പൊലീസുകാർ മാത്രം വിചാരിച്ചാൽ ഇത്രയൊക്കെ നടക്കുമോ കേരളത്തിൽ? കമൽസി ചോദിക്കുന്നു

  • ഭാര്യ പത്മപ്രിയയെ ആദിവാസി എന്ന് വിളിച്ചു, നഗ്നനാക്കി മുരിക്ക് മരത്തില്‍ നിന്ന് താഴേക്ക് ഇടണമെന്നും മറ്റുമായിരുന്നു എസ്.ഐയുടെ അവഹേളനം. ഇക്കാര്യം ഞാന്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടും പിന്നാക്ക വിഭാഗത്തിനെതിരെയുള്ള പീഡനത്തിന് കേസെടുത്തില്ല. എനിക്കെതിരെ എസ്.ഐ സ്വമേധയാ കേസെടുത്തപോലെ അയാള്‍ക്കെതിരെയും അത് ചെയ്യണമല്ലോ.

വി. സുധീര്‍
10:15 AM
22/12/2016

സാമൂഹ്യജീവി എന്ന നിലയില്‍ ഒരു എഴുത്തുകാരന്‍െറ ജീവിതം ഞൊടിയിടകൊണ്ട് വഴിമാറിയൊഴുകുന്നത് നേരിട്ടനുഭവിച്ചതിന്‍െറ ആളല്‍ മാറിയിട്ടില്ല. കമല്‍ സി. എന്ന കൊല്ലം സ്വദേശിയുടെ ഉള്ളില്‍ നിന്ന്. സംഘപരിവാര്‍ ഫാഷീസ്റ്റ് നയങ്ങളുടെ കാലത്ത് ദേശീയതയില്‍ നിന്നും ബഹിഷ്കൃതരാകുന്ന ‘ശശി’മാരുടെ ആശയത്തെ പ്രശ്നവത്ക്കരിച്ചതിന് ഒരു പകല്‍ മുഴവന്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നപ്പോള്‍ ഉണ്ടായ അനുഭവം രാജന്‍ കൊലക്കേസിന്‍െറ കാലത്തെ ഓര്‍മ്മപ്പെടുത്തി. കമലിന് മാത്രമല്ല മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഏതൊരുത്തന്‍െറയും ഉള്ളില്‍ പാളിയ തീയാണത്. യൗവനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക് വേണ്ടി ചിലവഴിച്ചതോടൊപ്പം വായനയും ചിന്തയും രൂപപ്പെടുത്തിയ വ്യക്തിത്വം ചോദ്യംചെയ്യപ്പെടുന്നതിന്‍െറ അവസാന ഉദാഹരണം. തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുകയും അപ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി നിര്‍ദേശിക്കുമ്പോള്‍ ഭരണഘടനാവകാശമെന്ന് കരുതി അതിനോടുള്ള പൗരന്‍െറ സ്വാഭാവിക പ്രതികരണമുണ്ടാക്കിയ അനുഭവങ്ങള്‍ ഉറപ്പിക്കുന്നു, നാമൊന്നും സ്വതന്ത്രരല്ലെന്നും ഏറെ അപരിഷ്കൃതമായ ജനാധിപത്യ വിരുദ്ധതയുടെ നടുക്കടലിലാണെന്നും ബോധ്യപ്പെടുത്തുന്നു. ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവലിലെയും ‘ശശിയും ഞാനും’ എന്ന എഴുതികൊണ്ടിരിക്കുന്ന നോവലിലെയും ചില ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ദേശീയഗാനത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡി.ഐ.ജി ക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമല്‍ എന്ന എഴുത്തുകാരന്‍െറ  കസ്റ്റഡി ജീവിതം. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വേണ്ടിയും പാര്‍ട്ടിക്ക് വേണ്ടിയും നിരവധി കേസുകളില്‍ അകപ്പെട്ട് ലോക്കപ്പില്‍ കഴിയേണ്ടി വന്ന കമല്‍ എഴുത്തിന്‍െറ പേരില്‍ ദേശദ്രോഹിയായതിനെക്കുറിച്ച് വിശദീകരിക്കുന്നു.

