Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightTalkschevron_rightയൂസഫ് അറക്കൽ: മനുഷ്യ...

യൂസഫ് അറക്കൽ: മനുഷ്യ മഹാസങ്കടങ്ങളുടെ ചിത്രകാരൻ

text_fields
bookmark_border
യൂസഫ് അറക്കൽ: മനുഷ്യ മഹാസങ്കടങ്ങളുടെ ചിത്രകാരൻ
cancel

യൂസുഫ് അറയ്ക്കലുമായുള്ള എന്‍െറ സൗഹൃദത്തിന് കാല്‍നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കൗമാരകാലംതൊട്ട് എന്നെ വിസ്മയിപ്പിച്ച ചിത്രകാരനാണ് അദ്ദേഹം. കറുത്ത പേപ്പറില്‍ രചിച്ച കുറച്ച് കൊളാഷ് ചിത്രങ്ങളാണ് ഞാനാദ്യം കാണുന്നത്, ഗ്രാഫിക് ആര്‍ട്ടിസ്റ്റായ പട്ടാമ്പിക്കാരന്‍ അബുവിന്‍െറ കൈയില്‍നിന്ന്. യൂസുഫുമായി സൗഹൃദമുണ്ടായിരുന്നു അബുവിന്. മറ്റെന്തോ ആവശ്യത്തിനുവേണ്ടി അബു ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്നതായിരുന്നു അവ. ചെറിയ ചിത്രങ്ങള്‍. ഒരു സ്യൂട്ട്കേസില്‍ അവ ഭദ്രമായിവെച്ചിരുന്നു. അസാധാരണമായ ചിത്രാനുഭവങ്ങളായിരുന്നു എനിക്കത്. അത്തരം ചിത്രങ്ങള്‍ അതിനുമുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ലായിരുന്നു.

ബംഗളൂരുവിലെ എ.ഇ.സി.എസിലെ ഒൗട്ടില്‍ വീടുപണിതതിനുശേഷമാണ് ഞാന്‍ യൂസുഫിനെ വീട്ടില്‍ച്ചെന്നു കാണുന്നത്. നഗരപ്രാന്തത്തിലെ ശാന്തമായ പ്രദേശമായിരുന്നു അന്നത്. ഇപ്പോള്‍ ആ പ്രദേശവും നഗരത്തിന്‍െറ മടുപ്പിക്കുന്ന തിരക്കിനകത്തായി. കരിങ്കല്ലുകൊണ്ട് അലങ്കാരപ്പണികള്‍ ചെയ്ത വീട്. പല തലമുറയില്‍പ്പെട്ട ചിത്രകാരന്മാരുടെയും ശില്‍പികളുടെയും രചനകള്‍കൊണ്ട് വീട് അലങ്കരിച്ചിരുന്നു. ഒന്നാംതരം ഗ്രന്ഥാലയം. കൗതുകപൂര്‍വം ശേഖരിച്ച പലതരം തൊപ്പികള്‍ ചുവരിന്‍െറ ഒരു ഭാഗത്ത് തൂങ്ങിക്കിടക്കുന്നു. ധൈഷണികജീവിതം നയിക്കുന്ന ഒരു കലാകാരന്‍െറ അടയാളം ആ വീട്ടില്‍ എല്ലായിടത്തുമുണ്ട്. ഒന്നാന്തരമാണ് യൂസുഫിന്‍െറ സ്റ്റുഡിയോ. ഈ കാലയളവിനുള്ളില്‍ പലതവണ ഞാനാവീട്ടില്‍ പോയി. കലയെയും ജീവിതത്തെയുംകുറിച്ച് സുദീര്‍ഘമായി സംസാരിച്ചു. മറ്റൊരു ഇന്ത്യന്‍ കലാകാരനുമായും ഞാന്‍ ഇത്ര ആഴത്തില്‍ ഇടപഴകിയിട്ടുണ്ടാവില്ല. അദ്ദേഹത്തിന്‍െറ കലാജീവിതം അദ്ഭുതം മാത്രമാണ് എനിക്ക് സമ്മാനിച്ചത്. യൂസുഫിനോളം തീവ്രമായ ജീവിതാനുഭവങ്ങള്‍ ഉള്ള കലാകാരന്മാര്‍ വിരളമായിരിക്കും.

അദ്ദേഹത്തെക്കുറിച്ചുള്ള രണ്ട് ഇംഗ്ളീഷ് പുസ്തകങ്ങളുടെ രചനയില്‍ ഞാന്‍ പങ്കാളിയായി. ‘വെളിച്ചത്തിന്‍െറ പര്യായങ്ങള്‍’ എന്ന പേരില്‍ ഒരു പുസ്തകം ഞാന്‍ മലയാളത്തില്‍ എഴുതി (പ്രസാ: ഡി.സി ബുക്സ്). അത്യന്തം വൈപുല്യമുള്ളതാണ് അദ്ദേഹത്തിന്‍െറ കലാജീവിതം. ചിത്രം/ശില്‍പം/ഗ്രാഫിക്/ഡ്രോയിങ് എന്നീ വിഭാഗങ്ങളിലായി എത്രയോ പരമ്പരകള്‍. 1945ല്‍ ജനിച്ച ഈ ചാവക്കാട്ടുകാരന്‍ തന്‍െറ രചനകളുമായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. ഫ്രാന്‍സ്, ഇംഗ്ളണ്ട്, ന്യൂയോര്‍ക്, സിംഗപ്പൂര്‍, യു.എ.ഇ, നേപ്പാള്‍ എന്നിവിടങ്ങളിലൊക്കെ പലതവണ അദ്ദേഹത്തിന്‍െറ ഏകാംഗ പ്രദര്‍ശനങ്ങള്‍ നടന്നു. ഗ്രൂപ്ഷോകളുടെ എണ്ണം എത്രയോ വരും. ലോകമെമ്പാടുമുള്ള കലാശേഖരങ്ങളില്‍ അദ്ദേഹത്തിന്‍െറ ചിത്രങ്ങളുണ്ട്. ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടും ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയവും, സൗത് ആഫ്രിക്കയിലെ കേപ്ടൗണിലെ ഇസിക്കൊ (iziko) എസ്.എ മ്യൂസിയവും ഒക്കെ അതില്‍പ്പെടും. ബ്രസീല്‍, തുര്‍ക്കി, റുമേനിയ എന്നിവിടങ്ങളില്‍ ചിത്രകല കമീഷണര്‍ ആയി അദ്ദേഹം. 1979ലും 81ലും കര്‍ണാടക ലളിതകലാ അക്കാദമി അവാര്‍ഡ്. 1983ല്‍ നാഷനല്‍ അവാര്‍ഡ്, 1986ല്‍ ബംഗ്ളാദേശിലെ ധാക്കയില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ ആര്‍ട്ട് ബിനാലെ പുരസ്കാരം. 1999ല്‍ കര്‍ണാടക രാജ്യോത്സവ അവാര്‍ഡ്, 2005ല്‍ കര്‍ണാടക സര്‍ക്കാറിന്‍െറ വെങ്കിട്ടപ്പ പുരസ്കാരം, ഇറ്റലിയിലെ ഫ്ളോറന്‍സ് ബിനാലെയില്‍നിന്ന് 2003ല്‍ വെള്ളിമെഡലും 2005ല്‍ സ്വര്‍ണമെഡലും 2008ല്‍ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്. 2013ല്‍ കേരളസര്‍ക്കാറിന്‍െറ രാജാരവിവര്‍മ പുരസ്കാരം.

പി.സുരേന്ദ്രനോടൊപ്പം
 

ഏതെങ്കിലും തരത്തിലുള്ള പ്രാദേശികതയില്‍ തളച്ചിടാവുന്നതല്ല അദ്ദേഹത്തിന്‍െറ ചിത്രങ്ങള്‍. ദേശ, കാലങ്ങളുടെ അതിരുകള്‍വിട്ട് അവ സഞ്ചരിക്കുന്നു. ലോകത്തിലെ വിഖ്യാത കലാകാരന്മാരുമായുള്ള സൗഹൃദവും വിപുലമായ ചിത്രപരിചയവും യൂസുഫിന്‍െറ ചിത്രങ്ങള്‍ക്ക് ദേശാന്തരീയമായ മാനംനല്‍കുന്നു. രചനാപരമായ പരീക്ഷണങ്ങളോട് എന്നും നിര്‍ഭയനായിരുന്നു അദ്ദേഹം. യൗവനകാലത്ത് ഉപയോഗിച്ചിരുന്ന തന്‍െറ പ്രിയപ്പെട്ട കാര്‍ ശില്‍പമാക്കിമാറ്റി അദ്ദേഹം. കരിങ്കല്ലിലും സ്റ്റീലിലും മരത്തിലുമൊക്കെ ശില്‍പങ്ങള്‍ ചെയ്തു. സദാ ചലിച്ചുകൊണ്ടിരിക്കുന്നതാണ് അദ്ദേഹത്തിന്‍െറ കലാജീവിതം. പുതിയ പരമ്പരകള്‍ പിറന്നുകൊണ്ടേയിരുന്നു. ധീരവും വിശുദ്ധവുമായ സര്‍ഗാത്മകതകൊണ്ട് വാര്‍ധക്യത്തെ തോല്‍പിക്കുകയാണ് ഈ കലാകാരന്‍. ഇപ്പോള്‍ ബംഗളൂരുവിനടുത്ത് തുംകൂറില്‍ ഒരു കൂറ്റന്‍ ശില്‍പം ചെയ്തുകൊണ്ടിരിക്കുന്നു. അതിന്‍െറ ഇടവേളയിലാണ് ഈ അഭിമുഖത്തിനായി സമയം അനുവദിച്ചത്.

