മനുഷ്യ ലൈബ്രറി...ഇവിടെ ജീവനുള്ള മനുഷ്യരാണ് പുസ്തകങ്ങൾ
text_fieldsലൈബ്രറിയിലെ അേനകായിരം പുസ്തകങ്ങൾ നിരത്തിവെച്ച ഷെൽഫിൽനിന്ന് ഒരു പുസ്തകമെടുത്ത് വായിക്കുന്നതുപോലെ അനേകായിരം മനുഷ്യരിൽനിന്ന് ഒരു മനുഷ്യനെ എടുത്ത് വായിച്ച് യഥാസ്ഥാനത്ത് തിരികെ വെക്കാനാവുമോ...? അന്ധത എന്താണെന്ന് ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഒരു പുസ്തകത്തിൽനിന്ന് മനസ്സിലാക്കാം.. പക്ഷേ, അന്ധത എന്ന പ്രശ്നം എത്ര പുസ്തകങ്ങൾ വായിച്ചാലാണ് മനസ്സിലാവുക...? അപ്പോഴാണ് ഒരു അന്ധൻ തന്നെ പുസ്തകമായി നമുക്കു മുന്നിൽ വന്നുനിന്ന് അന്ധത പറയുന്നത്... അതാണ് മനുഷ്യ പുസ്തകം. അവരെേപ്പാലുള്ളവരാണ് മനുഷ്യ ൈലബ്രറികൾ..
ഡന്മാർക്കിലാണ് മനുഷ്യ ലൈബ്രറിയുടെ തുടക്കമെന്ന് സജി മാർക്കോസ് എഴുതിയ േഫസ്ബുക്ക് പോസ്റ്റിൽ വിശദമാക്കുന്നു...“സ്റ്റോപ് വയലൻസ്“ എന്ന സംഘടനയുടെ സ്ഥാപകൻ ഡാനി അബർഗൽ ആണ് ആദ്യമായി ഈ ആശയം മുന്നോട്ട് വക്കുന്നത്. ചെറുപ്പക്കാരുടെ ഇടയിൽ അക്രമവിരുദ്ധവികാരം ഉണർത്തുന്നതിന് ചർച്ചകളും സംഭാഷണങ്ങളും പ്രയോജനം ചെയ്യുമെന്ന് സ്റ്റോപ് വയലൻസ് സംഘടന കണ്ടെത്തി. യൂറോപ്പിലെ ഏറ്റവും വലിയ സംഗീതമേളയായ റോസ്കിൽഡ് ഫെസ്റ്റിവലിൽ എത്തുന്ന സന്ദർശകർക്കിടയിൽ ആയിരുന്നു ആദ്യപരീക്ഷണം’’ എന്നും സജി മാർക്കോസ് വിശദമാക്കുന്നു...
സജി മാർക്കോസിെൻറ വിശദമായ കുറിപ്പ് വായിക്കൂ...
മനുഷ്യപുസ്തകങ്ങൾ
(A place where difficult questions are expected, appreciated and answered)
പണ്ട് എെൻറ വീടിന് തൊട്ടടുത്ത് ഒരു ചക്കാല ഉണ്ടായിരുന്നു. ശർക്കര പാനി വലിയ കുട്ടളത്തിൽ തിളച്ച് പൊങ്ങിവരുമ്പോൾ ആലക്കാരൻ ഒരു പുട്ടുകുടത്തിലെ വെള്ളത്തിൽ കൈമുക്കി കുട്ടളത്തിെൻറ അടുത്ത് പോയി നിൽക്കും. ഏതോ ഒരു സമയത്ത് തിളച്ച് മറിയുന്ന പാനി നഗ്നമായ കൈകൊണ്ട് തന്നെ കോരി എടുത്തിട്ട് വീണ്ടും കുടത്തിലെ വെള്ളത്തിൽ മുക്കിപിടിക്കും. ഇത്രയും കൗതുകകരമായ ഒരു കാഴ്ച അക്കാലത്ത് കണ്ടിട്ടില്ല. പാനിയുടെ പാകം പരിശോധിക്കുകയാണ്. മൂപ്പ് ശരിയായി എന്ന് തോന്നിയാൽ പാനി തോണിയിലേക്ക് ഒഴിക്കാൻ പണിക്കാരെ വിളിക്കും. ഒരൽപം താമസിച്ചാൽ പാനി ഉറയുമ്പോൾ ശർക്കര ബബിൾഗം പോലെ ഇരിക്കും. പാകമാകുന്നതിനുമുേമ്പ തോണിയിലേക്ക് മറിച്ചാൽ ശർക്കര ഉണ്ടയായി ഉരുട്ടാനാകില്ല- പൊടിഞ്ഞ് പോകും.

