എഴുത്തുകാരും സാധാരണ മനുഷ്യരാണെന്നും അഭിമുഖങ്ങളാണ് എഴുത്തുകാരെൻറ ശക്തിയെന്നും എം. മുകുന്ദൻ. ഒലീവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മണർകാട് മാത്യുവിെൻറ ‘പ്രവാസി കഥാകാരന്മാരുടെ സർഗയാത്രകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു എഴുത്തുകാരനെ പൂർണമായും തിരിച്ചറിയുന്നത് അഭിമുഖങ്ങളിലൂടെയാണ്. സ്വന്തം കൃതിയിൽ പറയാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് അതിലൂടെ പറയാനാകും. അഭിമുഖങ്ങൾ എഴുത്തുകാരെൻറ ശക്തിയാണ്. പാശ്ചാത്യനാടുകളിൽ അഭിമുഖങ്ങൾക്കാണ് പ്രാധാന്യം. എന്നാൽ, അഭിമുഖങ്ങൾക്ക് നമ്മുടെ നാട്ടിൽ അത്ര പ്രാധാന്യം ലഭിക്കുന്നില്ല.
ലോകത്തിെൻറ ഭാരം മുഴുവൻ തെൻറ തലയിലാണെന്ന് വിശ്വാസത്തിൽ നടക്കുന്ന എഴുത്തുകാരുമുണ്ട്. എഴുത്തുകാരും സാധാരണ മനുഷ്യരാണ്. എഴുത്തെന്ന പ്രഫഷൻ മാത്രമേ അവരെ വ്യത്യസ്തരാക്കുന്നുള്ളൂ. എത്ര മഹത്തായ കൃതിയാണെങ്കിലും അതിൽ രാഷ്ട്രീയമില്ലെങ്കിൽ നിലനിൽക്കില്ല. അത്രയേറെ രാഷ്ട്രീയവത്കരിക്കപ്പെട്ട സമൂഹമാണ് കേരളമെന്നും മുകുന്ദൻ പറഞ്ഞു. പുസ്തകം പി.കെ. പാറക്കടവ് ഏറ്റുവാങ്ങി. ഭാഷയും സംസ്കാരവും ഗൗരവമായി എടുത്തത് കേരളത്തിൽനിന്ന് പുറത്തുപോയി താമസിച്ചവരാണെന്ന് പി.കെ. പാറക്കടവ് പറഞ്ഞു. ജമാൽ കൊച്ചങ്ങാടി അധ്യക്ഷതവഹിച്ചു.
സി.വി. ബാലകൃഷ്ണൻ, അയ്മനം ജോൺ, മണർകാട് മാത്യു, വി.വി. മനോഹരൻ എന്നിവർ സംസാരിച്ചു. എം.കെ. മുനീർ എം.എൽ.എയും സംബന്ധിച്ചു.