വാക്ക് തോക്കിനോട് പറഞ്ഞത്..

സജിത ഗോപി
14:07 PM
25/03/2018
p-k-parakadavu-

വാക്ക് തോക്കിനോട് പറഞ്ഞു:
‘‘എനിക്ക് നേരെ നീണ്ടുവന്ന നീ ഒരു നാൾ
തുരുമ്പിക്കും. നിന്നെ ​ൈകയിലേന്തിയ ആൾ
ഒരുനാൾ പുഴുവരിക്കും’’
എന്നിട്ട് നാടാകെ വാക്ക് പൂത്തുലഞ്ഞ് നിന്നു. 

മൗനം മരണമാകുന്നൊരു കാലത്ത് വാക്ക് പ്രതിരോധമാകുന്നതിങ്ങനെയാണ്. വെറും നാല് വരികളിൽ പി.കെ. പാറക്കടവെന്ന കുഞ്ഞു, വലിയ കഥകളുടെ എഴുത്തുകാരൻ തീർക്കുന്ന വന്മതിൽ. എഴുത്ത് നിലപാടുകളുടെയും രാഷ്​ട്രീയത്തി​​​​​​െൻറയും അടയാളമാകണമെന്ന് ശങ്കകൂടാതെ പറയുന്നു പി.കെ. പാറക്കടവ്. മൂന്നര പതിറ്റാണ്ട് കാലത്തെ പി.കെയുടെ എഴുത്തുജീവിതത്തെ അങ്ങനെത്തന്നെയാണ് അടയാളപ്പെടുത്താനുമാവുക. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം നേടിയ കുറുങ്കഥാകാരൻ എഴുത്തും രാഷ്​ട്രീയവും സംസാരിക്കുന്നു. 

‘വിസ’ എഴുതിയ തുടക്കം
ആദ്യമായി എഴുതിയത്​ ‘വിസ’ എന്ന കഥയാണ്​. ത​​​​​​െൻറ ഗ്രാമത്തിന് തൊട്ടടുത്തുള്ള കുറുവന്തേരിയിലെ ഒരു മുസ്​ലിം വീട്ടിൽ ഒരാൾ മരിച്ച കഥ. മരിച്ച വീട്ടിൽ സാധാരണപോലെ ചന്ദനത്തിരിയുടെ ഗന്ധം, ഖുർആനി​​​​​​െൻറ ഇൗണം, കള്ളിക്കുപ്പായമിട്ട കുറുവന്തേരിക്കാർ വന്ന്​ രാഷ്​ട്രീയം പറയുന്നു. മയ്യിത്ത്​ കട്ടിലിൽ മരിച്ചയാളെ അങ്ങനെ കിടത്തിയിരിക്കുകയാണ്​. അവിടേക്ക് നാട്ടിലെ പോസ്​റ്റുമാനായ അച്യുതൻ വന്നപ്പോൾ ആ മയ്യിത്ത്​ കട്ടിലിൽനിന്ന്​ അയാൾ ചാടിയെണീറ്റ്​ ചോദിക്കുകയാണ്​ ‘എ​​​​​​െൻറ വിസ വന്നോ’ എന്ന്​.  ഒരു 12 വരി കഥ. അന്നത് ചന്ദ്രിക ആഴ്​ചപ്പതിപ്പിലാണ്​ അച്ചടിച്ചുവന്നത്​. ആ കഥ നാട്ടിൽ വലിയ കോളിളക്കമുണ്ടാക്കി. ഇന്ന്​ പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്ത രീതിയിലുള്ള വലിയ ബഹളം. നാട്ടുകാരെ അപമാനിച്ചു, ഗൾഫുകാരെ അപമാനിച്ചു എന്നൊക്കെയായിരുന്നു ആക്ഷേപം​. കുറുവന്തേരിക്കാർ ആ കഥയുടെ പേരിൽ ഒരു പ്രതിഷേധ യോഗംവരെ ചേർന്നു. അന്ന്​ ത​​​​​​െൻറ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ നാട്ടിലുണ്ടായിരുന്നതുകൊണ്ട്​ വലിയ പ്രശ്​നമൊന്നുമുണ്ടായില്ല. പക്ഷേ, ഇത്​ അബോധ മനസ്സിൽ കിടന്നിട്ടുണ്ടാവണം. ഒരു ചെറിയ കഥക്ക്​ ഒരു ഗ്രാമത്തെ മുഴുവൻ ഇളക്കിമറിക്കാൻ പറ്റുമെങ്കിൽ, ചെറിയ കഥയാണ്​ വലിയ കഥ എന്ന്. അതുകൊണ്ടാണ്​ താൻ സ്ഥിരമായി കുറുങ്കഥകൾ അല്ലെങ്കിൽ മിന്നൽ കഥകൾ എഴുതിക്കൊണ്ടിരിക്കുന്നത്. 

