അരുന്ധതി റോയിയുടെ പുതിയ നോവൽ നാളെ വിപണിയിൽ
text_fieldsമുംബൈ: രണ്ടു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ അരുന്ധതി റോയിയുടെ രണ്ടാമത് നോവൽ ‘ദ മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപിനെസ്’ നാളെ വിപണിയിലെത്തും. സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളുടെ വിശാല കാൻവാസിൽ ഒന്നിലേറെ നായകരും ഉപനായകരുമായി ഒരുക്കിയ നോവൽ രണ്ടു പതിറ്റാണ്ടിനിടെ രാജ്യം ദർശിച്ച വലിയ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളുടെ നിശിത വിചാരണയാണ്.
2002ൽ ഗുജറാത്ത് കലാപത്തിൽനിന്ന് രക്ഷപ്പെട്ട് ഡൽഹി ഷാജഹാനാബാദിലെ ശ്മശാനത്തിൽ അഭയം തേടിയ ഭിന്നലിംഗക്കാരിയായ അൻജുമിൽനിന്നാണ് നോവൽ തുടങ്ങുന്നത്. നടുക്കുന്ന ഒാർമകളെയും സ്വന്തം അനുഭവങ്ങളെയും മാറ്റിവെച്ച് പുതിയ ജീവിതം തുടങ്ങുന്ന അവർ ശ്മശാനത്തിൽ കണ്ടുമുട്ടുന്ന സമാനരായ കഥാപാത്രങ്ങളിലൂടെ ഇതിവൃത്തം പുരോഗമിക്കുന്നു. ഒപ്പം ഇന്ത്യ സമീപകാലത്ത് സാക്ഷ്യം വഹിച്ച ജാതി, മത സംഘർഷങ്ങളുടെയും സംഘട്ടനങ്ങളുടെയും നേർചിത്രവും അനാവൃതമാകുന്നു.
നോവലിെൻറ രണ്ടാം ഘട്ടത്തിൽ അൻജുമിനു പകരമെത്തുന്ന ടിലോ കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കാണ് നയിക്കുന്നത്. ടിലോ പലപ്പോഴും അരുന്ധതി റോയിയെ അനുസ്മരിപ്പിക്കുന്നതിനാൽ കശ്മീരിൽ നേരിട്ടുകണ്ടതു പകർത്തുകയാണെന്ന ധാരണയുണരുക സ്വാഭാവികം. കശ്മീരിനെ ടിലോയുടെ കാഴ്ചയിൽ മാത്രമല്ല, ഒരു ഉദ്യോഗസ്ഥെൻറയും തീവ്രവാദിയുടെയും സൈനികെൻറയുമൊക്കെ ഭാഷ്യങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്. ഒരിടത്ത് ഒരു കശ്മീരി പറയുന്നു; ‘ഞങ്ങളെ ഒാരോരുത്തരെയും നിങ്ങളുടെ പെല്ലറ്റ് തോക്കുകൾ കാഴ്ചയില്ലാത്തവരാക്കിയിട്ടുണ്ടാകാം. പക്ഷേ, ഞങ്ങൾക്കെന്തു സംഭവിച്ചെന്ന് കാണാനുള്ള കണ്ണുകൾ നിങ്ങൾക്ക് നഷ്ടമായിട്ടുണ്ടാകില്ല’. മാവോ ബാധിത മേഖലയായ ബസ്തറും അവിടുത്തെ ജീവിതവും തുല്യപ്രാധാന്യത്തോടെ നോവലിൽ പുനരവതരിക്കുന്നുണ്ട്.
ഒാൺലൈൻ ബുക്കിങ്ങിൽ വലിയ കോളിളക്കം സൃഷ്ടിച്ച നോവൽ ബുക്ക് സ്റ്റോറുകളിലും വിൽപനക്കുണ്ടാവും. എക്കാലത്തെയും മികച്ച 50 ബെസ്റ്റ് സെല്ലറുകളുടെ പട്ടികയിൽ ഇതിനകം നോവൽ ഇടംപിടിച്ചതായി ഒാൺലൈൻ വ്യാപാര പോർട്ടൽ ആമസോൺ അറിയിച്ചു. 1997ൽ കേരളീയ പശ്ചാത്തലത്തിൽ എഴുതിയ ‘ഗോഡ് ഒാഫ് സ്മോൾ തിങ്സ്’ 60 ലക്ഷം പ്രതികൾ വിറ്റുപോയിരുന്നു. കഴിഞ്ഞ വർഷമാണ് പുതിയ നോവൽ പ്രഖ്യാപിച്ചത്. 10 വർഷം മുമ്പു തുടങ്ങിയ രചനയാണ് ഇപ്പോൾ പൂർത്തിയായതെന്നും യാഥാർഥ്യവും കഥയും തമ്മിലെ സാമ്യം താൻ കാര്യമാക്കുന്നില്ലെന്നും അരുന്ധതി പറയുന്നു. നേരത്തേ, ‘ജാതി ഉന്മൂലനം’ എന്ന അംബേദ്കർ ഗ്രന്ഥത്തിനെഴുതിയ ആമുഖം വിവാദങ്ങളുയർത്തിയിരുന്നു. ‘പവർ പൊളിറ്റിക്സ്’, ‘ആൾജിബ്ര ഒാഫ് ഇൻഫിനിറ്റ് ജസ്റ്റിസ്’, ‘കാപിറ്റലിസം-എ ഗോസ്റ്റ് സ്റ്റോറി’, ‘എൻഡ് ഒാഫ് ഇമേജിനേഷൻ’, ‘വാർ ടോക്’ തുടങ്ങി 50ഒാളം രചനകൾ അരുന്ധതിയുടേതായുണ്ട്.