ആ ദിവസം യഥാര്‍ഥത്തില്‍ എന്താണ് കമലിന്‍െറ ജീവിതത്തില്‍ സംഭവിച്ചത്?
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ മകനും ഇടതുപക്ഷ പാര്‍ട്ടി അംഗത്വം നേടിയ വ്യക്തി എന്ന നിലയില്‍ മാത്രമല്ല എന്‍റെയൊന്നും ജീവിതകാലത്ത് എഴുത്തിന്‍റെ പേരില്‍ ഒരാള്‍ ദേശദ്രോഹിയാകുമെന്ന് കരുതിയിരുന്നില്ല. എന്‍െറ മരണശേഷമൊക്കെ ഉണ്ടാകുമെന്ന് മാത്രമായിരുന്നു വിചാരം. പക്ഷെ അങ്ങനെയൊന്നുമല്ല യാഥാര്‍ഥ്യം. കമ്മ്യൂണിസവും ഫാഷിസവും തമ്മില്‍ ഉള്ളടക്കത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം ഓര്‍മ്മപ്പെടുത്തുന്നത്. എന്‍െറ വൃദ്ധരായ അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലത്തെി പൊലീസ് പരിശോധിക്കുകുയും എന്തൊക്കെയോ പെറുക്കി കൊണ്ടുപോകുകയും ചെയ്തെന്ന് പരിശോധന കഴിഞ്ഞ ദിവസം വൈകുന്നേരം അമ്മ വിളിച്ച് പറഞ്ഞപ്പോഴാണ് അറിയുന്നത്.

കരുനാഗപ്പള്ളി എസ്.ഐയുടെ പെരുമാറ്റരീതിയെ കുറിച്ച് പരാതി നല്‍കിയല്ലോ. ജനമൈത്രിയും വിദ്യാഭ്യാസയോഗ്യതയും ചൂണ്ടിക്കാട്ടി കേരള പൊലീസിന്‍െറ സ്വഭാവ രീതിയെ കുറിച്ച് ഏറെ പ്രഘോഷിക്കുമ്പോഴാണല്ലോ ഇത്.

വീട്ടില്‍ പരിശോധന നടത്തിയത് സംബന്ധിച്ച് ചോദിക്കാനാണ് ഞാനാദ്യമായി എസ്.ഐയെ വിളിച്ചത്. പ്രശ്നമൊക്കെ നിന്നെ കൈയില്‍ കിട്ടുമ്പോള്‍ മനസിലാകുമെന്നായിരുന്നു എസ്.ഐയുടെ ആദ്യ പ്രതികരണം. അപ്പോള്‍ മര്യാദക്ക് സംസാരിക്കണമെന്നായി ഞാന്‍. എന്‍റെ വീട്ടില്‍ നിങ്ങള്‍ പോയതിനെ കുറിച്ച് സംസാരിക്കാനാണ് ഞാന്‍ വിളിച്ചത് അല്ലാതെ ഞാന്‍ തന്‍െറ വീട്ടില്‍ പോയതിനെ കുറിച്ച് സംസാരിക്കാനല്ല. നിന്നെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും കിട്ടിയിട്ടുണ്ട്. നിന്‍െറ വീട്ടില്‍ ഇനിയുംഞങ്ങള്‍ പോകുമെന്ന് എസ്.ഐ. അതെന്‍െറ വീടല്ല. അതുകൊണ്ട് ഇനി അങ്ങോട്ട് കയറരുതെന്നാണ് എന്‍െറ അപേക്ഷ. എന്‍െറ വീട് കുന്ദമംഗലത്താണ് എന്താവശ്യമുണ്ടെങ്കിലും അവിടെ വന്ന് കയറ് നിങ്ങള്‍. കേസ് എന്താണെന്ന് എനിക്കറിയില്ല. അതോടെ തലകാണില്ലെന്ന് ഭീഷണിപ്പെടുത്തി എസ്.ഐ. എനിക്ക് തലമാത്രമല്ളേ ഉള്ളൂ സാറിന്‍െറ തലയില്‍ തൊപ്പി കൂടെയുണ്ടല്ളോ എന്ന് ഞാന്‍ മറുപടി പറഞ്ഞു. അതോടെ എസ്.ഐ ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു.

