ആരാണ് ഇന്ത്യയെ വിറ്റ ആ ചാരന്‍?

14:38 PM
16/09/2018

1994 നവംബര്‍ 30 ന് ഒരു തീവ്രവാദിയുടെ വീട്ടിലേക്കെന്നപോലെ പൊലീസുകാര്‍ എന്‍െറ വീട്ടിലേക്ക് വന്നുകയറി. നിമിഷാർദ്ധത്തില്‍ ഞാന്‍ അറസ്റ്റുചെയ്യപ്പെട്ടു. മനസ്സില്‍ വേദന മുള്ളുകൾപോലെ കുത്തിനോവിക്കാന്‍ തുടങ്ങി. പുറപ്പെടുംമുന്നേ ഒന്നു തിരിഞ്ഞുനോക്കി, തളർന്ന് നിലത്തൂർന്നു വീഴുന്ന ഭാര്യയെയാണ് കണ്ടത്. പിന്നെ ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കാന്‍ ധൈര്യം അനുവദിച്ചില്ല. വാർത്തകളില്‍ നിറഞ്ഞുനിന്ന ചാരക്കേസിലെ പ്രതിയായി നിമിഷങ്ങൾക്കുള്ളില്‍ ഞാന്‍ മാറ്റപ്പെട്ടു.

പൂജപ്പുര ഗെസ്റ്റ് ഹൗസിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. അവിടത്തെ പ്രകാശം കുറഞ്ഞ മുറിയിലായിരുന്നു ചോദ്യംചെയ്യല്‍. ലോക്കപ്പില്ലാത്തതിനാല്‍ മനസ്സിന് കുറച്ച് സമാധാനം തോന്നി. പക്ഷേ, വൈകാതെ ആ സമാധാനം അവർതന്നെ  തകർത്തു. നാലഞ്ചുപേര്‍ ഒരുമിച്ച് മുറിയിലേക്ക് കയറിവന്നു. അവര്‍ ആവുന്നത്ര ശക്തിയില്‍ എന്നെ പൊലീസ് ഭാഷ പഠിപ്പിച്ചു. മർദ്ദനമേറ്റ് ശരീരം ചുവന്നുതടിച്ചു. അവരില്‍ ആരുടെയും പേരുകള്‍ എനിക്കറിയില്ല. അവര്‍ പൊലീസുകാരാണോ ഐ.ബി ഉദ്യോഗസ്ഥരാണോ, ഗുണ്ടകളാണോ എന്നറിയില്ല. അവര്‍ ആരാണെന്നുള്ള എന്‍െറ ചോദ്യങ്ങൾക്ക് അസഭ്യവർഷവും മർദ്ദനവും മാത്രമായിരുന്നു മറുപടി.

Nambi-narayanan

പ്രിൻസ്റ്റന്‍ യൂനിവേഴ്സിറ്റിയിൽനിന്ന് മികച്ച വിജയം നേടിയപ്പോള്‍, അമേരിക്കന്‍ സർക്കാര്‍ വെച്ചുനീട്ടിയ പൗരത്വവും നാസയിലെ ഉന്നതജോലിയും സായിപ്പിന്‍െറ മുഖത്തേക്ക് വലിച്ചെറിഞ്ഞുവന്ന എന്നെ ‘ആരുടെയോ വാടക ഗുണ്ടകള്‍’ രാജ്യദ്രോഹിയെന്ന് വിളിച്ചു. ചില്ലിക്കാശിന് രാജ്യത്തെ പരമോന്നത രഹസ്യങ്ങള്‍ കവർന്നു കടത്തിയ കള്ളനെന്ന് വിളിച്ചു, ഒക്കെയും കേട്ട് ഞാനവിടെ നിന്നു. മർദ്ദനവും ചോദ്യംചെയ്യലും മൂന്നുനാള്‍ പിന്നിട്ടു. 70 മണിക്കൂറിലധികം ഉണ്ണാതെ, ഉറങ്ങാതെ ഇരുന്നു. മൂന്നാം ദിവസം മാത്രമാണ് ഞാന്‍ ഒരു ഗ്ളാസ് വെള്ളം ചോദിച്ചത്. ‘‘നീ ഒരു തുള്ളി വെള്ളംപോലും അർഹിക്കുന്നില്ല’’ എന്നുപറഞ്ഞ് പൊലീസുകാരന്‍ എന്നെ ചവിട്ടി താഴെയിട്ടു. നിലത്തുനിന്ന് പതിയെ പതിയെ എഴുന്നേറ്റ് നിൽക്കാന്‍ ശ്രമിച്ചു. കാലുകള്‍ ശരീരത്തിന്‍െറ ഭാരം താങ്ങാന്‍ പാടുപെട്ടു. മണിക്കൂറുകള്‍ കടന്നുപോയപ്പോള്‍ ഞാന്‍ കുറച്ചുനേരം ഇരിക്കാന്‍ ഒരു കസേര ചോദിച്ചു. അപ്പോള്‍ മറ്റൊരാള്‍ വന്ന് എന്നെ നോക്കി പറഞ്ഞു: ‘‘ഈ രാജ്യത്ത് നിനക്കൊരു കസേരയില്ല. കാരണം, നീയൊരു ചാരനാണ്. രാജ്യത്തെ വിറ്റുതിന്ന നീചനായ മനുഷ്യന്‍.’’ അപ്പോള്‍ എന്‍െറ കണ്ണുകള്‍ നിറഞ്ഞില്ല, മനസ്സ് നീറിയില്ല, ശരീരം തളർന്നില്ല. പകരം ഉള്ളില്‍ വേഗതയുള്ളൊരു വൈദ്യുതി പ്രവഹിച്ചു. വിക്രം സാരാഭായിയും ഐ.എസ്.ആര്‍.ഒയും തന്ന കരുത്ത് മനസ്സില്‍ ഇരച്ചുകയറി. അന്നുവരെ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ കൃത്യമായ വിശ്വാസം ഉണ്ടായിരുന്നില്ല. കാരണം, അഹിംസകൊണ്ട് എതിർശക്തികളെ തോൽപ്പിക്കാനാകുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ, എന്‍െറ കാര്യത്തില്‍ അത് വിജയം കണ്ടു. പിന്നെ, ഞാന്‍ കസേര ചോദിച്ചില്ല, വെള്ളവും.!