മൂന്നരപ്പതിറ്റാണ്ട് കാലത്തെ എഴുത്തുജീവിതം
മൂന്നരപ്പതിറ്റാണ്ടെങ്കിലും കഴിഞ്ഞിട്ടുണ്ട് എഴുത്തുജീവിതം തുടങ്ങിയിട്ട് . 38 പുസ്​തകങ്ങൾ ഇതുവരെ രചിച്ചിട്ടുണ്ട്​. ചെറിയ കഥകൾ കൂടാതെ  കവിത വിവർത്തനങ്ങളുണ്ട്​. പ്രത്യേകിച്ച്​ ഫലസ്​തീനി കവിതകളുടെ വിവർത്തനങ്ങൾ. ലേഖനങ്ങളുണ്ട്​, ബാലസാഹിത്യമുണ്ട്​. ഇൗ 38 പുസ്​തകങ്ങളിൽ ഒാർമകളുണ്ട്​, ആത്​മകഥാംശങ്ങളുള്ളതുമുണ്ട്​, അധികവും കഥകളാണ്​. അതിൽതന്നെ ചെറുതിൽ ചെറുതായ കഥകളാണ്​ ഏറ്റവും കൂടുതൽ.

‘എന്തിന്​ മഹാഭാരതം, ഇതാണ്​ കഥ’
മലയാളത്തിൽ പരിചിതമല്ലാത്ത രൂപമായിരുന്നു കുറുങ്കഥകൾ. തന്നെ ഒരുപാടുപേർ നിരുത്സാഹപ്പെടു​ത്തിയിരുന്നു. ചെറിയ കഥകൾ എഴുതിയാൽ അവാർഡ്​ കിട്ടില്ല, മുഖ്യധാരയിൽ വരില്ല, എണ്ണപ്പെടില്ല എന്നൊക്കെ. അങ്ങനെയെങ്കിൽ അത്തരത്തിലുള്ള പ്രശസ്​തി വേണ്ടെന്ന് കരുതി. എന്തായാലും ഇതാണ്​ എ​​​​​​െൻറ പാത എന്ന്​ നേരത്തേ തോന്നിയിരുന്നു.  വിമർശനങ്ങൾക്കൊപ്പംതന്നെ ഇത്തരം ചെറിയ കഥകൾക്ക്​  നല്ല പ്രതികരണങ്ങളും കിട്ടിയിട്ടുണ്ട്​. 
വളരെ വർഷങ്ങൾക്കുമുമ്പ്​ മാതൃഭൂമിയുടെ വാരാന്ത്യപ്പതിപ്പിൽ  ‘സദ്യ’ എന്നൊരു കഥയെഴുതിയിരുന്നു. അത്​ നാട്ടിൻപുറത്തെ ഒരു അനുഭവമായിരുന്നു. വിശപ്പി​​​​​​െൻറ, പട്ടിണിയുടെ  കഥയാണ്​. ആ കഥ വായിച്ചിട്ട്​ മുണ്ടൂർ കൃഷ്​ണൻകുട്ടി മാഷ്​ ഒരു കത്തെഴുതി അയച്ചു. ‘എന്തിന്​ മഹാഭാരതം, ഇതാണ്​ കഥ’ എന്നുമാത്രമാണ്​ ആ കത്തിലുണ്ടായിരുന്നത്​. അത്​ കിട്ടിയപ്പോൾ വലിയ സന്തോഷം തോന്നി. ഒ.വി. വിജയ​നൊക്കെ കഥകൾ വായിച്ച്​ കത്തെഴുതാറുണ്ടായിരുന്നു. പക്ഷേ അതിലൊക്കെ ‘മിനിക്കഥ ഒരു കെണിയാണ്,​ അതിൽ അകപ്പെട്ട്​ പോകരുത്​’ എന്നൊക്കെ ഉണ്ടാകുമായിരുന്നു​. എന്തിനിത്​ എന്ന് ഒരുപാടുപേർ ചോദിച്ചപ്പോഴും മുണ്ടൂർ കൃഷ്​ണൻകുട്ടി മാഷെപ്പോലുള്ളവർ എന്നും അനുകൂലിച്ചും ഉണ്ടായിട്ടുണ്ട്​. 

