Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഭീമന്‍റെ കഥയോട് ശശികല...

ഭീമന്‍റെ കഥയോട് ശശികല ടീച്ചർക്ക് എന്താണിത്ര വിരോധം?

text_fields
bookmark_border
ഭീമന്‍റെ കഥയോട് ശശികല ടീച്ചർക്ക് എന്താണിത്ര വിരോധം?
cancel

മഹാഭാരതം എന്ന ഇതിഹാസവും രണ്ടാമൂഴം എന്ന നോവലും സിനിമയുമാണ് കുറേ ദിവസങ്ങളായി കേരളത്തിലെ സാഹിത്യ-സിനിമ-സാംസ്കാരിക മേഖലയിൽ നിറഞ്ഞു നിൽക്കുന്നത്. എം.ടി എഴുതിയ രണ്ടാമൂഴം സിനിമയാകുന്നു എന്നതും അതിലെ നായകകഥാപാത്രമായ ഭീമനെ മോഹൻലാൽ അവതരിപ്പിക്കുന്നു എന്നുമുള്ള വാർത്ത സിനിമാ-സാഹിത്യ പ്രേമികളെ സന്തോഷിപ്പിച്ചിരുന്നു. എല്ലാ സംഭവങ്ങളോടും ഏറെ വൈകാരികമായും പ്രതിഷേധാത്മകമായും സംസാരിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾ ഈ അവസരവും പാഴാക്കിയില്ല. കേരളത്തിലെ കലാലോകം ചർച്ച ചെയ്ത വിഷയം ഒട്ടും വൈകാതെ വർഗീയ ശക്തികളുടെ പിടിയിൽ അമർന്നു. മഹാഭാരതം എന്ന പേരിൽ സിനിമയെടുത്താൽ അത് തിയറ്റർ കാണില്ല എന്ന ശശികല ടീച്ചറുടെ പ്രസ്താവനക്ക് അങ്ങനെ വളരെ വേഗം പ്രചാരം കിട്ടി.

രണ്ടാമൂഴം എന്ന സിനിമയെ അല്ലെങ്കിൽ നോവലിനെ ഹിന്ദുത്വവാദികൾ ഭയപ്പെടുന്നത് എന്തുകൊണ്ടായിരിക്കും? പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമന്‍റെ ദൃഷ്ടികോണിലൂടെ മഹാഭാരതയുദ്ധവും സംഭവങ്ങളും ലോകം നോക്കിക്കാണുന്നതിൽ ആർക്കാണ് വിരോധം? പ്രകോപനത്തിലൂടെ മഹാഭാരതത്തിനു മേൽ ഉടമാവകാശം സ്ഥാപിക്കാനാണ് ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത് എന്നതാണ് സത്യം. ഇതിനെ പ്രതിരോധിക്കാൻ കേരളത്തിന്‍റെ സാഹിത്യ നഭസ്സിൽ നിന്നും വലിയ ശബ്ദങ്ങളൊന്നും ഉയർന്നുവന്നില്ല എന്നതാണ് ദുഖകരം. മഹാഭാരതം പ്രാചീന ഇന്ത്യയുടെ ബഹുസ്വരാത്മക പാരമ്പര്യത്തിന്‍റെ ഏറ്റവും മികച്ച നീക്കി വെപ്പാണെന്ന് ചരിത്രകാരനും സൈദ്ധാന്തികനുമായ സുനിൽ പി.ഇളയിടം പറഞ്ഞതൊഴിച്ചാൽ മറ്റെല്ലാ ബുദ്ധിജീവികളും മൗനം ദീക്ഷിക്കുകയായിരുന്നു.

അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യനെയാണ് എം.ടി തന്‍റെ നോവലിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചത്. ഭീമന്‍റെ  ചിന്തകളും വികാരങ്ങളും മഹാഭാരതത്തിലെ സംഭവങ്ങളും ഭീമന്‍റെ കണ്ണിലൂടെ നോവലിൽ വിവരിക്കുന്നു. പലപ്പോഴും യുധിഷ്ഠിരന്‍റെയും അർജുനന്‍റെയും ചിന്തകൾ ഭീമന് മനസ്സിലാവുന്നതുപോലുമില്ല. ദ്രൗപദിയോടുള്ള പ്രണയം, അവിടെയും രണ്ടാമൂഴക്കാരനാവുന്നതിന്‍റെ ദു:ഖം, വായുപുത്രനാണ് താനെന്ന് തെറ്റായ വിശ്വസിച്ചത്, കർണൻ തന്‍റെ സഹോദരനാണ് എന്നറിയുമ്പോഴുള്ള വ്യഥ അങ്ങനെ വ്യാസമഹാഭാരതത്തിന് നിരക്കാത്ത നിരവധി സംഭവങ്ങൾ, വിശ്വാസങ്ങൾ രണ്ടാമൂഴത്തിൽ എം.ടി അവതരിപ്പിക്കുന്നുണ്ട്. അതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിക്കുന്നതും.

