കവിതയില്‍ കുറുമാലിപ്പുഴ ഒഴുകിയ വഴികള്‍

12:58 PM
30/07/2016
രാപ്പാള്‍ സുകുമാര മേനോന്‍ മകനും ഗായകനുമായ ഹരികൃഷ്ണയോടൊപ്പം

 രാപ്പാള്‍ എന്ന ഗ്രാമത്തിന്‍െറ തെളിമ മനസ്സില്‍ കൊണ്ട് നടക്കുകയും ഗ്രാമത്തെ നനയിച്ച് കൊണ്ടൊഴുകുന്ന കുറുമാലിപ്പുഴയുടെ ഒഴുക്കിനെ കവിതകളിലൂടെ ആസ്വാദകമനസ്സിലത്തെിച്ച് കുളിരണിയിക്കുകയും ചെയ്ത രാപ്പാള്‍ സുകുമാര മേനോന്‍ എഴുപതാം വയസ്സിലും സര്‍ഗാത്മക രംഗത്ത് സജീവ സാന്നിധ്യം. കവിതകള്‍ക്ക് പുറമെ ചലച്ചിത്ര ഗാനങ്ങള്‍, ലളിതഗാനങ്ങള്‍, നാടകഗാനങ്ങള്‍, സംഗീതാവിഷ്കാരം തുടങ്ങി നൂറുകണക്കിന് രചനകളിലൂടെ സാഹിത്യത്തിനും ഭാഷക്കും അദ്ദേഹം സംഭാവനകള്‍ നല്‍കി. എഴുത്തുകാരന്‍ എന്നതോടൊപ്പം മികച്ച ഭാഷാ അധ്യാപകന്‍ കൂടിയായ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുന്നു.

ഹൃദയസാഗരത്തില്‍ ലയിച്ച കുറുമാലി
കുട്ടിയായിരിക്കുമ്പോഴേ കുറുമാലിപ്പുഴ എനിക്കൊരു കൂട്ടുകാരനാണ്. ഓര്‍മവെച്ച നാള്‍ മുതല്‍ അതിന്‍െറ ഒഴുക്കിനെ അറിഞ്ഞിട്ടുണ്ട്. കുറുമാലിയെ ഒഴിച്ചുനിര്‍ത്തി രാപ്പാള്‍ ഗ്രാമത്തെ കുറിച്ച് ആലോചിക്കാനാവില്ല. അത്രമാത്രം അതെന്‍െറ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് എന്‍െറ കവിതകളിലും ഗാനങ്ങളിലും പുഴ വന്ന് നിറയുന്നത്. കാവ്യബിംബങ്ങളെ നട്ടുനനയ്ക്കുന്നത്.
നന്ദിയാര്‍ എന്നും കുറുമാലിപ്പുഴക്ക് പേരുണ്ട്. ഭാരതപ്പുഴ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന തീരം കുറുമാലിപ്പുഴയുടേതാണ്. ദേവമേള എന്ന പ്രശസ്തമായ ആറാട്ടുപ്പുഴ പൂരം നടക്കുന്നത് ഈ പുഴയുടെ തീരത്താണ്.
‘അരളിയും മുല്ലയും ചെമ്പകം ചുറ്റിയും
അരമണി കെട്ടുന്ന ഗ്രാമം,
കളകളം പാടുന്ന കുറുമാലിയാറിന്‍െറ
കഥ കേട്ടുറങ്ങുന്ന ഗ്രാമം’
എന്ന് ‘എന്‍െറ ഗ്രാമം’ കവിതയില്‍ ഞാനെഴുതിയിട്ടുണ്ട്.  
ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ സി. രവീന്ദ്രനാഥിന്‍െറ നേതൃത്വത്തില്‍ പുതുക്കാട് നിയോജക മണ്ഡലത്തില്‍ ആവിഷ്കരിച്ച ‘സുസ്ഥിര പുതുക്കാട് വികസന പദ്ധതി’യുടെ അവതരണ ഗാനം എഴുതിയത് ഞാനാണ്. വിദ്യാധരന്‍ മാസ്റ്ററാണ് ഇതിന്‍െറ സംഗീതം. ഈ ഗാനത്തിലും കുറുമാലിപ്പുഴയുടെ ഈറനുണ്ട്.
‘കുറുമാലിയാറും മണലിയാറും
ചൊരിയുന്ന പുണ്യം നിറഞ്ഞ നാട്
ഒരുമ തന്‍ നന്തുണി ചിന്തലകള്‍
ഉയരും പുതുക്കാടാണെന്‍െറ നാട്’
എന്നാണ് അവതരണ ഗാനത്തിലെ ചില വരികള്‍.

