മുംബൈക്ക് മലയാളം സമ്മാനിച്ച സാഹിത്യോല്‍സവം
text_fieldsപതിനഞ്ചോളം ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരെ അണിനിരത്തി എഴുത്തിന്‍െറ നാനാ ഭാഗങ്ങളും ചര്‍ച്ചക്ക് വിധേയമാക്കുകയായിരുന്നു ഗേറ്റ്വേ ലിറ്റ് ഫെസ്റ്റ്. മുംബൈക്ക് മലയാളം സമ്മാനിച്ച ദേശീയ സാഹിത്യോത്സവം. അക്കാദമിയെ മാറ്റിനിര്‍ത്തിയാല്‍ വിവിധ ഭാഷാ എഴുത്തുകാരെ ചര്‍ച്ചക്കും പങ്കുവെപ്പിനും ഒരേ വേദിയില്‍ ഇരുത്തുന്ന ഒരെയൊരു സാഹിത്യ സമ്മേളനമാകും രണ്ടാം വയസ്സില്‍ എത്തിനില്‍ക്കുന്ന ഗേറ്റ്വേ ലിറ്റ് ഫെസ്റ്റ്. എല്ലാവര്‍ക്കും മാതൃഭാഷയുണ്ട്, ആ മാതൃഭാഷകള്‍ക്കെല്ലാം ഇടം നല്‍കിയ പരിരക്ഷകരാണ് ഗെറ്റ്വേ ലിറ്റ് ഫെസ്റ്റിനു പിന്നിലെ സുമനസ്സുകളെന്ന് സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ ബംഗാളി കവി സുബോദ് സര്‍ക്കാര്‍ സാഹിത്യ സമ്മേളനത്തിന്‍െറ സമാപനത്തില്‍ പറഞ്ഞു.
വിവിധ ചര്‍ച്ചകളാല്‍ സമ്പന്നമായിരുന്നു ഗെറ്റ്വേ ലിറ്റ് ഫെസ്റ്റ്. വിഖ്യാത ചലച്ചിത്രകാരനും ഗെറ്റ്വേ ലിറ്റ് ഫെസ്റ്റിന്‍െറ നാഥനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍, ജ്ഞാനപീഠ ജേതാക്കളായ ഒറിയന്‍ എഴുത്തുകാരി പ്രതിഭാ റായ്, ഒറിയന്‍ കവി സീതാകാന്ത് മഹാപത്ര, എന്‍.എസ്. മാധവന്‍, സേതു, ബംഗാളി കവി സുബോദ് സര്‍ക്കാര്‍, സുഭാഷ് ചന്ദ്രന്‍, ജയമോഹന്‍, ചലച്ചിത്രകാരനും എഴുത്തുകാരനുമായ മധുപാല്‍, ‘എഷ്യനെറ്റ് ന്യൂസ്’ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, ‘ദ ഹിന്ദു’ അസോസിയേറ്റ് എഡിറ്റര്‍ ഗൗരീദാസന്‍ നായര്‍, കെ.എസ്. രാമന്‍, ലീന മണിമേഖല, ഗുജറാത്തീ കവിയും നാടക രചയിതാവുമായ സിതാന്‍ശു യശസ്ചന്ദ്ര, കശ്മീരി കവി സമന്‍ അസുര്‍ദ, മുംബൈ പ്രസ്ക്ളബ് പ്രസിഡന്‍റും ‘ബിസിനസ് വേള്‍ഡ്’ എഡിറ്ററുമായ ഗുര്‍ബീര്‍ സിങ്, ആനന്ദ് നീലകണ്ഠന്‍ തുടങ്ങിയവരായിരുന്നു ലിറ്റ് ഫെസ്റ്റിന്‍െറ ആകര്‍ഷണം. ബംഗാളി, മൈഥിലി, കൊങ്കിണി, മറാത്തി, മലയാളം, തമിഴ്, സിന്ധി, അസമീസ്, ഒറിയ, സന്ദാലി, ഗുജറാത്തി, കശ്മീരി, ഉര്‍ദു തുടങ്ങിയ ഭാഷകളിലെ എഴുത്തുകാരാല്‍ സമ്പന്നമായിരുന്നു ചര്‍ച്ചകള്‍.