അടിയന്തരാവാസ്ഥാ കാലത്ത് രാജനൊക്കെ സംഭവിച്ചതുപോലെയാണോ ഇതെന്ന് സശംയിച്ച് പോയി. ഈ കാലത്തും ഇങ്ങനെയൊക്കെ സംസാരിക്കുന്ന പൊലീസുകാരുണ്ടോ കേരളത്തില്‍. എനിക്കെതിരെ എന്തായരിക്കും എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. അടുത്തകാലത്തായി കേസുണ്ടാകുന്ന പ്രവര്‍ത്തനങ്ങളൊന്നും ഏര്‍പ്പെട്ടിട്ടില്ല എന്നൊക്കെ ചിന്തിക്കുകയായിരുന്നു. ഇതിനിടെ എസ്.ഐ വീണ്ടും വിളിച്ചു. നീയെന്നെ ഭീഷണിപ്പെടുത്തുകയാണോ എന്നായിരുന്നു ആദ്യ ചോദ്യം. ഇത്തവണ അല്‍പം മയത്തിലായിരുന്നു ഭാഷ. അപ്പോഴാണ് പറയുന്നത് ദേശീയഗാനത്തെയും ഭാരതത്തിന്‍െറ അഖണ്ഡതയെയും അവമതിക്കുന്ന കാര്യങ്ങള്‍ ചെയ്തതിനാണ് കേസെന്ന്. ദേശദ്രോഹമാണെന്നൊന്നും അപ്പോള്‍ പറഞ്ഞില്ല. യുവമോര്‍ച്ചയുടെ സംസ്ഥാന സമിതി നേതാവ് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പരാതി കൊല്ലം കമിഷണര്‍ക്കും അവിടെ നിന്നും ചവറ പൊലീസ് സ്റ്റേഷനിലേക്കുമാണ് എത്തേണ്ടത്. എന്നാല്‍ ചവറക്ക് പകരം കരുനാഗപ്പള്ളി പൊലീസിലോക്കാണ് പരാതിയത്തെിയത്. ആരുടെ നിര്‍ബന്ധമാണ് ഇതിന് പിന്നിലെന്ന് മനസിലാകുന്നില്ല. മാത്രമല്ല പിന്നീടൊരിക്കല്‍ എസ്.ഐ പറഞ്ഞത് സ്വമേധയാ കേസെടുത്തെന്നാണ്. ഇത് പരാതിക്കാരനെ സംരക്ഷിക്കാനാണ്. വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും എസ്.ഐ പറഞ്ഞു. അതൊക്കെ ആ കോടതിവിധിയുടെ സമയത്ത് ഇടുന്നതാണ്. അതിന് കേസെടുക്കാന്‍ മാത്രം പ്രാധാന്യമൊന്നുമില്ലല്ലോ എന്ന് ഞാന്‍ പ്രതികരിച്ചു. അപ്പോള്‍ അതുമാത്രമല്ല നിന്‍െറ വീട്ടില്‍ പോയി നോവലും എടുത്തിട്ടുണ്ട്. അതിനകത്തും ഉണ്ട് ഇത്തരം പരാമര്‍ശങ്ങള്‍. സാര്‍ മുഴുവന്‍ വായിച്ചോ എന്ന് ചോദിച്ചപ്പോള്‍ മൊത്തം വായിച്ചിട്ടില്ല എന്നായിരുന്നു മറുപടി. നോവലിലെ ആ ഭാഗം തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. നീ വന്നിട്ട് വേണം തെളിവെടുപ്പിന്‍െറ ഭാഗമായി വീട്ടില്‍ നിന്ന് ആ പുസ്തകം ഒന്നുടെ ഞങ്ങള്‍ എടുപ്പിക്കുമെന്നും എസ്.ഐ പറഞ്ഞു. ആവുന്നത് ചെയ്യാന്‍ പറഞ്ഞ് ആ സംഭാഷണം അസാനിപ്പിച്ചു. അമ്മയെ വിളിച്ച് പേടിക്കേണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

രാത്രി കരുനാഗപ്പള്ളി പൊലീസത്തെി മൊഴിയെടുക്കുന്നതിനിടെയാണ് എസ്.ഐ രജീഷ് വംശീയമായി അപമാനിച്ചത്. ഭാര്യ പത്മപ്രിയയെ ആദിവാസി എന്ന് വിളിക്കുകയും നഗ്നനാക്കി മുരിക്ക് മരത്തില്‍ നിന്ന് താഴേക്ക് ഇടണമെന്നും മറ്റുമായിരുന്നു ആ അവഹേളനം. ഇക്കാര്യം ഞാന്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടും എസ്.ഐക്കെതിരെ പിന്നാക്ക വിഭാഗത്തിനെതിരെയുള്ള പീഡനത്തിന് കേസെടുത്തില്ല. എനിക്കെതിരെ എസ്.ഐ സ്വമേധയാ കേസെടുത്തപോലെ അയാള്‍ക്കെതിരെയും അത് ചെയ്യണമല്ലോ. അതാണ് പട്ടിക ജാതി പട്ടിക വര്‍ഗ കമീഷനും പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിക്കും പരാതി നല്‍കിയത്.

