Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഇ. സന്തോഷ് കുമാറിനും...

ഇ. സന്തോഷ് കുമാറിനും എസ്. ജോസഫിനും അക്കാദമി അവാര്‍ഡ് ജി.എന്‍. പിള്ള എന്‍ഡോവ്മെന്‍റ് എന്‍.പി. സജീഷിന്

text_fields
bookmark_border

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2012ലെ നോവല്‍ അവാര്‍ഡിന് ഇ. സന്തോഷ് കുമാറിന്‍െറ ‘അന്ധകാരനഴി’ അര്‍ഹമായി. കവിതക്ക് എസ്. ജോസഫിന്‍െറ ‘ഉപ്പന്‍െറ കൂവല്‍ വരക്കുന്നു’, കഥക്ക് സതീഷ്ബാബു പയ്യന്നൂരിന്‍െറ ‘പേരമരം’ എന്നിവയും അര്‍ഹമായതായി അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം.
എന്‍.കെ. രവീന്ദ്രന്‍ രചിച്ച ‘പെണ്ണെഴുതുന്ന ജീവിതം’ എന്ന കൃതിക്കാണ് സാഹിത്യവിമര്‍ശത്തിനുള്ള അവാര്‍ഡ്. എസ്. ജയചന്ദ്രന്‍ നായര്‍ രചിച്ച ‘എന്‍െറ പ്രദക്ഷിണവഴികള്‍’ ആണ് ജീവചരിത്രം -ആത്മകഥ വിഭാഗത്തില്‍ മികച്ച രചന. എന്‍.പി. ഹാഫിസ് മുഹമ്മദ് രചിച്ച ‘കുട്ടിപ്പട്ടാളത്തിന്‍െറ കേരളപര്യടനം’ ആണ് മികച്ച ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. എം.എന്‍. വിനയകുമാര്‍ രചിച്ച ‘മറിമാന്‍ കണ്ണി’ മികച്ച നാടകമായി തെരഞ്ഞെടുക്ക പ്പെട്ടു.
വൈജ്ഞാനിക സാഹിത്യത്തില്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍െറ ‘സംസ്കാര മുദ്രകള്‍’, യാത്രാവിവരണത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ‘ബാള്‍ട്ടിക് ഡയറി’, വിവര്‍ത്തനത്തില്‍ ഡോ. എസ്. ശ്രീനിവാസന്‍െറ ‘മരുഭൂമി’, ഹാസസാഹിത്യത്തില്‍ പി.പി. ഹമീദിന്‍െറ ‘ഒരു നാനോ കിനാവ്’ എന്നിവ അവാര്‍ഡുകള്‍ക്ക് അര്‍ഹമായി.
എം. മുകുന്ദന്‍ രചിച്ച ‘ആധുനികത ഇന്നെവിടെ?’ എന്ന ഉപന്യാസത്തിനാണ് 3,000 രൂപയുടെ സി.ബി. കുമാര്‍ എന്‍ഡോവ്മെന്‍റ്. നിരൂപണം- പഠനം വിഭാഗത്തില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് രചിച്ച ‘സമൂഹം, സാഹിത്യം, സംസ്കാരം’ എന്ന ഉപന്യാസത്തിനാ ണ് 2,000 രൂപയുടെ കുറ്റിപ്പുഴ അവാര്‍ഡ്.
മറ്റ് എന്‍ഡോവ്മെന്‍റുകള്‍: വി.കെ. ഹരിഹരനുണ്ണിത്താന്‍െറ ‘മലയാള ചിന്തകള്‍’ (ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം വിഭാഗത്തില്‍ ഐ.സി. ചാക്കോ അവാര്‍ഡ്), ഡോ. വി.എസ്. വാര്യരുടെ ‘ശ്രീബുദ്ധന്‍- ജീവിതം ദര്‍ശനം മതം’ (വൈദികസാഹിത്യം വിഭാഗത്തില്‍ കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്), പ്രകാശന്‍ മടിക്കൈയുടെ ‘മൂന്നു കല്ലുകള്‍ക്കിടയില്‍’ (കവിതക്കുള്ള കനകശ്രീ അവാര്‍ഡ്); 2,000 രൂപ വീതമാണ് സമ്മാനത്തുക.
ജി.ആര്‍. ഇന്ദുഗോപന്‍െറ ‘രാത്രിയില്‍ ഓട്ടോയില്‍ ഒരു മനുഷ്യന്‍’ കഥാസമാഹാരത്തിനുള്ള ഗീതാ ഹിരണ്യന്‍ അവാര്‍ഡ് നേടി. 5,000 രൂപയാണ് അവാര്‍ഡ് തുക.
‘മാധ്യമം’ ആഴ്ചപ്പതിപ്പ് സീനിയര്‍ സബ് എഡിറ്റര്‍ എന്‍.പി. സജീഷ് വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എന്‍. പിള്ള എന്‍ഡോവ്മെന്‍റിന് തെരഞ്ഞെടുക്കപ്പെട്ടു. 3,000 രൂപയാണ് അവാര്‍ഡ് തുക. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘ദൃശ്യദേശങ്ങളുടെ ഭൂപടം’ എന്ന ചലച്ചിത്രപഠന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. ആഗോളീകരണാനന്തര ലോകത്തിലെ മനുഷ്യാവസ്ഥകളെ ആഴത്തില്‍ അപഗ്രഥിക്കുന്ന സമകാലിക ചലച്ചിത്ര പ്രതിഭകളെ സംബന്ധിച്ച സമഗ്രവിശകലനമാണ് പുസ്തകത്തിന്‍െറ ഉള്ളടക്കം. 2006ല്‍ മികച്ച ചലച്ചിത്ര ലേഖനത്തിനും 2007ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സജീഷ് നേടിയിട്ടുണ്ട്.
2008ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയിലും 2009ല്‍ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയിലും അംഗമായിരുന്നു. ‘തിരമലയാളത്തിന്‍െറ അവസ്ഥാന്തരങ്ങള്‍’, ‘ശലഭച്ചിറകുകള്‍ കൊഴിയുന്ന ചരിത്രശിശിരത്തില്‍’, ‘ആത്മഹത്യ: ജീവിതം കൊണ്ട് മുറിവേറ്റവന്‍െറ വാക്ക്’, ‘ഉന്മാദം; അബോധത്തിന്‍െറ മഹോത്സവം’ (സഹകര്‍ത്താവ്), ‘പുരുഷവേഷങ്ങള്‍’ (എഡിറ്റര്‍), ‘അടൂര്‍ ഗോപാലകൃഷ്ണന്‍: സിനിമയിലെ ജീവിതം’, സഹസ്രാബ്ദത്തിന്‍െറ സിനിമകള്‍’ (വിവര്‍ത്തനം) എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് അക്ബര്‍ കക്കട്ടില്‍, നിര്‍വാഹക സമിതിയംഗങ്ങളായ പി.കെ. പാറക്കടവ്, ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story