വെള്ളം കുടിക്കാതെ, ഉണ്ണാതെ, ഉറങ്ങാതെ മണിക്കൂറുകള്‍ അടർന്നു മാറി. പലരും എനിക്കരികില്‍ വന്ന് അസഭ്യവർഷം നടത്തി മടങ്ങി. ഇതിനിടയില്‍ ഒരാള്‍ വന്ന് എനിക്ക് വെള്ളം വേണോ എന്ന് ചോദിച്ചു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. ഈ രാജ്യത്ത് വെള്ളവും ഇരിപ്പിടവും ഇല്ലാത്തവനാണെന്ന് പറഞ്ഞു. അയാള്‍ ചിരിച്ചു. ‘‘നിങ്ങള്‍ ഇത് സമ്മതിക്കുന്നു അല്ലേ’’ എന്നു പറഞ്ഞു. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. ചിരിച്ച മുഖം സങ്കടത്തെ തുടച്ചുമാറ്റി.!!

എന്‍െറ ഒരേതരത്തിലുള്ള നിൽപ്പ്  അപ്പോഴേക്കും എത്രയോ മണിക്കൂറുകള്‍ പിന്നിട്ടു. നാവുകള്‍ കുഴഞ്ഞ് ഉള്ളിലേക്ക് തളർന്നുറങ്ങി. കണ്ണുകൾക്ക് പ്രകാശത്തോട് പ്രതികരിക്കാനാകാതെയായി. കാലുകള്‍ നീരുകെട്ടി തടിച്ചുവീർത്തു. മരവിച്ച കാല്പാദത്തിലെ രക്തയോട്ടം നിലച്ചതുപോലെ തോന്നി. കാല്പാദങ്ങളിലൂടെ മരണത്തിന്‍െറ തണുപ്പ് പതിയെ മുകളിലേക്ക് കയറിവന്നു. അത് കാൽമുട്ടുകള്‍ കടന്ന് എന്‍െറ ശരീരത്തിലേക്ക് പടർന്നു കയറുന്നത് നിസ്സഹായനായി ഞാന്‍ നോക്കിനിന്നു. വിക്ഷേപണത്തറയില്‍ അവസാന പറക്കലിനായി കൗണ്ട്ഡൗണ്‍ കാത്ത് നിലയുറപ്പിച്ചു ഞാനും നിന്നു. ശൂന്യാകാശത്ത് എന്‍െറ കൈകളിൽനിന്ന് പറന്നുയർന്ന റോക്കറ്റുകള്ക്കൊപ്പം ജീവിക്കാന്‍ മനസ്സ് തയാറെടുത്തു. ഉടലില്‍ ജീവന്‍െറ ചെറിയ കണികമാത്രം അവശേഷിക്കുന്ന നിമിഷത്തെ ഞാന്‍ തിരിച്ചറിഞ്ഞു. പിന്നെ, എപ്പോഴോ നിലത്തേക്കൂർന്നു വീണു.

പെട്ടെന്ന് ആരൊക്കെയോ ഓടിവന്നു. അടുത്തുള്ള ആശുപത്രിയിൽനിന്ന് ഒരു ഡോക്ടറെ കൊണ്ടുവന്നു. എന്‍െറ ശരീരം ഒരു കട്ടിലിലേക്ക് കിടത്തപ്പെട്ടു. മനസ്സും ജീവനും പൂജപ്പുരവിട്ട് പുറത്തേക്ക് നടന്നുതുടങ്ങി. പൂജപ്പുരയിലെ കൃഷ്ണ ക്ളിനിക്കിലെ ഡോ.സുകുമാരനാണ് എന്നെ പരിശോധിക്കുന്നതെന്ന് അവരുടെ സംസാരത്തിൽനിന്ന് തിരിച്ചറിഞ്ഞു. ഈ ശരീരത്തില്‍ ഇനിയൊരു തലോടൽപോലും മരണമായി മാറുന്ന ആഘാതമാകാമെന്ന് ഡോക്ടര്‍ അവരോട് പറഞ്ഞു. അവര്‍ ഭയന്നുവിറച്ച് പിറുപിറുക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.!

Siby-Mathews

പിന്നെ രണ്ടുദിവസം ഇരുട്ടുമുറിയില്‍ എന്‍െറ ശരീരം മർദ്ദനത്തിന് വിധേയമായില്ല. കിടക്കവിട്ടുണരാന്‍ തോന്നിയപ്പോള്‍ ഞാനാദ്യം തിരക്കിയത് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.ഐ.ജി സിബി മാത്യൂസിനെയാണ്. എന്‍െറ ആവശ്യപ്രകാരം രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം കാണാനെത്തി. വന്നപാടെ അടിമുടി ഒന്നുനോക്കി ‘‘മിസ്റ്റര്‍ നമ്പി നിങ്ങള്‍ ഇത് ചെയ്യുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു.’’ ഇത്രയും പറഞ്ഞ് രണ്ടുമിനിറ്റ് നേരം അവിടെ ചെലവഴിച്ച് അദ്ദേഹം മടങ്ങി.

കേസ് സി.ബി.ഐക്ക് കൈമാറണം എന്ന് സർക്കാറിനോട് ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്‍െറ നിർദ്ദേശപ്രകാരം എന്നെ അറസ്റ്റുചെയ്യുന്നു. പിന്നെ, തടവറയെക്കാള്‍ ഭയാനകമായ ഇരുട്ടുമുറിയില്‍ കൊണ്ടുപോയി മർദ്ദിക്കുന്നു. മരിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഡോക്ടറെ വിളിക്കുന്നു. നിർബന്ധപ്പൂർവ്വം ആവശ്യപ്പെട്ടപ്പോള്‍ മാത്രം അന്വേഷണ ഉദ്യോഗസ്ഥന്‍ എനിക്ക് മുന്നിലെത്തുന്നു. കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങിയ എന്നെ കോടതി ഉത്തരവില്ലാതെ ആർക്കൊക്കെയോ ചോദ്യംചെയ്യാന്‍ വിട്ടുകൊടുത്തു. എനിക്കൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ചോദ്യംചെയ്യല്‍ തിരിച്ചുംമറിച്ചും നടന്നുകൊണ്ടേയിരുന്നു.