മനോവിഭ്രാന്തി അനുഭവപ്പെടുകയും അതിനുള്ള മരുന്ന് കഴിച്ച് കൊണ്ടിരിക്കുകയുമായിരുന്നു എന്ന് പറഞ്ഞല്ലോ. എന്താണ് അതിന്‍റെ വിശദീകരണം.

അതിനു ശേഷം പൊലീസ് നിരീക്ഷണത്തിലാണെന്ന് എനിക്ക് വ്യക്തമായി. ഫോണ്‍ വിവരങ്ങള്‍ ടാപ്പ് ചെയ്യുകയും സ്ഥലം ലൊക്കേറ്റ് ചെയ്യുന്നതായും മനസിലായി. ഭരണകൂടത്താല്‍ നിരീക്ഷിക്കപ്പെടുന്നതിന്‍െറ സമ്മര്‍ദ്ദം നമ്മെ വല്ലാതെ അലട്ടും. ഇതിനിടെ പ്രസവത്തിനായി ഭാര്യയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുറേ ദിവസം അതിന്‍റെ പിറകിലായിരുന്നു.  പ്രസവം കഴിഞ്ഞ് അവരെ വീട്ടില്‍ കൊണ്ടുവിട്ട അടുത്ത ദിവസമാണ് അറിയുന്നത് എനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ്ചെയ്യാനുള്ള നീക്കമാണെന്ന്. ഇതുസംബന്ധിച്ച് കോഴിക്കോട് കമിഷണര്‍ ഓഫീസിലേക്ക് സന്ദേശം വന്നിട്ടുണ്ടെന്നവിവരം ലഭിച്ചു. ഇതോടെ ഉള്ളിലൊരു ആധി ഉയര്‍ന്നു. എല്ലാ സ്ഥലത്തും ഫോണ്‍ ഓഫാക്കി വെക്കാന്‍ തുടങ്ങി. നിരീക്ഷിക്കപ്പെടുന്നതിന്‍െറയൊരു പരിഭ്രമം ആകെ ചൂഴ്ന്നുതുടങ്ങി. ആകെ മാനസിക പരിഭ്രാന്തി. പ്രസവം കഴിഞ്ഞ ഭാര്യയുടെ കൂടെ ചിലവഴിക്കാനോ കുഞ്ഞിനെ കാണാനോ സാധിക്കുന്നില്ല. വീട്ടില്‍ നിന്ന് മാറി കാഴിക്കോട് തന്നെ മറ്റൊരിടത്തേക്ക് മാറിനില്‍ക്കാമെന്ന് തീരുമാനിച്ചു. ഈ സമയം വിവിധ ചാനലുകള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത വരികയും ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് കാണുമ്പോഴെല്ലാം ഞാന്‍ ഒളിവിലല്ലെന്ന് പൊലീസിന് മനസിലാകുമല്ലോ. അവര്‍ക്കെന്നെ വിളിച്ച് കൊല്ലം സ്റ്റേഷിലൊന്ന് വരണമെന്ന് പറഞ്ഞാല്‍ പോരെ. അത് ചെയ്യാതെ വളരെ നാടകീയമായി നീങ്ങുകയാണ് പൊലീസ്.

താമസിക്കുന്ന കുന്ദമംഗലം സ്റ്റേഷന്‍ പരിധിയില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അവിടെ അങ്ങനെയൊരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായി. പൊലീസിന്‍റെ പ്ളാനെന്തെന്ന് മനസിലായില്ല. പിന്നെയാണ് മനസിലായത് കോടതി അവധി സമയം നോക്കി കസ്റ്റഡിയിലെടുത്താല്‍ കൂടുതല്‍ സമയം ലഭിക്കാനുള്ള തന്ത്രമായിരുന്നെന്ന്. ഭാര്യക്ക് ഇന്‍ഫെക്ഷന്‍ കൂടിയപ്പോള്‍ ഡോക്ടറെ കാണിക്കേണ്ടി വന്നു. രാത്രിയില്‍ തന്നെ വന്ന് കുടുംബ ഡോക്ടറെ കാണിച്ച് തിരിച്ച് വീട്ടിലാക്കി. രാത്രിയായതിനാല്‍ ഇനി നാളെ പോകാമെന്ന ഭാര്യ നിര്‍ദേശിച്ചു. രാവിലെ എട്ടരയോടെ മനശാസ്ത്രജ്ഞന്‍ ഡോ. സുരേഷ്കുമാറിന്‍െറ എരഞ്ഞിപ്പാലത്തെ വീട്ടിലേക്ക് പുറപ്പെട്ടു. കുറിപ്പടിയും മറ്റുമായി ഡോക്ടറുടെ വീടിന് മുന്നിലത്തെിയപ്പോള്‍ നീയാണോ കമല്‍ എന്ന് ചോദിച്ച് രണ്ട് ബൈക്കുകള്‍ എനിക്ക് വട്ടം ചുറ്റി നിന്നു. യൂനിഫോമൊന്നുമില്ലാത്ത രണ്ടുപേര്‍ സിനിമയില്‍ കാണുന്നതുപോലെ വന്ന് തങ്ങള്‍ പൊലീസ് ആണെന്നും കസ്റ്റഡിയിലെടുക്കുകയാണെന്നും കാരണമറിയില്ലെന്നും പറഞ്ഞ് കമീഷണര്‍ ഓഫീസിലത്തെിച്ചു.

