നാദാപുരം: സാഹിത്യലോകത്ത് ബഷീറിനുശേഷം വായനക്കാരിൽ ഏറ്റവും കൂടുതൽ ആഴ്ന്നിറങ്ങിയ എഴുത്തുകാരനാണ് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന് എം. മുകുന്ദൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തും ജീവിതവും ഒന്നാക്കിയ പുനത്തിൽ നഗരങ്ങളിൽ അലഞ്ഞു നടന്നിട്ടും കൃതികളിൽ എന്നും കാരക്കാടും നാട്ടിൻപുറങ്ങളുമായിരുന്നു -എം. മുകുന്ദൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷത വഹിച്ചു.
എഴുത്തിനെ ആഘോഷമാക്കിയ നിഷ്കളങ്കനായ എഴുത്തുകാരനാണ് പുനത്തിലെന്ന് അദ്ദേഹം പറഞ്ഞു. മലയാള ഭാഷക്ക് ഒരിക്കലും എടുത്തുമാറ്റാൻ കഴിയാത്ത ഖലീഫയാണെന്ന് യു.എ. ഖാദർ അനുസ്മരിച്ചു. എഴുത്തിലും ജീവിതത്തിലും സർഗാത്മകത പ്രകടിപ്പിച്ച പുനത്തിലിേൻറത് കാപട്യലോകത്തോടുള്ള പ്രതിഷേധമായിരുന്നുവെന്ന് ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. സ്നേഹനിധിയായ എഴുത്തുകാരൻ ആയിരുന്നു അദ്ദേഹമെന്ന് യു.കെ. കുമാരൻ അനുസ്മരിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ സ്വാഗതവും ഡോ. പ്രഭാകരൻ പഴശ്ശി നന്ദിയും പറഞ്ഞു.