ചലച്ചിത്രം അഥവാ മദിരാശി ദൂരം
1980ലാണ് ചലച്ചിത്ര ഗാനരചനക്ക് അവസരം ലഭിച്ചത്. സഹപാഠിയായിരുന്ന ജോളി പോള്‍സണ്‍ നിര്‍മിച്ച ‘സ്വപ്നരാഗം’ സിനിമക്ക് വേണ്ടിയാണ് ആദ്യം പാട്ടെഴുതിയത്. നിര്‍മാതാവും സംവിധായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം ‘സ്വപ്നരാഗം’ പുറത്തിറങ്ങിയില്ല. പിന്നീട് പൂഴയൊഴുകും വഴി, ശംഖനാദം, യാത്രാമൊഴി തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി പാട്ടെഴുതി. രവീന്ദ്രന്‍, വിദ്യാധരന്‍ മാസ്റ്റര്‍, ജെറി അമല്‍ദേവ് എന്നിവരാണ് ഇതിലെ പാട്ടുകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചത്. യേശുദാസ്, ചിത്ര, വാണി ജയറാം, അനിത തുടങ്ങിയവര്‍ ശബ്ദം നല്‍കി.
എന്നാല്‍, ചലച്ചിത്രഗാന രംഗത്ത് അധികകാലം തുടരാനായില്ല. അക്കാലത്ത് മദിരാശി കേന്ദ്രീകരിച്ചായിരുന്നു ചലച്ചിത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നതിനാല്‍ അവിടെതന്നെ നിന്നുകൊണ്ടേ സജീവമായി അതിന്‍െറ ഭാഗമാകാന്‍ കഴിയുമായിരുന്നുള്ളൂ. ഞാനാണെങ്കില്‍ എന്‍െറ ഗ്രാമമായ തൃശൂര്‍ ജില്ലയിലെ പുതുക്കാട് രാപ്പാളിലേക്ക് മടങ്ങാനാണ് ഇഷ്ടപ്പെട്ടത്.

