പൂന്താനം സാഹിത്യോത്സവം
text_fieldsപെരിന്തല്‍മണ്ണ: ഭക്തകവി പൂന്താനത്തിന്‍റെ സ്മരണയില്‍ സംഘടിപ്പിക്കുന്ന പൂന്താനം സാഹിത്യോത്സവം ഫെബ്രുവരി 12, 13, 14 തീയതികളില്‍ കീഴാറ്റൂര്‍ സെന്‍ററില്‍ നടക്കും. 12ന് രാവിലെ പത്തിന് യുവ എഴുത്തുകാര്‍ക്കായി നടക്കുന്ന കഥ-കവിതാ ക്യാമ്പ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ പത്തിന് മന്ത്രി എ.പി. അനില്‍കുമാര്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. 2015ലെ മികച്ച കവിതാ ഗ്രന്ഥത്തിനുള്ള അവാര്‍ഡ് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ സമ്മാനിക്കും. പുസ്തകോത്സവം പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്യും. ഡോ. സി. രാജേന്ദ്രന്‍ പൂന്താനം അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് 'മാധ്യമ ധര്‍മവും ജനാധിപത്യവും' വിഷയത്തില്‍ മാധ്യമ സെമിനാര്‍ നടക്കും.
വൈകീട്ട് ഏഴിന് സൗഹൃദ സമ്മേളനം നടക്കും. തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തിലും ജേതാക്കളായ നര്‍ത്തകിമാരുടെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, സമൂഹനൃത്തം തുടങ്ങിയവയും വടകര വരദയുടെ 'മറുമരുന്ന്' നാടകവും അരങ്ങേറും. സമാപന ദിവസമായ 14ന് രാവിലെ പത്തിന് സാംസ്‌കാരിക സമ്മേളനം നടക്കും. 'കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും വര്‍ത്തമാന കാലവും' വിഷയത്തില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് കവിയരങ്ങ് നടക്കും.
വൈകീട്ട് ഏഴിന് സമാപന സമ്മേളനം നവടക്കും. മാപ്പിളപ്പാട്ട് കലാകാരന്‍ പി. ഇസ്സയെ ആദരിക്കും. രാത്രി എട്ടിന് കലാസന്ധ്യയില്‍ കീഴാറ്റൂര്‍ 'ഹരിശ്രീ നൃത്തകലാലയം' അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ അരങ്ങേറും. ഒമ്പതിന് സിനിമ-സീരിയല്‍ രംഗത്തെ ഗായകര്‍ മാപ്പിളപ്പാട്ട് 'മൈലാഞ്ചിക്കുളിര്' അവതരിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ കീഴാറ്റൂര്‍ അനിയന്‍, ജനറല്‍ കണ്‍വീനര്‍ മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, കണ്‍വീനര്‍മാരായ പി. നാരായണനുണ്ണി, കെ.എം. വിജയകുമാര്‍, പി. മുഹമ്മദ് ഹാരിസ്, ഭാരവാഹികളായ മേലാറ്റൂര്‍ രാധാകൃഷ്ണന്‍, സി. വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