p-k-parakadavu-

ചെറിയ വലിയ കഥകൾ
കുറുങ്കഥകൾ എഴുതുന്നതിന് മുമ്പ്​ ഏറെ വായിച്ചിരുന്നത് കവിതകളായിരുന്നു. മലയാളത്തെ സംബന്ധിച്ചുള്ള പരിമിതി നമ്മളിതിനെ മിനിക്കഥയെന്ന് വിളിക്കുന്നത് കൊണ്ടാണ്. പഴയകാല ആഴ്ചപ്പതിപ്പുകളിൽ ഇവ സ്പേസ് ഫില്ലറുകൾ ആയിരുന്നു.  ലോകത്ത് ഫ്ലാഷ് സ്​റ്റോറീസ്  എന്ന പേരിൽ ധാരാളം കഥകളുണ്ടായിട്ടുണ്ട്. അമേരിക്കയിൽ ലിഡിയ ഡേവിസ് എന്ന എഴുത്തുകാരിക്ക് ബുക്കർ പുരസ്​കാരം പോലും കിട്ടിയിട്ടുണ്ട് ഇത്തരം രചനകൾക്ക്​. ജപ്പാനിൽ യെസുനാര കവബാത്തേയുടെ ‘പാം സ്​റ്റോറീസു’ണ്ട് ^കൈപ്പത്തിക്കഥകൾ.  കേരളത്തിലവ മിനിക്കഥകളെന്ന് ബ്രാൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. മേതിൽ ഒരിക്കലൊരു കത്തെഴുതി. നി​​​​​​െൻറ കഥകളെ മിനിക്കഥകളെന്ന് വിളിക്കരുത്, അത് പ്രതികഥകളാണ് എന്ന്.  
ഒ.വി. വിജയനും പുനത്തിൽ കുഞ്ഞബ്​ദുള്ളയും ചെറിയ കഥകളെഴുതിയിട്ടുണ്ട്. ചെറിയ കഥകൾ നേരമ്പോക്കിനും ഫിലോസഫിക്കും ഇടയിൽനിൽക്കേണ്ട വളരെ ആഴത്തിലുള്ള രചനകളാവണം. ആ തിരിച്ചറിവ് പുതുതലമുറക്കുണ്ടായാൽ ശക്തമായ രചനകളുണ്ടാകും. എനിക്ക് കമ്പോളത്തിന് അനുസരിച്ച് എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല. എഴുത്ത് എന്നത് സ്വാഭാവികമായ പ്രതികരണമാണ്. ജീവിക്കുന്ന കാലത്തി​​​​​​െൻറ അടയാളങ്ങൾ എഴുത്തിൽ വരും. 
ഒരു കാലഘട്ടത്തെ അറിയാൻ ഏറ്റവും നല്ലത് സാഹിത്യ രചനകളാണ്. ചരിത്ര പുസ്തകങ്ങളിൽ പക്ഷപാതം നിലനിൽക്കും. എൻ.എസ്. മാധവ​​​​​​െൻറ ‘തിരുത്ത്’ വായിക്കുമ്പോൾ ബാബരി മസ്ജിദ് തകർച്ചയുടെ ഒരു കാലം അതിൽ കാണാം. കാലത്തെ അടയാളപ്പെടുത്തുന്ന കഥകൾ രാഷ്​ട്രീയ ബോധമുള്ളവർക്കേ എഴുതാനാവൂ.