തിളച്ച പാനിയുടെ പാകം നോക്കാൻ ഇന്ന് മറ്റെന്തെങ്കിലും വഴിയുണ്ടോ എന്നറിയില്ല. ഇങ്ങനെ പാകം നോക്കുന്നത് ഒരു പ്രത്യേകതരം അറിവാണ്, ജന്മനാ ഉള്ള കഴിവല്ല. പക്ഷേ, പുസ്തകത്തിൽ എഴുതിെവക്കാൻ കഴിയില്ല. ഇത്തരം വിജ്ഞാനത്തിന് അനുക്തജ്ഞാനം (Tacit knowledge) എന്ന് പറയും. അനുക്തജ്ഞാനം ബോധപൂർവമല്ലാതെ അറിയുകയും പ്രയോഗിക്കുകയും ചെയ്യുന്നതും എന്നാൽ, വിശദീകരണങ്ങൾക്ക് വഴങ്ങാത്തവയുമാണ്.
നോളഡ്ജ് മാനേജ്മെൻറിൽ പുസ്തകങ്ങളുടെ ഒരു പ്രധാന പരിമിതി ഇത്തരം അറിവുകളാണ്. മനുഷ്യരെ തിരിച്ചറിയുന്നത്, സൈക്കിൾ ചവിട്ടുന്നത്, കച്ചവടം നടത്തുന്നത്, നേതൃത്വഗുണം -എന്നിങ്ങനെ നിത്യജീവിതമായി ബന്ധപ്പെടുന്ന ഒട്ടുമിക്ക അറിവുകളും പരിശീലിച്ച് സ്വായത്തമാക്കാവുന്ന ഗുണങ്ങളും എഴുതിെവയ്ക്കാവുന്നതോ, ദൃശ്യവൽക്കരിക്കാവുന്നതോ (വിഷ്വലൈസ്), സാമ്പ്രദായിക രീതിയിൽ പകരാവുന്നതോ അല്ല.
ഹൈഡ്രൈൻറയും ഓക്സിജെൻറയും ആറ്റം കണ്ടിട്ടില്ലാത്ത ഒരാൾക്ക് ആറ്റത്തിെൻറ ഘടന, സബ് ആറ്റമിക് പാർട്ടിക്കിളുകളുടെപ്രത്യേകതകൾ ഒക്കെ പറഞ്ഞുകൊടുക്കാനാകും, പഠിക്കാനുമാകും. പക്ഷേ, ചെണ്ടകൊട്ട് അറിയാത്ത ഒരാൾക്ക് ഒരിക്കലും പഠിപ്പിക്കാനാകില്ല. മേളത്തിന്റെ മുഴുവൻ വായ്ത്താരിയും പഠിക്കാം, പഠിപ്പിക്കാം, പക്ഷേ, മേളംകൊട്ടാൻ കഴിയില്ല.
മനുഷ്യൻ ഇന്നുവരെ ആർജിച്ച അറിവ് പുസ്തക രൂപത്തിലാക്കുകയും പലതരം ലൈബ്രറികളിലൂടെ അത് മനുഷ്യന് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അനുക്തജ്ഞാനം ഈ സാമ്പ്രദായിക അറിവ് സൂക്ഷിക്കൽ / പകരൽ പ്രക്രിയക്ക് വഴങ്ങുന്നില്ല. ഇതിന് പരിഹാരമായി കണ്ടെത്തിയ നൂതനസംവിധാനമാണ് ഹ്യൂമൻ ലൈബ്രറി. ഹ്യൂമൻ ലൈബ്രററി ഒരു ലൈബ്രറി തന്നെയാണ്. പുസ്തകങ്ങൾ കടമായി എടുക്കാം. വായിച്ചതിനുശേഷം തിരികെ ഏൽപ്പിക്കാം. മറ്റൊരു പുസ്തകം എടുക്കാം. വേണമെങ്കിൽ അതുതന്നെ ഒരിക്കൽക്കൂടി വായിക്കാം-. പക്ഷേ, ഇവിടെ മനുഷ്യരാണ് പുസ്തകങ്ങൾ. വായന എന്നാൽ രണ്ടുപേർ തമ്മിലുള്ള സംസാരമാണ്. അറിവും അനുഭവങ്ങളും പങ്കുവെക്കലാണ്. സംശയങ്ങൾ ചോദിക്കുകയും മുൻവിധികളെ തകർക്കലുമാണ്. സ്റ്റീരിയോ ടൈപ്പുകളെ ഉടച്ച് വാർക്കുകയാണ്.

