Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightTalkschevron_rightഎന്‍റെ വിമര്‍ശം ഇന്നും...

എന്‍റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു-എം.സുകുമാരൻ

text_fields
bookmark_border
എന്‍റെ വിമര്‍ശം ഇന്നും  നിലനില്‍ക്കുന്നു-എം.സുകുമാരൻ
cancel

കുന്നിന്‍ചരിവില്‍ വസന്തം അവസാനിച്ചതോടെ എന്‍െറ മനസ്സിന്‍െറ സ്വസ്ഥത പൂര്‍ണമായും നശിച്ചുകഴിഞ്ഞിരുന്നു. മുമ്പൊരിക്കലും ഒരു ഋതുപരിണാമം എന്നെ ഇത്രയധികം നൊമ്പരപ്പെടുത്തിയിട്ടില്ല. സുരക്ഷിതത്വത്തിന്‍െറ കുരുവിമുട്ടകളുടഞ്ഞ വഴുവഴുപ്പില്‍ എന്‍െറ മനസ്സ് തെന്നിവീണു... ഞാന്‍ സ്വയം സൃഷ്ടിച്ച ഏകാന്തതയില്‍ മസ്തിഷ്കം ഒരു പടുകൂറ്റന്‍ യന്ത്രംപോലെ പ്രവര്‍ത്തിച്ചു - അനുയായി എന്ന കഥയില്‍ സുകുമാരന്‍ എഴുതിയതുപോലെ ജീവിതം കഥയായി മാറി.

ഉള്ളു നീറിക്കഴിയുന്നവരുടെ ഹൃദയത്തുടിപ്പുകളാണ് സുകുമാരന്‍െറ കഥകള്‍. അനീതിയുടെ പീഡിതാവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ നിസ്സഹായത ഈ കഥാകാരന്‍െറ രചനകളിലുണ്ട്. ‘‘കടലിന്‍െറ ഉപരിതലത്തിലേക്കത്തെുന്നതിനു മുമ്പായി, ഒരു നേര്‍ത്ത നിമിഷത്തില്‍ ഞാനിത്രയും കേട്ടു, നീന്തി രക്ഷപ്പെടുക. പടിഞ്ഞാറ് അതിശക്തമായ അടിയൊഴുക്കുണ്ട്. ആ വഴി മാത്രം പോകരുത്’’ (‘തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്’ -കഥ). ഇങ്ങനെ ജീവിതത്തിലും ചുറ്റുപാടിലും പതിഞ്ഞിരിക്കുന്ന അടിയൊഴുക്കുകളിലേക്ക് വായനക്കാരനെ നടത്തിക്കുകയാണ് സുകുമാരന്‍. മലയാളകഥയില്‍ ചുവപ്പിന്‍െറ രാശി തെളിഞ്ഞുനില്‍ക്കുന്ന കഥകളാണ് സുകുമാരന്‍േറത്. സമൂഹത്തിന്‍െറ പുറമ്പോക്കിലും അടിത്തട്ടിലും ഞെരിയുന്ന മനുഷ്യരെയാണ് സുകുമാരന്‍ അവതരിപ്പിച്ചത്.
മലയാളകഥയുടെ പതിവുശീലങ്ങളെ ചോദ്യംചെയ്താണ് 1960കളുടെ മധ്യത്തില്‍ എം. സുകുമാരന്‍ കഥയുടെ പ്രമേയങ്ങളിലും രചനാസങ്കേതങ്ങളിലും മാറ്റങ്ങളുണ്ടാക്കിയത്. കഥകള്‍ രാഷ്ട്രീയ പ്രസ്താവങ്ങളും സാമൂഹിക വിമര്‍ശ നിലപാടുകളുമായി മാറി. ചരിത്രബോധത്തിന്‍െറയും പ്രത്യയശാസ്ത്രധാരണകളുടെയും ഇഴകള്‍ ചേര്‍ന്ന കഥകളായിരുന്നു അവ. മലയാളകഥയില്‍ മാര്‍ക്സിയന്‍ ആശയാഭിമുഖ്യം അടയാളപ്പെടുത്തിയ സുകുമാരന്‍, കീഴാളജീവിതത്തിന്‍െറ ചുവന്ന സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയാദര്‍ശത്തോടൊപ്പം വിമര്‍ശത്തിന്‍െറ മുനയും കഥകളില്‍ കരുതിവെച്ചു. വിശ്വാസനഷ്ടം ജീവിതനഷ്ടംതന്നെയാണെന്ന് ഓര്‍മപ്പെടുത്തി സുകുമാരന്‍ എഴുത്തുശീലങ്ങളില്‍നിന്ന് മൗനത്തിലേക്ക് വഴിമാറി. അനിവാര്യമായ നിശ്ശബ്ദതയും ദീര്‍ഘമൗനവും സുകുമാരന്‍െറ രചനാജീവിതത്തിന്‍െറ ഭാഗമായി. ഏകാന്തതയുടെ ലോകത്ത്, ആഘോഷങ്ങളില്‍നിന്നും അഭിമുഖങ്ങളില്‍നിന്നും അകന്ന് ജീവിച്ചു.

