ഹിന്ദു വിരുദ്ധയായ ഗൗരി ലങ്കേഷ് വധിക്കപ്പെടേണ്ടവൾ തന്നെയെന്ന് പ്രതി

13:02 PM
08/06/2018
guari--candle

ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് ഹിന്ദുവിരുദ്ധയാണെന്നും അതിനാൽ കൊല്ലപ്പെടേണ്ടവൾ തന്നെയാണെന്നും അറസ്റ്റിലായ പ്രതിയുടെ കുറ്റസമ്മത മൊഴി. ഗൗരിലങ്കേഷ് വധക്കേസിൽ അറസ്റ്റിലായ കെ.ടി നവീൻ കുമാർ എന്ന ആയുധ വ്യാപാരിയുടേയതാണ് മൊഴി. ഗൗരിയെ വധിക്കാനായി മറ്റൊരു ഹിന്ദു ആക്ടിവിസ്റ്റിന് ബുളളറ്റുകൾ നൽകിയത് നവീനായിരുന്നു. 

തന്‍റെ വീടിന് മുന്നിൽ വെച്ച് ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് നവീൻകുമാറിന്‍റെ 12 പേജുള്ള കുറ്റസമ്മതമൊഴി കുറ്റപത്രത്തോടൊപ്പം പൊലീസ് സമർപ്പിച്ചത്. ഗൗരി ലങ്കേഷിന്‍റെ വീട്ടിലേക്ക് പോകാനായി കൊലപാതകികൾ വരച്ച റൂട്ട് മാപ്പും കുറ്റപത്രത്തോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവിധ ആംഗിളുകളിൽ നിന്നും തയാറാക്കിയ റൂട്ട് മാപ്പാണ് ഇത്. 

2014ൽ സ്ഥാപിച്ച ഹിന്ദു യുവസേന എന്ന സംഘടനയിലെ അംഗമാണ് നവീൻകുമാർ. കോമേഴ്സ് വിദ്യാർഥിയായിരുന്ന ഇയാൾ വലതുപക്ഷ പ്രത്യശാസ്ത്രത്തിൽ ആകൃഷ്ടനായി കോളേജ് പഠനം അവസാനിപ്പിച്ചിരുന്നു. നവീൻകുമാർ നിയമവിധേയമായല്ല ആയുധവ്യാപാരം നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി. 

praveen-kumar
കെ.ടി നവീൻകുമാർ
 

നേരത്തേ, പ്രമോദ് മുത്തലിക്കിനൊപ്പം മാഗ്ളൂരിൽ പെൺകുട്ടികളേയും ആൺകുട്ടികളേയും ഒരു ക്ളബിൽ വെച്ച് ആക്രമിച്ച കേസിലും നവീൻകുമാർ ഉൾപ്പെട്ടിരുന്നു. വർഷം തോറും നടന്നുവരാറുള്ള ഹിന്ദു ജനജാഗൃതി സമിതി എന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പ്രവീൺ എന്ന് സ്വയം പരിചയപ്പെടുത്തിയയാൾ തനിക്ക് ബുള്ളറ്റുകൾ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി.

പിന്നീട് തന്‍റെ വീട്ടിലെത്തി തന്നെയും ഭാര്യയേയും ക‍ണ്ട് വീണ്ടും ബുള്ളറ്റുകൾ ആവശ്യപ്പെട്ടു. രണ്ട് ബുള്ളറ്റുകൾ താൻ പ്രവീണിന് നൽകി. എന്നാൽ അതിന് ഗുണം പോരെന്ന് പിന്നീട് പറഞ്ഞു. ബുള്ളറ്റുകൾ ഹിന്ദു വിരുദ്ധയായ ഗൗരി ലങ്കേഷിനെ കൊല്ലാൻ വേണ്ടിയാണെന്ന് പ്രവീൺ വെളിപ്പെടുത്തിയതായും നവീൻ കുമാർ കുറ്റസമ്മത മൊഴിയിൽ പറഞ്ഞു.

ബംഗളുരുവിലും ബൽഗാമിലും വെച്ചാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തത്. പുതിയ ബുള്ളറ്റുകൾ നൽകാൻ തയാറായിരുന്നുവെങ്കിലും പിന്നീട് മൊബൈൽ പോൺ ഉപയോഗിക്കാത്ത പ്രവീണുമായി  തനിക്ക് ബന്ധപ്പെടാനായില്ല. സെപ്തംബർ അഞ്ചിന് പത്ര മാധ്യമങ്ങളിലൂടെയാണ് പത്രപ്രവർത്തക കൊല്ലപ്പെട്ട വിവരം അറിഞ്ഞത്.

പ്രഫസർ ഭഗവാന്‍റെ കൊലപാതകം ആസൂത്രണം ചെയ്തതിലും നവീൻകുമാറിന് പങ്കുണ്ട്. ഇതുസംബന്ധിച്ച് ടെലിഫോൺ വിശദാംശങ്ങളും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. 

Loading...
COMMENTS