മര്‍ലോണ്‍ ജെയിംസിന്‍െറ നോവല്‍ പ്രസാധകര് തിരിച്ചയച്ചത് 78 തവണ
text_fieldsസംഘര്‍ഷവും സമരവുംനിറഞ്ഞ മണ്ണില്‍നിന്ന് കഥയെഴുതുമ്പോള്‍ പൈങ്കിളിയാകാന്‍ കഴിയില്ളെന്ന് ജെയിംസ്
കിങ്സ്റ്റണ്‍: മാന്‍ ബുക്കര്‍ പ്രൈസിന്‍െറ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനില്ക്കുമ്പോള് മര്‍ലോണ്‍ ജെയിംസ് വാചാലനാകുന്നത് അവാര്‍ഡ് നേടിയ നോവലിനെക്കാള്‍ സൃഷ്ടിയുടെ പേറ്റുനോവ് മുഴുവന്‍ പേറിയ ആദ്യ നോവലിനെക്കുറിച്ചാണ്. ‘ജോണ്‍ ക്രോവ്സ് ഡെവിള്‍’ എന്ന 200 പേജുള്ള ആദ്യ നോവലുമായി ജെയിംസ് പ്രസാധകരെ തേടി നടത്തിയ സഞ്ചാരങ്ങള്‍ക്ക് അറ്റമുണ്ടായിരുന്നില്ല.
ഓരോ പ്രസാധകരെയും കണ്ടിറങ്ങുമ്പോള്‍ അടുത്തയാളിലേക്ക് പ്രതീക്ഷ നീണ്ടു. പ്രസാധകര് ഒന്നൊന്നായി ആ നോവല്‍ തിരസ്കരിച്ചുകൊണ്ടേയിരുന്നു. ഒന്നും രണ്ടുമല്ല, 78 തവണയാണ് പ്രസാധകര് ആ നോവല്‍ മടക്കിയത്. ജനത്തിന് ആവശ്യമുള്ളതല്ല താനെഴുതുന്നതെന്നുപോലും തോന്നിപ്പോയ ഘട്ടത്തില്‍ നിരാശയുടെ പടുകുഴിയില്‍നിന്ന് ജെയിംസ് ആ കടുംകൈ ചെയ്തു. രചനയുടെ സംഘര്‍ഷങ്ങള്‍ മുഴുവന്‍ പേറിയ ആദ്യ നോവലിന്‍െറ കൈയെഴുത്തുപ്രതി കത്തിച്ചുകളഞ്ഞു. സുഹൃത്തുക്കളുടെ കമ്പ്യൂട്ടറുകളില്‍ ഉണ്ടായിരുന്ന കോപ്പിപോലും നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു. എഴുത്തുതന്നെ എന്നേക്കുമായി അവസാനിപ്പിക്കാനും തീരുമാനിച്ചു.
പക്ഷേ, അയാളിലെ എഴുത്തുകാരന് പിന്മടക്കം അസാധ്യമായിരുന്നു. അയാളുടെ പ്രതിഭ വീണ്ടും എഴുത്തിലേക്ക് തന്നെ മടക്കിവിളിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് രണ്ടാമത്തെ നോവല്‍ ‘ദ ബുക് ഓഫ് നൈറ്റ് വുമണ്‍’ എഴുതിയത്. 2009ല്‍ അത് പ്രസിദ്ധീകരിച്ചപ്പോള്‍ എഴുത്തുലോകം ജെയിംസ് മര്‍ലോണിനെ തിരിച്ചറിഞ്ഞുതുടങ്ങി. അപ്പോഴും പൊലിഞ്ഞുപോയ ആദ്യ പ്രണയംകണക്കെ ആദ്യ നോവല്‍ ഒരു വേദനയായി അയാളെ വിടാതെ പിന്തുടര്ന്നു. ഒടുവില്‍ ഒരു പഴയ ഐ മാക് കമ്പ്യൂട്ടറിന്‍െറ ഒൗട്ട്ലുക് ഇന്‍ബോക്സില്‍നിന്ന് ആ നോവലിന്‍െറ കോപ്പി ജെയിംസിന് തിരികെ കിട്ടി. 2010ല്‍ അത് പ്രകാശിതമായി.