ഇരുട്ടുമുറിയില്‍ എനിക്ക് കസേര അനുവദിച്ചു. എന്നെ ചോദ്യംചെയ്യുന്ന മുറിയില്‍ മധ്യഭാഗത്തായി ഒരു കസേരയില്‍ ടെലിഫോണ്‍ സ്ഥാപിക്കപ്പെട്ടു. ചോദ്യംചെയ്യല്‍ തുടങ്ങിയതു മുതല്‍ അവസാനിക്കുംവരെ ആ ഫോണ്‍ ശബ്ദിച്ചില്ല. ഇടക്ക് പൊലീസുകാര്‍ എന്നവകാശപ്പെട്ട ഗുണ്ടകള്‍ ഫോണ്‍ പരിശോധിക്കുന്നത് എന്‍െറ ശ്രദ്ധയിൽപെട്ടു. അവരാ ഫോണിന്‍െറ റിസീവറില്‍ ഒളിപ്പിച്ച മൈക്കില്‍ എന്‍െറ സംഭാഷണം റെക്കോഡ് ചെയ്യുകയാണെന്ന് എനിക്ക് മനസ്സിലായി. വിദേശത്തടക്കം സഞ്ചരിച്ച് ഏറ്റവും ആധുനിക ടെക്നോളജി കാണാനും പഠിക്കാനും അവസരംകിട്ടിയ ശാസ്ത്രജ്ഞനായ എന്‍െറ മുന്നില്‍ അവര്‍ ഈ രഹസ്യറെക്കോർഡിങ് നടത്തിയപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. പിന്നീട് മണ്ടത്തങ്ങളുടെ ഘോഷയാത്രയായിരുന്നു ചോദ്യംചെയ്യല്‍ നാടകം.!

വൈകാതെ കേസ് സി.ബി.ഐ ഏറ്റെടുത്തു. അവരുടെ ഉദ്യോഗസ്ഥന്‍ ഒരു ശർമ്മ വന്നയുടന്‍ എന്നെ വിഷ് ചെയ്തു. പിന്നെ ഐ.ഡി കാർഡ് കാണിച്ച് അദ്ദേഹത്തിന്‍െറ പേരും സ്ഥാനവും പറഞ്ഞുതന്നു. ചോദ്യം ചെയ്യുന്നത് റെക്കോഡ് ചെയ്യുമെന്ന് അറിയിച്ചു. അത്ര മാന്യമായിട്ടായിരുന്നു അവരുടെ സമീപനം. റെക്കോഡ് ചെയ്യുന്നത് എനിക്ക് നല്ലതിനായതിനാല്‍ ഇരുകൂട്ടരേയും ഞാന്‍ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. സി.ബി.ഐ യുടെ ആദ്യ ചോദ്യംചെയ്യലിൽത്തന്നെ എന്‍െറ നിരപരാധിത്വവും, കേസ് വെറുമൊരു കെട്ടുകഥയാണെന്നുമുള്ള സത്യം തിരിച്ചറിഞ്ഞു.!

Nambi

റിമാൻഡ് ചെയ്യപ്പെട്ട ഞാന്‍ വിയ്യൂര്‍ ജയിലിലടയ്ക്കപ്പെട്ടു. അവിടെ ചെന്നുകയറുമ്പോള്‍ പ്രമാദമായ കേസുകളിലെ പ്രതിയായ റിപ്പര്‍ എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന കുപ്രസിദ്ധനായ വ്യക്തി എന്നോട് ചോദിച്ചു, ‘‘നിങ്ങളെയും അവര്‍ കള്ളക്കേസില്‍ കുടുക്കി അല്ലേ’’ എന്ന്. സത്യത്തില്‍ ആ സമയത്ത് എനിക്ക് ബോധ്യമായി, സത്യം പുറത്തുവരുകതന്നെ ചെയ്യും. അങ്ങനെ 50 ദിവസം ജയിലില്‍ കുറ്റവാളികൾക്കൊപ്പം ഞാനും ജീവിച്ചു. 18 വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നെങ്കിലും എന്നെ കള്ളനെന്ന് വിളിച്ചവര്‍ എനിക്ക് പൂമാല തന്നു. സമൂഹം ക്രിമിനലായി മുദ്രകുത്തിയ എനിക്ക് സ്നേഹം ലഭിച്ചുതുടങ്ങി...സന്തോഷിക്കുന്നു.!

കുഞ്ഞുന്നാളിലെ എന്‍െറ സ്വപ്നമായിരുന്നു ആകാശക്കാഴ്ചകള്‍. അതിരുകളില്ലാത്ത ആ വാനവിസ്മയത്തില്‍ പറന്നുകളിക്കാന്‍ ഒരുപാടുവട്ടം കൊതിച്ചു. വലിയ മലമുകളിൽനിന്ന് ചിറകുകൾ വളച്ചുകെട്ടി പറന്നുപറന്ന് താഴേക്ക് പോകാന്‍ കൊതിച്ചിരുന്നു. വലുതായപ്പോള്‍ ആ കിനാവ് കൂടിക്കൂടിവന്നു. അമ്മ ചോറുവാരിത്തരുമ്പോള്‍ പറഞ്ഞിരുന്നു, വേഗം കഴിച്ചാല്‍ അമ്പിളിമാമനെ പിടിച്ചുതരാമെന്ന്. ഞാന്‍ വളർന്നപ്പോള്‍ അമ്മയോട് പറഞ്ഞു, അമ്മക്ക് ഞാന്‍ അമ്പിളിമാമനെ പിടിച്ചുതരാമെന്ന്. അങ്ങനെ, ആ മോഹവുംകൊണ്ട് നേരെപോയി മെക്കാനിക്കല്‍ എൻജിനീയറിങ് പഠിച്ചു. ഉന്നത വിജയത്തോടെ പുറത്തിറങ്ങിയപ്പോള്‍ മനസ്സില്‍ ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു. ഐ.എസ്.ആര്‍.ഒ... ഇന്ത്യയുടെ ബഹിരാകാശകവാടം തുറക്കുന്ന ആ സ്വപ്നത്തിലേക്ക് ജീവിതം കാലെടുത്തുവെച്ചു. 25 ജീവനക്കാര്‍, വിശാലമായ തെങ്ങിന്‍ പുരയിടം, ഒരു ക്രിസ്ത്യൻപള്ളി, പിന്നെയൊരു പഴയ പള്ളിക്കൂടം, ഇത്രയുമായിരുന്നു അന്നത്തെ ഐ.എസ്.ആര്‍.ഒ.

