Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകവിത കോപ്പിയടി: എസ്....

കവിത കോപ്പിയടി: എസ്. കലേഷിനോട് ക്ഷമ ചോദിച്ച് ദീപ നിഷാന്ത്

text_fields
bookmark_border
s-kalesh-deepa-nishanth
cancel

കോഴിക്കോട്: കവിത കോപ്പിയടി വിവാദത്തിൽ കവി എസ്. കലേഷിനോട് ക്ഷമ ചോദിച്ച് എഴുത്തുകാരി ദീപ നിഷാന്ത്. തന്‍റെ പേരിൽ വരുന്ന ഓരോ വാക്കിനും ഉത്തരവാദിയായതു കൊണ്ടാണ് ക്ഷമ ചോദിക്കുന്നതെന്ന് ദീപ ഫേസ്ബുക്കിൽ കുറിച്ചു. താൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതു സംഭവിച്ചെന്ന് ചോദിച്ചാൽ മുഴുവൻ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികൾ അതിലുണ്ട്. ആ പ്രതിസന്ധികൾ കാലം തെളിയിക്കും. കലേഷിന്‍റെ സങ്കടവും രോഷവും എഴുത്തുകാരി എന്ന നിലക്കും അധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയിൽ എനിക്ക് മനസിലാവും. അക്കാര്യത്തിൽ താനും ദുഃഖിതയാണെന്നും ദീപ നിഷാന്ത് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇന്നു വരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഞാനെന്ന് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ പറയുന്ന ഓരോ വാക്കിലും എനിക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്.

എഴുത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഞാനെഴുതിയവ നല്ലതോ ചീത്തയോ ആവട്ടെ, അവക്ക് ലഭിക്കുന്ന അംഗീകാരത്തെക്കുറിച്ചോ തിരസ്കാരത്തെക്കുറിച്ചോ ഞാൻ അധികം ആലോചിച്ചിട്ടില്ല. വലിയ ബൗദ്ധികതയൊന്നും എന്റെ എഴുത്തിലില്ല എന്നും എഴുതുന്നവ വൈകാരികതകൾ മാത്രമാണെന്നും കേൾമ്പോഴും എനിക്കതിൽ ഒരു അഭിമാനക്ഷതവും തോന്നിയിട്ടില്ല. ഞാൻ എന്നെത്തന്നെയാണ് എഴുതിയിട്ടുള്ളത്. എന്റെ ജീവിതാന്തരീക്ഷമാണ് എന്റെ മഷിപ്പാത്രം. അതിൽ നിന്നുള്ള എഴുത്തുകളാണ് ഇന്നത്തെ ദീപാനിശാന്തിനെ നിർമ്മിച്ചതും വളർത്തിയതും.

അവ മറ്റാരുടേയും പകർപ്പല്ല. അവയുടെ കനം പോരെന്നോ കാര്യമായൊന്നുമില്ലെന്നോ ആർക്കു വേണമെങ്കിലും പറയാം. പക്ഷേ അവയോരോന്നും ‘പറഞ്ഞുപോകരുതിത്/ മറ്റൊന്നിന്റെ പകർപ്പെന്നു മാത്രം” എന്ന ഇടശ്ശേരിയുടെ പ്രഖ്യാപനത്തെ മുറുകെപ്പിടിക്കുന്നതാണ് എന്ന ആത്മാഭിമാനം എനിക്കുണ്ട്. പെട്ടെന്നൊരു നാൾ വന്ന ഈ വിവാദത്തിൽ താണുപോകുന്നതാണ് ഞാനിന്നലെ വരെ എഴുതിയതെല്ലാം എന്നു ഞാൻ കരുതുന്നില്ല. അഥവാ അങ്ങനെ തകരുന്നു എങ്കിൽ അതിനുള്ള ബലമേ അവയ്ക്കുണ്ടായിരുന്നുള്ളൂ എന്നു ഞാൻ കരുതും. വിവാദങ്ങളാൽ നിർമ്മിക്കപ്പെട്ട വ്യക്തിയാണ് ഞാനെന്നും വിമർശനം കേട്ടിട്ടുണ്ട്. അവ എന്റെ സ്വകാര്യതകളാണ്, പങ്കുവെക്കേണ്ടതല്ലാത്തതും പങ്കുവെക്കാനാവാത്തതുമായ സ്വകാര്യതകൾ.

