എഴുത്തച്ഛൻ പുരസ്ക്കാരം കവി സച്ചിദാനന്ദന്

12:03 PM
01/11/2017
K_sachidanandan-

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും കവിയുമായ കെ.സച്ചിദാനന്ദന് എഴുത്തച്ഛൻ പുരസ്ക്കാരം. സച്ചിദാനന്ദൻ മലയാളത്തിന് നൽകിയ സമഗ്ര സംഭാവനക്കാണ് എഴുത്തച്ഛന്‍റെ പേരിലുള്ള മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്ക്കാരത്തിന് അർഹനായത്. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പുരസ്ക്കാരത്തിന്‍റെ തുക ഒന്നര ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഈ വർഷം ഉയർത്തിയിരുന്നു. കവി, നാടകകൃത്ത്, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാവനകള്‍ നൽകിയ എഴുത്തുകാരനാണ് സച്ചിദാനന്ദന്‍. എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മരം, വീടുമാറ്റം, അപൂര്‍ണം തുടങ്ങിയവ പ്രധാനകൃതികളാണ്.

വൈശാഖൻ ചെയർമാനും എം.കെ.സാനു, എം. ലീലാവതി, സി.രാധാകൃഷ്ണൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. നീതി, ജനാധിപത്യം, സാമൂഹ്യജാഗ്രത തുടങ്ങിയ വിഷയങ്ങൾ പലതലങ്ങളിൽ, മലയാളഭാഷയുടെ കാര്യവാഹകശേഷി തെളിയിച്ചുകൊണ്ട് അവതരിപ്പിക്കുന്നവയാണ് സച്ചിദാനന്ദൻെറ കവിതകളെന്ന് സമിതി വിലയിരുത്തി. പ്രതിരോധനത്തിൻെറ സംസ്കാരമാണ് കവിതകളുടെ സവിശേഷത. മലയാളകവിതയെ ലോകസാഹിത്യത്തിലേക്കും വിദേശ കവിതയെ മലയാളത്തിലേക്കും ആനയിച്ചുവെന്നും വിലയിരുത്തി. 

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് സച്ചിദാനന്ദൻ ജനിച്ചത്. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിശ്വ സാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് സച്ചിദാനന്ദനാണ്.  1989 1998, 2000, 2009, 2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി. 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് "മറന്നു വച്ച വസ്തുക്കൾ" എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ 'ഇന്ത്യൻ ലിറ്ററേച്ചറി'ന്‍റെ എഡിറ്ററായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു.

1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലിഷ് പ്രഫസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ് ലേഷൻ വകുപ്പിൽ വകുപ്പു മേധാവിയുമായി പ്രവർത്തിക്കുന്നു.  ജനകീയ സാംസ്കാരിക വേദിയിൽ സജീവ പങ്കാളിയായിരുന്നു സച്ചിദാനന്ദൻ.

Loading...
COMMENTS