എം. സുകുമാരനും എം. മുകുന്ദനും
 

തിരുവനന്തപുരത്ത് പടിഞ്ഞാറെകോട്ടയില്‍ ചെറിയ ഫ്ളാറ്റില്‍ എം. സുകുമാരനെ ആദ്യമായി കാണുന്നത് 1990കളിലാണ്. ‘ശേഷക്രിയ’യും ‘തിത്തുണ്ണി’യും ‘സംഘഗാനവും’ ‘ചരിത്രഗാഥ’യും ‘തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്കും’ ‘രഥോത്സവവും’ ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങളും’ മറ്റും വായിച്ച ആവേശത്തില്‍ കഥാകാരനെ ചെന്നുകണ്ടു. അദ്ദേഹത്തെ കാണാനത്തെുമ്പോള്‍ മുഖവുരയുടെ ആവശ്യമുണ്ടായിരുന്നില്ല. വെളുക്കെ ചിരിച്ച് എതിരേല്‍ക്കുന്ന പ്രകൃതം. മനസ്സ് സ്നേഹത്തണലിന്‍െറ നനവ് അനുഭവിക്കുന്ന നിമിഷങ്ങള്‍. അതേ ഫ്ളാറ്റില്‍ കാല്‍നൂറ്റാണ്ടിനുശേഷം സുകുമാരനെ കാണുമ്പോഴും അദ്ദേഹത്തിന്‍െറ ജീവിതത്തില്‍ സാരമായ മാറ്റമൊന്നുമില്ല. അസുഖത്തിന്‍െറ ബുദ്ധിമുട്ട് നേരിയതോതില്‍ അലോസരപ്പെടുത്തുന്നു. വായന അല്‍പം കുറഞ്ഞു. എല്ലാ പ്രതിസന്ധികളോടും പൊരുതിയും അകലംപാലിച്ചും ജീവിതം മുന്നോട്ടുപോകുന്നു. എങ്കിലും വ്യക്തിജീവിതത്തെപ്പറ്റി സംസാരിക്കുന്നതില്‍ പതിവുപോലെ അല്‍പം വിമുഖത. വിളിച്ചുപറയാവുന്ന സംഭവങ്ങളോ കയറ്റിറക്കങ്ങളോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരാള്‍ക്ക് എന്താണ് പറയാനുള്ളത്, സുകുമാരന്‍ തിരിച്ചു ചോദിക്കുന്നു. ഒരു ചിരിയില്‍ തന്നെപ്പറ്റിയുള്ള ചരിത്രം അദ്ദേഹം ഒളിപ്പിച്ചുനിര്‍ത്തുന്നു. ‘‘എഴുത്തുകാരനെ വിട്ട്, രചനകളെ വായിക്കുക, എഴുതുക’’, സുകുമാരന്‍ സൗമ്യമായി പറയുന്നു.

മലയാളസാഹിത്യത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും ചരിത്രത്തിന്‍െറ ഭാഗമായ എം. സുകുമാരന്‍ പാലക്കാട്ടുകാരനാണ്. ചിറ്റൂര്‍ സ്വദേശിയായ സുകുമാരന്‍ തിരുവനന്തപുരത്തെ ഏജീസ് ഓഫിസില്‍ ഉദ്യോഗസ്ഥനായി. തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍, സംഘാടകന്‍. ചെറുപ്പത്തിലേ വായനയില്‍ അതിയായ കമ്പം. കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള കൂറ് എഴുത്തിലും ജീവിതത്തിലും വെച്ചുപുലര്‍ത്തുമ്പോഴും അധികാരസ്ഥാനങ്ങളില്‍നിന്ന് അകലംപാലിച്ചുകഴിഞ്ഞു. ഒരു വേദിയിലും പ്രത്യക്ഷപ്പെടാതിരുന്നിട്ടും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയത്തെി. എം. സുകുമാരനെ തൊടാതെ, വായിക്കാതെ മലയാളകഥ ഒരിക്കലും മുന്നോട്ട് പോയില്ല. കഥാകൃത്ത് വായനക്കാര്‍ക്ക് എപ്പോഴും സുപരിചിതന്‍. പക്ഷേ, സുകുമാരന്‍ ഒരു വേദിയിലും ഉണ്ടായിരുന്നില്ല. അടുപ്പത്തിന്‍െറയും കുശലംപറച്ചിലിന്‍െറയും ഒരു ദിവസം. അനുഭവസ്പര്‍ശമുള്ള സംസാരം:

