ഗുജറാത്ത് വംശഹത്യ:ഉത്തരവാദികള്‍ മാപ്പുപറയേണ്ടിയിരുന്നു –ശശി തരൂര്‍
text_fieldsകോഴിക്കോട്: ഗുജറാത്ത് വംശഹത്യയുടെ ഉത്തരവാദികള്‍ മാപ്പുപറയേണ്ടിയിരുന്നുവെന്ന് എം.പിയും എഴുത്തുകാരനുമായ ശശി തരൂര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍െറ മൂന്നാം ദിവസം ‘എന്‍െറ എഴുത്ത്, എന്‍െറ ചിന്ത’ എന്ന സെഷനില്‍ സദസ്യരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരപരാധികളെ കൊന്നൊടുക്കിയ ആ സംഭവത്തില്‍ അന്ന് സംസ്ഥാനം ഭരിച്ചവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. പ്രത്യക്ഷമായ പങ്കില്ളെന്നു വാദിച്ചാല്‍ പോലും പരോക്ഷമായെങ്കിലും അതിലേക്ക് നയിച്ചത് അവരുടെ ചെയ്തികളായിരുന്നുവെന്നും ബി.ജെ.പിയുടെയോ നരേന്ദ്ര മോദിയുടെയോ പേരു പരാമര്‍ശിക്കാതെ അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്ത് വംശഹത്യയും ഡല്‍ഹിയിലെ സിഖ് കൂട്ടക്കൊലയും അംഗീകരിക്കാനാവില്ല. രണ്ടും ഉത്തരവാദികള്‍ ക്ഷമാപണം തേടേണ്ട സംഭവങ്ങളാണ്. എന്നാല്‍, ഖലിസ്താന്‍ തീവ്രവാദികളെയും ബുര്‍ഹാന്‍ വാനിയെയും ഭരണകൂടം സായുധമായി നേരിട്ടതിനെ കുറ്റം പറയാനാവില്ല. അതേസമയം, സുവര്‍ണക്ഷേത്രത്തില്‍ സൈന്യം കടന്നുകയറിയത് അവിവേകമാണ്. രാജ്യത്ത് ജനാധിപത്യമാര്‍ഗത്തിലൂടെതന്നെ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.