1966 സെപ്റ്റംബര്‍ 12

എന്‍െറ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം. ഉള്ളിലെ സ്വപ്നക്കൂട്ടില്‍ സൂക്ഷിച്ചുവെച്ച ചിറകുകള്‍ എടുത്തണിഞ്ഞ് തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒയിലേക്ക് ഞാന്‍ പറന്നുകയറി. അവിടെ ആദ്യം ഒരു മീറ്റിങ് ആയിരുന്നു. ഞങ്ങള്‍ അഞ്ചുപേര്‍. എം.എ. അബ്ദുൾ മജീദ്, പി. സുധാകരന്‍, സി.ആര്‍. സത്യ, എ.പി.ജെ. അബ്ദുൽ കലാം, പിന്നെ ഞാന്‍. പുതിയ അഞ്ചു ശാസ്ത്രജ്ഞന്മാര്‍, ഞങ്ങള്‍ പരസ്പരം റോക്കറ്റിനെക്കുറിച്ച് സംസാരിച്ചിരിക്കുമായിരുന്നു. പുതിയ പുതിയ ആശയങ്ങള്‍ അവിടെ പിറവിയെടുത്തു. അടുത്തദിവസം മീറ്റിങ് കഴിഞ്ഞ് മറ്റുള്ളവര്‍ മടങ്ങിയപ്പോള്‍ ഒരാള്‍ എന്‍െറ ടേബ്ളിന്‍െറ അരികില്‍ വന്നുനിന്നു. ഞാന്‍ ശ്രദ്ധിക്കാതെ വരച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം എന്‍െറ വര ശ്രദ്ധിച്ചു നോക്കിനിന്നു. അദ്ദേഹത്തിന്‍െറ പിന്നില്‍ വിനയത്തോടെ കലാം സാര്‍ നിൽക്കുന്നുണ്ടായിരുന്നു. കുറേനേരം അവര്‍ മിണ്ടാതെതന്നെ നിന്നു. പിന്നെ, ഞാന്‍ മുഖമുയർത്തിയപ്പോള്‍ കലാം സാര്‍ പിന്നിൽനിന്ന് എന്നോട് എഴുന്നേൽക്കാ ന്‍ ആംഗ്യംകാണിച്ചു. അപ്പോള്‍ മുഖമുയർത്തിയ അദ്ദേഹം എന്നോടു പേര് ചോദിച്ചു. ഞാന്‍ തിരിച്ചും ചോദിച്ചു. വിനയത്തോടെ മറുപടി വന്നു: ‘‘എന്നെ ഇവര്‍ വിക്രം എന്നാണ് വിളിക്കുന്നത്.’’ ഞാന്‍ ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റു. കണ്ണുകള്‍ വിശ്വസിക്കാനാവാത്ത കാഴ്ചകണ്ടതിന്‍െറ വലയത്തിലാണ്ടുപോയി. മനസ്സിലെ ദൈവമായ വിക്രം സാരാഭായിയെ അങ്ങനെ ആദ്യം കണ്ടുമുട്ടി. പിന്നെ, ആ മനസ്സിന്‍െറ ഒപ്പം ഞാന്‍ യാത്ര തുടങ്ങി. ആ യാത്രതന്നെയാണ് ഇന്നത്തെ നേട്ടങ്ങളുടെ പട്ടികയില്‍ എന്നെയും ഉൾപ്പെടുത്താന്‍ കാരണം.!

ജോലികിട്ടി കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് അമേരിക്കയിലെ പ്രിൻസ്റ്റന്‍ യൂനിവേഴ്സിറ്റിയില്‍ എന്ട്രൻസ് പാസായത്. അന്ന് അവിടെ പഠിക്കാന്‍ അവസരം ലഭിക്കുക എന്നത് വലിയ ഭാഗ്യമാണ്. ആകെ 25 സീറ്റ്. 30 പ്രഫസർമാരാണ് ക്ളാസെടുക്കുന്നത്. ഈ 30 പേരും ലോകത്തിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞര്‍. അവരുടെ നിയമങ്ങള്‍, കണ്ടെത്തലുകള്‍, പുസ്തകങ്ങള്‍ എന്നിവയാണ് ലോകത്തെ ആയിരക്കണക്കിന് യൂനിവേഴ്സിറ്റികള്‍ പാഠപുസ്തകങ്ങളും സിലബസുകളുമാക്കുന്നത്. ആൽബർട്ട്  ഐൻസ്റ്റൈന്‍ ഈ സംഘത്തില്പെുട്ട അധ്യാപകനായിരുന്നു എന്നതുതന്നെ ആ യൂനിവേഴ്സിറ്റിയുടെ ഗുണനിലവാരത്തെ എടുത്തുപറയാന്‍ ഉപയോഗിക്കാം.!

