മതമൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ലെന്ന് കവി പവിത്രന്‍ തീക്കുനി. പര്‍ദ്ദയെന്ന കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കി ഉടന്‍ പുന:പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ച പർദ എന്ന കവിത ഭീഷണികളെ തുടര്‍ന്ന് പിന്‍വലിച്ചത് വലിയ വിവാദമായിരുന്നു. ഇതേക്കുറിച്ചാണ് പവിത്രൻ തീക്കുനി വിശദീകരിച്ചത്.
കവിത പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ ഭീഷണികളെ ഭയപ്പെടുന്നില്ല. എന്നാല്‍ കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം കീഴാളവിരുദ്ധമാണെന്ന വിമര്‍ശനം കണക്കിലെടുത്താണ് കവിത പിൻവലിച്ചത്. പർദ്ദയെക്കുറിച്ചുള്ള അഭിപ്രായത്തിൽ മാറ്റം വന്നിട്ടില്ലെന്നും കവി പറഞ്ഞു.
കവിതയുടെ പേരില്‍ പൊതുവേദികളില്‍ പവിത്രന്‍ തീക്കുനിക്ക് അപ്രഖ്യാപിത വിലക്കും നിലനില്‍ക്കുന്നുണ്ട്.