പൊലീസ് സ്റ്റേഷനിലെ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?

രാവിലെ ഒമ്പത് മുതല്‍ കമീഷണര്‍ വരുന്നത് വരെ ഓഫീസില്‍ ഇരുത്തി. വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചില്ല. പത്തരയോടെ കമീഷണര്‍ വന്ന് ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും പുസ്തകത്തെ കുറിച്ചും സംസാരിച്ചു. സമൂഹത്തിന് മാതൃകയാവേണ്ടവരല്ലേ എന്നിങ്ങനെ കുറേ ഉപദേശവും. ‘ശശിയും ഞാനും’ എന്ന നോവലില്‍ ശശി പറയുന്ന സംഭാഷണമാണിതെന്ന് ഞാന്‍ വിശദീകരിച്ചു. നോവലില്‍ ഞാന്‍ എന്ന കഥാപാത്രം ദേശസ്നേഹിയും ശശി ദേശദ്രോഹിയുമാണ്. എന്നെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല. ശശിയാണ് കുറ്റക്കാരന്‍ എന്നിനാല്‍ പുസ്തകം നിരോധിക്കേുകയാണ് ചെയ്യേണ്ടതെന്നും ഞാന്‍ പറഞ്ഞു. സൂക്ഷിക്കണമെന്നും ദേശീയഗാനത്തെ കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ എന്നായി കമിഷണര്‍. അത് ടാഗോര്‍ എഴുതിയ മഹത്തായ ജനഗണമനയല്ല. ഇത് പുതിയകാലത്തെ ശശിയെ പോലുള്ളവരുടെ ദേശീയഗാനമാണ്. പുതിയ രൂപത്തില്‍ അവരെ പുറത്താക്കിയിട്ട് ഉണ്ടാക്കുന്ന പുതിയ ദേശീയഗാനമെന്ന കാഴ്ചപാടിന്‍െറ അടിസ്ഥാനത്തിലാണ് നോവലിലെ സംഭാഷണം. അവരെല്ലാം ദേശീയഗാനത്തിന്‍െറ പുറത്താണ് അകത്തല്ല. അതുകൊണ്ട് അത്തരം ജീവിതങ്ങളോടൊപ്പം നില്‍ക്കുക എന്നതാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ ചെയ്തത്. ഇപ്പറഞ്ഞത് കമിഷണര്‍ക്ക് മനസിലായില്ല. പുതിയ ദേശീയഗാനമോ അതൊന്നും ചൊല്ലികേള്‍ക്കണമെന്ന് കമിഷണര്‍ പറഞ്ഞു. സംസാരം ആ രീതിയിലായതോടെ കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന് വ്യക്തമായി. കൊല്ലത്ത് നിന്നും പൊലീസ് വരുന്നതുവരെ നടക്കാവ് സ്റ്റേഷനില്‍ ഇരിക്കാനും തങ്ങള്‍ക്കിതില്‍ ഉത്തരവാദിത്തമില്ലെന്നും പറഞ്ഞു. 124 എ പ്രകാരമുള്ള കേസാണ്. കൊല്ലം പൊലീസിന് കൈമാറും. ജാമ്യം കിട്ടില്ല. കുറ്റത്തിന്‍െറ പ്രാധാന്യം അറിയാമോ. തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ തടവ് കിട്ടാം. നിന്‍റെ കുടുംബം അനാഥമാകില്ലേ. അവര്‍ ഇനി എങ്ങനെ ജീവിക്കും എന്നുള്ള വിരട്ടലുകളായിരുന്നു കമീഷണറുടെ വക.

ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നുവല്ലോ..

