Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightആവേശക്കൊടുമുടിയില്‍...

ആവേശക്കൊടുമുടിയില്‍ അക്ഷരപ്പൂരം കൊടിയിറങ്ങി

text_fields
bookmark_border
ആവേശക്കൊടുമുടിയില്‍ അക്ഷരപ്പൂരം കൊടിയിറങ്ങി
cancel

തിരൂര്‍: വാക്കുകളില്‍ വെടിമരുന്നും നിലപാടുകളില്‍ കാര്‍ക്കശ്യവും കാത്ത സംവാദങ്ങളുടെ രാപ്പകലുകള്‍. ഒടുവില്‍, മലയാളത്തെ യശസ്സിന്‍െറ ആകാശത്തില്‍ പ്രതിഷ്ഠിച്ച മഹാപ്രതിഭകള്‍ക്ക് സ്നേഹാദരം. അകമ്പടിയായി മധുരമലയാളത്തിന്‍െറ പാട്ടില്‍ തീര്‍ത്ത പരിസമാപ്തി. 13 സെഷനുകള്‍, വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍, ചര്‍ച്ചകള്‍... യോജിപ്പുകളും വിയോജിപ്പുകളുമായി ഭാഷാപിതാവിന്‍െറ തറവാട്ടുമുറ്റത്തെ രണ്ടുനാള്‍ ഉത്സവമാക്കിയ മാധ്യമം ലിറ്റററി ഫെസ്റ്റിന് സമാപനമായി.

വൈക്കം മുഹമ്മദ് ബഷീറിന്‍െറ ഓര്‍മകള്‍ തുടിച്ച തുഞ്ചന്‍പറമ്പിലെ ‘തലയോലപ്പറമ്പ്’ വേദിയില്‍ മഹാത്മാഗാന്ധിയുടെ പേരക്കുട്ടി രാജ്മോഹന്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത ലിറ്റററി ഫെസ്റ്റ് തിരൂര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ മൈതാനിയില്‍ നടന്ന ‘മധുരമെന്‍ മലയാളം’ വേദിയിലെ പ്രതിഭാ ആദരത്തോടെയാണ് സമാപിച്ചത്.മലയാള സിനിമയുടെ പെരുമ ലോകത്തോളം എത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, അഭിനയചക്രവര്‍ത്തി മധു, മലയാള സാഹിത്യനിരൂപണ രംഗത്തെ തറവാട്ടമ്മ ഡോ. എം. ലീലാവതി, തലമുറകളെ മാപ്പിളപ്പാട്ടിന്‍െറ മൊഞ്ചില്‍ ആറാടിച്ച റംലാ ബീഗം എന്നിവര്‍ക്കാണ് അക്ഷരാദരം അര്‍പ്പിച്ചത്.  തുടര്‍ന്ന്, മണ്‍മറഞ്ഞ മലയാളത്തിന്‍െറ പ്രിയ ഗാനരചയിതാക്കളായ പി. ഭാസ്കരന്‍, ഒ.എന്‍.വി, യൂസഫലി കേച്ചേരി, കാവാലം നാരായണപ്പണിക്കര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ പാട്ടുകള്‍ കോര്‍ത്തിണക്കി എം.ജി. ശ്രീകുമാറും അഫ്സലും നയിച്ച ഗാനസന്ധ്യ അരങ്ങേറി.

പതിനായിരങ്ങള്‍ തടിച്ചുകൂടിയ സദസ്സിനെ മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ സ്വാഗതം ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണനെ ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖും ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എം.ഡി പി.പി. മുഹമ്മദ് അലിയും ചേര്‍ന്ന് ആദരിച്ചപ്പോള്‍ മധുവിനെ മാധ്യമം സീനിയര്‍ ജന. മാനേജര്‍ എ.കെ. സിറാജലിയും തിരൂര്‍ ആസാദ് സില്‍ക്സ് എം.ഡി മുത്തുക്കോയ തങ്ങളും ചേര്‍ന്നാണ് ആദരിച്ചത്. ഡോ. എം. ലീലാവതിയെ മാധ്യമം മാര്‍ക്കറ്റിങ് ജന. മാനേജര്‍ മുഹമ്മദ് റഫീക്കും ഹൈസ്ളീപ് മാട്രസ് എം.ഡി യു.പി അബ്ദുസമദും മലമ്പുഴ ഫാന്‍റസി പാര്‍ക്ക് എം.ഡി ക്യാപ്റ്റന്‍ ടി.എസ്. അശോകനും ചേര്‍ന്ന് ആദരിച്ചപ്പോള്‍ റംലാ ബീഗത്തെ മാധ്യമം അഡ്മിന്‍ ജന. മാനേജര്‍ കളത്തില്‍ ഫാറൂഖും എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹീമും വസന്തം വെഡിങ് കാസില്‍ എം.ഡി വി. അബ്ദുല്‍ബാരിയും നഹാസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. റജീന മുനീറും ചേര്‍ന്ന് ആദരിച്ചു.

മലയാളത്തിന്‍െറ മഹാപ്രതിഭകള്‍ക്കുള്ള ആദരപത്രം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് വായിച്ചു. എം.ജി. ശ്രീകുമാറിന് ഗള്‍ഫ് മാധ്യമം റെസി. എഡിറ്റര്‍ പി.ഐ. നൗഷാദും മെജസ്റ്റിക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജിങ് പാര്‍ട്ണര്‍ പി. അഹമ്മദും ചേര്‍ന്ന് ഉപഹാരം നല്‍കി. എം.ജി. ശ്രീകുമാര്‍, അഫ്സല്‍, സിതാര, നിഷാദ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. രൂപ രേവതി അവതരിപ്പിച്ച സോളോ വയലിനും സംഗീത സായാഹ്നത്തിന് മിഴിവേകി.

 

Show Full Article
TAGS:literary fest 2017 
News Summary - madhyamam literary fest end
Next Story