എഴുത്തുകാരന് അവന്‍െറ ഭാഷ ഒന്നുകില്‍ വരം അല്ളെങ്കില്‍ പ്രതിബന്ധം ആകുന്നു എന്നതാണ് അവസ്ഥയെന്ന് അടൂര്‍ പറയുന്നു. ഈയിടെയായി ദേശീയവും അന്താരാഷ്ട്രീയവുമായ സാഹിത്യസമ്മേളനങ്ങള്‍ മുളച്ചുപൊന്തിയിട്ടുണ്ട്. എന്നാല്‍, അവയെല്ലാം ഇംഗ്ളീഷ് സാഹിത്യമാണ് ചര്‍ച്ചചെയ്യുന്നത്. ഇടക്ക് വിട്ടുവീഴ്ച ചെയ്യുമെങ്കിലും അത് ഹിന്ദിയില്‍ മാത്രം ഒതുങ്ങും. അതിനാല്‍, ഗേറ്റ്വേ ലിറ്റ് ഫെസ്റ്റിന് പ്രാധാന്യം ഏറെയാണെന്നും അടൂര്‍ പറഞ്ഞു.
ഇരയുടെ വേഷം അണിയാതെ മികച്ച രചനകള്‍ നടത്തുകയാണ് വിവിധ പ്രാദേശിക ഭാഷാ എഴുത്തുകാര്‍ ചെയ്യേണ്ടതെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞു. ഇന്ത്യന്‍ സാഹിത്യമെന്നത് പ്രാദേശിക ഭാഷകളിലെ സാഹിത്യങ്ങളാണെന്നും ചേതന്‍ ഭഗത്തിന്‍െറത് പൈങ്കിളി രചനകളാണെന്നും മാധവന്‍ തുറന്നടിച്ചു.
സുഭാഷ് ചന്ദ്രന്‍, മധുപാല്‍, ജയമോഹന്‍, ആനന്ദ് നീലകണ്ഠന്‍, ബാലകൃഷ്ണന്‍, ഗുര്‍ബീര്‍ സിങ് എന്നിവര്‍ സംബന്ധിച്ചു.
സാംസ്കാരിക, സിനിമാ, കലാ രംഗത്തിന് ഒട്ടെറെ സംഭാവനകള്‍ നല്‍കിയ നഗരമാണ് മുംബൈ. ആശയങ്ങള്‍ മുളപൊട്ടുന്നതിന് നഗരത്തിലെ കഫേകള്‍ വഹിച്ച പങ്ക് ചെറുതല്ല. അത്തരത്തില്‍ വട്ടമേശക്കു ചുറ്റുമിരുന്നുള്ള ചായ ചര്‍ച്ചയിലാണ് മലയാളത്തിന് അഭിമാനിക്കാവുന്ന ഗേറ്റ്വേ ലിറ്റ് ഫെസ്റ്റ് എന്ന ആശയവും പിറന്നത്. മലയാള പ്രസിദ്ധീകരണമായ ‘കാക്ക’യുടെ പത്രാധിപര്‍ മോഹന്‍ കാക്കനാടന്‍, പ്രമുഖ ബിസിനസ് പത്രപ്രവര്‍ത്തകന്‍ എം. ശബരീനാഥ്, പാഷന്‍ ഫോര്‍ കമ്യൂണിക്കേഷന്‍ മേധാവി ജോസഫ് അലക്സാണ്ടര്‍ എന്നിവരിലൂടെയാണ് ആ ആശയം വളര്‍ന്നത്. അടൂര്‍, സച്ചിദാനന്ദന്‍, ബോസ് കൃഷ്ണമാചാരി, ഗൗരീദാസന്‍ നായര്‍ എന്നിവര്‍ അതിന് ബലമേകി. പത്രപ്രവര്‍ത്തകരായ കെ.ജെ. ബെന്നിച്ചന്‍, എന്‍. ശ്രീജിത്ത് എന്നിവരടക്കം നിരവധി പേര്‍ അതിന്‍െറ ഭാഗമായി. അങ്ങനെ, ഗേറ്റ്വേ ലിറ്റ് ഫെസ്റ്റ് പിറന്നു. 2015 ഫെബ്രുവരിയിലായിരുന്നു ആദ്യ സാഹിത്യോത്സവം. അതിന്‍െറ വിജയം നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു രണ്ടാം അധ്യായം നടത്തിയത്. മലയാളത്തിന്‍െറ പ്രിയ കവി ഒ.എന്‍.വി, കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ എന്നിവര്‍ക്കും ഈയിടെ അന്തരിച്ച മറാത്തി കവി മങ്കേഷ് പട്ഗവങ്കര്‍ക്കും പ്രണാമമര്‍പ്പിച്ചായിരുന്നു ഇത്തവണ തുടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
