Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഓര്‍മകളുടെ വിലാപം

ഓര്‍മകളുടെ വിലാപം

text_fields
bookmark_border
ഓര്‍മകളുടെ വിലാപം
cancel

മലപ്പുറം ജില്ലയില്‍ വേങ്ങരയില്‍നിന്ന്, വേങ്ങര-മലപ്പുറം റോഡിലൂടെ കുറച്ചുദൂരം കിഴക്കോട്ട് സഞ്ചരിച്ചാല്‍ ‘വി.സി. ബാലകൃഷ്ണപ്പണിക്കര്‍ സ്മാരക ഗ്രന്ഥാലയം’ എന്ന ബോര്‍ഡ് കാണാം. ഇന്ന് ഒരുപക്ഷേ, കേരളത്തില്‍ ഇങ്ങനെയൊരു മഹാകവി ജീവിച്ചിരുന്നുവെന്നതിന് തെളിവായുള്ള ഏക അടയാളമാണ് ഈ ഗ്രന്ഥാലയം.
‘അല്‍പായുസ്സായിപ്പോയ  മഹാപ്രതിഭ’ എന്ന നിര്‍വചനമായിരിക്കും വി.സിക്ക് ചേരുക. 10ാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങുകയും 12ാം വയസ്സില്‍ പ്രസിദ്ധപ്പെടുത്തുകയും 17ാം വയസ്സില്‍ രചിച്ച കവിതകള്‍ കാല്‍പനിക പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്ത വി.സി. ബാലകൃഷ്ണപ്പണിക്കരെ ‘അസാമാന്യ പ്രതിഭ’ എന്നാണ് മലയാള സാഹിത്യ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. അതിബാല്യത്തില്‍ അത്ര വിശിഷ്ടങ്ങളായ ശ്ളോകങ്ങള്‍ എഴുതി സഹൃദയാഹ്ളാദം നല്‍കിയ ഒരു ഭാഷാകവിയെ കേരളം അറിയുന്നില്ല എന്ന് ഉള്ളൂര്‍ പറഞ്ഞത് (കേരള സാഹിത്യചരിത്രം, പുറം 160) ഇന്നും സത്യമായി നിലകൊള്ളുന്നു. ‘ഒരു വിലാപം’ എന്ന രചന ഇന്നും സാഹിത്യ പ്രേമികള്‍ക്കിടയില്‍ വി.സി. ബാലകൃഷ്ണപ്പണിക്കരെ അനശ്വരനാക്കുന്നു.
 1889 മാര്‍ച്ച് ഒന്നിന് വേങ്ങരയില്‍നിന്ന് രണ്ടു കി.മീ. മാറി ഊരകം-കീഴ്മുറി എന്ന സ്ഥലത്താണ് കവി ജനിച്ചത്. സ്വന്തം ഗ്രാമത്തില്‍ കറുപ്പന്‍ പൂശാരിയുടെ കീഴിലാണ് ബാലകൃഷ്ണപ്പണിക്കര്‍ വിദ്യാഭ്യാസമാരംഭിച്ചത്. 10 വയസ്സ് തികയുന്നതിനുമുമ്പ് സ്വശിഷ്യന്‍െറ വിജ്ഞാനതൃഷ്ണ ശമിപ്പിക്കാന്‍ പാടുപെട്ട കറുപ്പന്‍ പൂശാരി, പണിക്കരെ പ്രഗല്ഭനായ ഏതെങ്കിലും പണ്ഡിതന്‍െറ കൈയിലേല്‍പിക്കാന്‍ തീരുമാനിച്ചു.
അക്കാലത്താണ് യാദൃച്ഛികമായി കവി പി.വി. കൃഷ്ണവാര്യരെ (പി.എസ്. വാര്യരുടെ അമ്മാവന്‍) വി.സി കണ്ടുമുട്ടുന്നത്. വി.സി. ബാലകൃഷ്ണപ്പണിക്കര്‍ എന്ന മഹാകവിയുടെ വഴിതുറക്കലായിരുന്നു അത്. വി.സിയുടെ കവിതാവാസന മനസ്സിലാക്കിയ വാര്യര്‍, വി.സിയോട് കോഴിക്കോട് പടിഞ്ഞാറെ കോവിലകത്തു ചെന്ന് വിദ്വാന്‍ ഏട്ടന്‍ തമ്പുരാനെ മുഖംകാണിക്കാന്‍ ആവശ്യപ്പെട്ടു.
കേരള ഭോജനെന്ന് പ്രസിദ്ധനായ ആ തമ്പുരാന്, തന്‍െറ കോവിലകത്തു വന്ന പണിക്കരുടെ ബുദ്ധിവൈഭവം ഇഷ്പ്പെട്ടു. പിന്നീട്, നാലു കൊല്ലം കോവിലകത്ത് സംസ്കൃത കാവ്യശാസ്ത്രാദികളില്‍ അവഗാഹം നേടി.
ഏട്ടന്‍ തമ്പുരാന്‍െറ കോവിലകത്ത് പ്രായത്തില്‍ ഇളയതെങ്കിലും വിദ്വല്‍സദസ്സുകളില്‍ പണ്ഡിതന്‍െറ സ്ഥാനമായിരുന്നു 16 കഴിഞ്ഞ വി.സിക്ക് അന്ന്. തമ്പുരാന്‍ രചിച്ച ‘കേരളവിലാസവും’, ‘സൂക്തിമുക്താമണി മാല’യും പണിക്കര്‍ അക്കാലത്തുതന്നെ പരിഭാഷപ്പെടുത്തി. സൂക്തിമുക്താമണിമാല അച്ചടിച്ചപ്പോള്‍ അതില്‍ വി.സി തര്‍ജമ ചെയ്ത മലയാള പരിഭാഷയും ഉള്‍പ്പെടുത്തി. ഇത് സാഹിത്യലോകത്ത് അക്കാലത്തുതന്നെ വി.