എഴുത്തിന് വളമേകിയ പ്രവാസജീവിതം 
കോളജ്​ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെത്തന്നെ ഗൾഫിലേക്ക്​ പോയി. പത്തുവർഷക്കാലം യു.എ.ഇ, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിൽ ഉണ്ടായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള അവാർഡ്​ ലഭിച്ചത്​ അറിയുന്നതുതന്നെ ദുബൈ​ എയർപോർട്ടി​ൽവെച്ചാണ്​. ‘ഇടിമിന്നലുകളുടെ പ്രണയ’ത്തിന്​ അബൂദബി മലയാളി സമാജത്തി​​​​​​െൻറ അവാർഡ്​ സ്വീകരിക്കാൻ പോകുമ്പോഴാണ്​ വിവരമറിയുന്നത്​. ആ മണ്ണിൽനിന്നും അവാർഡ് വിവരമറിഞ്ഞതിൽ വല്ലാത്ത സന്തോഷം തോന്നി​. കാരണം, എ​​​​​​െൻറ ആദ്യ പുസ്​തകത്തി​​​​​​െൻറ പേര്​ ‘ഖോർഫുഖാൻ കുന്ന്​’ എന്നാണ്​. ഒരുപാട്​ കഥകൾ ഗൾഫ്​ പശ്ചാത്തലത്തിൽ എഴുതിയിട്ടുണ്ട്​. 
വിദേശ കവിതകളോട്​, പ്രത്യേകിച്ച് ഫലസ്​തീനിയൻ കവിതകളോട്​ ആഭിമുഖ്യം തോന്നിയത്​ ഖത്തറിലെ ബ്രിട്ടീഷ്​ ലൈബ്രറിയിൽ അംഗത്വമെടുത്തപ്പോഴാണ്​. പ്രവാസജീവിതം എഴുത്തിന്​ വളരെയധികം വളം നൽകിയിട്ടുണ്ടെന്ന്​ പറയാം. 

ഇടിമിന്നലുകളുടെ  പ്രണയവും ഫലസ്തീനും
ഫലസ്തീൻ പശ്ചാത്തലമാക്കിയുള്ള നോവലാണ് ‘ഇടിമിന്നലുകളുടെ  പ്രണയം’. എങ്ങനെ കലാത്മകമായി ഒരു രാഷ്​ട്രീയ നോവലെഴുതാം എന്നതിന് ഉദാഹരണമാണിതെന്ന് സച്ചിദാനന്ദൻ പറയുകയുണ്ടായി. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മൂന്ന് പതിപ്പിലെത്തി, നാടകമായി. കാലിക്കറ്റ് സർവകലാശാലയിലടക്കം നിരവധി ചർച്ചകൾ നടന്നു. യു.എ.ഇയിലെ സാംസ്​കാരിക മന്ത്രാലയത്തിൽ പോയപ്പോൾ അവർ പുസ്തകം അറബിയിലുണ്ടായിരുന്നുവെങ്കിൽ വായിക്കാമായിരുന്നു എന്ന് പറഞ്ഞു. ഫലസ്തീൻ അംബാസഡർക്ക് ഈ പുസ്തകം കൊടുത്തപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. കേരളത്തിൽനിന്ന് ഇങ്ങനെയൊരു പുസ്തകമോ എന്ന്. 
ശക്തമായ കവിതകളാണ് ഫലസ്തീനിൽനിന്നുമുണ്ടാകുന്നത്. ആദ്യമായി സച്ചിദാനന്ദനിൽ നിന്നാണ് അറബി കവികളുടെ പേരുകൾ കേൾക്കുന്നത്. ബൈറൂത്​ കേന്ദ്രീകരിച്ചുള്ള കവികളുടെ പുസ്തകം പെൻഗ്വിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കവിതകൾ രചനയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഒരു ഫലസ്തീനി കവിയുടെ  വാചകമുണ്ട്, ‘മഴയുടെ ചാട്ടവാറടി’ എന്ന്. മഴപോലും അവർക്ക് അനുഭവപ്പെടുന്നത് പീഡനമായിട്ടാണ്. അങ്ങനെ പീഡിപ്പിക്കപ്പെടുന്നൊരു ജനത, മണ്ണില്ലാത്ത, ഒന്നുമില്ലാത്തൊരു ജനത അതിജീവിക്കുന്നതി​​​​​​െൻറ ചരിത്രം എന്നും ആവേശം കൊള്ളിച്ചിട്ടുണ്ട്.