അവിടെയാണ് ഞാന്‍ ദ്രവഇന്ധനം ഉപയോഗിച്ചുള്ള എൻജിന്‍ പ്രവർത്തനം പഠിച്ചത്. പിന്നെ, റോക്കറ്റ് സാങ്കേതികവിദ്യയും അവിടെ പഠനവിഷയമായിരുന്നു. പഠനം പൂർത്തിയാക്കി മികച്ച വിദ്യാർത്ഥിയായി പുറത്തിറങ്ങിയപ്പോള്‍ അമേരിക്കന്‍ സർക്കാര്‍ നേരിട്ടു ക്ഷണിച്ചു, ആ രാജ്യത്തെ പൗരനായിനിന്ന് അവരെ സേവിക്കാന്‍. നാസയില്‍ ഉയർന്ന ജോലി, വലിയ ശമ്പളം, സൗഭാഗ്യങ്ങള്‍ ഒക്കെ ഓഫറുകളായി വന്നു. ഒന്നും ഞാനെന്‍െറ ലക്ഷ്യത്തിന് മുന്നില്‍ തിളങ്ങുന്നതായി കണ്ടില്ല. വിക്രം സാരാഭായിയും ഐ.എസ്.ആര്‍.ഒയും മാത്രമായിരുന്നു എന്‍െറ കണ്ണിലെ കാഴ്ചകള്‍. മനസ്സില്‍ ഇന്ത്യയെന്ന സ്നേഹം മാത്രം. പിന്നെ ആലോചനകൾക്ക് സമയംകളയാതെ നാട്ടില്‍ പറന്നെത്തി. ഇന്ത്യയുടെ ആദ്യത്തെ ദ്രവ ഇന്ധന റോക്കറ്റ് നിർമ്മിച്ചു. അത് വലിയൊരു ചരിത്രംതിരുത്തി ഇന്ത്യയുടെ അഭിമാനം ബഹിരാകാശത്തെത്തിച്ചു. ലോകം അസൂയയോടെ ആ കാഴ്ച നോക്കിനിന്നു.

1966 സെപ്റ്റംബര്‍ 12 മുതല്‍ 1994 നവംബര്‍ 13 വരെ ആ മൂന്നു പതിറ്റാണ്ടുകാലം ഇന്ത്യയുടെ വളർച്ചക്കുവേണ്ടി ഉറങ്ങാതെ ജോലി ചെയ്തവനാണ് ഞാന്‍. 1966 മുതല്‍ എന്‍െറ കുടുംബജീവിതം അവതാളത്തിലായിരുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം ചെലവഴിക്കാന്‍ സമയം കുറവായിരുന്നു. ഏറെ സമയവും പ്രഫഷനല്‍ലൈഫില്‍ ആയിരുന്നു. രാജ്യവും രാജ്യത്തിന്‍െറ സ്വപ്നവുമായിരുന്നു മനസ്സിലുണ്ടായിരുന്ന ലക്ഷ്യങ്ങള്‍. 1994 നുശേഷം അതും തകർന്നു . 28 വർഷത്തെ ഔദ്യാഗിക ജീവിതത്തില്‍ നേടിയെടുത്തതെല്ലാം ഒരു നിമിഷംകൊണ്ട് തകർത്തെറിഞ്ഞു. ആർക്കുവേണ്ടിയാണ് പൊലീസ് എന്നെ ജയിലിലടച്ചതെന്ന് ഇന്നും എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം അറിയാം. കേസിൽപ്പെടുത്തിയ ഞാനും ശശികുമാറുമൊക്കെ കെട്ടിപ്പൊക്കിയ ശാസ്ത്രകൂടാരത്തിൽ നിന്നാണ് ഇന്ത്യ ആകാശത്തിനപ്പുറം പറന്നുയർന്നത്.

ഈ കള്ളക്കഥ വന്നതോടെ തകർന്നു  പോയത് അതാണ്. 30 വർഷത്തെ നേട്ടങ്ങൾകൊണ്ട് നമുക്ക് നേടാന്‍ കഴിഞ്ഞതെല്ലാം നിസ്സാരമായ നുണകൾകൊണ്ട് തകർന്നു വീണു. കോടികളുടെ നഷ്ടം രാജ്യത്തിനാണ്. രാജ്യത്തിന്‍െറ ടെക്നോളജി വികാസത്തെ തകർത്തു തരിപ്പണമാക്കിയവർ ഉത്തരം തന്നേ മതിയാകൂ, എന്‍െറ ഈ ഒമ്പതു ചോദ്യങ്ങൾക്ക്.

ചോദ്യം

ഒന്ന്,
തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത ക്രൈംനമ്പര്‍ 225/94, 246/94 എന്നീ കേസുകള്‍ അന്വേഷിക്കാന്‍ കേരള പൊലീസിന് സാങ്കേതികമായി തടസ്സമുണ്ടെന്ന് ഗവണ്മെ്ന്റിന്‍െറ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.ഐ.ജി സിബി മാത്യൂസ് അറിയിച്ചു.

1948 ലെ ഫോറിനേഴ്സ് ഓർഡറിലെ സെക്ഷന്‍ ഏഴു പ്രകാരവും, 1946 ലെ ഫോറിനേഴ്സ് ആക്ട് പ്രകാരവും വിദേശികള്‍ ഉൾപ്പെട്ട കേസ് ആയതിനാലും ഔദ്യാഗിക രഹസ്യനിയമപ്രകാരവും ചാർജ് ചെയ്ത കേസ് അന്വേഷിക്കാന്‍ കേരള പൊലീസിന് സംവിധാനങ്ങളില്ല. വിദേശരാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടി വരുമെന്നതിനാലും, ഇന്ത്യയിലെതന്നെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം തുടരേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു. അപ്രകാരം സംസ്ഥാന സർക്കാര്‍ കേന്ദ്ര ഗവണ്മെപന്റിന് അന്വേഷണ ഏജൻസിയെ ആവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തു.