‘ശേഷക്രിയ’യിലെ നായകന്‍ യഥാര്‍ഥത്തില്‍ താങ്കള്‍തന്നെയല്ലേ?
‘ശേഷക്രിയ’യിലെ കുഞ്ഞയ്യപ്പന്‍ ഒരുപാടുപേര്‍ ചേര്‍ന്നതാണ്. ഒരു വ്യക്തിയെ മുന്നില്‍ കണ്ടിട്ടല്ല ആ നോവല്‍ എഴുതിയത്. ചിറ്റൂരില്‍നിന്ന് തിരുവനന്തപുരത്ത് വന്നതിനുശേഷമാണ് എഴുതുന്നത്. ഏജീസ് ഓഫിസിലെ ജോലിയും വായനയും എഴുത്തിന് സഹായകമായി. ഞാന്‍ ഓഫിസ് ജീവനക്കാരുടെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ടിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വേണ്ടരീതിയില്‍ അവതരിപ്പിക്കാനോ പരിഹാരം കാണാനോ സാധിക്കാത്ത സ്ഥിതി. അന്നൊക്കെ മനസ്സില്‍ ഒരുപാട് ആലോചനകളുണ്ടായിരുന്നു. അവയൊന്നും ഞാന്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയിലും സമരങ്ങളിലും മാറ്റം വന്നു. എങ്കിലും ആരോടും പരിഭവമില്ല.
ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടര്‍വത്കരണത്തിനെതിരെ സമരം നടന്നത് കൊല്‍ക്കത്തയിലായിരുന്നു. ഇരുപത്തിനാല് മണിക്കൂര്‍ ധര്‍ണ- എല്‍.ഐ.സി ഓഫിസില്‍. ഞങ്ങളും പങ്കെടുത്തു. ഇപ്പോള്‍ അങ്ങനെയൊരു സമരം ആലോചിക്കാന്‍ പറ്റുമോ, പിന്നീട് ഏജീസ് ഓഫിസില്‍ സമരം നടന്നു. അതിന്‍െറ ഫലമായി ഞങ്ങള്‍ പത്തുപേരെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും ജാഥകളില്‍ പോകുമ്പോഴും എല്ലാം എന്‍െറ മനസ്സ് എഴുത്തിലായിരുന്നു. തിരുവനന്തപുരത്ത് വന്നതോടെ എഴുത്തും വായനയും മാറി. രാഷ്ട്രീയാശയങ്ങള്‍ കഥയിലേക്ക് വന്നു.
‘ശേഷക്രിയ’യില്‍ മാത്രമല്ല, എന്‍െറ എല്ലാ എഴുത്തിലും ആത്മാംശം ഉണ്ട്. അതില്ലാതെ എഴുതാന്‍ കഴിയില്ല. സുബ്രഹ്മണ്യം എന്നൊരു സ്നേഹിതനുണ്ടായിരുന്നു. അയാള്‍ക്ക് പാര്‍ട്ടിയോട് വലിയ അടുപ്പമായിരുന്നു. എന്തോ കാരണം പറഞ്ഞ് സുബ്രഹ്മണ്യനെ പാര്‍ട്ടി പുറത്താക്കി. പിന്നീട് അയാളുടെ ജീവിതം വലിയ ദുരിതമായിരുന്നു. ‘ശേഷക്രിയ’ എഴുതുമ്പോള്‍ അതെല്ലാം മനസ്സിലുണ്ടായിരുന്നു. ആ നോവലില്‍ എഴുതിയ വിമര്‍ശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പാര്‍ട്ടി അന്നത്തെക്കാളും ജീര്‍ണിച്ചു. മുതലാളിത്തത്തെ എതിര്‍ക്കാന്‍ വേണ്ടിയായിരുന്നു പാര്‍ട്ടി കെട്ടിപ്പടുത്തത്. പക്ഷേ, പാര്‍ട്ടി മുതലാളിത്തത്തിന്‍െറ ഭാഗമായി. വലിയ ആസ്തികള്‍ വന്നുചേര്‍ന്നു. ഇതെല്ലാം അനിവാര്യമാണെന്ന് നമുക്ക് തോന്നാം.

