അരുന്ധതി റോയിയുടെ പുതിയ നോവലിന് ആവേശകരമായ വരവേൽപ്പ്
text_fieldsഅരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ ‘ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസിന് ആവേശകരമായ വരവേൽപ്പ്. നേരത്തെ തന്നെ കേരളത്തില്‍ നോവല്‍ എത്തിയെങ്കിലും പ്രസാധകരായ പെന്ഗ്വിന് ബുക്സുമായുള്ള കരാര്‍ പ്രകാരം അതീവ സുരക്ഷയോടെയാണ് വിതരണക്കാരായ പ്രിസം ബുക്ക്സ് സ്റ്റോക്ക് കൈകാര്യം ചെയ്തത്. നോവല്‍ ലഭിക്കുന്നതിന് വേണ്ടി പ്രീ ബുക്കിങ് നടത്തിയവരടക്കം 9 മണിക്ക് തന്നെ ആസ്വാദകര്‍ നോവലിനായി ബുക്ക് സ്റ്റാളുകളിലെത്തി.
ഏകദേശം 5000 കോപ്പികളാണ് കേരളത്തിലെത്തിയിരിക്കുന്നത്. രാവിലെ മുതലുള്ള വില്പന വെച്ച് നോക്കിയാല്‍ അടുത്ത് തന്നെ വീണ്ടും സ്റ്റോക്ക് എത്തേണ്ടി വരുമെന്നാണ് വിതരണക്കാർ പറയുന്നത്.
സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളുടെ വിശാല കാൻവാസിൽ ഒന്നിലേറെ നായകരും ഉപനായകരുമായി ഒരുക്കിയ നോവൽ രണ്ടു പതിറ്റാണ്ടിനിടെ രാജ്യം ദർശിച്ച വലിയ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളുടെ നിശിത വിചാരണയാണ്.
2002ൽ ഗുജറാത്ത് കലാപത്തിൽനിന്ന് രക്ഷപ്പെട്ട് ഡൽഹി ഷാജഹാനാബാദിലെ ശ്മശാനത്തിൽ അഭയം തേടിയ ഭിന്നലിംഗക്കാരിയായ അൻജുമിൽനിന്നാണ് നോവൽ തുടങ്ങുന്നത്. നടുക്കുന്ന ഒാർമകളെയും സ്വന്തം അനുഭവങ്ങളെയും മാറ്റിവെച്ച് പുതിയ ജീവിതം തുടങ്ങുന്ന അവർ ശ്മശാനത്തിൽ കണ്ടുമുട്ടുന്ന സമാനരായ കഥാപാത്രങ്ങളിലൂടെ ഇതിവൃത്തം പുരോഗമിക്കുന്നു. ഒപ്പം ഇന്ത്യ സമീപകാലത്ത് സാക്ഷ്യം വഹിച്ച ജാതി, മത സംഘർഷങ്ങളുടെയും സംഘട്ടനങ്ങളുടെയും നേർചിത്രവും അനാവൃതമാകുന്നു.
നോവലിെൻറ രണ്ടാം ഘട്ടത്തിൽ അൻജുമിനു പകരമെത്തുന്ന ടിലോ കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കാണ് നയിക്കുന്നത്. ടിലോ പലപ്പോഴും അരുന്ധതി റോയിയെ അനുസ്മരിപ്പിക്കുന്നതിനാൽ കശ്മീരിൽ നേരിട്ടുകണ്ടതു പകർത്തുകയാണെന്ന ധാരണയുണരുക സ്വാഭാവികം. കശ്മീരിനെ ടിലോയുടെ കാഴ്ചയിൽ മാത്രമല്ല, ഒരു ഉദ്യോഗസ്ഥെൻറയും തീവ്രവാദിയുടെയും സൈനികെൻറയുമൊക്കെ ഭാഷ്യങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്. ഒരിടത്ത് ഒരു കശ്മീരി പറയുന്നു; ‘ഞങ്ങളെ ഒാരോരുത്തരെയും നിങ്ങളുടെ പെല്ലറ്റ് തോക്കുകൾ കാഴ്ചയില്ലാത്തവരാക്കിയിട്ടുണ്ടാകാം. പക്ഷേ, ഞങ്ങൾക്കെന്തു സംഭവിച്ചെന്ന് കാണാനുള്ള കണ്ണുകൾ നിങ്ങൾക്ക് നഷ്ടമായിട്ടുണ്ടാകില്ല’. മാവോ ബാധിത മേഖലയായ ബസ്തറും അവിടുത്തെ ജീവിതവും തുല്യപ്രാധാന്യത്തോടെ നോവലിൽ പുനരവതരിക്കുന്നുണ്ട്.