11 മണിയോടെ നടക്കാവ് സ്റ്റേഷനില്‍ കൊണ്ടിരുത്തി. രണ്ടു പൊലീസുകാര്‍ വന്ന് മെഡിക്കല്‍ പരിശോധന വേണമെന്ന് പറഞ്ഞു. കൊല്ലം യാത്ര ചെയ്യേണ്ടതാണ്. ഇവിടുന്നും അവിടുന്നും ചെയ്യണം. അങ്ങനെ ബീച്ചാശുപത്രിയില്‍ പോയി. എന്തെങ്കിലും തോന്നുന്നുണ്ടോ എന്ന് ഡോക്ടര്‍ ചോദിച്ചു. ഭീതിദമായ അവസ്ഥയിലാണ് ഞാന്‍. അതിന് ഡോക്ടറെ കാണാനാണ് ഞാന്‍ വന്നത്. ഭാര്യയുടെ പ്രസവവും മോളും ഇതിനിടെ പൊലീസ് പിടിച്ചാല്‍ എന്താകും ഇങ്ങനെയുള്ള ആധിയിലായിരുന്നു കുറച്ച് ദിവസങ്ങളായിട്ട്. കൈയില്‍ പൈസയില്ല, അഭിഭാഷകരുമില്ല. ഇതിനിടെ എന്ത് ചെയ്യണമെന്നറിയില്ല. ഈ അവസ്ഥയിലാണ് ഞാന്‍. ചിലസമയത്ത് ഹൃദയമിടിപ്പ് കൂടുന്നുണ്ട്. അത്തരം സമയങ്ങളില്‍ റിലാക്സ് ചയ്യാനുള്ള ക്ളോണാസിപം (Clonazepam) എന്ന ഗുളിക രണ്ടെണ്ണം കഴിച്ചിട്ടുണ്ടെന്നും ഞാന്‍ ഡോക്ടറോട് പറഞ്ഞു. പാനിക് അറ്റാക്കിന്‍െറ ടാബ്ലെറ്റ് കൊടുക്കണമെന്നും മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗത്തില്‍ കാണിക്കാനും ഡോക്ടര്‍ റഫര്‍ ചെയ്ത് പൊലീസുകാരോട്് നിര്‍ദേശിച്ചു. സൈക്യാട്രിസ്റ്റിനെ കാണിച്ചാല്‍ കൊല്ലത്ത് നിന്നും പൊലീസ് എത്തുമ്പോഴേക്ക് മാനസികാസ്വാസ്ഥ്യം കുറഞ്ഞാല്‍ അയാളെ അവര്‍ക്ക് കൊണ്ടുപോകാമല്ലോ എന്ന്  ഡോക്ടര്‍ പറഞ്ഞെങ്കിലും നടക്കാവ് പൊലീസ് അത് അവഗണിച്ചു. ആഹാരമെന്നും കഴിക്കാതെ കടുപ്പമേറിയ ഗുളിക മാത്രം കഴിച്ചുള്ള ഇരുപ്പ് രാവിലെ തുടങ്ങിയതാണ്. അടുത്തതെന്താകുമെന്ന അനിശ്ചിതത്വം മാത്രമാണ് മനസില്‍. ആശുപത്രിയില്‍ പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് കൊല്ലം പൊലീസ് അവിടെ എത്തിയിട്ട് ചെയ്തോളും എന്നായിരുന്നു മറുപടി.

ഡോ. സുരേഷിനെ കാണാനുള്ള സമയമെങ്കിലും അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും തന്നില്ല. മറിച്ച് നിനക്കെല്ലാം തരും ഒരു വിഷമവും ഉണ്ടാക്കില്ല എന്ന പരിഹാസരൂപേണയുള്ള മറുപടിയായിരുന്നു. അവിടെ ഇരുത്തി ഇരുത്തി രാത്രിയായി. ഇതിനിടെ സുഹൃത്തുക്കള്‍ വന്ന് സംസാരിക്കുന്നത് മാത്രമാണ് ആശ്വാസം. കരുനാഗപ്പള്ളിയില്‍ നിന്നും രണ്ട് പൊലീസുകാര്‍ ട്രെയിനില്‍ വരുന്നുണ്ട് എന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞെങ്കിലും വൈകുന്നേരം നാലായിട്ടും ആരുമത്തെിയില്ല. എസ്.ഐയും സംഘവും കാറിലാണ് വരുന്നതെന്നായിരുന്നു പിന്നെ പറഞ്ഞത്. ഓരോ തവണയും അഭിപ്രായം മാറുന്നതിനനുസരിച്ച് ഞാന്‍ കൂടുതല്‍ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. ഈ സമയത്ത് പൊലീസ് അനുവദിച്ചിട്ടും ഞാന്‍ പോകുന്നില്ല എന്ന വിധത്തിലായിരുന്നു ഇടത് മാധ്യമപ്രവര്‍ത്തകന്‍ പി.എം. മനോജിന്‍െറ ഫേസ്ബുക്ക് പോസ്റ്റ്. സാമൂഹ്യ മാധ്യമങ്ങളിലെ ഈ ചര്‍ച്ച കണ്ട സുഹൃത്ത് സുദീപ് അടുത്ത് വന്ന് അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോകാമെന്നും പറഞ്ഞു. എന്നാല്‍ പോകാമെന്ന് പറഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍ പൊലീസുകാര്‍ ചാടിവീണ് പിടിയും വലിയുമായപ്പോള്‍ ഞാന്‍ നിലത്തേക്ക് വീണു. ഇതിനിടെ പൊലീസ് ഗ്രില്‍സ് വലിച്ചടച്ചതോടെ പുറത്ത് നിന്നിരുന്ന സുഹൃത്തുക്കള്‍ പരിഭ്രാന്തരായി. കമലിന് എന്ത് സംഭവിച്ചു എന്നറിയാതെ വിഷമിച്ച സുഹൃത്തുക്കളുടെ ഇടയില്‍ നിന്ന് ഷഫീഖ് ബലം പ്രയാഗത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു. പിന്നെ അവനോടായി പൊലീസിന്‍െറ അതിക്രമം. അവനെതിരെയും പൊലീസ് കേസെടുത്തു.

രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. ഡിപ്രഷനുള്ള ക്ളോണോസിപം എന്ന ഗുളിക അഞ്ചെണ്ണം കഴിച്ചിരുന്നു അപ്പോഴേക്കും. അപ്പോള്‍ സമയം രാത്രി ഒമ്പത്. വീണ്ടും എന്നെയും കൊണ്ട് ബീച്ചാശുപത്രിയിലത്തെി പൊലീസ്. രാവിലെ നോക്കിയ അതേ ഡോക്ടറായിരുന്നു അപ്പോഴും. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും കൊണ്ടുപോകാത്തതിനെ കുറിച്ച് അദ്ദേഹം ചോദിച്ചെങ്കിലും പൊലീസ് എന്തോ പറഞ്ഞു ഒഴിഞ്ഞുമാറി. ഇതിനിടെ കരുനാഗപള്ളി എസ്.ഐയും സംഘവും ആശുപത്രിയിലത്തെിയിരുന്നു. കമലിനെ അടിയന്തരമായി മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന നിര്‍ദേശത്തോടെ ഡോക്ടര്‍ എന്നെ തിരിച്ചയച്ചപ്പോള്‍ സ്വകാര്യ വാഹനത്തിലേക്കായിരുന്നു പൊലീസ് കയറ്റിയത്. അതില്‍ കരുനാഗപ്പള്ളി എസ്.ഐയും സംഘവുമുണ്ടായിരുന്നു. അര്‍ധബോധാവസ്ഥയിലായിരുന്നു അപ്പോള്‍ ഞാന്‍. ഇതിനിടെ അദ്ദേഹം അശ്ളീലവും അസഭ്യവും പറഞ്ഞ് ഭീഷണി മുഴക്കികൊണ്ടിരുന്നു. നട്ടെല്ല് ഒടിക്കുമെന്നും ഭാര്യയുടെ ജാതിപ്പേരും പറഞ്ഞായിരുന്നു എസ്.ഐയുടെ പീഡനം.

ആരാണ് ഈ പരാതിക്ക് പിന്നിലെന്നാണ് കരുതുന്നത്, എസ്.ഐക്കോ മറ്റോ എന്തെങ്കിലും മുന്‍വൈരാഗ്യമുണ്ടാകുമോ‍?

മുന്‍വൈരാഗ്യത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. കമ്മ്യൂണിസവും ഫാഷിസവുമെല്ലാം ഉള്ളടക്കത്തില്‍ മാത്രമേ വ്യത്യസാമുള്ളൂ. പ്രയോഗതലത്തില്‍ എല്ലാം ഒന്നു തന്നെ. അത് തിരിച്ചറിഞ്ഞപ്പോഴാണ് എം.എന്‍. വിജയന്‍ മാഷിന്‍റെയും പാഠം സുധീഷിന്‍റെയുമൊപ്പം ഇടതുപക്ഷത്തെയും പിണറായി വിജയനെയും ഉള്‍പ്പെടെ രൂക്ഷമായി വിമര്‍ശിച്ചത്. പൂർവ വിദ്യാര്‍ഥി എന്ന നിലയില്‍ ഒരിക്കല്‍ സ്കുള്‍ ഓഫ് ഡ്രാമയില്‍ എത്തിയപ്പോള്‍ കേരളവര്‍മ്മയിലെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ആക്രമത്തിന് ഇരയായിട്ടുണ്ട്. ഇടതുപക്ഷക്കാരുടെ വൈരാഗ്യത്തിന് പാത്രമാകാന്‍ ഇത് കാരണമായിട്ടുണ്ടാകും.