ജോലിയില്‍നിന്ന് പിരിച്ചുവിട്ടശേഷം പാര്‍ട്ടി സഹായിച്ചോ?
അങ്ങനെയൊന്നുമുണ്ടായില്ല. എനിക്ക് നേതാക്കന്മാരുമായി സൗഹൃദം ഉണ്ടായിരുന്നില്ല. ചെന്നുകാണുന്ന സ്വഭാവവുമുണ്ടായിരുന്നില്ല. മനസ്സിലാക്കും. നിരീക്ഷിച്ചുകഴിയുന്നതാണ് താല്‍പര്യം. തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അറിയാം. കമ്മിറ്റിയില്‍ സംസാരിക്കാറില്ല. അധികാരസ്ഥാനങ്ങളും ആഗ്രഹിച്ചിരുന്നില്ല. ഏജീസ് ഓഫിസില്‍ പാര്‍ട്ടി ഘടകമുണ്ടായിരുന്നു. അതിനാല്‍ മെംബര്‍ഷിപ്പു കിട്ടി. ചിലരൊക്കെ എന്‍െറ അടുത്ത് വരാറുണ്ട്. അവരുമായുള്ള അടുപ്പം ഇപ്പോഴുമുണ്ട്. അക്കാലത്ത് എം.എ. ബേബിയെ അറിയും. ഇവിടെ വന്നിട്ടുണ്ട്. എന്‍െറ എഴുത്തുകള്‍ വായിക്കും. എനിക്ക് പുറമെ, പി.ടി. തോമസ്, എം.ബി. ത്രിവിക്രമന്‍, എ.എന്‍.ജി. നമ്പ്യാര്‍, എം. ഗംഗാധരക്കുറുപ്പ് , ജോമി ജോസഫ് തുടങ്ങിയവരെയാണ് ഏജീസില്‍നിന്ന് പിരിച്ചുവിട്ടത്. പലരും പലവഴിക്ക് പോയി. പി.ടി. തോമസ് നക്സല്‍ പ്രസ്ഥാനത്തിന്‍െറ നേതാവായി. ഞാന്‍ ഡോ.മാത്യു കുര്യന്‍െറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ജോലിയില്‍ ചേര്‍ന്നു. പിന്നീട് ഏജീസില്‍ സഹപ്രവര്‍ത്തകനായിരുന്ന എ.എന്‍.ജി. നമ്പ്യാര്‍ തുടങ്ങിയ നവചേതന പ്രസില്‍ പ്രൂഫ് റീഡറായി ജോലി ചെയ്തു. നമ്പ്യാര്‍ നല്ളൊരു വിവര്‍ത്തകനായിരുന്നു. ‘സ്പാര്‍ട്ടക്കസ്’ ഉള്‍പ്പെടെ നല്ല പുസ്തകങ്ങള്‍ നവചേതന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘‘എന്‍െറ ദു:ഖം അച്ഛനറിയില്ല. അറിഞ്ഞാലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല.’’ ‘ജലജീവികളുടെ രോദനം’ എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. താങ്കളുടെ അച്ഛന്‍ കമ്യൂണിസ്റ്റായിരുന്നോ?
അച്ഛന്‍ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ശിപായി ജോലിക്കാരനായിരുന്നു. സര്‍വേയറായി പെന്‍ഷന്‍ പറ്റി. അച്ഛന്‍െറ വീട് ചിറ്റൂരായിരുന്നു. അമ്മയുടെ വീട് തൃശൂരും. ഞങ്ങള്‍ മന്നാടിയാര്‍മാരാണ്. നായന്മാരിലെ ഒരു വിഭാഗമാണ് മന്നാടിയാര്‍. കൊച്ചിരാജാവിന്‍െറ പടയാളികളായിരുന്നു മന്നാടിയാര്‍മാര്‍. അച്ഛന്‍ ഒരു യാഥാസ്ഥിതികനായിരുന്നു. ചിറ്റൂരിലധികവും കര്‍ഷകരും നെയ്ത്തുതൊഴിലാളികളുമടങ്ങുന്ന ജനവിഭാഗമാണ്.
ചിറ്റൂരില്‍ പോകാറുണ്ടോ?
അഞ്ച് വര്‍ഷം മുമ്പ് പോയിരുന്നു. അനുജന്‍ അവിടെയുണ്ട്. ഇപ്പോള്‍ യാത്ര പ്രയാസമാണ്. ചിറ്റൂര്‍ അന്നും ഇന്നും ഏതാണ്ട് ഒരുപോലെയാണ്. വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ആളുകളാണ്. വലിയ സാമ്പത്തികശേഷിയുള്ളവര്‍ കുറവാണ്. അതെല്ലാം എന്‍െറ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.

