പെരുമാൾ മുരുകനും പി. സായിനാഥിനും പുരസ്കാരം
text_fieldsദുബൈ: യു.എ.ഇ എക്സ്ചേഞ്ച്-സീഷെല്‍ ഈവൻറ്സ് പ്രഥമ സാഹിത്യ, മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കായി അന്തരിച്ച കവി ഒ.എന്‍.വി കുറുപ്പിെൻറ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം പെരുമാൾമുരുകനും അന്തരിച്ച മാധ്യമ പ്രവര്‍ത്തകൻ ടി.എന്‍. ഗോപകുമാറിെൻറ പേരിൽ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം പി. സായിനാഥിനും നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
എഴുത്തിനെ ഭയപ്പെടുന്ന, സര്‍ഗ ശേഷിയെ കാണുമ്പോള്‍ വിറളി പിടിക്കുന്ന ഒരു രാക്ഷസ കൂട്ടത്തിന്‍റെ ക്രോധത്തിന് മുന്‍പില്‍ സ്വന്തം വീട് വരെ ഉപേക്ഷിച്ചു പോയവനാണ് പെരുമാള്‍ മുരുകനെന്ന് മുൻമന്ത്രി എം.എ. ബേബി അധ്യക്ഷനായ ജൂറി വിലയിരുത്തിയതായി അവർ പറഞ്ഞു.
കോയമ്പത്തൂർ, ഈറോഡ്, നാമക്കൽ പ്രവിശ്യകൾ ഉൾപ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാൾ മുരുകൻ അറിയപ്പെടുന്നത്. മലബാര്‍ ഗോള്‍ഡ് - ടി.എന്‍. ഗോപകുമാര്‍ മാധ്യമ പുരസ്കാരം നേടിയ പി. സായിനാഥ് മഗ്സാസെ അവാര്‍ഡ് ഉൾപ്പെടെ 40തോളം ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ദ ഹിന്ദുവിെൻറ റൂറൽ എഡിറ്ററായിരുന്ന അദ്ദേഹം പീപ്പിൾസ് ആർക്കൈവ് ഒാഫ് റൂറൽ ഇന്ത്യ (പാരി)യുടെ സ്ഥാപക എഡിറ്ററാണ്. എഴുത്തുകാരിയും കോജ് അധ്യാപികയുമായ പ്രഫ. ഒ. ജി. ഒലീന, കെ. എല്‍. ഗോപി എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.
മെയ് 19 ന് വൈകീട്ട് അഞ്ചരക്ക് ദുബൈ റാഷിദ് ഹോസ്പിറ്റല്‍ ലൈബ്രററി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് ക്ലാസ്സിക്കല്‍ കലകളുടെ അവതരണവുമുണ്ടാകും. ഇതിനായി ഇന്ത്യയില്‍ നിന്ന് പ്രത്യേക സംഘം വരും. വാർത്താസമ്മേളനത്തിൽ അവാർഡ് കമ്മിറ്റി ചെയർമാൻ കെ.എൽ.ഗോപി, വിനോദ് നമ്പ്യാർ (യു.എ.ഇ എക്സ്ചേഞ്ച്), എ.കെ.ഫൈസൽ (മലബാർ ഗോൾഡ്), ജിമ്മി ജോസഫ്, സിയാദ് പീടികയിൽ എന്നിവർ സംബന്ധിച്ചു.