എന്നെ കഥാകാരനാക്കിയത് ദാരിദ്ര്യവും പച്ചയായ മനുഷ്യരും –എം.ടി
text_fieldsആനക്കര: ഒരുപാട് സ്വീകരണങ്ങള്‍ ലഭിച്ചിട്ടുള്ള, ഒരുപാട് രാഷ്ട്രങ്ങൾ സന്ദര്‍ശിച്ച തനിക്ക് സ്വന്തം നാട് തന്ന സ്വീകരണം മനസ്സ് നിറക്കുന്നതാണെന്ന് എം.ടി. വാസുേദവൻ നായർ. നവമാധ്യമ കൂട്ടായ്മയായ ‘കൂര്യായിക്കൂട്ട’മൊരുക്കിയ ‘ഹൃദയപൂര്‍വം എം.ടിക്ക്’ പരിപാടിയുടെ ഭാഗമായ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഒരു വർഷം തുടര്‍പഠനം നടത്താനായില്ലെന്ന് എം.ടി പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു കാരണം. ഒരു വർഷം വെറുതെയിരുന്നു. എഴുത്തിലേക്കുളള മോഹം ഇവിടെ നിന്നാണ് തുടങ്ങുന്നത്. ആ കാലത്ത് ഇവിടെ വായനശാലകളുണ്ടായിരുന്നില്ല. മഹാകവി അക്കിത്തത്തിെൻറ വീട്ടിലേക്ക് കുന്നുകള്‍ കയറിയിറങ്ങി നടന്നുപോയാണ് വായിക്കാൻ പുസ്തകങ്ങള്‍ കൊണ്ടു വന്നിരുന്നത്.
കൂടല്ലൂര്‍ ഗ്രാമത്തിലെ ഇടവഴികളും ഇല്ലിമുളംകാടും പുഴയും ജീവജാലങ്ങളും ഇവിടത്തെ മനുഷ്യരുമാണ് എെൻറ കഥാപാത്രങ്ങളായി നിറഞ്ഞത്. അവരാണ് എഴുത്തുകാരനാക്കിയത്. പത്രങ്ങള്‍ പോലും വരാത്ത ആ കാലത്ത് നാട്ടിലെ പ്രധാന തറവാട്ടിലേക്ക് മൂന്ന് ദിവസം കൂടൂമ്പോള്‍ എത്തുന്ന ‘ഹിന്ദു’ പത്രമായിരുന്നു ആശ്രയം. അവിടത്തെ കാര്യസ്ഥെൻറ പിന്നാലെ നടന്നാണ് വായിച്ചിരുന്നത്. എന്നും വൈകീട്ട് പോസ്റ്റോഫിസില്‍ പോകും. ആരും കത്തയച്ചിട്ടില്ല. ഒരു രസം അത്രമാത്രം. കത്ത് വാങ്ങാന്‍ വരുന്നവരുടെ മുഖഭാവങ്ങള്‍ മനസ്സില്‍ തട്ടുമായിരുന്നു.
പിന്നീട് ചെറിയ തോതില്‍ എഴുതിത്തുടങ്ങി. വായിക്കും, പിന്നീട് ചീന്തിക്കളയും -എം.ടി പറഞ്ഞു. അന്ന് ബുക്ക് പോസ്റ്റായാണ് കത്ത് അയച്ചിരുന്നത്. മുക്കാല്‍ അണയുടെ സ്റ്റാമ്പ് വേണം. ഇതിന് പലപ്പോഴും അമ്മയാണ് സഹായിച്ചത്. ‘നാലുകെട്ട്’ അമ്മ പറഞ്ഞുതന്ന കഥകളിലൂടെയും മറ്റുമാണ് പിറവിയെടുത്തതെന്നും എം.ടി പറഞ്ഞു.
െഞരളത്ത് ഹരിഗോവിന്ദെൻറ ഇടയ്ക്ക കൊട്ടലോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. ആലങ്കോട് ലീലാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സി. രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. സംവിധായകന് ഹരിഹരന്, ചിത്രകാരന് അച്യുതന് കൂടല്ലൂര്‍, ഹമീദ് തത്താത്ത്, വി.പി. യൂസുഫ് ഹാജി, പി.കെ. ഹുറൈര്‍ കുട്ടി. പി.കെ. മുഹമ്മദുണ്ണി, മനോജ് ഡി. വൈക്കം, സി.പി. സെയ്തലവി, പി. മമ്മിക്കുട്ടി, സിന്ധു രവീന്ദ്രന്, എം.കെ. പ്രദീപ്, എം.ടി. ഗീത, പി. ചന്ദ്രന്, ഹാരിഫ് നാലകത്ത്, പി. ബാലകൃഷ്ണന്, ശകുന്തള, സി. അബ്ദു, എം.ടി. രാമകൃഷ്ണന്, ജലീല്‍ പൊന്നേരി, കെ. അബ്ദുല്‍ സലീം എന്നിവര്‍ സംസാരിച്ചു. നാലുകെട്ടിലെ കഥാപാത്രമായ പി. യുസഫ് ഹാജി എം.ടിയെ പൊന്നാടയണിയിച്ചു. ഡോ. പി.കെ. ഹുറൈര്‍കുട്ടി ഉപഹാരം സമർപ്പിച്ചു. കവിയരങ്ങ്, സംവാദം എന്നിവയും നടന്നു.