കഥകളിലധികവും ഏകാകികളും നിസ്സഹായത അനുഭവിക്കുന്നവരുമാണ്. ‘അമ്പലവാതിലുകളി’ല്‍ മുടന്തനും ‘വേപ്പിന്‍പഴങ്ങളി’ല്‍ ഊമയും. ആദ്യകാല കഥകളുടെ പശ്ചാത്തലം ചിറ്റൂരും പരിസരങ്ങളുമായിരുന്നല്ളോ?
അതെ, ഞാന്‍ കാണുകയും അറിയുകയും ചെയ്ത ജീവിതങ്ങള്‍ കഥകളില്‍ വന്നിട്ടുണ്ട്. ആദ്യകാല എഴുത്തില്‍ നാട്ടിലെ ഉത്സവങ്ങളും പട്ടിണിയും അതിന്‍െറ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും കാണും. ചിറ്റൂര്‍ തമിഴ്നാടിന്‍െറ അടുത്താണ്. തമിഴ് സംസാരിക്കുന്ന ധാരാളം പേര്‍ അവിടെയുണ്ട്. അവരുടെ ജീവിതവും എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.

‘രഥോത്സവ’ത്തിലെ സുബ്ബലക്ഷ്മി വഞ്ചിതയും ഏകാകിനിയുമാണ്. ‘തിത്തുണ്ണി’യിലും ഏതാണ്ട് ഇതുപോലെതന്നെയാണ് സ്ത്രീജീവിതം. മോഹഭംഗങ്ങളുടെ ഇരകള്‍?
അക്കാലത്ത് പട്ടിണിയും ദാരിദ്ര്യവും നിലനിന്നിരുന്നു എന്നു പറഞ്ഞിരുന്നല്ളോ. പല വീടുകളിലും കല്യാണപ്രായമായിട്ടും വിവാഹിതയാകാന്‍ കഴിയാത്ത നിരവധി പെണ്‍കുട്ടികള്‍ നാട്ടിലുണ്ടായിരുന്നു. അവര്‍ മോഹങ്ങള്‍ ഉള്ളിലൊതുക്കി കുടുംബത്തിനകത്ത് ജീവിച്ചു. തമിഴ്പാട്ടുകളും അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങളുമാണ് അവരുടെ ലോകം. അവരുടെ സന്തോഷം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും അതുപോലുള്ള ദിവസങ്ങളും മാത്രം. അങ്ങനെ കഴിയേണ്ടിവന്നരുടെ കഥയാണ് എഴുതിയത്.

‘തിത്തുണ്ണി’ എന്ന കഥയാണല്ളോ ‘കഴകം’ എന്ന സിനിമയാക്കിയത്?
അതെ. എം.പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ‘കഴകം’ ‘തിത്തുണ്ണി’ എന്ന കഥയാണ്. വളരെ ചെറിയ കഥയാണ് അത്. സിനിമക്കുവേണ്ടി ചില കാര്യങ്ങളൊക്കെ അദ്ദേഹം ഭംഗിയായി ചേര്‍ത്തിട്ടുണ്ട്. സുകുമാരന്‍ നായര്‍ ഇവിടെ വരാറുണ്ട്. അടുത്തറിയാം.

താങ്കളുടെ കഥകളില്‍ പലതും ചലച്ചിത്രമായിട്ടുണ്ട്. സിനിമ കാണാറുണ്ടോ?
ചെറുപ്പത്തിലേ സിനിമയോട് താല്‍പര്യമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ സീതാറാം എന്നൊരു ടാക്കീസ് ഉണ്ടായിരുന്നു. തമിഴ് ചിത്രങ്ങളാണ് അവിടെ കൂടുതലും വരാറുള്ളത്. തിയറ്ററിലെ പ്രൊജക്ടര്‍ ഓപറേറ്റര്‍ എന്‍െറ വീട്ടിനടുത്തുള്ള കുട്ടിമാമനാണ്. അയാള്‍ക്ക് രാത്രി ഭക്ഷണം ഞാനായിരുന്നു കൊണ്ടുപോകുക. അതിനാല്‍ അവിടെ വരുന്ന എല്ലാ ചിത്രങ്ങളും കാണും. തിരുവനന്തപുരത്ത് വന്നതിന് ശേഷം ചിത്രലേഖ ഫിലിം സൊസൈറ്റിയില്‍ അംഗമായി. ക്ളാസിക്കുകള്‍ കണ്ടു. മലയാളത്തില്‍ അരവിന്ദന്‍െറ എല്ലാ സിനിമയും കണ്ടിട്ടുണ്ട്. ഇപ്പോള്‍ ചാനലുകളില്‍ വരുന്ന ചിത്രങ്ങള്‍ കാണുന്നു. തിയറ്ററില്‍ പോയി കാണാന്‍ സാധിക്കില്ല. ഇറാന്‍ സിനിമകള്‍ ഇഷ്ടമാണ്.
എന്‍െറ ‘പിതൃതര്‍പ്പണം’, ‘സംഘഗാനം’, ‘ഉണര്‍ത്തുപാട്ട്’, ‘ശേഷക്രിയ’ ഒക്കെ സിനിമയായിട്ടുണ്ട്. പി.എ. ബക്കറാണ് ‘സംഘഗാനവും’ ‘ഉണര്‍ത്തുപാട്ടും’ ചെയ്തത്. രാജീവ് വിജയരാഘവനാണ് ‘പിതൃതര്‍പ്പണം’ ‘മാര്‍ഗം’ എന്ന പേരില്‍ സിനിമയാക്കിയത്. രാജീവുമായി നല്ല ബന്ധമാണ്. രാജീവ് ഇപ്പോള്‍ വിദേശത്താണ്. ‘ശേഷക്രിയ’ രവി ആലുംമൂട് സംവിധാനം ചെയ്തു.

