കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരിതെളിഞ്ഞു
text_fields
കോഴിക്കോട്: ഡി.സി ബുക്സും സംസ്ഥാന ടൂറിസം വകുപ്പും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചില്‍ തുടക്കമായി. സാഹിത്യകാരന്‍ സക്കറിയ ഉദ്ഘാടനം നിര്‍വഹിച്ചു.
ഭൂരിപക്ഷത്തിന് ഇഷ്ടമല്ലാത്ത ആശയങ്ങള്‍ പറയുന്നവരെ കൊന്നുകളയുന്ന അവസ്ഥയുള്ള രാജ്യത്ത് ഇത്തരം സംവാദവേദികള്‍ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകകേന്ദ്രിതമാവാതെ ആശയങ്ങള്‍ പറയാനും പങ്കുവെക്കാനുമുള്ള ഇടമാണ് സാഹിത്യോത്സവമെന്നും കേട്ടിരിക്കുന്നതിനെക്കാള്‍ അങ്ങോട്ടുമിങ്ങോട്ടും സംവദിക്കുകയാണ് വേണ്ടതെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു. സ്വയം ആവിഷ്കരണത്തിനുള്ള അതിശയകരമായ മാര്‍ഗമാണ് സാഹിത്യമെന്നും ലോകത്തെവിടെയും ആളുകള്‍ മാതൃഭാഷക്കാണ് മറ്റു ഭാഷകളെക്കാള്‍ പരിഗണന നല്‍കുന്നതെന്നും മുഖ്യപ്രഭാഷണത്തില്‍ സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍, ഡോ.വി. വേണു, പ്രമോദ് മങ്ങാട്ട്, ജോണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു. സുധീര്‍ കക്കര്‍, ദക്ഷിണാഫ്രിക്കന്‍ കവി ആരി സിതാസ്, പാകിസ്താനി നോവലിസ്റ്റ് ഖൈസ്ര ഷഹറാസ്, സ്ളൊവേനിയന്‍ എഴുത്തുകാരന്‍ എവാല്‍ദ് ഫ്ലിസാര്‍ എന്നിവര്‍ പങ്കെടുത്തു. രവി ഡി.സി സ്വാഗതവും എ.കെ. അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനുശേഷം സദ്ഗുരു ജഗ്ഗി വാസുദേവും ശശികുമാറും മഞ്ജു വാര്യരും ചേര്‍ന്ന് മുഖാമുഖം സംഘടിപ്പിച്ചു. ഫയര്‍സൈഡ് ചാറ്റില്‍ ഹര്‍ഷ് മാന്‍ഡറും കെ. രാമചന്ദ്രനും സംവദിച്ചു.
രാവിലെ വിദ്യാര്‍ഥികള്‍ക്കുള്ള സാഹിത്യോത്സവത്തില്‍ എഴുത്തുകാരായ ബെന്‍യാമിന്‍, പി.ടി. മുഹമ്മദ് സാദിഖ് എന്നിവര്‍ സംവദിച്ചു. നടന്‍ മാമുക്കോയയും വിദ്യാര്‍ഥികളുമായി സംവാദം നടത്തി. ‘എഴുത്തും ദേശവും’ എന്ന വിഷയത്തില്‍ യു.കെ. കുമാരന്‍ സംസാരിച്ചു. ചലച്ചിത്രോത്സവത്തില്‍ ഓളവും തീരവും എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.
വെള്ളിയാഴ്ച വിവിധ സെഷനുകളില്‍ ആരി സിതാസ്, എവാല്‍ദ് ഫ്ലിസാര്‍, അനിത നായര്‍, സുധീര്‍ കക്കര്‍, പ്രഭാത് പട്നായിക്, ഉര്‍വശി ഭൂട്ടാലിയ, ആനന്ദ്, ടി. പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