രാഷ്​ട്രീയം പറയുന്ന കഥകൾ
ത​​​​​​െൻറ കഥകളെ പൊളിറ്റിക്കൽ സ്​റ്റോറീസ് എന്നുതന്നെ പറയാം. വളരെ കൃത്യമായ രാഷ്​ട്രീയ നിലപാടുള്ള ഒരെഴുത്തുകാരനാണ്​ ഞാൻ. 2015ൽ കൽബുർഗി കൊല്ലപ്പെട്ടപ്പോൾ കേന്ദ്രസർക്കാറി​​​​​െൻറയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും മൗനത്തിൽ പ്രതിഷേധിച്ച്​ അക്കാദമി അംഗത്വം രാജിവെച്ചു. കെ.എസ്​. രവികുമാറും സി. രാധാകൃഷ്​ണനും ഞാനുമടക്കം മൂന്നംഗങ്ങളേ കേരളത്തിൽനിന്നുണ്ടായിരുന്നുള്ളൂ. ആരോടും ചോദിക്കാതെ ആരോടും പറയാതെയായിരുന്നു രാജിവെക്കാനുള്ള തീരുമാനം. അത്​  ഒരു രാഷ്​ട്രീയ നിലപാടി​​​​​​െൻറ ഭാഗമായിട്ടാണ്​. ഇരയും വേട്ടക്കാരനുമുണ്ടാകുമ്പോൾ ഇരയുടെ പക്ഷത്താണ്​ എഴുത്തുകാർ നിൽക്കേണ്ടത്​ എന്ന്​ വിശ്വസിക്കുന്ന ഒരെഴുത്തുകാര​​​​​​െൻറ രാഷ്​ട്രീയം കക്ഷി രാഷ്​ട്രീയത്തിന്​ അതീതമായിട്ടുള്ളതാണ്​.
നിലപാട് പറഞ്ഞതി​​​​​​െൻറ പേരിലാണ് കുരീപ്പുഴ ശ്രീകുമാർ ആക്രമിക്കപ്പെട്ടത്. ഏതെങ്കിലും തരത്തിൽ അതിങ്ങനെ വ്യാപിച്ചുകൊണ്ടേയിരിക്കുകയാണ്​. കർണാടകയിൽനിന്ന്  പതുക്കെ കേരളത്തിലേക്ക്​. ഇവിടെയും എഴുത്തുകാർക്കെതിരെ അസഹിഷ്​ണുത വ്യാപിപ്പിക്കാം എന്ന്​ ആരും വ്യാമോഹിക്കരുത്. മുട്ടുമടക്കി ജീവിക്കുന്നതിനേക്കാൾ ഭേദം നിവർന്നുനിന്ന്​ മരിക്കുന്നതാണ്​ എന്ന്​ വിശ്വസിക്കുന്ന കുറച്ചെങ്കിലും എഴുത്തുകാർ ഇവിടെയുണ്ട്​. 

p-k-parakadavu

മോഡിഫൈ ചെയ്യപ്പെടാത്തവർ
നദീ എഡിറ്റ് ചെയ്ത ‘മോഡിഫൈ ചെയ്യപ്പെടാത്തവർ’ എന്ന പുസ്തകത്തിലെഴുതിയവരെ അവർ മാവോവാദികളാക്കിയിരിക്കുകയാണ്. ‘ഹിറ്റ്​ലർ ജർമനിയെയും മുസോളിനി ഇറ്റലിയെയും അത്രമേൽ സ്നേഹിച്ചിരുന്നു, നരേന്ദ്ര മോദി ഇന്ത്യയെ സ്നേഹിക്കുന്നതിനേക്കാളുപരിയായി’ എന്നാണ് താനെഴുതിയത്. വ്യാജ ദേശീയതയും വ്യാജ രാജ്യസ്നേഹവുമാണ് ഇപ്പോൾ വളർത്തിയെടുക്കുന്നത്. 