അടിയന്തരാവസ്ഥയുടെ അനുഭവമായിരുന്നോ ‘ജലജീവികളുടെ രോദനം’ എന്ന കഥ?
അടിയന്തരാവസ്ഥക്കാലത്ത് ഞാന്‍ ‘ഉദയം കാണാന്‍ കാത്തിരുന്നവര്‍’ എന്നൊരു കഥ എഴുതിയതിന്‍െറ പേരില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ജയറാം പടിക്കല്‍ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ആ കഥയില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്‍െറ നയരേഖ പരാമര്‍ശിക്കുന്നുണ്ട്. അതാണ് സംഭവം. എന്നെ ചോദ്യംചെയ്ത് വിട്ടയച്ചു. ആ അനുഭവമാണ് ‘ജലജീവികളുടെ രോദനം’. അടിയന്തരാവസ്ഥയില്‍ സമരങ്ങളിലൊന്നും ഞാന്‍ പങ്കെടുത്തിരുന്നില്ല.

കേരള സെകുലർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ മാനവികത പുരസ്കാരം സക്കറിയയിൽ നിന്ന് ഏര്രുവാങ്ങുന്നു
 

നക്സലൈറ്റ് പ്രസ്ഥാനത്തിനോട് ആഭിമുഖ്യമുണ്ടായിരുന്നോ?
പാര്‍ട്ടിയില്‍നിന്ന് പുറത്തുവന്നപ്പോള്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. എഴുപതുകളില്‍ നക്സലൈറ്റ് പ്രസ്ഥാനത്തില്‍ കോളജ് അധ്യാപകരും എന്‍.ജി.ഒ മാരും ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. പല യൂനിയനുകളിലും അതിനോട് ആഭിമുഖ്യമുള്ളവരും ഉണ്ടായിരുന്നു. കെ. വേണുവിനെ ഞാന്‍ കണ്ടിരുന്നു. പക്ഷേ, ഞാന്‍ നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നിട്ടില്ല.

ചിറ്റൂരില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നോ?
ഞാന്‍ വലിയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നില്ല. തിരുവനന്തപുരത്ത് വന്നതിന് ശേഷമാണ് സംഘടനകളിലേക്ക് വരുന്നത്. ചിറ്റൂരില്‍ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പുസ്തകങ്ങള്‍ വായിക്കും, എഴുതും. ഇവിടെ വന്നതോടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടായി.

പാലക്കാട്ട് അധ്യാപകനായി ജോലി ചെയ്തിരുന്നു എന്നറിയാം. അത് ഉപേക്ഷിക്കാന്‍ കാരണമെന്തായിരുന്നു?
ചിറ്റൂരിലെ ബോയ്സ് സ്കൂളിലായിരുന്നു പഠിച്ചത്. പത്താംതരംവരെ. കൂടുതല്‍ പഠിക്കാന്‍ സാധിച്ചില്ല. അനുജന്‍ കോളജില്‍ പഠിച്ചു. ചിറ്റൂരിലെ കോ ഓപറേറ്റിവ് ഷുഗര്‍ മില്ലില്‍ ടൈപ്പിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ് വണ്ടിത്താവളം ഹൈസ്കൂളില്‍ താല്‍ക്കാലിക അധ്യാപകനായത്, പ്രൈമറി വിഭാഗത്തില്‍. ‘ശേഷക്രിയ’ എന്ന നോവലില്‍ വരുന്ന രാഷ്ട്രീയകാര്യങ്ങള്‍ക്ക് വണ്ടിത്താവളത്തെ ജോലി സഹായകമായിട്ടുണ്ട്. സ്കൂളിന് അടുത്തുള്ള ബാര്‍ബര്‍ഷോപ് രാഷ്ട്രീയചര്‍ച്ചയുടെ വേദിയായിരുന്നു. നോവലില്‍ അതിന്‍െറ സ്വാധീനമുണ്ട്. 1963ലാണ് തിരുവനന്തപുരത്ത് വരുന്നത്, ഇരുപതാമത്തെ വയസ്സില്‍. എന്‍െറ കഥയില്‍ വലിയ മാറ്റമുണ്ടായത് ഇവിടെ വന്നതിന് ശേഷമാണ്. ‘തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്’ എന്ന കഥ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

