നീക്കം ചെയ്യുക. ആദ്യം നമ്മൾ നല്ല വാക്കുകളെ തെരഞ്ഞെടുക്കുക.എന്നിട്ടാവട്ടെ നല്ല സ്ഥാനാർത്ഥികളെ തെരെഞ്ഞെടുക്കൽ.
 

Loading...
COMMENTS