1994 ഡിസംബര്‍ രണ്ടിന് ഇതനുസരിച്ചുള്ള നോട്ടിഫിക്കേഷന്‍ സർക്കാറിനുവേണ്ടി ഹോംസെക്രട്ടറി സി.പി. നായര്‍ പുറപ്പെടുവിച്ചു. 1994 നവംബര്‍ 30നാണ് സി.ബി.ഐക്ക് കേസ് കൈമാറണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റെക്കമെന്റ് ചെയ്തത്. അങ്ങനെ അന്വേഷണത്തിനായി കഴിവും പരിചയവും പൊലീസിന് കുറവുണ്ടെന്ന് കാണിച്ച് കത്തെഴുതിയവര്‍ എന്തിനാണ് സി.ബി.ഐ ഏറ്റെടുക്കുംമുന്നേ തിടുക്കത്തില്‍ കേസ് കൈമാറിയ ദിവസംതന്നെ എന്നെ അറസ്റ്റ് ചെയ്തത്? അന്ന് പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നെങ്കില്‍ കള്ളക്കേസായ ഇതില്‍ ഉൾപ്പെടുത്തി സി.ബി.ഐ എന്നെ അറസ്റ്റ് ചെയ്യില്ല എന്ന് ബോധ്യം ഉള്ളതുകൊണ്ടാണോ?

രണ്ട്,
കേരള പൊലീസിന്‍െറ ആവശ്യപ്രകാരം 1996 ജൂണ്‍ 27ന് പ്രസ്തുത കേസ് പുനരന്വേഷണം നടത്താന്‍ തീരുമാനിച്ച വിവരം കാണിച്ച് സർക്കാര്‍ ഉത്തരവിറങ്ങി. എന്നാല്‍, 1996 ജൂലൈ എട്ടിന് അതേ ഉത്തരവ് തിരുത്തി പുനരന്വേഷണം തുടര്‍ അന്വേഷണമാക്കി മാറ്റുകയും ചെയ്തു.

അന്വേഷിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കേന്ദ്രസംഘത്തെ ഏല്പിച്ച കേസ് പിന്നെയും ചോദിച്ചുവാങ്ങിയതെന്തിന്?

കേസ് അന്വേഷിക്കാന്‍ തക്ക സാങ്കേതികജ്ഞാനവും സൗകര്യങ്ങളും ഇല്ലെന്നുപറഞ്ഞ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ റെക്കമെന്റ് ചെയ്തവര്‍ എന്തുകൊണ്ടാണ് സി.ബി.ഐ കേസ് അന്വേഷിച്ച് സുപ്രീംകോടതിയില്‍ സത്യം തെളിയിച്ചപ്പോള്‍ വീണ്ടും അന്വേഷണത്തിന് സന്നദ്ധത കാട്ടിയത്.?!

അന്വേഷണത്തിന്‍െറ ഘട്ടത്തില്‍ RAW (റിസർച്ച് അനാലിസിസ് വിങ്) യിലെ ഉദ്യോഗസ്ഥര്‍ പാതിവഴിയില്‍ കേസ് നിർത്തിപ്പോയതെന്താണ്? കേസ് അന്വേഷിക്കാനോ ചോദ്യംചെയ്യാനോ അധികാരമില്ലാത്ത ഐ.ബി (ഇന്റലിജൻസ് ബ്യൂറോ) യെയും റോയെയും സഹായത്തിന് വിളിച്ചതെന്തിന്?!

മൂന്ന്
ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതിയായി എന്നെ അറസ്റ്റുചെയ്തു. ഞാന്‍ ഔദ്യാഗിക രഹസ്യങ്ങള്‍ ചോർത്തി വിറ്റുവെന്ന് ആരോപിക്കുമ്പോള്‍ എന്‍െറ വീട് സ്വാഭാവികമായും പരിശോധിക്കണം, കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന്. ഐ.എസ്.ആര്‍.ഒയുടെ സാങ്കേതികരഹസ്യങ്ങള്‍ ഞാന്‍ ചോർത്തിയതിന്‍െറ പേരില്‍, ഏതെങ്കിലും രേഖകള്‍ തിരക്കി നിങ്ങൾക്ക് വീട് റെയ്ഡ് ചെയ്യാമായിരുന്നു. എന്തുകൊണ്ട് എന്‍െറ വീട് റെയ്ഡ് ചെയ്തില്ല? അപ്പോൾത്തന്നെ അറിയാമായിരുന്നോ അവിടെയും എന്‍െറ കൈവശവും നിങ്ങള്‍ ആഗ്രഹിക്കുന്ന തെളിവുകള്‍ ഒന്നും ഉണ്ടാകില്ല എന്നകാര്യം?!

നാല്,
കേസിന്‍െറ പേരില്‍ അറസ്റ്റ് ചെയ്ത എന്നെ കോടതി അറിയാതെ അജ്ഞാതസംഘത്തിന് മർദ്ദിക്കാന്‍ വിട്ടുകൊടുത്തതെന്തിന്? കോടതി ഉത്തരവ് പൊലീസ് കസ്റ്റഡിയില്‍ വിടാനാണ്. ആ നിലയില്‍ പ്രവർത്തിക്കാതെ മറ്റ് ഏജൻസികളുടെ ആളുകൾക്ക് ‘കൈകാര്യം’ ചെയ്യാന്‍ വിട്ടുകൊടുത്തതിന്‍െറ ലക്ഷ്യം? പ്രതി ചേർക്കപ്പെട്ടയാളെ അങ്ങനെ വിട്ടുകൊടുക്കാന്‍ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്? ആരുടെ ഉത്തരവ് അനുസരിച്ചാണ് ആ നടപടി ഉണ്ടായത്? അന്ന് ഇരുട്ടുമുറിയിൽവച്ച് ക്രൂരമായി തല്ലിച്ചതച്ചവര്‍ ആരാണ് പൊലീസുകാരോ, ഐ.ബി ഉദ്യോഗസ്ഥരോ അതോ വാടകഗുണ്ടകളോ? എന്തായാലും അത് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അഞ്ച്,
കുറച്ചു വർഷങ്ങൾക്കുമുമ്പ് ഇറങ്ങിയ ഒരു പുസ്തകമുണ്ട്- ബ്രയാന്‍ ഹാര്വിയുടെ ‘Russia In space, The failed Frontier’. ഇതില്‍ പറയുന്നുണ്ട്, ഐ.എസ്.ആര്‍.ഒ ചാരക്കേസ് സി.ഐ.എയുടെ അറിവോടെ നടന്ന നാടകമാണെന്ന്. സി.ഐ.എ പോലൊരു ഏജൻസിക്ക് ഇടപെടാന്‍ തക്കവിധം ഈ കേസിനെ വഴിതെറ്റിച്ചത് കേരള പൊലീസ് അല്ലേ? പൊലീസിന്‍െറയോ ഇന്റലിജൻസ് വിഭാഗത്തിന്‍െറയോ തലപ്പത്തുള്ള ആരോ ഒരാള്‍ സി.ഐ.എയുടെ ഏജന്റായിരുന്നിരിക്കണം. അന്ന് ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രരംഗം തകർത്തെറിയാന്‍ സി.ഐ.എയുടെ പങ്ക് പറ്റിയതാരാണ്? ആരാണ് ഇന്ത്യയെ വിറ്റ യഥാർത്ഥ ചാരന്‍?