ചാവക്കാട്ടെ വീട് വിദൂരമായ ഓര്‍മമാത്രമാണ് യൂസുഫ് അറയ്ക്കലിന്. ആ ദേശത്തേക്ക് അദ്ദേഹം ചെന്നിട്ട് വര്‍ഷമേറെ കഴിഞ്ഞു. അത്രയൊന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ് അദ്ദേഹത്തിന് തന്‍െറ കുട്ടിക്കാലം. ആ വീടിനെക്കുറിച്ചുതന്നെയാണ് യൂസുഫ് അറയ്ക്കല്‍ പറഞ്ഞുതുടങ്ങിയത്. ചാവക്കാട് കടപ്പുറത്തോട് ചേര്‍ന്നുള്ള കാട്ടിലെ പള്ളിക്കടുത്ത് രണ്ട് എസ്റ്റേറ്റുകള്‍ ഉണ്ടായിരുന്നു. കണ്ണന്‍മൂടും തൊട്ടാപ്പും. രണ്ടും എന്‍െറ പിതാമഹനായ കുഞ്ഞിബാവ അധികാരിയുടേതായിരുന്നു. കണ്ണന്‍മൂട്ടില്‍ വലിയൊരു വീടുണ്ടായിരുന്നു. അവിടെയാണ് ഞാന്‍ ജനിച്ചത്. എന്‍െറ ശൈശവകാലമായിരുന്നു അവിടെ. എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ ആ വീടും എസ്റ്റേറ്റും ഞങ്ങള്‍ക്ക് നഷ്ടമായി. ഞങ്ങളെ ആ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. പിന്നീട് തൊട്ടാപ്പില്‍ എസ്റ്റേറ്റിലെ വലിയ വീട്ടിലേക്ക് മാറി. കണ്ണന്‍മൂട് എസ്റ്റേറ്റ് ഇസ്മാഈല്‍ സേട്ട് (ചെമ്മീനിന്‍െറയൊക്കെ നിര്‍മാതാവായ കണ്‍മണി ബാബുവിന്‍െറ പിതാവ്) വാങ്ങി. ആ വീട്ടില്‍ ആരും പാര്‍ത്തില്ല. അതൊരു പ്രേതാലയമായി കിടന്നു.
ജനിച്ച വീടിനെക്കുറിച്ച് പില്‍ക്കാലത്ത് ആലോചിച്ചിട്ടില്ലേ?
തീര്‍ച്ചയായും. പിറന്ന വീടിനെക്കുറിച്ച് മോഹമില്ലാത്തവരുണ്ടാവില്ലല്ളോ. ആ വീട് തിരിച്ചുമേടിക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നെയെന്തോ ഞാനാ പദ്ധതി വേണ്ടെന്നുവെച്ചു.
വല്യുമ്മ (ഉപ്പയുടെ ഉമ്മ) ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പറഞ്ഞിരുന്നല്ളോ. എന്തായിരുന്നു അവരുടെ വ്യക്തിത്വത്തിന്‍െറ സവിശേഷത?
അവരുടെ പേര് നഫീസുമ്മയെന്നാണ്. മദ്രാസ് പ്രസിഡന്‍സി കോളജില്‍ കുറച്ചുകാലം പഠിച്ചിരുന്നു അവര്‍. ഇംഗ്ളീഷ് അറിയാമായിരുന്നു. വിദുഷിയായിരുന്നു. മഹാഭാരതവും രാമായണവുമൊക്കെ വായിച്ചിരുന്നു വല്യുമ്മ. അതിലെ കഥകളൊക്കെ ഞങ്ങള്‍ക്ക് പറഞ്ഞുതരും. വീട്ടില്‍ അവര്‍ക്കായിരുന്നു മേല്‍ക്കൈ.
താങ്കളുടെ ഉപ്പക്കുമുണ്ടായിരുന്നില്ളേ സവിശേഷതകള്‍?
എന്‍െറ വാപ്പ വലിയകത്ത് കുഞ്ഞിമൊയ്തീന്‍ പട്ടാളത്തില്‍നിന്ന് പെന്‍ഷന്‍പറ്റിയ ആളായിരുന്നു. പട്ടാളത്തില്‍ ചേരുംമുമ്പ് എന്‍െറ വാപ്പ ഒരു മുക്കുവത്തിയെ പ്രേമിച്ച് കല്യാണം കഴിച്ചു. പൊന്നാനിയില്‍പോയി മതംമാറി. പക്ഷേ, കുഞ്ഞിബാവ അധികാരി മകനെയും ഭാര്യയെയും വീട്ടില്‍ കയറ്റാന്‍ തയാറായില്ല. തോക്കെടുത്ത് ചെന്നു. പക്ഷേ, വല്യുമ്മ തടുത്തു. മകന്‍െറ ഭാര്യയെ വീട്ടിലേക്ക് കൈപിടിച്ചുകയറ്റി. തോക്കിനുമുന്നില്‍ വല്യുമ്മ ചെന്നുനിന്നപ്പോള്‍ വല്യുപ്പ അടങ്ങി. ആദ്യ പ്രസവത്തില്‍ ആ സ്ത്രീ മരിച്ചു. അതിലുള്ള മകനായിരുന്നു മുനീര്‍. ബംഗളൂരുവില്‍ ഹോട്ടല്‍ നടത്തിയിരുന്നു മുനീര്‍ക്ക. 15 കൊല്ലം മുമ്പ് മുനീര്‍ക്കയും മരിച്ചു. എന്‍െറ ഉമ്മയായ അറയ്ക്കല്‍ കുടുംബത്തിലെ മുംതാസ് എന്ന താജുമ്മയെ പിന്നീട് വിവാഹം കഴിച്ചു. ഞങ്ങള്‍ രണ്ട് മക്കളാണ്. എന്‍െറ അനിയന്‍ ഖാലിദ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു.
ഉപ്പയെക്കുറിച്ചുള്ള ഓര്‍മകളെന്താണ്?
കുറഞ്ഞ ഓര്‍മകളേ എനിക്കുള്ളൂ. മങ്ങിയ ഓര്‍മകളാണ്. പലതും പറഞ്ഞുകേട്ടത്. എനിക്ക് ആറരവയസ്സുള്ളപ്പോള്‍ ഉപ്പ മരണപ്പെട്ടു. പട്ടാളത്തില്‍നിന്ന് വിരമിച്ച് വന്നശേഷം എസ്റ്റേറ്റ് മാനേജറായിരുന്നു ഉപ്പ. വീട്ടിലൊരു ഓസ്റ്റിന്‍ കാറുള്ളത് ഓര്‍മയുണ്ട്. മൂന്ന് സുഹൃത്തുക്കളുണ്ടായിരുന്നു ഉപ്പക്ക്. ഡോ.ജോണ്‍, റപ്പായി മാപ്ള പിന്നെ ഒരു മേനോന്‍. പെട്ടെന്നായിരുന്നു ഉപ്പാന്‍െറ മരണം. ഡോ. ജോണിന്‍െറ മടിയില്‍കിടന്നാണ് മരിച്ചത്. അതില്‍പിന്നെ എന്‍െറ ഉമ്മ ആരോടും സംസാരിച്ചിട്ടില്ല. വിഷാദരോഗിയായി. ആറുമാസം കഴിഞ്ഞപ്പോള്‍ ഉമ്മയും മരിച്ചു. അതോടെ ഞങ്ങള്‍ അനാഥരായി.
ഏകാന്തത നിറഞ്ഞ ബാല്യകാലത്ത് എന്തെങ്കിലും വരക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
ഉണ്ട്. അടുക്കളച്ചുമരില്‍ കരിക്കട്ടകൊണ്ട് ചിത്രംവരച്ചിരുന്നു. അഞ്ചുവയസ്സുള്ളപ്പോള്‍, ഡ്രൈവര്‍ രാമന്‍നായരുടെ ചിത്രം വരച്ചത് ഓര്‍മയുണ്ട്.
എവിടെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം?
ഒന്നാം ക്ളാസുതൊട്ട് നാലാം ക്ളാസുവരെ മാട്ടുമ്മല്‍ എല്‍.പി സ്കൂളിലായിരുന്നു. പിന്നെ മണത്തല സ്കൂളില്‍ അഞ്ചാം ക്ളാസില്‍ ചേര്‍ന്നു. മാട്ടുമ്മല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ടീച്ചര്‍മാര്‍ക്ക് ചാര്‍ട്ട് വരച്ചുകൊടുത്തിട്ടുണ്ട്. ആറാം ക്ളാസില്‍ എത്തിയപ്പോള്‍ ചാവക്കാട് സ്കൂളില്‍ ചേര്‍ന്നു.
ചാവക്കാട് സ്കൂളില്‍വെച്ചാണ് യൂസുഫ് എന്ന കലാകാരന്‍ പിറക്കുന്നതെന്ന് എവിടെയോ എഴുതിയത് ഓര്‍ക്കുന്നുണ്ട്.
ശരിയാണ്. ചാവക്കാട് ഹൈസ്കൂളില്‍ ഞാന്‍ ശരിക്കും താരംതന്നെയായിരുന്നു. എന്നെ തങ്കരാജ് എന്നും കുട്ടികള്‍ വിളിച്ചിരുന്നു. ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഗോള്‍കീപ്പറായിരുന്നു തങ്കരാജ്. ഞാനും സ്കൂള്‍ ഫുട്ബാള്‍ ടീമിലെ ഗോളിയായിരുന്നു. ചിത്രംവരക്ക് ഒരുപാട് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട് എനിക്ക്. സാഹിത്യസമാജം സെക്രട്ടറിയായിരുന്നു ഞാന്‍. പ്രാസംഗികനായിരുന്നു. എഴുതാന്‍ ശ്രമിച്ചിരുന്നു.

