ചെന്നൈ: ഹിന്ദു തീവ്രവാദികളുടെ ഭീഷണി മൂലം എഴുത്ത് നിർത്തിയ പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ തിരിച്ചുവരുന്നു. 200 രഹസ്യ കവിതകളുടെ സമാഹാരവുമായാണ് അദ്ദേഹം എഴുത്ത്ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. തനിക്ക് വായിക്കാൻ വേണ്ടി മാത്രം രചിച്ച 200 കവിതകളാണ് സമാഹാരത്തിലുണ്ടാവുക . 'കോഴയിൻ പാടൽകൾ' (ഭീരുവിന്‍റെ പാട്ട്) എന്നാണ് പുസ്തകത്തിന്‍റെ പേര്.
2014 ഡിസംബറിലാണ് പെരുമാൾ മുരുകന്‍റെ ഫേസ്ബുക് പോസ്റ്റ് പുറത്തുവന്നത്. " എഴുത്തുകാരൻ പെരുമാൾ മുരുകൻ മരിച്ചു. അയാൾ ഒരു ദൈവമല്ല. അതുകൊണ്ട് അയാൾക്ക് ഉയിർത്തെഴുന്നേൽക്കാനും സാധ്യമല്ല. ഇനിമുതൽ പി.മുരുഗൻ എന്ന അധ്യാപകൻ മാത്രമാണ് ജീവിച്ചിരിക്കുന്നത്." അത് ഒരു എഴുത്തുകാരന്‍റെ ആത്മഹത്യാക്കുറിപ്പായിരുന്നു. ആ കുറിപ്പെഴുതി 20 മാസങ്ങൾക്ക് ശേഷമാണ് പെരുമാൾ മരുഗൻ വീണ്ടും എഴുത്തിലേക്ക് തിരിച്ചെത്തുന്നത്.
പെരുമാൾ മുരുകന്‍റെ പുസ്തകം 'മാതോരുഭാഗൻ' ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് ചില സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2015 ജനവരി 12 ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പ് പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. മാപ്പ് പറയണമെന്ന് നാമക്കൽ ഭരണകൂടത്തിന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഇതോടെ തന്‍റെ എല്ലാ പുസ്തകങ്ങളും പിൻവലിക്കുകയാണെന്നും എഴുത്തുജീവിതം അവസാനിപ്പിക്കുകയാണെന്നും പെരുമാൾ മുരുകൻ പ്രഖ്യാപിക്കുകയായിരുന്നു.
മുരുകന്‍റെ വിവാദ പുസ്തകം 'മാതോരുഭാഗൻ' പിൻവലിക്കേണ്ടെന്ന് കഴിഞ്ഞ മാസം മദ്രാസ് ഹൈകോടതി ഉത്തരവിറക്കിയതോടെയാണ് ആറ് വർഷം മുൻപ് എഴുതിയ നോവലിന്‍റെ പേരിൽ വേട്ടയാടപ്പെട്ട എഴുത്തുകാരൻ പെരുമാൾ മുരുഗൻ എഴുത്തിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചത്.