ഞാനെഴുതിത്തുടങ്ങിയതു മുതൽ ഇന്നു വരെയും എന്നെ പ്രോൽസാഹിപ്പിച്ച അനേകം പേരുണ്ട്. അദ്ധ്യാപകർ മുതൽ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയ ഫോളോവേഴ്സ് അടക്കം അനേകം മനുഷ്യർ. അവരുടെ ഊർജ്ജമാണ് എന്റെ ബലം. കിട്ടിയ അവസരം മുതലാക്കി ഇന്നുവരെയുള്ള എന്റെ രാഷ്ടീയനിലപാടുകളോടും ഞാനുയർത്തിയ ശബ്ദങ്ങളോടും അസഹിഷ്ണുത പ്രകടിപ്പിച്ചവർ നടത്തുന്ന ആർപ്പുവിളികൾ കൊണ്ട് ഞാൻ തകരില്ല എന്ന ആത്മബോധ്യമുണ്ട്. അങ്ങനെയെങ്കിൽ എന്നോ അതു സംഭവിക്കുമായിരുന്നു.

കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോൾ എനിക്കുണ്ട്.' ഇപ്പോൾ 'എന്നെടുത്തു പറഞ്ഞത് ഇന്നലെ വരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിൻ്റെ കൂടി നിഴലിൽ നിന്നു കൊണ്ടു തന്നെയാണ്. ആ കവിത കലേഷിൻ്റേതല്ല എന്ന്ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽത്തന്നെയാണ് ആ ബോധ്യം. മലയാളം അദ്ധ്യാപികയായ ഞാനങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാമോ എന്ന കേവലയുക്തിക്കൊന്നും അവിടെ പ്രസക്തിയില്ല. . ഞാൻ കവിത അപൂർവ്വമായി എഴുതാറുണ്ടെങ്കിൽ പോലും കവിതയിൽ ജീവിക്കുന്ന ഒരാളല്ല. സർവവിജ്ഞാനഭണ്ഡാകാരവുമല്ല.

ഇപ്പോൾ നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സർവ്വീസ് സംഘടനയുടെ മാഗസിനിൽ മറ്റൊരാളുടെ വരികൾ എന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തർക്കുമുണ്ട്. അത്രമാത്രം സോഷ്യൽ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാൻ. ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കണം.

പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാൽ മുഴുവൻ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികൾ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികൾ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകർക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയിൽ എനിക്കു മനസ്സിലാവും. അക്കാര്യത്തിൽ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഞാൻ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു.

പ്ലേജറിസം സാമൂഹികമാദ്ധ്യമങ്ങളിലെ തുടർക്കഥയാണ്. ഒരാളുടെ ആശയം, വരികൾ തുടങ്ങി എന്തും എപ്പോഴും മോഷ്ടിക്കപ്പെടാവുന്ന അവസ്ഥയുമുണ്ട്. അതിനെതിരെ എന്നും സംസാരിച്ചിട്ടും എനിക്കു നേരെ തന്നെ ഇത്തരമൊന്ന് സംഭവിച്ചതിലാണ് എറ്റവും വിഷമം. പ്രതിയോഗികൾക്ക് കിട്ടിയൊരു സുവർണ്ണാവസരമായി ഇക്കാര്യം ഉപയോഗപ്പെടുന്നതിലും വിഷമമുണ്ട്.

ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താൽപര്യമുള്ളവർ അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാർക്കുണ്ടെന്നുംഅവർ അതു നിർവ്വഹിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsdeepa nishanths kaleshpoem copy issues
News Summary - deepa nishanth s kalesh poem copy issues -Literature News
Next Story