Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightജീവിതം തന്നെയാണ്...

ജീവിതം തന്നെയാണ് ആവിഷ്കാരമെന്ന് പ്രഖ്യാപിച്ച് തെരുവുനാടകം

text_fields
bookmark_border
ജീവിതം തന്നെയാണ് ആവിഷ്കാരമെന്ന് പ്രഖ്യാപിച്ച് തെരുവുനാടകം
cancel
camera_alt??????? ???????? ????????????? ??????? ?????? ????????????? ??????? ??????? ????????????????? ???????????? ???????????????????????

കോഴിക്കോട്: വ്യാജ ഏറ്റുമുട്ടലുകളിലൂടെയും അവകാശ ലംഘനങ്ങളിലൂടെയും രാജ്യത്തെ ജനതയെ കൊന്നൊടുക്കുമ്പോള്‍, ജീവിതം തന്നെയാണ് ഏറ്റവും വലിയ ആവിഷ്കാരമെന്നുറക്കെ പ്രഖ്യാപിച്ചത്തെിയ കാമ്പസ് കാരവന്‍ തെരുവുനാടകത്തിന് ഫാറൂഖ് കോളജില്‍ ഉജ്ജ്വല സ്വീകരണം. മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ തിരൂരില്‍ നടക്കുന്ന മാധ്യമം ലിറ്റററി ഫെസ്റ്റിന്‍െറ ഭാഗമായി കാമ്പസുകളിലൂടെയുള്ള പ്രചാരണയാത്രയിലാണ് തെരുവുനാടകം അരങ്ങേറിയത്. ഒരു മരണത്തെയും അതിന്‍െറ കാരണത്തെയും രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍വെച്ച് വിവിധ രീതിയില്‍ വിശകലനം ചെയ്യുകയാണ് ‘ജീവിതം തന്നെയാണ് ആവിഷ്കാരം’ എന്ന പേരുള്ള നാടകം.

തിരക്കേറിയ റോഡിലൂടെ അശ്രദ്ധമായി മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുമ്പോള്‍ സംഭവിക്കുന്ന അപകട മരണത്തില്‍ത്തുടങ്ങി, രാത്രിയില്‍ ഒറ്റക്ക് ഒരു പെണ്‍കുട്ടി തെരുവിലൂടെ നടക്കുമ്പോള്‍ കാമവെറിയന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ട് ജീവനൊടുങ്ങുന്നതും, അവകാശങ്ങള്‍ നേടിയെടുക്കാന്‍വേണ്ടിയുള്ള സമരങ്ങള്‍ക്കിടെ തളര്‍ന്നുവീണ് മരിക്കുന്നതുമെല്ലാം ഓരോ സാധ്യതകളായി കാഴ്ചക്കാരുടെ മുന്നിലേക്കത്തെുന്നു.

ജീവിതകാലം മുഴുവന്‍ സമ്പാദിച്ച് നേടിയ പെന്‍ഷന്‍ പണം നിരോധിക്കപ്പെട്ട അഞ്ഞൂറും ആയിരവുമായി കൈയിലത്തെുമ്പോള്‍, അത് ആക്രി സാധനങ്ങള്‍പോലെ മാറ്റിയെടുക്കാന്‍ മാത്രമുള്ളതാണെന്ന ക്രൂരസത്യം ഹാസ്യരൂപത്തില്‍ നാടകം അവതരിപ്പിക്കുന്നുണ്ട്. മത്സരബുദ്ധിയോടെ വിദ്യാര്‍ഥികളെ കടുത്ത സമ്മര്‍ദത്തിനിരയാവുമ്പോഴാണ് കാമ്പസുകളില്‍ രോഹിത് വെമുലമാരുണ്ടാവുന്നതെന്നും മറ്റൊരു സാധ്യതയായി ചിത്രീകരിക്കപ്പെടുന്നു. ഭരണകൂടം വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഇല്ലാതാക്കുന്ന നിരപരാധികളുടെ മരണങ്ങളാണ് ഒടുവില്‍ ആവിഷ്കരിക്കപ്പെടുന്നത്. എല്ലാത്തിനുമൊടുവില്‍ മരിച്ചത് തങ്ങളിലാരുമല്ളെന്ന് സ്വയം ബോധ്യപ്പെടുത്താനായി, ജീവിതം തന്നെയാണ് ആവിഷ്കാരമെന്ന സന്ദേശം പങ്കുവെച്ച് നാടകം അവസാനിക്കുമ്പോള്‍ കാമ്പസിലെ സുവോളജി ബ്ളോക്കിന് മുന്നിലെ മരച്ചോട്ടില്‍ നിലക്കാത്ത കൈയടികളുയര്‍ന്നു.  

വ്യാഴാഴ്ച മൂന്നിനാണ് കാമ്പസ് കാരവന്‍ ഫാറൂഖ് കോളജിലത്തെിയത്. എഴുത്തുകാരനും മാധ്യമം എഡിറ്റോറിയല്‍ റിലേഷന്‍സ് ഡയറക്ടറുമായ പി.കെ. പാറക്കടവ് ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ ശബ്ദവും ഇല്ലാതാക്കുന്ന കാലത്ത് വാക്കുകളെ തോക്കുകൊണ്ട് അടിച്ചമര്‍ത്താന്‍ കഴിയില്ളെന്ന പ്രഖ്യാപനമാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലൂടെ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോളജ് അധ്യാപകന്‍ ആര്‍.എ. അനസ്, അസി. ലൈബ്രേറിയന്‍ അബ്ബാസ്, യൂനിയന്‍ ചെയര്‍മാന്‍ ഫാഹിം എന്നിവര്‍ സംസാരിച്ചു.

മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹീം,  ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ്, ഡെപ്യൂട്ടി എഡിറ്റര്‍ ഇബ്രാഹിം കോട്ടക്കല്‍, കോഴിക്കോട് ബ്യൂറോ ചീഫ് ഉമര്‍ പുതിയോട്ടില്‍, കോഴിക്കോട് റീജനല്‍ മാനേജര്‍ സി.പി. മുഹമ്മദ്, പി.ആര്‍. മാനേജര്‍, കെ.ടി ഷൗക്കത്ത്, പ്രോഗ്രാം കോഓഡിനേറ്റര്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു. തത്സമയ സാഹിത്യ ക്വിസില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. റിയാസ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിന്‍െറ ഏകോപനം മുനീബ് കാരക്കുന്നാണ് നിര്‍വഹിച്ചത്. ഷാഹിദ് കൊടിഞ്ഞി, റമീസ് അത്തോളി, റുഫീദ് മമ്പാട്, നശൂര്‍ ശര്‍ക്കി, ഷഫീഖ് എന്‍.പി. കൊടുവള്ളി എന്നിവര്‍ അരങ്ങിലത്തെി.

Show Full Article
TAGS:madhyamam literary festival campus karavan 
News Summary - madhyamam literary festival campus karavan
Next Story