മലയാളം കവിതകള്‍ ആശ്ചര്യപ്പെടുത്തി –ഡോ. ഷിഹാബ് ഖാനം
text_fieldsതൃശൂര്‍: കവിതകള്‍ മാനവമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാവണമെന്നും മലയാളം കവിതകള്‍ തന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നും യു.എ.ഇയിലെ പ്രമുഖ കവിയും പരിഭാഷകനും ടാഗോര്‍ സമാധാന പുരസ്കാര ജേതാവുമായ ഡോ. ഷിഹാബ് ഖാനം. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച മലയാളം -അറബി അന്തര്‍ദേശീയ സാഹിത്യോത്സവത്തില്‍ മലയാള സാഹിത്യത്തില്‍ നിന്നുള്ള പരിഭാഷാനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
മലയാളം കവിതകളുടെ പരിഭാഷ തനിക്ക് അവിസ്മരണീയ അനുഭവമാണ്. കമലാദാസിലൂടെയാണ് മലയാള സാഹിത്യത്തെ കൂടുതല്‍ പരിചയപ്പെട്ടത്. പഠനകാലത്ത് തനിക്കറിയാവുന്ന രണ്ട് കവികള്‍ ടാഗോറും മുഹമ്മദ് ഇക്ബാലും മാത്രമായിരുന്നു. ഇംഗ്ളീഷില്‍ കമലാദാസ് എഴുതിയ കവിതകള്‍ മലയാളത്തിലേക്ക് വഴി തുറന്നു. 1996ല്‍ സാഹിത്യ അക്കാദമിയില്‍ കമലദാസിനും യൂസഫലി കേച്ചേരിക്കും ആദരം നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്ത അവസരത്തില്‍ അവരെ പരിചയപ്പെടാനിടയായി. കമലയുടെ കവിതകള്‍ പരിഭാഷപ്പെടുത്തണമെന്ന ആഗ്രഹം അവര്‍ തന്നോട് പങ്കുവെച്ചിരുന്നു. ഇതോടെ മലയാളത്തിലെ പല കവികളെയും അറിയാന്‍ കഴിഞ്ഞു. പരിഭാഷക്ക് വഴങ്ങാത്തതാണ് കവിത. പല കവിതകളുടെയും വികാരം മൊഴിമാറ്റുമ്പോള്‍ അപ്പാടെ പകര്‍ത്താനാവില്ല. മലയാളം കവിതകള്‍ വായിച്ചപ്പോള്‍ അമ്പരന്നു. നൊബേല്‍ സമ്മാന നിലവാരത്തിലുള്ള കവിതകള്‍ ഇവിടെയുണ്ടാകുന്നുണ്ട്.
അറബ് രാജ്യങ്ങള്‍ പൊതുവെ കവിതാ വിവര്‍ത്തനം പ്രോത്സാഹിപ്പിച്ചിരുന്നില്ല. വിശ്വോത്തര സാഹിത്യകൃതികള്‍ അറബിയിലേക്ക് അടുത്തകാലം വരെ മൊഴിമാറ്റം നടത്തപ്പെടാതെ പോയി. മതപരമായ ചില കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ശാസ്ത്രം, ജ്യോതിശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ പരിഭാഷകള്‍ക്കാണ് അറബി സാഹിത്യം പരിഗണന കൊടുത്തിരുന്നത്. അന്യഭാഷകളിലെ കവിതകള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മലയാളമടക്കമുള്ള ഭാരതീയ സാഹിത്യത്തിന്‍െറ പരിഭാഷകളാല്‍ സമ്പന്നമാണ് അറബി സാഹിത്യം. മാനവമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന കവിതകള്‍ എല്ലാ ദേശങ്ങളിലെയും വായനക്കാരെ സ്പര്‍ശിക്കുമെന്നാണ് തന്‍െറ വിവര്‍ത്തനാനുഭവം. മലയാളത്തെയും ഇവിടുത്തെ സംസ്കാരത്തെയും അറിയാന്‍ അവിടെ പ്രസിദ്ധീകരിക്കുന്ന ‘ഗള്‍ഫ് മാധ്യമം’ ഉള്‍പ്പെടെയുള്ള പത്രങ്ങളും വളരെയധികം സഹായിച്ചു. സരോജിനി നായിഡു, മലയാളത്തില്‍ ചെമ്മനം ചാക്കോ, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ നിരവധി മലയാള കവികളുടെ കൃതികള്‍ വിവര്‍ത്തനം ചെയ്ത അനുഭവവും അദ്ദേഹം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