ആദ്യകഥ കൗമുദിയിലാണോ പ്രസിദ്ധീകരിച്ചത്?
അല്ല, മനോരമ ആഴ്ചപ്പതിപ്പില്‍. വായനയിലേക്ക് എനിക്ക് പ്രചോദനം നല്‍കിയത് ഞങ്ങളുടെ മലയാളം അധ്യാപകന്‍ കെ.കെ. വാസുദേവന്‍ നായരാണ്. ചിറ്റൂരിലെ മുനിസിപ്പല്‍ ലൈബ്രറിയില്‍നിന്ന് ധാരാളം പുസ്തകം വായിച്ചു. ‘മഴത്തുള്ളി’ എന്ന കഥയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. വര്‍ഗീസ് കളത്തില്‍ ആയിരുന്നു അക്കാലത്ത് മനോരമ ആഴ്ചപ്പതിപ്പിന്‍െറ പത്രാധിപര്‍. ഇരുപത് രൂപ പ്രതിഫലവും കിട്ടി. മാതൃഭൂമി ആഴ്ചപ്പതിപ്പൊന്നും കാണാറില്ലായിരുന്നു. അവിടെ അതൊന്നും കിട്ടാറില്ല. എന്‍െറ കഥ വന്ന മനോരമയുടെ ലക്കത്തില്‍ എം. മുകുന്ദന്‍െറ കഥയും ഉണ്ടായിരുന്നു. പിന്നീടാണ് മാതൃഭൂമിയില്‍ ‘വഴിപാട്’ എന്ന കഥ വരുന്നത്. തിരുവനന്തപുരത്ത് താമസിക്കാന്‍ തുടങ്ങിയതോടെ കെ. ബാലകൃഷ്ണന്‍െറ കൗമുദിയില്‍ എഴുതിത്തുടങ്ങി. എന്‍.വി. കൃഷ്ണവാരിയരും എം.ടിയും ഉള്ളപ്പോള്‍ മാതൃഭൂമിയില്‍ സജീവമായി എഴുതി. കലാകൗമുദിയിലും കഥകള്‍ വന്നുകൊണ്ടിരുന്നു.

എഴുത്തുകാരുമായി അടുപ്പമുണ്ടായിരുന്നോ?
എം.ടിയെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഒരിക്കല്‍ കണ്ടിട്ടുണ്ട്. മുകുന്ദനെ ഡല്‍ഹിയില്‍വെച്ചും. ഈയിടെ മുകുന്ദന്‍ ഇവിടെ വന്നിരുന്നു. എഴുത്തുകാരുമായി വലിയ അടുപ്പം ഇല്ല. ഒ.വി. വിജയനുമായി നല്ല ബന്ധമായിരുന്നു. വിജയന്‍ ഇവിടെ വന്നിട്ടുണ്ട്. മകള്‍ക്ക് ഒരു ചിത്രം വരച്ചുകൊടുത്തു. പത്മരാജനും ഞാനും ഒരു ലോഡ്ജില്‍ താമസിച്ചിരുന്നു. എന്‍െറ കഥയാണ് പത്മരാജന്‍ ആദ്യം തിരക്കഥയാക്കിയത്. അത് സിനിമയായി വന്നിട്ടില്ല. പുറത്ത് പോകാത്തതിനാല്‍ ബന്ധങ്ങളും കുറഞ്ഞു. കെ.പി. നിര്‍മല്‍കുമാര്‍ ഈ ഫ്ളാറ്റിലാണ് താമസിച്ചത്. നേരില്‍ കണ്ടിട്ടില്ല. ഇപ്പോള്‍ സി. അനൂപ് ഇവിടെയാണ് താമസിക്കുന്നത്. അനൂപ് ഇടക്ക് വരാറുണ്ട.്

പാലക്കാട്ടുകാരനായിരുന്നല്ലോ ഒ.വി.വിജയന്‍. അദ്ദേഹത്തെ നേരത്തേ അറിയാമായിരുന്നോ?
എന്‍െറ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ഒ.വി. വിജയനാണ്. ‘ഖസാക്കിന്‍െറ ഇതിഹാസം’ നിരവധി തവണ വായിച്ചിട്ടുമുണ്ട്. നോവലിന്‍െറ പശ്ചാത്തലം ഞങ്ങളുടെ പ്രദേശത്തിനടുത്താണ്. മൂങ്ങാംകോഴിയൊക്കെ പരിചയമുണ്ട്.