യൂസുഫ് അതുപറയുമ്പോള്‍ ഞാന്‍ ആലോചിച്ചത് അദ്ദേഹത്തിന്‍െറ ക്രിക്കറ്റ് ചിത്രങ്ങളാണ്. ആ വിഭാഗത്തില്‍ ഒരു പരമ്പരതന്നെയുണ്ട്, പല ക്രിക്കറ്റ് കളിക്കാരുടെ. യൂസുഫിന്‍െറ ശരീരഘടന ഇപ്പോഴും ഒരു സ്പോര്‍ട്സ് താരത്തിന്‍േറതാണ്. പ്രത്യേകിച്ചും വില്ലീസ് ജീപ്പ് ഡ്രൈവുചെയ്തുപോകുമ്പോള്‍. ആ വാഹനത്തിനുമുണ്ട് പ്രത്യേകത. 50 വര്‍ഷത്തെ പഴക്കമുണ്ടതിന്. ഇത്തവണ എന്നെയും കണ്ണന്‍ സൂരജിനെയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം ഞങ്ങളുടെ ഹോട്ടല്‍ റൂമില്‍വന്നത് വില്ലീസ് ജീപ്പ് ഓടിച്ചാണ്. ഇത്രയേറെ ക്രിക്കറ്റ് ചിത്രങ്ങള്‍ വരച്ച മറ്റൊരു മലയാളി കലാകാരനില്ളെന്നുതോന്നുന്നു. സചിന്‍, അനില്‍ കുംബ്ളെ, കപില്‍ദേവ്, ഗവാസ്കര്‍... ഇങ്ങനെ പോകുന്നു ക്രിക്കറ്റ് കളിക്കാരുടെ ഛായാപടങ്ങള്‍.
എന്തുകൊണ്ട് ഇത്രയേറെ ക്രിക്കറ്റ് ചിത്രങ്ങള്‍?
സ്പോര്‍ട്സ് ഇപ്പോഴും എനിക്ക് ഹരമാണ്. ചില ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ഞാന്‍ വരച്ചത് ഹര്‍ഷ് ഗോയങ്കക്കുവേണ്ടിയാണ്. കമീഷന്‍ ചെയ്തുവരച്ചതാണ്. പല ക്രിക്കറ്റ് കളിക്കാരും എന്‍െറ അടുത്ത സുഹൃത്തുക്കളാണ്. അനില്‍ കുംബ്ളെ, വിശ്വനാഥ്, കപില്‍ദേവ് എന്നിവരുമായി വളരെ അടുപ്പമുണ്ടെനിക്ക്.
എന്തായിരുന്നു വീടുവിട്ട് ഓടിപ്പോകാന്‍ കാരണം?
എന്‍െറ അനാഥത്വംതന്നെയാവാം കാരണം. ചാവക്കാട്ടെ കടപ്പുറത്തുപോയിരുന്ന് ഞാന്‍ വിങ്ങിക്കരഞ്ഞിരുന്നു. ചില ക്ളാസുകളില്‍ തോറ്റതുകാരണം എട്ടാം ക്ളാസ് കഴിഞ്ഞപ്പോഴേക്കും എനിക്ക് 15 വയസ്സായിരുന്നു. ഒരു ബാഗില്‍ വസ്ത്രങ്ങള്‍ നിറച്ച് ആരോടും പറയാതെ ഞാന്‍ വീടുവിട്ടു. ആദ്യം തൃശൂര്‍ക്ക്. അവിടന്ന് ഐലന്‍ഡ് എക്സ്പ്രസില്‍ ബാംഗ്ളൂരിലേക്ക്. 1961ല്‍ ഞാന്‍ ബാംഗ്ളൂരിലത്തെി.
എന്തേ ബാംഗ്ളൂര്‍ തന്നെ തിരഞ്ഞെടുത്തത്?
ജ്യേഷ്ഠന്‍ മുനീര്‍ക്ക ബാംഗ്ളൂരില്‍ ഹോട്ടല്‍ നടത്തിയിരുന്നതറിയാം. ആ വിലാസവുമായാണ് ബാംഗ്ളൂരിലേക്ക് വണ്ടികയറിയത്. മഞ്ഞുകാലമായിരുന്നു. എന്‍െറ കൈയില്‍ രോമക്കുപ്പായമൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത് കുതിരവണ്ടിയും സൈക്കിള്‍ റിക്ഷയുമായിരുന്നു വാഹനം. ഒരു സൈക്കിള്‍ റിക്ഷക്കാരന് അലിവുതോന്നി എന്നെ ആ കടയില്‍കൊണ്ടുപോയിവിട്ടു. പക്ഷേ, മുനീര്‍ക്ക ഹോട്ടലൊക്കെ വിട്ട് ബോംബേക്ക് പോയിരുന്നു. ഒരു വെളിയങ്കോട്ടുകാരനായിരുന്നു ആ കട നടത്തിയിരുന്നത്. അയാള്‍ എനിക്ക് ജോലിതന്നു. അദ്ദേഹത്തിന്‍െറ മുറിയില്‍ കിടക്കാന്‍ ഇടംതന്നു.