സിയെ ശ്രദ്ധേയനാക്കി. കാലത്തിനപ്പുറം മണ്‍മറഞ്ഞുപോയ കവിയുടെ ആ ഗ്രന്ഥത്തിന്‍െറ കോപ്പി (മൂലവും പരിഭാഷയും അടങ്ങിയത്) ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയില്‍ ഉള്ളതായി ഗ്രന്ഥപ്പട്ടികയില്‍നിന്ന് മനസ്സിലായി എന്ന് പ്രഫ. കെ. ഗോപാലകൃഷ്ണന്‍ തന്‍െറ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്(വി.സി കൃതികള്‍ -കൃതികളും പഠനവും -കേരള സാഹിത്യ അക്കാദമി). ഏട്ടന്‍ തമ്പുരാന്‍െറ കൊട്ടാരത്തില്‍ താമസിക്കുമ്പോഴാണ് തന്‍െറ ആദ്യകാല കൃതികളായ ‘ഇന്ദുമതീ സ്വയംവരം’, ‘കുമാരചരിത്രം’ എന്നീ നാടകങ്ങള്‍ രചിക്കുന്നത്.
സ്തോത്ര കൃതികളും നാടകങ്ങളും ഖണ്ഡകവനങ്ങളും പരിഭാഷകളും, രാഷ്ട്രീയ ലേഖനങ്ങളുമായി ഒരുപാട് മേഖലകളില്‍ വി.സി തന്‍െറ മുദ്രപതിപ്പിച്ചു. അവയില്‍ ലക്ഷണമൊത്തവയും അല്ലാത്തവയും ഉണ്ടായി. കൈയെഴുത്ത് പ്രതികള്‍ നഷ്ടപ്പെട്ടതും കണ്ടെടുക്കാനാകാത്തതുമായി അങ്ങനെ നിരവധി... ഒരു വിലാപം, വിശ്വരൂപം, മീനാക്ഷി, ദേവീസ്തവം എന്നിവയാണ് വി.സിയുടെ പ്രധാന കൃതികള്‍. അതുവരെ മലയാള ഭാഷയില്‍ അന്യമായിരുന്ന കാല്‍പനികതയുടെ അംശം ഈ കവിയിലൂടെയാണ് കടന്നുവരുന്നത്.
കവിതയില്‍ കാല്‍പനികത തുളുമ്പിനില്‍ക്കുമ്പോള്‍പോലും സന്ധിചെയ്യാതെ സ്വാതന്ത്ര്യത്തിനുവേണ്ടി തൂലിക ആയുധമാക്കുകയായിരുന്നു വി.സി. 17ാം വയസ്സില്‍ തൃശൂരില്‍നിന്നാരംഭിച്ച ‘കേരള ചിന്താമണി’യില്‍ അദ്ദേഹം പത്രാധിപസ്ഥാനം ഏറ്റെടുത്തു. വൃത്താന്തപത്രമായിട്ടായിരുന്നു ചിന്താമണി അന്നിറങ്ങിയത്. വി.സിയുടെ പത്രപ്രവര്‍ത്തന തുടക്കം ഇവിടെനിന്നായിരുന്നു. പിന്നീട്, തൃശൂരില്‍നിന്ന് പ്രസിദ്ധീകരിച്ച ‘ലക്ഷ്മീ സഹായം’ പ്രസിന്‍െറ ചുമതലയും ഏറ്റെടുത്തു. എന്നാല്‍, പിന്നീട് തിരൂരില്‍നിന്നുതന്നെ പ്രസിദ്ധീകൃതമായ ‘മലബാരിയുടെ’ പത്രാധിപസ്ഥാനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. അക്കാലത്ത് തിരുവിതാംകൂറില്‍നിന്ന് സ്വദേശാഭിമാനിയെ നാടുകടത്തിയപ്പോള്‍ അതിനെതിരെ മലബാറില്‍ അദ്ദേഹം ദീര്‍ഘമായ ലേഖനപരമ്പരകള്‍ എഴുതി. വ്യക്തിപക്ഷപാതങ്ങള്‍ക്കതീതമായി ഒരു ന്യായാധിപന്‍െറ നിഷ്പക്ഷതയോടെ ചരിത്രത്തിലെ നീചമായ ആ സംഭവത്തെ നോക്കിക്കാണാന്‍ സാധാരണക്കാര്‍ക്കിടയില്‍ വളര്‍ന്ന 21കാരന് അന്ന് സാധിച്ചതായിരുന്നു അതിശയം. ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള ഒരു ജനതക്കുമാത്രമേ അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ സാധിക്കൂവെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
വി.സി. ബാലകൃഷ്ണപ്പണിക്കര്‍ എന്ന മഹാകവി മരിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഒപ്പം മലയാളഭാഷക്ക് ക്ളാസിക്കല്‍ പദവിയും നൂറു കോടി രൂപയും സ്വന്തമായി. ഭാഷാപുനരുദ്ധാരണത്തിനാണ് ഈ തുകയെന്നു പറയുമ്പോഴും വി.സി എന്ന മണ്‍മറഞ്ഞ  മഹാന്‍െറ കൃതികള്‍ കണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് സംശയമാണ്. സ്മൃതിനാശം സംഭവിക്കുമ്പോള്‍ ചരിത്രംകൂടിയാണ് ഇല്ലാതാകുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story