ഗുണ്ടര്‍ട്ട് മലയാള ഭാഷയുടെ വളര്‍ത്തച്ഛന്‍ –എം.ജി.എസ്. നാരായണന്‍
text_fieldsകോഴിക്കോട്: തുഞ്ചത്തെഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി അംഗീകരിക്കുമ്പോള്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ ഭാഷയുടെ വളര്‍ത്തച്ഛനായി കാണേണ്ടതുണ്ടെന്ന് ഡോ. എം.ജി.എസ്. നാരായണന്‍. ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് രചിച്ച് മലയാള സര്‍വകലാശാലയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ചെയര്‍ പ്രസിദ്ധീകരിച്ച ഗുണ്ടര്‍ട്ടിന്‍െറ ജീവചരിത്രത്തിന്‍െറ മലയാള പരിഭാഷയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടര്‍ട്ടിന്‍െറ മലയാളം നിഘണ്ടു ഭാഷയുടെ ഭണ്ഡാരമാണ്. നിരവധി നിഘണ്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും സമകാലിക പ്രസക്തിയുള്ളത് അദ്ദേഹത്തിന്‍െറ നിഘണ്ടുവിനാണ്. ഇവിടത്തെ ഭാഷ പഠിച്ച്, സംസ്കാരമുള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഗുണ്ടര്‍ട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലബാര്‍ രൂപത ബിഷപ് ഡോ. റോയ്സി മനോജ് വിക്ടര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. മലയാള സര്‍വകലാശാല വി.സി ഡോ. കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. റോയ്സി മനോജ് വിക്ടര്‍, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, ഡോ. ചെറിയാന്‍ കുനിയന്തോടത്ത്, ഗുണ്ടര്‍ട്ടിന്‍െറ കുടുംബാംഗങ്ങളായ ക്രിസ്റ്റോഫ് അല്‍ബ്രെഹ്ത് ഫ്രെന്‍സ്, ഡോ. മാര്‍ഗരറ്റ് ഫ്രെന്‍സ് എന്നിവര്‍ സംസാരിച്ചു. മലയാള സര്‍വകലാശാല അക്കാദമിക് ഡീന്‍ പ്രഫ. എം. ശ്രീനാഥന്‍ സ്വാഗതവും സാഹിത്യ വിഭാഗം ഡീന്‍ പ്രഫ. ടി. അനിതകുമാരി നന്ദിയും പറഞ്ഞു.
ജര്‍മന്‍ ഭാഷയില്‍ ‘ഹെര്‍മന്‍ ഗുണ്ടര്‍ട്ട്’ എന്ന പേരില്‍ ഗുണ്ടര്‍ട്ടിന്‍െറ ജീവചരിത്രം എഴുതിയത് ഡോ. അല്‍ബ്രെഹ്ത് ഫ്രെന്‍സാണ്.