ദേശീയഗാനത്തിന് എഴുന്നേറ്റ് നിൽക്കാത്തതിന് വീൽചെയറിൽ ഇരിക്കുന്നവരെപ്പോലും മർദിക്കുന്ന തരം രാജ്യസ്​നേഹം. ഗാന്ധിജിയെ കൊന്ന തോക്ക് ഇപ്പോഴും അവിടെത്തന്നെയുണ്ട്. അതാണ് അവസാനമായി കർണാടകയിൽ ഗൗരി ലങ്കേഷിനെ കൊന്നത്. ആ ഒരു ബോധം ഇന്നത്തെ എഴുത്തുകാർക്ക്  ഉണ്ടാകണം. മലയാള സാഹിത്യത്തിൽ ശക്തമായ പ്രതിരോധം തീർക്കുന്ന എഴുത്തുകാരുണ്ട്. എ​​​​​​െൻറ ചുവരിൽ നരേന്ദ്ര മോദിയുടെ ചിത്രമില്ലെന്ന് പത്മനാഭൻ ആർജവത്തോടെ പറഞ്ഞിട്ടുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം.ടിയും നിലപാട് വ്യക്തമാക്കുകയുണ്ടായി. സച്ചിദാനന്ദനുമുണ്ട്. അതേസമയം, വളരെ തന്ത്രപൂർവം മൗനം പാലിക്കുന്നവരുമുണ്ട്. ലാഭ നഷ്​ടം നോക്കി പ്രതികരിക്കാം എന്നതാണ് അത്തരക്കാരുടെ കാഴ്​ചപ്പാട്. എന്നാൽ, കേരളത്തിലെ ബഹുഭൂരിപക്ഷം എഴുത്തുകാരും ഫാഷിസത്തിന് എതിരുതന്നെയാണ്. 
മതത്തി​​​​​​െൻറ പേരിലായാലും രാഷ്​ട്രീയത്തി​​​​​​െൻറ പേരിലായാലും ഏത് തരത്തിലുള്ള ഫാഷിസവും എതിർക്കപ്പെടേണ്ടതാണ്. മതവികാരം വ്രണപ്പെടുത്തുന്നു എന്ന പേരിൽ പുസ്തകം നിരോധിക്കുന്നതിന് ഞാനെതിരാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ആൾക്കൂട്ടത്തി​​​​​​െൻറ ഭ്രാന്ത് കേരളത്തിലും വർധിച്ചു വരുന്നു. എത്ര പുരോഗമനം പറഞ്ഞാലും ഉള്ളി​​​​​​െൻറ ഉള്ളിലൊരു പഴഞ്ചൻ കേരളമുണ്ട്. 

എഴുത്തും വായനയും പ്രതിരോധമാകുന്ന കാലം

വായനപോലും പ്രതിരോധമാകുന്ന ഒരു കാലമാണിത്. എന്ത് ഭക്ഷിക്കണമെന്നും വായിക്കണമെന്നും എന്ത് വേഷം ധരിക്കണമെന്നും രാഷ്​ട്രീയ കക്ഷികളും മതസംഘടനകളും പറയുന്ന കാലത്ത് എഴുത്തും വായനയും പ്രതിരോധമാണ്. ഇന്നല്ലെങ്കിൽ നാളെ ഈ പ്രതിരോധം വിജയിക്കുകതന്നെ ചെയ്യും.  വലിയ ഭൂരിപക്ഷത്തിലല്ല സംഘ്​പരിവാർ അധികാരത്തിലെത്തിയത്. പ്രതിപക്ഷ പാർട്ടികളിലെ ഭിന്നതകൂടിയാണ് കാരണം. സി.പി.എമ്മിൽപോലും ഇവിടെ ഫാഷിസം വന്നോ ഇല്ലയോ എന്ന ചർച്ച നടക്കുന്നതിനിടയിൽ ആ കുറുവടി എ.കെ.ജി ഭവനിലും കയറിച്ചെന്നു. ഫാഷിസത്തിനെതിരെ ഒന്നിക്കേണ്ട സമയമാണിത്. അവിടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെക്കുക. മൗനം ഈ അവസരത്തിൽ ഒരു ക്രിമിനൽ കുറ്റമാണ്. 
പലർക്കും ഒരു ഇരട്ടത്താപ്പുണ്ട് എന്നത് ശരിയാണ്. ഭരിക്കുന്നത് ഇടതുപക്ഷമായതുകൊണ്ട് മിണ്ടാത്ത എഴുത്തുകാരുണ്ട്. അല്ലാത്തവരുമുണ്ട്. ഇപ്പോഴത്തെ ഇടതുപക്ഷം ഞാൻ സ്വപ്നം കാണുന്ന ഒന്നല്ല. എന്നാൽ, ഈ ഇടതുപക്ഷമുള്ളത് ആശ്വാസം തന്നെയാണ്, മറ്റൊരു ബദലില്ലാത്ത കാലത്തോളം. ഫെമിനിസത്തോടും പരിസ്ഥിതിയോടും ന്യൂനപക്ഷങ്ങളോടും കുറേക്കൂടി ആഭിമുഖ്യം കാണിക്കുന്ന ഇടതുപക്ഷമാണ് വരേണ്ടത്. 

Loading...
COMMENTS