ഒരു ഭാഷക്കും ഒറ്റക്ക് ജീവിതമില്ല –മധുസൂദനന്‍ നായര്‍
text_fieldsതൃശൂര്‍: അന്യദേശങ്ങളിലെ ഭാഷയും സംസ്കാരവും സ്വാംശീകരിച്ചാണ് ഭാഷകള്‍ വളരുകയും നിലനില്‍ക്കുകയും ചെയ്യുന്നതെന്ന് കവി വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച മലയാളം -അറബി സാഹിത്യോത്സവത്തിന്‍െറ ഭാഗമായി നടന്ന മലയാളം -അറബി കവിതാസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരു ഭാഷക്കും ഒറ്റക്ക് ജീവിതമില്ല. എല്ലാ മനുഷ്യരുടെയും ഹൃദയത്തുടിപ്പുകള്‍ ഒന്നാണെന്നും സിരകളില്‍ ഒഴുകുന്നത് ഒരേ രക്തമാണെന്നുമുള്ള സംസ്കാരത്തിന്‍െറ പ്രകാശനമാണ് കവിത എന്ന മാധ്യമം. ഒരു കവി എഴുതുന്നത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ്.
കവി കവിതയിലൂടെ നിരന്തരം പുനര്‍നവീകരിക്കുന്ന ഒന്നാണ് ഭാഷ. ഒരു വാക്കും പഴയതോ അന്യമോ അല്ല. അടുത്ത തലമുറ സംസാരിക്കുന്ന ഭാഷയാണ് ഈ തലമുറയിലെ കവികള്‍ എഴുതുന്നത്. വിത്തിന്‍െറ തനിമ കാത്തുസൂക്ഷിക്കുന്നതുപോലെ, ഭാഷയുടെ തനിമയും ദേശത്തിന്‍െറ സ്വത്വവും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ടി.പി. രാജീവന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഷിഹാബ് ഖാനം (യു.എ.ഇ), ല്യാന ബദര്‍ (ഫലസ്തീന്‍), അലി കന്‍അന്‍ (സിറിയ), അസ്ഹര്‍ അഹമദ് (ഒമാന്‍), മുഹമ്മദ് ഈദ് ഇബ്രാഹീം (ഈജിപ്ത്), സാലിഹ ഉബൈദ് ഗാബിശ് (യു.എ.ഇ) കെ.സി. ഉമേഷ്ബാബു, വീരാന്‍കുട്ടി, അബ്ദുല്ല അമാനത്ത് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.
കവിതകളുടെ അറബ് -മലയാളം പരിഭാഷകള്‍ അവതരിപ്പിക്കപ്പെട്ടു. പി.കെ.പാറക്കടവ് സ്വാഗതവും ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍ നന്ദിയും പറഞ്ഞു.
ഉച്ചക്കുശേഷം നടന്ന സാഹിത്യസൗഹൃദചര്‍ച്ചയില്‍ അബ്ദു ശിവപുരം അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം മുബാരക് (യു.എ.ഇ), ഡോ.മര്‍യം അല്‍ അശിനാസി (യു.എ.ഇ), സാലിം ഖാലിദ് അല്‍ റിമൈദി (കുവൈത്ത്), ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, ഇന്ദുമേനോന്‍ എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വിദേശ അതിഥികള്‍ക്കുള്ള മെമന്‍േറാ സമര്‍പ്പണം അദ്ദേഹം നിര്‍വഹിച്ചു.
നവചിത്ര ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ അക്കാദമി സംഘടിപ്പിക്കുന്ന അറബി ചലച്ചിത്രോത്സവം ഫലസ്തീന്‍ നോവലിസ്റ്റും ചലച്ചിത്ര സംവിധായികയുമായ ല്യാന ബദര്‍ ഉദ്ഘാടനം ചെയ്തു. ല്യാന ബദര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഫത്വ’ എന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