നാട്ടിലായിരുന്നപ്പോള്‍ ഒറ്റ രാത്രി കൊണ്ട് ശിവസേനക്കാരുടെ കൊടിമരം പിഴുതെടുത്ത് അവിടെ ഡി.വൈ.എഫ്.ഐയുടേത് സ്ഥാപിച്ചതിന് അവര്‍ക്കും എന്നോട് വൈരാഗ്യം തോന്നിയിരിക്കും. ബധിരനും മൂകനുമായ ചേട്ടന്‍റെ മകനെ ആക്രമിച്ച ശിവസേനക്കാരനെ അവന്‍റെ വീട്ടില്‍ ചെന്ന് തിരിച്ചടിച്ചതിനാണോ ഇപ്പോഴുള്ള ഈ പകപോക്കല്‍ അറിയില്ല. ഇതിന്‍െറയൊക്കെ തുടര്‍ച്ചയായി എത്രയോ കാലം സംഘപരിവാറുകാര്‍ വടിവാളുമായി എന്നെ വെട്ടാന്‍ നടന്നിരുന്നു. അന്നൊക്കെ എന്തെങ്കിലും കേസുണ്ടായാല്‍ പാര്‍ട്ടി നേതാക്കള്‍ വിളിച്ച് പറഞ്ഞാല്‍ പൊലീസ് വിട്ടയക്കുമായിരുന്നു. അതുകൊണ്ടുതന്നെ നേതാക്കന്‍മാര്‍ക്ക് വേണ്ടി കുറേ വെട്ടാനും കുത്തിനുമെല്ലാം പോയിരുന്നു. ‘പാഠം’ കാലത്തിന് ശേഷം പിന്നീട് കമല്‍ സി. ചവറ എന്ന തൂലികാനാമം ഞാന്‍ ഉപയോഗിച്ചിട്ടില്ല. പുസ്തകത്തില്‍ പോലും ആ പേരല്ല ഉപയോഗിച്ചത്. ഇപ്പോഴാണ് വീണ്ടും ആ പേര് ഉയര്‍ന്നുവരുന്നത്. എന്തായിരിക്കും അതിന് കാരണം? പഴയ ശത്രുക്കളാണോ ഇതിന് പിന്നില്‍? മാത്രമല്ല കരുനാഗപ്പള്ളിയിലെ രജീഷ് എന്ന സബ്ഇന്‍സ്പെക്ടര്‍ക്ക് തന്നോട് പൂര്‍വ്വ വൈരാഗ്യം തോന്നാനുള്ള കാരണമെന്തെന്നുമറിയില്ല. യുവമോര്‍ച്ചയുടെ സംസ്ഥാന സമിതി അംഗം ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസുണ്ടായതെന്ന് എന്‍റെ അന്വേഷണത്തില്‍ മനസിലായി. പരാതിക്കാരനായ യുവമോര്‍ച്ച നേതാവിനെ സംരക്ഷിക്കാന്‍ വേണ്ടിയായിരിക്കും. ഇത്രയും വലിയൊരു കുറ്റം ചുമത്തി ആഴ്ചകളോളം നിരീക്ഷിച്ചും ഫോണ്‍ ടാപ്പ് ചെയ്തിട്ടും ആഭ്യന്തരമന്ത്രിയും ഡി.ജി.പിയും ഒന്നും അറിഞ്ഞില്ല എന്നത് എങ്ങനെ വിശ്വസിക്കും. സാധാരണ എസ്.ഐ വിചാരിച്ചാല്‍ ഇത്രയുമൊക്കെ നടക്കുമോ ഈ കേരളത്തില്‍‍? എന്‍റെ ജീവിതകാലത്ത് എഴുത്തിന്‍െറ പേരില്‍ കേരളത്തില്‍ ഒരാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് കരുതിയിരുന്നില്ല. വേറെ എന്തിന്‍െറ പേരിൽ ഉണ്ടായാലും എഴുത്തിന്‍െറ പേരില്‍ ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. എന്നാലും പാര്‍ട്ടി വിചാരിച്ചാലേ നാട് നന്നാകൂ എന്നുള്ള ശുഭാപ്തി വിശ്വാസിയുമാണ് ഞാന്‍’’.

COMMENTS