നാടകത്തിലേക്കുള്ള ബെല്‍
നാടകഗാന രചനക്കാണ് എനിക്ക് ആദ്യം പ്രതിഫലം ലഭിക്കുന്നത്. പ്രശസ്ത നാടകകൃത്ത് കെ.ടി. മുഹമ്മദ് മംഗലാപുരത്ത് അവതരിപ്പിക്കുന്ന നാടകത്തിലേക്ക് ഗാനങ്ങളെഴുതാന്‍ എന്നെ അങ്ങോട്ട് ക്ഷണിച്ചു. 1960കളിലാണ് ഇത്. ഞാന്‍ പത്താം തരം കഴിഞ്ഞതേയുള്ളൂ. ഗാനങ്ങള്‍ എഴുതി നല്‍കിയതിന് അന്ന് 100 രൂപ പ്രതിഫലം ലഭിച്ചു. പിന്നീട് നിരവധി നാടകങ്ങള്‍ക്ക് വേണ്ടി ഗാനങ്ങളെഴുതി.
ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആദ്യ കവിത രചിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം പത്രികയില്‍ ഇത് പ്രസിദ്ധീകരിച്ചു. പിന്നീട് നിരവധി ആനുകാലികങ്ങളില്‍ കവിതയെഴുതി. ‘അക്ഷരനിലാവ്’ കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു. കവിതാരചനക്ക് 2013ലെ കാണിപ്പയ്യൂര്‍ കവനകൗതുകം അവാര്‍ഡും 2014ലെ മുക്തകം അവാര്‍ഡും ലഭിച്ചു.  ആകാശവാണി തൃശൂര്‍ നിലയത്തിന് വേണ്ടി നിരവധി ലളിതഗാനങ്ങള്‍ രചിക്കുകയും സംഗീതശില്‍പങ്ങള്‍ തയാറാക്കുകയും ചെയ്തു. വിദ്യാധരന്‍ മാസ്റ്ററാണ് മിക്ക ലളിത ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നിട്ടുള്ളത്. കൊടകര മാധവനുമായി ചേര്‍ന്ന് ആല്‍ബങ്ങളും സ്റ്റേജ് പരിപാടികളും ചെയ്തു.  ഭക്തിഗാന രംഗത്തും ഒട്ടേറെ രചനകളുണ്ട്. അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓഡിയോ ആല്‍ബമായ ധര്‍മശാസ്തയും ശ്ളോക പുഷ്പാഞ്ജലിയും ഇവയില്‍ ചിലതാണ്.

രാഷ്ട്രീയ വേദിയില്‍
രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രിയായിരുന്ന സി. അച്യുത മേനോന്‍ എന്‍െറ മുത്തച്ഛന്‍െറ മകനാണ്. ആ വഴിക്ക് സി.പി.ഐ പാരമ്പര്യമുള്ളതിനാല്‍ ആ പാര്‍ട്ടിയിലായിരുന്നു പ്രവര്‍ത്തനം. 2000-2005 കാലത്ത് പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു.
സാഹിത്യപ്രവര്‍ത്തനങ്ങളും രാഷ്ട്രീയവും മാറ്റിനിര്‍ത്തിയാല്‍ ഞാനൊരു ഭാഷാധ്യാപകനാണ്. മദ്രാസില്‍നിന്ന് മടങ്ങിയത്തെിയ ശേഷം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരവധി വര്‍ഷം അധ്യാപകനായി ജോലി ചെയ്തു.

രചന അച്ഛന്‍, ആലാപനം മകന്‍
എന്‍െറ പല ഗാനങ്ങളും മകന്‍ ഹരികൃഷ്ണ ആലപിച്ചിട്ടുണ്ട്. ശ്ളോക പുഷ്പാഞ്ജലി എന്ന ഓഡിയോ ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ഹരിയാണ്. എന്‍െറ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എം ഓഡിയോസ് ഉടന്‍ പുറത്തിറക്കുന്ന നിശാഗന്ധി ലളിതഗാന ആല്‍ബത്തിലും അവന്‍ പാടുന്നുണ്ട്. മറ്റു പ്രഗത്ഭ ഗായകരും ഗാനാലാപനം നിര്‍വഹിക്കുന്ന ആല്‍ബം അവസാന ഘട്ടത്തിലാണ്്.
അബൂദബിയിലെ സീമെന്‍സ് കമ്പനിയില്‍ മാനേജരാണ് ഹരി. നാട്ടിലുള്ള സുനിത മേനോന്‍, തായ്ലന്‍റില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്ന രജിത മേനോന്‍ എന്നിവരാണ് മറ്റു മക്കള്‍. അരിക്കാട്ട് രമാദേവിയാണ് ഭാര്യ. അധ്യാപകനായിരുന്ന തിരുത്തിക്കാട്ടില്‍ നാരായണ മേനോന്‍ അച്ഛനും നന്തിക്കര മഠത്തിവീട്ടില്‍ കൊച്ചമ്മാളു അമ്മയുമാണ്.

Loading...
COMMENTS