കുറെവർഷങ്ങൾക്ക് മുമ്പ് ഒരു ചാനലിൽ ട്രാൻസ്ജെൻഡറുകളെപ്പറ്റി പാനൽ ചർച്ച നടക്കുകയാണ്. ഒരു പള്ളീലച്ചൻ ട്രാൻസ്ജെൻഡറുകൾക്കെതിരെ കത്തിക്കയറുന്നു. വളർത്തു ദോഷം, നല്ല പെടകിട്ടാത്തതിന്റെ കുറവ്, മുൻതലമുറകളിലെ ശാപം... എന്നിങ്ങനെ ട്രാൻസ്ജെൻഡറുകൾ ഉണ്ടാകുന്നതിനെപ്പറ്റിയുള്ള അച്ചെൻറ വിജ്ഞാനഭാണ്ഡം തുറന്നുവെച്ചു. അതുകഴിഞ്ഞപ്പോൾ അടുത്തിരുന്ന വൃദ്ധനായ മനശാസ്ത്രജ്ഞൻ അച്ചനോട് ശാന്തമായി ചോദിച്ചു, ട്രാൻസ്ജെൻഡറിൽപ്പെട്ട ഒരാളെ എങ്കിലും അറിയുമോ എന്ന്. അച്ചന് ആരേയും അറിയില്ല. കുറേ പഴകിയ അറിവും മുൻവിധികളും മാത്രമേ അച്ചനുള്ളൂ. വർഷങ്ങളായി ട്രാൻസ്ജെഡറുകളുമായി ഇടപെടുന്ന മനശാസ്ത്രജ്ഞൻ അച്ചനെ കുറച്ചൊക്കെ തിരുത്താൻശ്രമിച്ചത് കണ്ടത് ഓർക്കുന്നു. ഇവിടെയെല്ലാം ഹ്യൂമൻ ലൈബ്രറികൾ സഹായത്തിനെത്തുന്നു.

അനുക്തജ്ഞാനം മാത്രമല്ല ഹ്യൂമൻ ലൈബ്രറികൾ വായനക്കാർക്ക് നൽകുന്നത്. വ്യത്യസ്തമായി ജീവിക്കുന്നവരുടെ അറിവും അനുഭവങ്ങളും ലോകവീക്ഷണവും മനസിലാക്കാനുള്ള അവസരവും ഇത്തരം ജീവനുള്ള പുസ്തകശാലകൾ നൽകുന്നു. വീട് ഇല്ലാതെ തെരുവിൽ കഴിയുന്നവരെപ്പറ്റി നമുക്ക് എന്തെങ്കിലും അറിയുമോ? ഉറങ്ങുമോൾ മുകളിൽ ഒരു മേൽകൂരയുടെ സംരക്ഷണമില്ലാത്തവർ, ആഹാരം പാകം ചെയ്യാൻ ഒരു അടുപ്പോ അടുക്കളയോ ഇല്ലാത്തവർ. കാര്യമായൊന്നും സ്വന്തമായില്ലാത്തവർ. ജീവിതത്തിൽ സ്വകാര്യത എന്തെന്ന് അറിയാത്തവർ. ഇവർ അലസരും മദ്യപാനികളും കഴിവുകെട്ടവരും ആണെന്നാണ് പൊതുവേയുള്ള ഒരു ധാരണ. പക്ഷേ, സത്യം അതല്ല. ലോകത്തിൽ ഏഴിൽ ഒരു മനുഷ്യന് വീട് ഇല്ല. അപമാനിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യപ്പെടുന്ന അവർ എങ്ങിനെ ലോകത്തെയും ജീവിതത്തെയും കാണുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒരു അന്ധെൻറ, ‘കാണുന്ന ഞാൻ’ ഇല്ലാത്ത ഒരു മനുഷ്യെൻറ ഉള്ളിലെ ലോകമെന്തെന്ന് നമുക്ക് അറിയുമോ? എയിഡ്സ് രോഗിയുടെ, തൊഴിലില്ലാത്തവെൻറ, ആത്മഹത്യാപ്രവണതയുള്ളവരുടെ, നാടോടികളുടെ, വേശ്യയുടെ, പോൺസ്റ്റാറിെൻറ, അഭയാർത്ഥിയുടെ ഒക്കെ ജീവിതങ്ങൾ വായിക്കണോ? ഹ്യൂമൻ ലൈബ്രറി വഴി തുറക്കുന്നു. ലൈബ്രറിയിലെ മനുഷ്യ പുസ്തകങ്ങളുടെ വിവരങ്ങൾ പ്രദർശനത്തിന് െവച്ചിട്ടുണ്ട്. നമ്മുടെ താൽപര്യമനുസരിച്ച് ബുക്ക് ചെയ്യാം. സൗജന്യമായ ലൈബ്രറികളും സ്വകാര്യ ലൈബ്രറികളും ഉണ്ട്. മുൻ നിശ്ചയിക്കപ്പെട്ട സമയത്ത്, മനുഷ്യ പുസ്തകം എത്തും. പുഴയോരത്തോ, ഫുഡ്ബാൾ ഗ്രൗണ്ടിലോ, അടച്ചിട്ട മുറിയിലോ ഇരുന്നു സംസാരിക്കാം...- അതാണ് പുസ്തകവായന.