യൂസഫ് അറക്കൽ സ്റ്റുഡിയോയിൽ
 

യൂസുഫിന്‍െറ തെരുവുചിത്രങ്ങളെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. ഇരുണ്ട തെരുവുകളും മഹാസങ്കടങ്ങള്‍കൊണ്ട് ഇരുണ്ടുപോയ മനുഷ്യരും യൂസുഫിന്‍െറ രചനാലോകത്ത് ധാരാളമുണ്ട്. തീവ്രമായ അനുഭവങ്ങളില്ലാതെ അത്തരം ചിത്രങ്ങള്‍ പിറക്കുകയുമില്ല. ആന്‍റണിയുടെ കീറിയപട്ടം തെരുവുജീവിതത്തിലെ നിരാശ്രയത്വത്തിന്‍െറ വേദനിപ്പിക്കുന്ന ചിത്രമാണ്. ചിത്രങ്ങളില്‍ മാത്രമല്ല, ബെഞ്ചുപോലുള്ള ശില്‍പങ്ങളിലും തെരുവുജീവിതമുണ്ട്. അത്തരം രചനകള്‍ ഓര്‍മിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
ഒത്തിരിചിത്രങ്ങള്‍ക്ക് കാരണമായ തെരുവുജീവിതത്തിന്‍െറ പശ്ചാത്തലം എന്തായിരുന്നു?
ഹോട്ടലില്‍നിന്ന് ഞാന്‍ ഓടിപ്പോരുകയായിരുന്നു. ഒന്നരക്കൊല്ലം തെരുവില്‍തന്നെയായി എന്‍െറ ജീവിതം. പാലങ്ങള്‍ക്കുതാഴെ കിടന്നുറങ്ങും. ഹോട്ടല്‍പണിയുണ്ടായിരുന്നപ്പോള്‍ അന്നത്തിന് മുട്ടില്ലായിരുന്നു. തെരുവിലത്തെിയപ്പോള്‍ പലപ്പോഴും പട്ടിണിയായി. ഇഡ്ഡലി വില്‍ക്കുന്ന ഒരു സ്ത്രീയെ ഞാന്‍ പരിചയപ്പെട്ടു. എന്നോട് പാവംതോന്നി വയറുനിറച്ച് ഇഡ്ഡലി തന്നു. വലിയ വീട്ടിലെ കുട്ടിയാണല്ളോ എന്നുപറഞ്ഞു. അവരുടെ മകളുടെ മകന്‍ ഒരു വര്‍ക്ഷോപ്പ് പണിക്കാരനായിരുന്നു. ഈസ്റ്റ് റെയില്‍വേ സ്റ്റേഷനടുത്തായിരുന്നു അത്. അതിന്‍െറ ഉടമസ്ഥന്‍ നല്ല മദ്യപാനിയായിരുന്നു. ആ വര്‍ക്ഷോപ്പ് ഒഴിപ്പിച്ചപ്പോള്‍ ജോലിപോയി. ഇഡ്ഡലി വില്‍പനക്കാരിയുടെ കുടുംബം അതോടെ അവിടംവിട്ടുപോയി. പിന്നെ ഞാന്‍ ഒരു വേശ്യാലയത്തിലും പണിയെടുത്തു. അങ്ങനെ ഒന്നരവര്‍ഷം കടന്നുപോയി. അപ്പോഴാണ് സേവ്യറിനെ പരിചയപ്പെടുന്നത്. വിക്രം ഇന്‍ഡസ്ട്രീസ് എന്ന ഇലക്ട്രിക്കല്‍ കമ്പനിയില്‍ അവന്‍ എനിക്ക് ജോലിവാങ്ങിത്തന്നു. സ്റ്റീല്‍കമ്പി ചുമക്കലായിരുന്നു എന്‍െറ ജോലി. ഒന്നരമാസം കഴിഞ്ഞപ്പോള്‍ ഞാനൊരു പ്രസ് ബട്ടണ്‍ ഫാക്ടറിയിലേക്ക് മാറി. സേവ്യറിന്‍െറ റൂമില്‍ താമസം. വേശ്യാലയത്തില്‍ പണിയെടുക്കുമ്പോള്‍ ന്യൂസ് പേപ്പറില്‍ ചാര്‍ക്കോള്‍കൊണ്ട് സ്ത്രീകളുടെ ചിത്രങ്ങള്‍ വരച്ചിരുന്നു. പ്രസ് ബട്ടണ്‍ ഫാക്ടറിയില്‍ ജോലി കിട്ടിയപ്പോള്‍ ഞാനൊരു സ്കെച്ച് ബുക്ക് വാങ്ങി. ഒഴിവുസമയത്ത് സേവ്യറിനൊപ്പം ചുറ്റിനടന്ന് ഞാന്‍ സ്കെച്ച് ചെയ്യും. സേവ്യറിന്‍െറ മുറിക്കടുത്ത് ഒരു എച്ച്.എ.എല്‍ ജീവനക്കാരനുണ്ടായിരുന്നു. അദ്ദേഹം വഴി എന്നെപ്പറ്റിയറിഞ്ഞ മുഹമ്മദ് തലേക്കര എന്ന ബന്ധു എന്നെ കാണാന്‍ വന്നു. ജീപ്പിലാണ് വന്നത്. വെളുത്ത പാന്‍റ്സും വെളുത്ത ഷര്‍ട്ടും വെളുത്ത ഷൂവും ആയിരുന്നു വേഷം. അദ്ദേഹം എച്ച്.എ.എല്ലില്‍ എന്‍ജിനീയറായിരുന്നു. വലിയകത്തുനിന്നല്ളേ വരുന്നത് എന്നുചോദിച്ചു. അദ്ദേഹമാണ് എന്‍െറ ജീവിതം മാറ്റിമറിച്ചത്. കാതറിന്‍ എന്ന തമിഴ് ക്രിസ്ത്യന്‍ സ്ത്രീയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അദ്ദേഹമെനിക്ക് എച്ച്.എ.എല്ലില്‍ ഹെല്‍പര്‍ ജോലി വാങ്ങിച്ചുതന്നു. അഹമ്മദിക്ക എന്ന എച്ച്.എ.എല്‍ ജീവനക്കാരന്‍െറ വീട്ടില്‍ ഞാന്‍ താമസമാക്കി. കാതറിന്‍ അമ്മായിയുടെ വീട്ടിലാണ് ഭക്ഷണം. അവര്‍ക്ക് വലിയൊരു ക്വാര്‍ട്ടേഴ്സ് കിട്ടിയപ്പോള്‍ ഞാനും ആ വീട്ടിലേക്ക് മാറി. കാതറിന്‍ അമ്മായിക്ക് ഞാന്‍ മകനെപ്പോലെയായിരുന്നു. അവരെ ഞാന്‍ ബാബി എന്നുവിളിച്ചു. മുഹമ്മദിനെ അപ്പച്ചിയെന്നും. അവരുടെ മകള്‍ സാറ പിന്നീടെന്‍െറ സഖിയായി.
എച്ച്.എ.എല്ലില്‍ എത്ര വര്‍ഷം ജോലിചെയ്തു?
20 വര്‍ഷം. പിന്നീട് ഞാന്‍ ജോലി രാജിവെച്ചു. ടെക്നിക്കലായ കാര്യങ്ങളില്‍ എനിക്ക് നല്ല താല്‍പര്യമായിരുന്നു. ഡിസൈനിങ് ഒക്കെ എനിക്ക് ഇഷ്ടമായിരുന്നു. 1978ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഞാന്‍ രണ്ടുമാസം ട്രെയ്നിങ് ചെയ്തിട്ടുണ്ട്. എച്ച്.എ.എല്ലില്‍ പുതുതായി ഒരു മെഷീന്‍ സ്ഥാപിച്ചപ്പോള്‍ അതിനായിവന്ന സ്വിസ് എന്‍ജിനീയര്‍ എന്നെയാണ് ട്രെയ്നിങ്ങിനായി തിരഞ്ഞെടുത്തത്. എച്ച്.എ.എല്‍ അനുഭവങ്ങള്‍ പില്‍ക്കാലത്തെ സ്റ്റീല്‍ ശില്‍പങ്ങളുടെ രചനയില്‍ പലതരത്തില്‍ സഹായകമായിട്ടില്ളേ? അവയുടെ ജ്യാമിതീയ സ്വഭാവവും യന്ത്രങ്ങളുടെ ഘടനയുമാണ് ഉദ്ദേശിക്കുന്നത്. വിമാനത്തിന്‍െറ വിദൂരമായ ആകൃതിയും യന്ത്രഭാഗങ്ങളെ ഓര്‍മിപ്പിക്കുന്ന രൂപങ്ങളും ചില ശില്‍പങ്ങളിലുമുണ്ട്? തീര്‍ച്ചയായും. എച്ച്.എ.എല്ലിലെ ജോലി ഞാന്‍ ആസ്വദിച്ചാണ് ചെയ്തത്. സ്വാഭാവികമായും അതിന്‍െറ സ്വാധീനം ഉണ്ടാവും.
എച്ച്.എ.എല്ലില്‍നിന്ന് രാജിവെക്കാനുണ്ടായ കാരണമെന്താണ്?
ചിത്രകാരനും ശില്‍പിയുമായി ജീവിക്കാന്‍തന്നെ. 1984തൊട്ട് ഞാന്‍ ദീര്‍ഘകാലം അവധിയിലായിരുന്നു. 1988ല്‍ രാജിവെച്ചു. 1983ല്‍ എനിക്ക് നാഷനല്‍ അവാര്‍ഡ് കിട്ടി. ചിത്രങ്ങള്‍ കുറച്ചൊക്കെ വില്‍ക്കാന്‍ തുടങ്ങി.
 

