കവി കിളിമാനൂർ മധു അന്തരിച്ചു

20:20 PM
14/09/2019
Kilimanoor-madhu

തിരുവനന്തപുരം: മലയാള കവിതയിൽ സ്വന്തമായ രചനാശൈലികൊണ്ട് ശ്രദ്ധേയനായ കവി കിളിമാനൂര്‍ മധു (71) അന്തരിച്ചു. അർബുദ ബാധിതനായി ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ച 3.50ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിളിമാനൂര്‍ വണ്ടന്നൂരിന് സമീപം ഇളയിടത്തു സ്വരൂപത്തിലെ ഈഞ്ചവിളയില്‍ ശങ്കരപ്പിള്ള-ചെല്ലമ്മ ദമ്പതികളുടെ മകനായി 1952ല്‍ ജനിച്ചു. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ മധു റവന്യൂ വകുപ്പ് ജീവനക്കാരനായി സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിച്ചു. സഹകരണ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ എഡിറ്റര്‍ കം പ്രസ് റിലേഷന്‍ ഓഫിസറായിരുന്നു.

1988 മുതല്‍ ദേശീയ, അന്തർദേശീയ കവി സമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പി​​െൻറ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 78ഓളം നാടോടികലകള്‍, മിത്തുകള്‍ എന്നിവയെക്കുറിച്ച് കേന്ദ്ര സാംസ്‌കാരിക വകുപ്പിനു വേണ്ടി ഡോക്യുമ​െൻററി നിര്‍മിച്ചു. മോഹിനിയാട്ടത്തിന് 20ഓളം വര്‍ണങ്ങള്‍ രചിക്കുകയും പ്രമുഖ കവികളുടെ തെരഞ്ഞെടുത്ത കവിതകള്‍ക്ക് രംഗാവിഷ്‌കാരം രചിക്കുകയും ചെയ്തു.

സമയതീരങ്ങളില്‍, മണല്‍ഘടികാരം, ചെരുപ്പുകണ്ണട തുടങ്ങി ഏഴു കവിതാസമാഹാരങ്ങൾ രചിച്ചു. ലോര്‍ക്കയുടെ ‘ജര്‍മ’ എന്ന സ്പാനിഷ് നാടകം തർജമ ചെയ്​ത​ു. 50ഓളം കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘നെയിം ഓഫ് ലൈഫ്’ ആണ്​ അവസാനം പുറത്തിറങ്ങിയ പുസ്​തകം. എം.ടി. വാസുദേവന്‍ നായരുമായുള്ള ദീര്‍ഘകാലത്തെ ശിഷ്യതുല്യ സൗഹൃദം മധുവി​​െൻറ കാവ്യരചനക്ക്​ വഴികാട്ടിയായി. മൂകാംബിക ക്ഷേത്ര യാത്രകളില്‍ എം.ടിയെ അനുഗമിച്ചിരുന്ന അദ്ദേഹം രണ്ടാമൂഴത്തി​​െൻറ ചലച്ചിത്രഭാഷ്യത്തിന് ഒരു കൊല്ലത്തോളം രചനാസഹായിയുമായിരുന്നു. 

പട്ടം ജോസഫ് മുണ്ടശ്ശേരി സാംസ്‌കാരിക പഠനകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് ​െവച്ച മൃതദേഹത്തില്‍ സാഹിത്യസാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. വൈകീട്ട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. ഭാര്യ: രാധാകുമാരി. മക്കൾ: എം.ആര്‍. രാമു, എം.ആര്‍. മനു, മീര. മരുമക്കൾ: ചിത്ര നായര്‍. വി, സൗമ്യ ചന്ദ്രന്‍, രാജേഷ് കുമാര്‍.

Loading...
COMMENTS