പുസ്തകത്തോട് ചോദ്യങ്ങൾ ചോദിക്കാം, പുസ്തകവുമൊത്ത് പൊട്ടിച്ചിരിക്കാം, തിരിച്ചും ചില ചോദ്യങ്ങൾ പ്രതീക്ഷിക്കാം, നിശ്ചിത സമയം കഴിയുമ്പോൾ പുസ്തകം മടങ്ങും, പിന്നീട് ബാധ്യതകൾ ഒന്നുമില്ല. ഡന്മാർക്കിലാണ് ഹ്യൂമൻ ലൈബ്രറിയുടെ തുടക്കം. ‘സ്റ്റോപ് വയലൻസ്’ എന്ന സംഘടനയുടെ സ്ഥാപകൻ ഡാനി അബർഗൽ ആണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. ചെറുപ്പക്കാരുടെ ഇടയിൽ അക്രമവിരുദ്ധവികാരം ഉണർത്തുന്നതിന് ചർച്ചകളും സംഭാഷണങ്ങളും പ്രയോജനം ചെയ്യുമെന്ന് സ്റ്റോപ് വയലൻസ് സംഘടന കണ്ടെത്തി. യൂറോപ്പിലെ ഏറ്റവും വലിയ സംഗീതമേളയായ റോസ്കിൽഡ് ഫെസ്റ്റിവെലിൽ എത്തുന്ന സന്ദർശകർക്കിടയിൽ ആയിരുന്നു ആദ്യപരീക്ഷണം.
ഇന്ന് ലോകത്തിൽ 60 രാജ്യങ്ങളിൽ ഹ്യൂമൻ ലൈബ്രറികൾ പ്രവർത്തിക്കുന്നു. അറിവും അനുഭവജ്ഞാനവും ഏതെങ്കിലും മേഖലയിൽ സവിശേഷ പ്രാവീണ്യവുമുള്ളവരെല്ലാം നല്ല പുസ്തകങ്ങളാണ്. വായനക്കാർ രേഖപ്പെടുത്തുന്ന റിവ്യൂ വഴി കൂടുതൽ വായനക്കാർ നല്ല പുസ്തകങ്ങൾ തേടിയെത്തും. ഇരുകൂട്ടർക്കും ഗുണമുള്ള ഇടപാടാണ് മനുഷ്യപുസ്തക വായന. സാമ്പ്രദായിക ഗ്രന്ഥങ്ങൾ അച്ചടികഴിഞ്ഞാൽ വളർച്ചയില്ലാത്തവയാണ്, പക്ഷേ, മനുഷ്യപുസ്തകങ്ങൾ നിരന്തരം പരിഷ്കരിക്കപ്പെട്ടും, കൂട്ടിച്ചേർക്കപ്പെടും. നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. സംഭാഷണത്തിെൻറ മെച്ചപ്പെട്ടരീതികൾ പഠിക്കുന്നു. രസകരമായും ആകർഷകമായും വായിക്കപ്പെടാൻ ശീലിക്കുന്നു.
നമ്മുടെ മലയാളം ഫേസ്ബുക്കിൽ നന്നായി വായിക്കപ്പെടേണ്ട , പൊട്ടെൻഷ്യൽ ബുക്കുകൾ ധാരാളമുണ്ട്.. പലരും ഉണ്ട് വായിക്കപ്പെടേണ്ടവർ. നമ്മൾ പുതിയ ലോകത്തിെൻറ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. ഹൈദ്രാബാദിലും ഇൻഡോറിലും മനുഷ്യ ലൈബ്രറികൾ തുടങ്ങിക്കഴിഞ്ഞു.ഒരു പുസ്തമാകാൻ ആഗ്രഹം തോന്നുന്നുണ്ടോ? അത് ഒരു ജീവനുള്ള പുസ്തകമാണെന്ന് ആരെയെങ്കിലും കണ്ടിട്ടു തോന്നിയിട്ടുണ്ടോ? എങ്കിൽ ആരംഭിക്കൂ- ഒരു ‘തനിമലയാളം മനുഷ്യപുസ്തകശാല’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.