യൂസഫ് അറക്കൽ സ്റ്റുഡിയോയിൽ
 

ഒൗപചാരികമായ ചിത്രകലാപഠനം ഉണ്ടായിരുന്നില്ലേ?
1966ല്‍ ഞാന്‍ പോര്‍ട്രെയ്റ്റ് ആര്‍ട്ടിസ്റ്റായ ജയവര്‍മയുടെ കീഴില്‍ പരിശീലനം നേടിയിട്ടുണ്ട്. കോണ്‍ട്രാക്ടര്‍ രാമയ്യയുടെ പോര്‍ട്രെയ്റ്റ് ചെയ്യാന്‍ വന്നതായിരുന്നു ജയവര്‍മ. അദ്ദേഹത്തിന് 75 വയസ്സുണ്ട്. നന്നേ രാവിലെ അദ്ദേഹത്തിന്‍െറ വീട്ടില്‍ചെല്ലണം. എനിക്കെന്‍െറ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ചിത്രകലാപഠനവും അതാണ്. ഒരു ദിവസം നെഹ്റുവിന്‍െറ പോര്‍ട്രെയ്റ്റ് ചെയ്യുമ്പോള്‍ പുരികത്തിലെ നര വരക്കാനായി സീറോ പോയന്‍റ് ബ്രഷ് തിരഞ്ഞുനടക്കുകയായിരുന്നു. അതുകണ്ട് ജയവര്‍മ ചിരിച്ചു. വലിയ ബ്രഷെടുത്ത് അതിന്‍െറ ഒരറ്റംകൊണ്ട് പുരികത്തിലെ നരയുണ്ടാക്കി. എന്നിട്ട് എന്നോടുപറഞ്ഞു. ബ്രഷിനുപകരം ഉലക്ക തന്നാല്‍ അതുകൊണ്ടും വരക്കാന്‍ സാധിക്കണം എന്ന്. മദ്യപിച്ചുകൊണ്ട് ഒരിക്കലും ബ്രഷ് തൊടരുതെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. പിന്നീട് ഞാന്‍ ചിത്രകലാ പരിഷത്തില്‍ ഡിപ്ളോമക്ക് ചേര്‍ന്നു. രാത്രി ഷിഫ്റ്റില്‍ ജോലിയും പകല്‍ പഠനവും. 1972ല്‍ ഡിപ്ളോമ പൂര്‍ത്തിയായി. 1973ല്‍ ഞാന്‍ സാറയെ വിവാഹം കഴിച്ചു.
ആദ്യത്തെ ചിത്രം വിറ്റ ഓര്‍മയുണ്ടോ?
അതെങ്ങനെ മറക്കാനാണ്? ചിത്രകലാ പരിഷത്തില്‍ പഠിക്കുന്നതിന് മുമ്പാണത്. എയര്‍പോര്‍ട്ടില്‍ ശങ്കര്‍ നടത്തുന്ന പുസ്തകശാലയില്‍ നിത്യസന്ദര്‍ശകനായിരുന്നു ഞാന്‍. അവിടെയിരുന്നു ഞാന്‍ സ്കെച്ച് ചെയ്യും. പേസ്റ്റല്‍ ഉപയോഗിച്ച് ന്യൂയോര്‍ക്കിലെ സ്കൈലൈന്‍ ബില്‍ഡിങ്ങിന്‍െറ ചിത്രംവരച്ചു. ഒരു മാഗസിനില്‍ വന്ന ഫോട്ടോഗ്രാഫിനെ അടിസ്ഥാനമാക്കി വരച്ചതായിരുന്നു. ആ ചിത്രം കണ്ട് ഇഷ്ടമായി ഒരു സായിപ്പ് ഇരുപത് രൂപക്ക് അത് വാങ്ങിച്ചു.
ഏറ്റവും കൂടിയ വിലയ്ക്ക് വിറ്റത് ഏതു ചിത്രമായിരുന്നു?
ലണ്ടനിലെ ഒരു ഷോവില്‍വെച്ച് ക്രിസ്തുവും കുട്ടിയും എന്ന ചിത്രം.
ഒരു ചിത്രകാരനെന്നനിലയില്‍ ആദ്യത്തെ വിദേശയാത്ര ഏതായിരുന്നു?
1985ല്‍ ബ്രിട്ടീഷ് കൗണ്‍സില്‍ സ്കോളര്‍ഷിപ്പോടെ ലണ്ടനില്‍പോയി. നാലുമാസം. ഇയാന്‍യൂഗ്ളോവിനെയും തിമോത്തി ഹൈമനെയും ഒക്കെ കാണുന്നത് അന്നാണ്. തിമോത്തി ഹൈമന്‍ ആര്‍ട്ട് ക്രിട്ടിക് കൂടിയായിരുന്നു. കുറച്ച് വാട്ടര്‍കളര്‍ വില്‍ക്കാന്‍ പറ്റി. ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഞാന്‍ ഇടക്കിടെ പോകുമായിരുന്നു. മാര്‍ബിളില്‍ തീര്‍ത്ത ഗ്രീക് ശില്‍പങ്ങള്‍ അവിടെവെച്ചാണ് കാണുന്നത്. ഇന്ത്യയില്‍നിന്നുള്ള ഒരു യക്ഷിശില്‍പം അവിടെവെച്ചു കണ്ടു. അങ്ങനെയൊരു ശില്‍പം ഇന്ത്യയില്‍ എവിടെവെച്ചും ഞാന്‍ കണ്ടിട്ടില്ല. ടൈറ്റ് ഗാലറിയില്‍വെച്ചാണ് റൊഡാന്‍െറ ‘കിസ്’ എന്ന ശില്‍പം കണ്ടത്. കലയുടെ മാജിക് ഞാനറിഞ്ഞു. ഇയാന്‍ എന്‍െറ സുഹൃത്തായി. അദ്ദേഹത്തിന്‍െറ സ്റ്റുഡിയോവില്‍പോയി ഞാനു‘ം ചില മോഡലുകളെ പോര്‍ട്രെയ്റ്റ് ചെയ്തു. ഗ്രീക് സ്ട്രീറ്റില്‍വെച്ച് ഫ്രാന്‍സിസ് ബേക്കനെകണ്ട അനുഭവം ഞാനൊരിക്കലും മറക്കില്ല.
ധാരാളം വിദേശയാത്രകള്‍ നടത്തിയില്ലേ? വിഖ്യാതമായ ചിത്രങ്ങളും ശില്‍പങ്ങളും കാണാന്‍ പറ്റിയില്ളേ? എങ്ങനെയായിരുന്നു ആ അനുഭവങ്ങള്‍?
പിക്കാസോവിന്‍െറ ഗോര്‍ണിക്ക സ്പെയിനിലെ മാഡ്രിനില്‍വെച്ചാണ് ഞാന്‍ കാണുന്നത്. ഫ്ളോറന്‍സ് ബിനാലെയില്‍ വെള്ളിമെഡല്‍ കിട്ടിയസമയത്ത്. ആ സന്തോഷവുമായി ഞാന്‍ മാഡ്രിനിലത്തെി. പിക്കാസോവിന്‍െറ ഒട്ടേറെ വര്‍ക്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഗോയയുടെ ‘മായ’ പ്രാഡോവില്‍വെച്ച് ഞാന്‍ കണ്ടു. ഈ ചിത്രം കാണാന്‍ വലിയ മോഹമുണ്ടായിരുന്നു എനിക്ക്. ല്യൂര്‍ മ്യൂസിയത്തില്‍വെച്ച് മൊണാലിസ കണ്ടപ്പോള്‍ വാസ്തവത്തില്‍ എനിക്കാ ചിത്രം അത്രക്ക് ഇഷ്ടമായില്ല. മിലാനില്‍വെച്ച് ലാസ്റ്റ് സപ്പര്‍ കണ്ടത് പക്ഷേ, ഗംഭീര അനുഭവമായിരുന്നു. ക്ളോദ് മോനെയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍െറ ദേശമായ ഗിവഞ്ചിയില്‍വെച്ച് കണ്ടു. പാരിസില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണത്. പാരിസിലെ പിക്കാസോ മ്യൂസിയത്തില്‍വെച്ച് ആട് ശില്‍പം കണ്ടു. 14ാം വയസ്സില്‍ പിക്കാസോ വരച്ച സയന്‍സ് ആന്‍ഡ് ചാരിറ്റി എന്ന ചിത്രം മറ്റൊരു അനുഭവമായിരുന്നു. തന്‍െറ അച്ഛനും അമ്മയുമൊക്കെ മോഡലായി വരുന്നത് ഈ ചിത്രത്തിലാണ്. അതും അവിസ്മരണീയമാണ്. റെം ബ്രാന്‍റിന്‍െറ പെര്‍ഫക്ഷന്‍ 14ാം വയസ്സില്‍ പിക്കാസോ വരച്ച ചിത്രത്തിലുണ്ട്. മൈക്കല്‍ ആഞ്ജലോയുടെ ‘ഡേവിഡ്’ ഞാന്‍ ഫ്ളോറന്‍സില്‍വെച്ചാണ് കണ്ടത്. വത്തിക്കാനില്‍വെച്ച് പിയാത്ത കണ്ടത് മറ്റൊരു അവിസ്മരണീയ അനുഭവമാണ്. പിയാത്തയുടെ മുന്നില്‍ ഞാന്‍ കൈ കൂപ്പിനിന്നു. കലയുടെ മാജിക് ഞാന്‍ അനുഭവിച്ചു. ഞാനപ്പോള്‍ വിനീതനായി. പുരുഷന്‍െറ സൗന്ദര്യം ഞാന്‍ ശരിക്കുമറിഞ്ഞത് ഡേവിഡ് കണ്ടപ്പോഴാണ്. ഡേവിഡിന് മുന്നില്‍നിന്ന് അത്ര സൗന്ദര്യമുള്ള ഒരാണ്‍കുട്ടി പിറക്കാന്‍ വേണ്ടി ഗര്‍ഭിണികള്‍ പ്രാര്‍ഥിക്കുമത്രെ. ഇത്തരം അനുഭവങ്ങളില്‍നിന്നാണ് ‘മൈ ബുക്ക് ഓഫ് റഫറന്‍സ്’ ഞാന്‍ വരക്കുന്നത്. ചിത്രകലയിലെ മഹാ ഗുരുനാഥന്മാര്‍ക്കുള്ള എന്‍െറ ട്രിബ്യൂട്ട്.
രാജാരവിവര്‍മയെക്കുറിച്ച് എന്താണ് തോന്നിയത്?
ഭാരതീയമായ വിഷയങ്ങളെ യൂനിവേഴ്സലായ ഭാഷയില്‍വരച്ച മഹാനായ ചിത്രകാരനാണ് രവിവര്‍മ. കലാകാരന്‍ യൂനിവേഴ്സലായി ചിന്തിക്കണം. അടഞ്ഞ പ്രാദേശിക വാദത്തില്‍ അര്‍ഥമില്ല. പരിമിതികളെ മറികടന്ന് രവിവര്‍മ യാത്രചെയ്തു. രാജകുടുംബത്തിന്‍െറ ചട്ടക്കൂടില്‍ ഒതുങ്ങാന്‍ രവിവര്‍മ കൂട്ടാക്കിയില്ല. ഇന്ത്യന്‍ പാരമ്പര്യമെന്ന തീവ്രവാദമായിരുന്നു ബംഗാള്‍ സ്കൂളിന്‍െറ പരിമിതി. എനിക്ക് താല്‍പര്യം പ്രോഗ്രസിവ് ഗ്രൂപ്പിനോടാണ്.
പ്രോഗ്രസിവ് ഗ്രൂപ്പില്‍ ആരോടായിരുന്നു കൂടുതല്‍ താല്‍പര്യം?
സൂസയോട് തന്നെ. എന്നെ അദ്ഭുതപ്പെടുത്തിയ ചിത്രകാരനാണ് ഫ്രാന്‍സിസ് ന്യൂട്ടന്‍ സൂസ. വളരെ സ്വതന്ത്രമായി ചിന്തിച്ച് ധീരമായി അദ്ദേഹം വരച്ചു. 1986ല്‍ ഞാന്‍ സൂസയെ ഡല്‍ഹിയില്‍വെച്ച് കണ്ടിരുന്നു. പാരിസില്‍വെച്ച് ഏറെനേരം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. എന്തുകൊണ്ട് ഹുസൈനെപ്പോലെ വലിയ വിലയ്ക്ക് ചിത്രങ്ങള്‍ വില്‍ക്കുന്നില്ല എന്ന് ഞാന്‍ സൂസയോട് ചോദിച്ചു. ചിത്രത്തിന്‍െറ മൂല്യം ആ ചിത്രം തന്നെയാണെന്ന് സൂസ പറഞ്ഞു. അല്ലാതെ മറ്റാരോ നിശ്ചയിക്കുന്ന കറന്‍സിയുടെ തൂക്കമല്ല. ഒരു വിട്ടുവീഴ്ചക്കും സൂസ തയാറായില്ല. അദ്ദേഹത്തിന്‍െറ സ്റ്റില്‍ലൈഫ് ചിത്രങ്ങളും ഗംഭീരം.
 