ആറ്,
മലയാളപത്രങ്ങളിലും മറ്റ് ഭാഷാ പത്രങ്ങളിലും കേസ് സംബന്ധിച്ചു വന്ന വാർത്തകള്‍ എല്ലാം ഒരുപോലെയായിരുന്നു. ഒരു പ്രത്യേക സ്ഥലത്തിരുന്ന് ഒരാള്‍ വിളിച്ചുപറയുന്നതുപോലെ തോന്നിപ്പിക്കുന്നതായിരുന്നു. ആരുടെ നിർദേശപ്രകാരമായിരുന്നു പത്രങ്ങൾക്ക് അന്വേഷണത്തിന്‍െറ ഉത്തരവാദിത്തം ഉള്ളവര്‍ വാർത്തകള്‍ നല്കിയത്? ഇത്രയും രഹസ്യസ്വഭാവമുള്ള കേസ് അന്വേഷിക്കേണ്ട രീതിയിലായിരുന്നോ അന്വേഷണം നടത്തിയത്? അന്വേഷണത്തിന്‍െറ ലക്ഷ്യം സർക്കാറിനെ അട്ടിമറിക്കലോ ഐ.എസ്.ആര്‍.ഒയെ തകർക്കലോ ആണെന്ന് സംശയിക്കുന്നു. ഈ രണ്ടു കാര്യവും ഫലത്തില്‍ നടക്കുകയും ചെയ്തു. ആരാണ് ഈ ഗെയിം കളിക്കാന്‍ പൊലീസിലെ തലപ്പത്തുള്ളവർക്ക് പന്തെറിഞ്ഞുകൊടുത്തത്?

ഏഴ്,
ഇത്രയും വലിയ ഒരു കേസ് അന്വേഷിക്കാന്‍ തുടങ്ങുമ്പോഴോ സി.ബി.ഐക്ക് കൈമാറുമ്പോഴോ ഏതെങ്കിലും തരത്തിലുള്ള മെറ്റീരിയല്‍ എവിഡൻസ് നിങ്ങൾക്ക് കിട്ടിയോ? ബംഗളൂരുവിലെ ചന്ദ്രശേഖറിന്‍െറ വീട്ടില്‍ കണ്ടെത്തിയ റോക്കറ്റിന്‍െറ പ്ളാസ്റ്റിക് കളിപ്പാട്ടവും, പി.എസ്.എല്‍.വിയുടെ ഫോട്ടോഗ്രാഫും, ഐ.എസ്.ആര്‍.ഒ കലണ്ടറും അല്ലാതെ എന്ത് തെളിവാണ് കേസില്പെട്ടവരിൽനിന്ന് കണ്ടെടുത്തത്?!

എട്ട്,
പൊലീസ് ചോദ്യംചെയ്യല്‍ വേളയിലാണ് ഞാന്‍ മറിയം റഷീദയെ ആദ്യമായി കണ്ടത്. അവർക്ക് കൈമാറി എന്നുപറയുന്ന സാങ്കേതിക വിദ്യ എന്താണ്? ക്രയോജനിക് സാങ്കേതികവിദ്യ വിറ്റു എന്നാണ് ഒരു ആരോപണം. മീൻകുട്ടയിൽവച്ച് കടത്താവുന്നതാണോ റോക്കറ്റിന്‍െറ സാങ്കേതികവിദ്യ? ഇല്ലാത്ത സാങ്കേതികവിദ്യ കോടികൾക്ക് ശത്രുരാജ്യത്തിന് വിറ്റു എന്നുപറയുമ്പോള്‍ ആ സാങ്കേതികവിദ്യ നമ്മുടെ രാജ്യത്തിന് സ്വന്തമായി ഉള്ളതാണോ എന്ന് അന്വേഷിക്കേണ്ട സാമാന്യബുദ്ധി പാലിക്കേണ്ടിയിരുന്നില്ലേ? അതൊന്നും ചെയ്യാതെ ആഘോഷംപോലെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹിയും കള്ളനുമാക്കി മാറ്റിയതിനുപിന്നില്‍ ആരാണ് പ്രവര്ത്തി ച്ചത്?

ഒമ്പത്,
സി.ബി.ഐക്ക് കൈമാറിയിട്ടും തിടുക്കത്തില്‍ അറസ്റ്റ് ചെയ്ത എന്നെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് എത്ര സമയമാണ് ചോദ്യം ചെയ്തത്? ഒറ്റവാക്കില്‍ ഒതുങ്ങുന്ന ഒരു ചോദ്യമായിരുന്നെങ്കില്‍ അതിനായി അറസ്റ്റ് ചെയ്യണമായിരുന്നോ?