അസ്വസ്ഥമായ രാഷ്ട്രീയവും അസന്തുലിതമായ സാമൂഹികാവസ്ഥയുമായിരുന്നു ജെയിംസിന്‍െറ എഴുത്തുകളില്‍ നിറഞ്ഞുനിന്നത്. കറുത്ത ജനതയുടെ ഗത്യന്തരമില്ലാത്ത അവസ്ഥകളും അവരുടെ ക്ഷോഭങ്ങളും അക്ഷരങ്ങളില്‍ ജ്വലിച്ചുണര്ന്നു. അതിന്‍െറ ഭാഷ ചിലരെ ചൊടിപ്പിച്ചു. വൃത്തികെട്ടതെന്ന് ചിലര്‍ ആക്ഷേപിച്ചു. എല്ലാ അധിക്ഷേപങ്ങളെയും മറികടന്ന് ജെയിംസിന്‍െറ മൂന്നാമത്തെ നോവല്‍ ‘ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന് കില്ലിങ്സ്’ മാന്‍ ബുക്കര്‍ പ്രൈസ് നേടുമ്പോള്‍ ജെയിംസ് മാത്രമല്ല, ജമൈക്കയുടെ സമരപോരാട്ടങ്ങള്കൂടി ആദരിക്കപ്പെടുകയാണ്.
നോവലിലെ ഭാഷയെക്കുറിച്ച് ഒരു ജൂറി അംഗമായ മൈക്കല്‍ വുഡിന് തന്‍െറ അനുഭവം പറയാതിരിക്കാനായില്ല. ‘പുസ്തകം വായിച്ച തന്‍െറ അമ്മ ഏതാനും പേജുകള്‍ വായിച്ചശേഷം ശപിച്ചുകൊണ്ട് അവസാനിപ്പിച്ചുകളഞ്ഞു.’
മോശം ഭാഷ എന്നത് കാഴ്ചപ്പാടിന്‍െറ പ്രശ്നമാണെന്നാണ് 45കാരനായ മര്‍ലോണ്‍ ജെയിംസിന്‍െറ മറുപടി. അക്രമവും സംഘര്‍ഷവും സമരവും നിറഞ്ഞ മണ്ണില്‍നിന്ന് കഥയെഴുതുമ്പോള്‍ പൈങ്കിളിയാകാന്‍ കഴിയില്ളെന്ന് ജെയിംസ് പ
റയുന്നു.
വിപ്ളവകാരിയും വിഖ്യാത സംഗീതജ്ഞനുമായ ബോബ് മാര്‍ലിക്കെതിരെ നടന്ന വധശ്രമങ്ങളാണ് നോവലിലെ ഇതിവൃത്തം. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ ഏജന്റുമാര്‍ ചോരക്കൊതി പൂണ്ട് പാഞ്ഞുനടന്ന 70കളിലെ ജമൈക്കയുടെ തെരുവുകള്‍ രക്തപങ്കിലമായിരുന്നു. അതിരുവിട്ട അക്രമങ്ങളുടെ ആ കാലത്തിന്‍െറ ചരിത്രമെഴുതുകയാണ് ജെയിംസ് മര്‍ലോണ്‍ തന്‍െറ നോവലില്‍. അപ്പോള്‍ ഭാഷ തീക്ഷ്ണമാകും. വാക്കുകളില്‍ തീ ചിതറും.
മര്‍ലോണ്‍ ജെയിംസിന്‍െറ നോവല്‍ ഞെട്ടിക്കുന്ന വായനാനുഭവമാണെന്ന് ഇതിനകം ലോകം സാക്ഷ്യപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ബുക്കര്‍ പ്രൈസിന് മുമ്പുതന്നെ നോവല്‍ മറ്റ് പുരസ്കാരങ്ങളും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