എം.എഫ് ഹുസൈൻ, യൂസഫ് അറക്കൽ
 

ഹുസൈനുമായി നല്ല സൗഹൃദമായിരുന്നില്ലേ?
1969ല്‍ ബാംഗ്ളൂരില്‍വെച്ചാണ് ഞാന്‍ ഹുസൈനെ ആദ്യം കാണുന്നത്. വിശ്വേശ്വരയ്യ ട്രേഡ് സെന്‍ററില്‍ ഡെമോണ്‍സ്ട്രേഷന് വന്നതായിരുന്നു ഹുസൈന്‍. ഹുസൈന്‍െറ ഒരു സ്കെച്ച് ചെയ്തുഞാന്‍. അതില്‍ ഓട്ടോഗ്രാഫ് ചെയ്തുതന്നു. കര്‍ണാടകസര്‍ക്കാര്‍ അദ്ദേഹത്തിന് സഞ്ചരിക്കാന്‍ ഒരു ഇംപാല കാറും ഒരു ഡ്രൈവറെയും വിട്ടുകൊടുത്തു. കേരളത്തിലേക്ക് പോകുമ്പോള്‍ കൂടെവരുന്നോ എന്നുചോദിച്ചു. ഭാര്യയും മകളും കൂടെ ഉണ്ടായിരുന്നു. കായലൊക്കെ കാണാന്‍ വന്നതാണ്. ഞാന്‍ ഹുസൈനെ ചാവക്കാട്ടേക്ക് കൊണ്ടുവന്നു. തൊട്ടാപ്പ് എസ്റ്റേറ്റ് ബംഗ്ളാവില്‍ നാലുദിവസം താമസിപ്പിച്ചു. കട്ടന്‍ചായ കുടിക്കാന്‍ എന്നെ പഠിപ്പിച്ചത് ഹുസൈനാണ്. മകനെപ്പോലെ എന്നോട് വാത്സല്യം കാണിച്ചു. ഹുസൈന്‍െറ റോള്‍സ് റോയ്സില്‍ ലണ്ടനിലൊക്കെ കറങ്ങിയിട്ടുണ്ട് ഞാന്‍. പക്ഷേ, ഹുസൈന്‍െറ രചനകള്‍ എന്നെ സ്വാധീനിച്ചിട്ടില്ല. എന്നെ സ്വാധീനിച്ചത് സൂസയാണ്.
ഹുസൈന്‍െറ വ്യക്തിത്വത്തെക്കുറിച്ച് എന്താണ് തോന്നിയത്?
സൂസയുടെ നേര്‍ വിപരീതമായിരുന്നു ഹുസൈന്‍. പരസ്യജീവിതമായിരുന്നു. വലിയ ഷോമാനായിരുന്നു. ഇന്ത്യന്‍ ചിത്രകലയില്‍ ഹുസൈനെപ്പോലെ മറ്റാരും ഇല്ല. ചിത്രകാരനെ അന്തസ്സോടെ നില്‍ക്കാന്‍ ഹുസൈന്‍ പഠിപ്പിച്ചു. സ്വയം വിലമതിക്കാനുള്ള ചങ്കൂറ്റം ഉണ്ടാവണമെന്ന് ചിത്രകാരന്മാരോട് പറഞ്ഞു.
സാധാരണയായി ചിത്രകാരന്മാരുടെ വീടുകളില്‍ കാണാത്ത ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. ധാരാളം കലാകാരന്മാരുടെ ചിത്രങ്ങളും ശില്‍പങ്ങളും ഇവിടെയുണ്ട്. ഹുസൈന്‍, സൂസ, സുനില്‍ ദാസ്, കെ.ജി. സുബ്രഹ്മണ്യം, അക്കിത്തം നാരായണന്‍, അച്യുതന്‍ കൂടല്ലൂര്‍, കിഷന്‍ ഖന, ഗണേഷ് ഹാലോയ്, ജാനകിറാം ഇങ്ങനെ വലിയൊരു കലാശേഖരം ഉണ്ടാകാന്‍ കാരണമെന്തായിരുന്നു?
കുട്ടിക്കാലംതൊട്ടുള്ള മോഹമായിരുന്നു. എല്ലാം ഞാന്‍ പണംകൊടുത്ത് വാങ്ങിച്ചതാണ്. ജാനകീറാമിന് പലപ്പോഴായി ഞാന്‍ പണം അയച്ചുകൊടുത്തിരുന്നു. മരിക്കുന്നതിന് കുറച്ചുമുമ്പാണ് അദ്ദേഹം എനിക്ക് നടരാജശില്‍പം അയച്ചുതന്നത്. 1974ല്‍ ഒരു അഖിലേന്ത്യാ ശില്‍പകലാക്യാമ്പില്‍വെച്ചാണ് ജാനകീറാമിനെ കാണുന്നത്. ഞാനുമുണ്ടായിരുന്നു ആ ക്യാമ്പില്‍. കരിങ്കല്ലായിരുന്നു എന്‍െറ മാധ്യമം. ശങ്കിച്ച് നില്‍ക്കുമ്പോള്‍ ആ ശില്‍പം ചെയ്യാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത് ജാനകീറാമാണ്. അവസാനമായി ഞാന്‍ വാങ്ങിച്ചത് സോമനാഥ് ഹോറിന്‍െറ ഗ്രാഫിക് പ്രിന്‍റാണ്. ബംഗാളിലെ പട്ടിണിയുടെ കാലത്ത് അത് പ്രമേയമാക്കി അദ്ദേഹം രചിച്ച ശില്‍പങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്‍െറ ഒരു വര്‍ക്ക് വാങ്ങിക്കാന്‍ ഇപ്പോഴാണ് സാധിച്ചത്. ചിത്രകാരന്മാരുടെ ഇന്‍സെക്യൂരിറ്റിയാണ് മറ്റുള്ളവരുടെ വര്‍ക്കുകള്‍ വാങ്ങിക്കുന്നതില്‍നിന്ന് അവരെ വിലക്കുന്നത്. എനിക്കതില്ല.
 