വിജയനെപ്പോലെ താങ്കളും കമ്യൂണിസ്റ്റ് വിമര്‍ശകനായി മാറി?
വിജയന്‍ മാത്രമല്ല, ആനന്ദും വിമര്‍ശിച്ച് എഴുതിയില്ളേ? പാര്‍ട്ടിയെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് അവരെല്ലാം വിമര്‍ശിച്ചത്. ഞാന്‍ ഇപ്പോഴും ഇടതുപക്ഷത്തില്‍ വിശ്വസിക്കുന്നു. മറ്റാരാണ് ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത്? ഇന്ത്യയില്‍ വര്‍ഗീയത വര്‍ധിച്ചുവരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന് വളര്‍ച്ചയില്ല. അതാണ് എന്നെ ആശങ്കപ്പെടുത്തുന്നത്.

നക്സലൈറ്റ് പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യം ചില കഥകളില്‍ നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്?
നക്സലൈറ്റ് പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ചവരെപറ്റിയാണ് ‘പിതൃതര്‍പ്പണ’ത്തില്‍ പറയുന്നത്. അവരുടെ ത്യാഗം അവഗണിക്കാന്‍ കഴിയില്ല. സമൂഹത്തില്‍ വലിയ മാറ്റമൊന്നും സൃഷ്ടിക്കാന്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞില്ലെങ്കിലും അതിന് ചരിത്രപരമായ സ്ഥാനമുണ്ട്. ജനിതകത്തില്‍ ആത്മീയതയും വിപ്ളവബോധവും തമ്മിലുള്ള സംഘര്‍ഷമാണ് എഴുതിയത്.

സി.വി, കുഞ്ഞിരാമൻ പുരസ്കാരം എം.മുകുന്ദനിൽ നിന്ന് ഏറ്റുവാങ്ങുന്നു
 

എഴുത്ത് നിര്‍ത്താനുള്ള സാഹചര്യം എന്തായിരുന്നു?
സാഹിത്യത്തില്‍ മണ്‍തരിയോളം മാത്രമേ എനിക്ക് എഴുതാന്‍ സാധിച്ചിട്ടുള്ളൂ. 1995നുശേഷം എഴുതിയിട്ടില്ല. ആശയങ്ങളും വിമര്‍ശങ്ങളും മനസ്സിലുണ്ട്. ഞാന്‍ കടുകിട മാറിയിട്ടില്ല. സ്വസ്ഥത കിട്ടാന്‍ വേണ്ടിയാണ് എഴുതുന്നത്. മെന്‍റല്‍ സ്ട്രെയിന്‍ വന്നാല്‍ ഉറക്കം കിട്ടില്ല. ഒരിക്കലും എഴുത്തും വരില്ല. കഥകളുടെ ആലോചന മനസ്സിനെയും ശരീരത്തെയും ബുദ്ധിയെയും ബാധിക്കും. കഥ ആലോചിച്ചുതുടങ്ങിയാല്‍ അത് എഴുതിത്തീരാന്‍ മാസങ്ങള്‍ വേണ്ടിവരും. പിന്നീട് വായിച്ചും തിരുത്തിയും അങ്ങനെ നീണ്ടുപോകും. അത് വല്ലാത്ത അസ്വസ്ഥതയാണ്. പെട്ടെന്ന് എഴുതുന്ന രീതിയല്ല എന്‍േറത്. ആ പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയാണ് എഴുത്ത് നിര്‍ത്തിയത്. പുതുതായി ഒന്നും പറയാന്‍ എനിക്കില്ല എന്ന് മനസ്സിലായി.

‘ശേഷക്രിയ’ എന്ന നോവല്‍പോലെ താങ്കളുടെ മൗനവും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു?
എന്‍െറ കഥകള്‍ക്ക് പ്രത്യേകം ആസ്വാദകരാണ്. ഞാന്‍ എഴുതിയ പ്രമേയങ്ങളും അതുപോലെ. സമകാലികരില്‍ പലരും ഇപ്പോഴും എഴുതുന്നുണ്ട്. അവരുടെ വിഷയങ്ങള്‍ക്ക് ഇപ്പോഴും വായനക്കാര്‍ ഉണ്ടാകും. ഞാന്‍ പാര്‍ട്ടിയെയും പ്രസ്ഥാനത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. രാഷ്ട്രീയ ജീര്‍ണതയോടുള്ള എന്‍െറ പ്രതികരണമാണ് ‘ശേഷക്രിയ’. നോവല്‍ കലാകൗമുദിയില്‍ വന്നപ്പോള്‍ നിര്‍ത്തിവെക്കാന്‍ ശ്രമമുണ്ടായിരുന്നു. അത് സ്വാഭാവികമാണല്ലോ. ഓര്‍ക്കുമ്പോള്‍ തമാശ തോന്നാറുണ്ട്. ഇതൊക്കെ മതി. ഈ വിധത്തില്‍തന്നെയാണ് വേണ്ടത്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.Sukumaranm sukumaran interview
Next Story