എഴുത്തുകാരെ ദേശദ്രോഹിയാക്കുന്ന കാലം –സി. രാധാകൃഷ്ണന്‍

22:57 PM
03/01/2017

തിരുവനന്തപുരം:  എഴുത്തുകാരെ ദേശദ്രോഹിയാക്കുന്ന കാലമാണിതെന്ന് സി. രാധാകൃഷ്ണന്‍. എഴുത്തച്ഛന്‍ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും അഭിപ്രായം ശരിയല്ളെന്ന് പറായനുള്ള സ്വാതന്ത്ര്യം എഴുത്തുകാര്‍ക്കുണ്ട്. എന്നാല്‍, അത് ഭ്രാന്താണെന്നും അവര്‍ക്ക് വിവേകമില്ളെന്നും പറയാന്‍ ഭൂമിയില്‍ ആര്‍ക്കും അവകാശമില്ല. നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്തയെന്നും പറയുകതന്നെ ചെയ്യും.
പക്ഷാതീതത്വ പക്ഷമാണ് എഴുത്തുകാരന്‍േറത്. നമ്മുടെ സമൂഹത്തില്‍ അഭിപ്രായം പറയാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇന്ന് ഉപനിഷത്തുക്കളെക്കുറിച്ചു വാചാലമായി പറഞ്ഞാല്‍ നിങ്ങളെ സംഘ്പരിവാറാക്കും. യാഗത്തെ എതിര്‍ത്താല്‍ ദേശദ്രോഹിയാക്കും.

കേരളത്തിലെ മുഴുവന്‍ എഴുത്തുകാരുടെയും പ്രതിനിധിയെന്ന നിലയിലാണ് താനീ പറയുന്നത്. നീതി, മനുഷ്യസ്നേഹം, ധര്‍മബോധം തുടങ്ങിയവ ഇടതുപക്ഷത്തിന്‍െറ മുഖമുദ്രയായിരുന്നു. അന്ന് പ്രസ്ഥാനം കാട്ടു തീപോലെ പടര്‍ന്നു. അന്ന് എഴുത്ത് ഇടതുപക്ഷ പ്രവര്‍ത്തനമായി. അത് ദൈവികമായിരുന്നു.
ഭൂമിയിലെ എല്ലാ എഴുത്തുകാരും ഇടതുപക്ഷക്കാരാണ്. എന്നാല്‍, അവരെ ഭിന്നിപ്പിച്ച് വിള്ളല്‍ ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം.

16ാം നൂറ്റാണ്ടിന്‍െറ പകുതിയില്‍ ഐക്യകേരളത്തിന് വിത്ത് പാകിയതും സാര്‍വജനീനമായ അറിവ് നല്‍കിയതും എഴുത്തച്ഛനാണ്. ദര്‍ശനം, കര്‍മം, ഭാഷ, ശൈലി എന്നിവയില്‍ മലയാള എഴുത്തിന്‍െറ റോള്‍ മോഡലായി. എഴുത്തോ കഴുത്തോ വലുതെന്ന ചോദ്യത്തിന് എഴുത്താണെന്ന് മറുപടി നല്‍കി. രണ്ടു തവണയാണ് എഴുത്തച്ഛനെ വധശിക്ഷക്ക് വിധിച്ചത്. ഒടുവില്‍ സാമൂതിരി നാടുകടത്തി. എന്നാല്‍, ഏറെ ത്യാഗങ്ങള്‍ സഹിച്ച എഴുത്തച്ഛനെ സമുദായം അധിക്ഷേപിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

COMMENTS