യൂസഫ് അറക്കൽ വരച്ച മാധവിക്കുട്ടിയുടെ പോർട്രെയിറ്റ്
 

പല എഴുത്തുകാരുമായും നല്ല സൗഹൃദത്തിലായിരുന്നല്ളോ. ബഷീര്‍, മാധവിക്കുട്ടി, എം.ടി എന്നിവരുടെയൊക്കെ ചിത്രങ്ങളും വരച്ചിരുന്നല്ളോ. എങ്ങനെയായിരുന്നു ആ സൗഹൃദം?
ബാംഗ്ളൂരില്‍വെച്ചാണ് ഞാന്‍ മാധവിക്കുട്ടിയെ കാണുന്നത്. അന്ന് മോനു (എം.ഡി. നാലാപ്പാട്ട്) ഇവിടെ ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു. ഞാന്‍ മാധവിക്കുട്ടിയുടെ ഒരു ചിത്രം വരച്ചു. എന്‍െറ ഇംഗ്ളീഷ് കവിതകള്‍ വായിച്ച് ഒരു കുറിപ്പെഴുതിത്തന്നു. മാധവിക്കുട്ടിക്ക് താന്‍ ആരാണെന്ന് നന്നായി അറിയാമായിരുന്നു. ബോള്‍ഡായിരുന്നു മാധവിക്കുട്ടി. ഫ്രിഡാകാലൊവിനോട് തോന്നിയ അതേ ബഹുമാനം എനിക്ക് മാധവിക്കുട്ടിയോടും തോന്നി.
 

ബഷീര്‍ചിത്രങ്ങള്‍ക്ക് പ്രേരണയായത് എന്താണ്?
ബഷീര്‍ മരിക്കുന്നതിന്‍െറ രണ്ടുകൊല്ലം മുമ്പാണ് കണ്ടത്. കുട്ടിക്കാലംതൊട്ടേ എനിക്ക് ബഷീറിനോട് ആരാധനയായിരുന്നു. കോഴിക്കോട്ടുവെച്ച് കുട്ടികളുടെ ചിത്രരചനാ മത്സരത്തില്‍ ജഡ്ജ് ആയി ചെന്നപ്പോഴാണ് ആദ്യം കാണുന്നത്. ആരാധനയോടെ ഞാന്‍ ബേപ്പൂരിലത്തെി. ബാംഗ്ളൂര്‍ക്കാരന്‍ ചെക്കന്‍ കലാകാരന്‍, 1983ല്‍ നാഷനല്‍ അവാര്‍ഡ് അല്ളേ എന്ന് തിരിച്ചുചോദിച്ചപ്പോള്‍ അദ്ഭുതപ്പെട്ടു. നാലുമണിക്കൂര്‍ കൂടെ ചെലവിട്ടു. ചിത്രങ്ങള്‍ എടുത്തു. ഒരു പോര്‍ട്രെയ്റ്റ് ചെയ്തുകൊടുക്കാമെന്നേ ആദ്യം കരുതിയുള്ളൂ. എന്‍െറ തിരക്കുകള്‍ക്കിടയില്‍ അതു സാധിച്ചില്ല. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍വെച്ചാണ് ബഷീറിന്‍െറ മരണവാര്‍ത്തയറിഞ്ഞത്. ബഷീര്‍കൃതികളൊക്കെ വീണ്ടും വായിച്ചശേഷമാണ് ബഷീര്‍ പരമ്പര പൂര്‍ത്തിയാക്കുന്നത്. വാസ്വേട്ടന്‍ (എം.ടി) എന്നെ സഹായിച്ചു.
വാസ്വേട്ടന്‍െറ ചിത്രംവരച്ചിട്ടില്ലേ?
ഈയിടെ ഒരു പോര്‍ട്രെയ്റ്റ് വരച്ചിരുന്നു. അതുകണ്ട് വാസ്വേട്ടന്‍ എന്നെ വിളിച്ചു. എം.ടിയുടെ കൃതികളെ അടിസ്ഥാനമാക്കി ഒരു പരമ്പരചെയ്യാന്‍ ആഗ്രഹമുണ്ട്.
സാറ ജീവിതത്തിലുണ്ടാക്കിയ സ്വാധീനമെന്താണ്? ഗാലറി ഉടമസ്ഥയുമാണല്ളോ സാറാ അറയ്ക്കല്‍?
ഞങ്ങള്‍ ഒന്നിച്ചുവളര്‍ന്നു. അഴുക്കുചാലില്‍നിന്ന് എന്നെ ഇവിടംവരെയത്തെിച്ച വലിയ മനുഷ്യന്‍െറ മകള്‍ എന്നനിലയില്‍ സാറയോട് എനിക്ക് ആദരവുണ്ട്. സാറ എന്‍െറ ജീവിതത്തിന് ദിശാബോധം നല്‍കി. പരസ്യ ഏജന്‍സിയില്‍ ജോലിയുണ്ടായിരുന്നു സാറക്ക്. അതു രാജിവെച്ച് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് തുടങ്ങി. പിന്നെയാണ് ഗാലറി വരുന്നത്. ബാംഗ്ളൂരിലെ ആദ്യത്തെ ഡിസൈനര്‍ ഗാലറിയാണ് സാറ അറയ്ക്കല്‍ ഗാലറി. സ്വന്തം സ്ഥലത്താണ്. ലാഭത്തിനുവേണ്ടിയല്ല അതുനടത്തുന്നത്.
മകന്‍ ഷിബുവും കലാലോകത്തുതന്നെ എത്തി, അല്ലേ?
എന്‍െറ മകന്‍ ചിത്രകാരനാവാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ക്രിക്കറ്റിലും ഫുട്ബാളിലുമായിരുന്നു അവന് താല്‍പര്യം. കലാകാരനായാല്‍ എന്നോടാണ് അവനെ എല്ലാവരും താരതമ്യംചെയ്യുക. അവന്‍െറ നേട്ടങ്ങളൊക്കെ ഞാന്‍ ഉണ്ടാക്കിക്കൊടുത്തതാണെന്ന് ആളുകള്‍ കരുതും. ഫോട്ടോഗ്രഫിയിലാണ് അവന് താല്‍പര്യം. പിന്നീട് സുധീര്‍ രാമചന്ദ്രന്‍െറ കീഴില്‍ പരിശീലിച്ചു. ഫാഷന്‍ ഫോട്ടോഗ്രാഫറായി. ഇപ്പോള്‍ ക്രിയേറ്റിവ് ഫോട്ടോഗ്രാഫറാണ്. വെനീസ് ബിനാലെയില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി വിഭാഗത്തില്‍ സമ്മാനം കിട്ടി.
എപ്പോഴും ഞാന്‍ ചോദിക്കാന്‍ വിചാരിച്ചിരുന്നത് ആന്‍റണിയെക്കുറിച്ചാണ്. ആന്‍റണി ഡ്രൈവറാണ്, കുക്കാണ്, സ്റ്റുഡിയോ അസിസ്റ്റന്‍റാണ്, പരിചാരകനും സുഹൃത്തുമാണ്. എപ്പോഴും കൂടത്തെന്നെയുണ്ട്. മനസ്സറിഞ്ഞു പെരുമാറുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ആന്‍റണിയുടെ കീറിയ പട്ടം’ എന്ന ചിത്രം വരച്ചിരുന്നല്ളോ. ആ ആന്‍റണിയാണോ ഇത്? എങ്ങനെ കിട്ടി ഈ ചങ്ങാതിയെ?
1993ലാണ് ആന്‍റണി വരുന്നത്. ഈ വീടുപണിയുമ്പോള്‍ ഇവിടെ വാച്ച്മാനായി ജോലിചെയ്തിരുന്നു. പിന്നീട് എന്‍െറ കൂടെകൂടി. തിരുവണ്ണാമലയിലാണ് ആന്‍റണിയുടെ വീട്. ആന്‍റണിയില്ലാതെ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുക പ്രയാസമാണ്. കീറിയപട്ടത്തിലെ ആന്‍റണി ഇയാളല്ല ട്ടോ.
ചില ആര്‍ട്ട് കലക്റ്റേഴ്സുമായി നല്ല സൗഹൃദത്തിലാണല്ളോ. അവരില്‍ പലരും വര്‍ഷങ്ങളായി യൂസുഫ് അറയ്ക്കലിന്‍െറ വര്‍ക്കുകള്‍ ശേഖരിക്കുന്നു. ആര്‍ട്ട് കലക്റ്റേഴ്സിന്‍െറ പ്രസക്തി എന്താണ്?
ഹര്‍ഷ് ഗോയങ്കയും കിരണ്‍ മജൂംദാറുമാണ് ഇന്ത്യയില്‍ എന്‍െറ വര്‍ക്കുകള്‍ കൂടുതല്‍ വാങ്ങിച്ചിട്ടുള്ളത്. നല്ല കലക്റ്റേഴ്സ് ഇല്ലാതെ ചിത്രകലാരംഗം നിലനില്‍ക്കില്ല. ഇവരൊക്കെ ചിത്രകലയെക്കുറിച്ച് നന്നായി അറിയുന്നവരാണ്. വര്‍ക്ക്നോക്കി വാങ്ങിക്കും. അവരെക്കൊണ്ട് വാങ്ങിപ്പിക്കാനൊന്നും പറ്റില്ല. കലാകാരനോളം പ്രസക്തി നല്ല ആര്‍ട്ട് കലക്റ്റേഴ്സിനുമുണ്ട്.
ദാരിദ്ര്യം ഒട്ടനവധി ചിത്രങ്ങള്‍ക്ക് വിഷയമായിരുന്നല്ളോ. ദൈന്യം നിറഞ്ഞ തെരുവു ജീവിതക്കാഴ്ചകള്‍ ആദ്യകാല ചിത്രങ്ങളിലുണ്ട്. വീടില്ലാത്തവര്‍, ജീര്‍ണിച്ച വീട്ടില്‍ പാര്‍ക്കുന്നവര്‍, ദീനതനിറഞ്ഞ വൃദ്ധജനങ്ങള്‍, തൊഴിലാളികള്‍ ഇവരൊക്കെ പ്രമേയമായി വരുന്നു. ഗുജറാത്തിലെ നരഹത്യകളുടെ കാലത്ത് ഗുജാര്‍നിക്കയെന്ന രാഷ്ട്രീയ ചിത്രംകൊണ്ട് പ്രതികരിക്കുകയും ചെയ്തു. കലാകാരന്‍െറ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് എന്താണ് നിലപാട്?
ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍െറ തടവുകാരനോ പ്രചാരകനോ അല്ല. പക്ഷേ, മനുഷ്യന്‍െറ ദൈന്യം എന്‍െറയും വേദനയാണ്. മനുഷ്യന്‍െറ ദൈന്യം കാണാത്തവന്‍ കലാകാരനല്ളെന്നു ഞാന്‍ വിശ്വസിക്കുന്നു. ഗുജറാത്തിലെ വംശഹത്യയുടെ കാലത്ത് പിക്കാസോവിന്‍െറ ഗോര്‍ണിക്ക രചിക്കാനുണ്ടായ സന്ദര്‍ഭം ഞാന്‍ ഓര്‍ത്തു. ആ ചിത്രത്തില്‍നിന്ന് ഊര്‍ജം സ്വീകരിച്ചാണ് ഗുജാര്‍നിക്ക വരച്ചത്.
ഗംഗാസീരീസില്‍ പുണ്യഗംഗയുടെ ആത്മീയ പരിസരമല്ല വിഷയമായത്. ഗംഗാതീരത്തെ മനുഷ്യരുടെ ദൈനംദിനമായ പങ്കപ്പാടുകളാണ്?
തീര്‍ച്ചയായും. ഗംഗാതീരത്തെ മനുഷ്യന്‍െറ സങ്കടങ്ങള്‍തന്നെയാണ് എന്നെ സ്പര്‍ശിക്കുന്നത്.
കുട്ടികളും ധാരാളമായി ചിത്രങ്ങളില്‍ കടന്നുവരുന്നു. കുട്ടികളൊന്നും ആഹ്ളാദമുള്ളവരല്ല. അവരുടെ മുഖത്ത് ദൈന്യമാണ്?
അനാഥത്വം നിറഞ്ഞ എന്‍െറ തന്നെ ബാല്യകാലത്തെ ഓര്‍ത്തുകൊണ്ടാണ് ഞാന്‍ കുട്ടികളെ വരക്കാറ്. തെരുവുജീവിതകാലത്തും ഞാന്‍ കുട്ടികളുടെ സങ്കടം ധാരാളം കണ്ടിരുന്നു.
 