ഒരു ഫോണ്‍ കാള്‍ ചെയ്താല്‍ സ്റ്റേഷനില്‍ ഹാജരാകുമായിരുന്ന എന്നെ, മുൻകാല ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത എന്നെ അറസ്റ്റ് ചെയ്തേ മതിയാകൂ എന്ന് തീരുമാനിക്കാന്‍ കേരള പൊലീസിന് എന്തായിരുന്നു അത്യാവശ്യം? സി.ബി.ഐക്ക് കൈമാറിയ കേസില്‍ പ്രതിചേർക്കപ്പെട്ട ഞാന്‍ രാജ്യംവിട്ടുപോകുമെന്ന ഭയമാണോ അതോ മറ്റേതെങ്കിലും ചേതോവികാരമുണ്ടായിരുന്നോ എന്‍െറ ജീവിതംതുലയ്ക്കാന്‍ പൊലീസിന്?

ഭരണവർഗവും ശിങ്കിടികളും ചേർന്ന് ജീവിതം തല്ലിത്തകർത്ത ഒരു പൗരന്‍ ചോദിക്കുന്ന സാധാരണ ചോദ്യങ്ങള്‍ മാത്രമല്ലിത്. ഒരു ഗൂഢാലോചനാ സംഘം ആരുടെയോ അജണ്ടകള്‍ നടപ്പാക്കാന്‍ ക്രൂരമായി ചവച്ചുതുപ്പിയ മനുഷ്യന്‍െറ അവകാശങ്ങളുടെ ചോദ്യമാണ്. ഇതിന് ഉത്തരംനൽകാതെ ഒഴിഞ്ഞുമാറാനാകില്ല, ഒരു സർക്കാറിനും ഒരു സംവിധാനത്തിനും.

ഈ മനുഷ്യനെ നശിപ്പിക്കുന്നതിലൂടെ രാജ്യത്തിനുതന്നെ കനത്ത നഷ്ടംവരുത്തിയവര്‍ അവർക്ക് കിട്ടിയ വിശിഷ്ട സേവനത്തിന്‍െറ സുവർണപ്പതക്കങ്ങള്‍ മടക്കിനൽകി രാജ്യത്തോട് നീതികാണിക്കണം.!!

----

Nambinarayanan

രണ്ടു പതിറ്റാണ്ടുകാലം വാർത്തകളില്‍ നിറഞ്ഞുനിന്ന ആ മുഖത്ത് വേദനയുടെ ദൈന്യതയായിരുന്നില്ല. വരാൻപോകുന്ന കോടതിവിധിക്കുശേഷം എല്ലാം തുറന്നുപറയണമെന്ന തന്‍േറടമാണ് ആ മുഖത്ത് കണ്ടത്. തന്‍േറതുൾപ്പടെ നിരവധി പേരുടെ ജീവിതം ചവച്ചുതുപ്പിയ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ ഈ വിധമാക്കിയ പൊലീസ്-രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കെതിരായി സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ആരോടും വ്യക്തിപരമായോ രാഷ്ട്രീയപരമായോ വിരോധമില്ലെന്നും പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമീഷന്‍െറ വിധിയെ ശരിവെച്ചുകൊണ്ട് ഹൈകോടതി വിധിവന്നപ്പോള്‍ വീണ്ടും ചെന്നുകണ്ടു. അപ്പോഴും ആ മുഖത്ത് പറന്നുയരാന്‍ കൊതിക്കുന്നൊരു റോക്കറ്റിന്‍െറ ആവേശമുണ്ടായിരുന്നു. വിധിയെ സ്വാഗതം ചെയ്തു, ഒപ്പം നീതിപീഠത്തിന്‍െറ വിശ്വാസ്യതയില്‍ ആത്മവിശ്വാസവും അഭിമാനവും പ്രകടിപ്പിച്ചു. പിന്നെ തെല്ലുനേരം മൗനത്തിലിരുന്നു...! യാത്ര പറഞ്ഞപ്പോഴും വേദനയോടെ ചിരിക്കുക മാത്രം ചെയ്തു..!!

അന്നത്തെ കെ. കരുണാകരൻ സർക്കാറിനെ അട്ടിമറിക്കാന്‍ പാർട്ടിക്കുള്ളിൽനിന്നുതന്നെ പുറത്തുവന്ന ഭൂതമായിരുന്നോ ചാരക്കേസ്? അതോ ഐ.എസ്.ആര്‍.ഒയെ തകര്ത്ത് ബഹിരാകാശരംഗത്തെ ഇന്ത്യയുടെ വളർച്ചയെ തകിടംമറിക്കാനാണോ കേസ് കൊണ്ടുവന്നത്? ഈ സംശയങ്ങൾക്കു കൂടി പൊതു ജനങ്ങൾക്ക് മറുപടി കിട്ടേണ്ടതുണ്ട്.

ജനങ്ങളുടെ നികുതിപ്പണം പിരിച്ച് കേസ് നടത്താനും തോറ്റപ്പോൾ നഷ്ടപരിഹാരം നൽകാൻ ആ നികുതിപ്പണം തന്നെ ഈടാക്കാനും ഇടയായ സാഹചര്യത്തിലേക്കാണ് ഇനി അന്വേഷണം പോകേണ്ടത്. രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിപ്പിന്റെ മുനയൊടിച്ച് ഈ കള്ള നാടകത്തിന്റെ തിരക്കഥയെഴുതിയവർ ഓർക്കുക, കാലം നിങ്ങൾക്കു മാപ്പുതരില്ല.

(നമ്പി നാരായണനുമായി സംസാരിച്ച് ജി. പ്രജേഷ് സെൻ തയാറാക്കിയ മറു ചോദ്യങ്ങൾ എന്ന കുറിപ്പ്. ഇത് 2012 ഒക്ടോബർ 1ന് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് മീഡിയാവൺ ചാനലിലും നമ്പിയുടെ അഭിമുഖം വന്നു.ഇതോടെയാണ് ISRO ചാരക്കേസും നമ്പി സർ എന്ന മനുഷ്യനും വീണ്ടും ചർച്ചകളിലേക്കു വരുന്നത്. പിന്നീട് നമ്പി നാരായണന്റെ ആത്മകഥ 'ഓർമകളുടെ ഭ്രമണപഥം' പ്രജേഷ് സെൻ തയാറാക്കി.)

Loading...
COMMENTS