യൂസഫ് അറക്കൽ വരച്ച ഗംഗാ സീരീസിലെ ഒരു ചിത്രം
 

ജന്മംകൊണ്ട് മലയാളിയും കര്‍മംകൊണ്ട് കര്‍ണാടകക്കാരനുമാണ് യൂസുഫ് അറയ്ക്കല്‍. കര്‍ണാടകക്കാര്‍ അവരുടെ ചിത്രകാരനായി കാണുകയും ചെയ്യുന്നു. കലാജീവിതംകൊണ്ട് കേരളത്തില്‍നിന്ന് അല്‍പം അകന്നുനില്‍ക്കുകയും ചെയ്യുന്നു. എന്താണ് കാരണം?
എനിക്ക് രണ്ട് അമ്മമാരാണ്. പെറ്റമ്മയും വളര്‍ത്തമ്മയും. വളര്‍ത്തമ്മ ഒരു വിവേചനവും എന്നോട് കാണിച്ചില്ല. എന്‍െറ സൗഭാഗ്യങ്ങള്‍ക്ക് ഞാന്‍ കര്‍ണാടകത്തോട് കടപ്പെട്ടിരിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ കേരളത്തിനുവേണ്ടി കളിക്കുന്ന ഫുട്ബാള്‍ കളിക്കാരനാവാന്‍ ഞാന്‍ ആഗ്രഹിച്ചു. ചിത്രകലാ പരിഷത്തില്‍ ചേര്‍ന്നശേഷം ഒരിക്കലും കേരളത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിട്ടില്ല. കര്‍ണാടകം അവരുടെ പുത്രനായി എന്നെ സ്വീകരിച്ചു. വളര്‍ത്തമ്മ തന്ന വലിയ പുരസ്കാരങ്ങള്‍ക്കുശേഷമാണ് പെറ്റമ്മയുടെ വകയായി രാജാരവിവര്‍മ പുരസ്കാരംപോലും എനിക്കു കിട്ടുന്നത്.
സാമ്പത്തികമാന്ദ്യം ചിത്രകാരന്മാരുടെ ജീവിതത്തെ വല്ലാതെ ബാധിച്ചല്ളോ. മറ്റു തൊഴില്‍ ചെയ്ത് ജീവിക്കാന്‍ ധാരാളം ചിത്രകാരന്മാര്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. എന്തായിരിക്കും ഇതിന്‍െറ ഭാവി?
സാമ്പത്തിക മാന്ദ്യത്തിനുമുമ്പ് വില്‍ക്കാനുള്ള ചരക്ക് മാത്രമായി ചിത്രങ്ങളും ശില്‍പങ്ങളും. ചിത്രകലയോട് യഥാര്‍ഥ സ്നേഹമൊന്നുമില്ലാതെ വിപണിമൂല്യം മാത്രം ലക്ഷ്യംവെച്ച് ധാരാളം ഗാലറികളുണ്ടായി. എമ്പാടും കള്ളനാണയങ്ങള്‍ പിറന്നു. ഇതൊക്കെ ഇല്ലാതാവാന്‍ സാമ്പത്തികമാന്ദ്യം കാരണമായി. നല്ല കലാകാരന്മാര്‍ ഇതൊന്നും ആലോചിച്ച് വിഷമിക്കണ്ട കാര്യമില്ല. നല്ല കലാസൃഷ്ടികള്‍ക്ക് എന്നും മൂല്യമുണ്ടാവും.
കവിതകള്‍ എഴുതുന്നുണ്ടോ ഇപ്പോഴും?
വല്ലപ്പോഴും. ഞാനീയിടെ ഒരു കൗതുകത്തിന് മലയാളത്തില്‍ കവിതകള്‍ എഴുതുന്നുണ്ട്. ഓടക്കുഴല്‍ വായിക്കാനും പഠിക്കുന്നുണ്ട്.
അവസാനമായി ഒരു ചോദ്യംകൂടി: മനുഷ്യനെ പ്രമേയമാക്കിയല്ളേ കൂടുതലും വരച്ചത്. അല്ലാത്തത് വളരെ വിരളം. ഈ മനുഷ്യകേന്ദ്രീകരണത്തിന്‍െറ പൊരുളെന്താണ്?
മനുഷ്യന്‍െറ പ്രതിസന്ധികളും അവന്‍ നേരിടുന്ന ശൂന്യതയുമാണ് എന്നും എന്നെ അലട്ടിയിട്ടുള്ളത്. വരക്കുന്ന ചിത്രങ്ങളിലെ മനുഷ്യര്‍ ഒരര്‍ഥത്തില്‍ ഞാന്‍തന്നെയാണ്. ഇക്കാര്യം പല കലാവിമര്‍ശകരും നിരീക്ഷിച്ചിട്ടുണ്ട്. എന്‍െറയുള്ളില്‍ ഏകാകിയായ ഒരു കുട്ടിയാണുള്ളത്. ഏഴാം വയസ്സില്‍ ഞാന്‍ പൂര്‍ണമായും അനാഥനായി. അതോര്‍ക്കുമ്പോള്‍ നെഞ്ചിലൊരു വിങ്ങലാണിപ്പോഴും. എന്‍െറ മാതാവും പിതാവും അകാലത്തില്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ വല്ല ആര്‍മി ഓഫിസറും ആകുമായിരുന്നു. അനാഥത്വവും സങ്കടങ്ങളുമാണ് എന്നെ കലാകാരനാക്കി മാറ്റിയത്.

Show Full Article
TAGS:Yusuf Arakkal 
Next Story