രണ്ടാമൂഴം സിനിമയാകുമ്പോള്‍ മഹാഭാരതം എന്നു പേരിടുന്നതില്‍ അനൗചിത്യമുണ്ടെന്നും അത് തെറ്റിദ്ധരിപ്പിക്കലും അനീതിയുമാണെന്നും അവർ പറയുന്നു. എം.ടിയുടെ ഇതര നോവലുകളിലെ നായകന്മാരുടെ മാനറിസങ്ങളും ചിന്തകളുമാണ് രണ്ടാമൂഴത്തിലെ ഭീമനുമുള്ളത്. നാലുകെട്ടിലെ അപ്പുണ്ണി, കാലത്തിലെ സേതു, അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടി തുടങ്ങിയ കഥാപാത്രങ്ങളുടെ മാനറിസങ്ങളും സ്വഭാവങ്ങളും കൂടിച്ചേര്‍ന്നുണ്ടായതാണ് ഈ ഭീമന്‍. നിഷേധത്തിന്‍റെ പുറത്തു പണിത അഹംബോധ സ്വഭാവമുള്ളവരാണ് എം.ടിയുടെ നായകന്മാരെന്നും ഹിന്ദുത്വവാദികൾ ആരോപിക്കുന്നു.

നഷ്ടബോധം, പ്രണയ പരാജയം, ഏകാന്തത, സ്വതന്ത്ര ചിന്ത, ദാര്‍ശനികത, പക, നിഷേധം തുടങ്ങിയ പൗരുഷത്വത്തിനു സ്വതവേ സംഭവിക്കാവുന്ന വീഴ്ച ഉയര്‍ച്ചകളുടെ മിശ്ര ഭാവമാണ് ഇത്തരം നായകന്മാര്‍ക്കുള്ളത്. അപ്പുണ്ണിയുടെ മറ്റൊരു പകര്‍പ്പാണ് സേതു. സേതുവിന്‍റെ മറ്റൊരു തരമാണ് ഗോവിന്ദന്‍കുട്ടി. ഇവര്‍ കൂടിയും കുറഞ്ഞും ചേര്‍ന്നുണ്ടായതാണ് രണ്ടാമൂഴത്തിലെ ഭീമൻ എന്നാണ് ഹിന്ദുത്വവാദികളുടെ അവകാശവാദം.

വ്യാസൻ എന്ന മഹാകവിയുടെ ഒറ്റ തൂലികയിൽ പിറന്ന സൃഷ്ടിയല്ല മഹാഭാരതം എന്നത് എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ഒരു ലക്ഷം ശ്ലോകങ്ങളുള്ള കൃതി പലകാലങ്ങളിലായി പല വ്യാസന്മാർ രചിച്ച് പൂർത്തിയാക്കിയതാണ് എന്ന വാദത്തിനാണ് കൂടുതൽ പിന്തുണ ലഭിച്ചിട്ടുള്ളതും. എഴുത്തച്ഛൻ തുടങ്ങിയവർ എഴുതിയ പ്രദേശിക വകഭേദങ്ങൾ കൂടി കണക്കിലെടുത്താൽ മഹാഭാരതത്തിന്‍റെ സൃഷ്ടാക്കളുടെ എണ്ണം പിന്നെയും വർധിക്കും. പിന്നെയെന്തിനാണ് ജ്ഞാനപീഠ ജേതാവും മലയാളികളുടെ അഭിമാനവുമായ എം.ടിയുടെ മഹാഭാരത ഭാഷ്യത്തോട് വിദ്വേഷം പുലർത്തുന്നതെന്തിനാണ്? ഇവിടെയും ഹിന്ദുവികാരം ആളിക്കത്തിച്ച് തങ്ങളുടെ പക്ഷത്തേക്ക് ആളെക്കൂട്ടുക എന്ന തന്ത്രം തന്നെയാണ് ശശികല ടീച്ചർ പയറ്റുന്നത് എന്ന് പറയാതെ വയ്യ.

Show Full Article
TAGS:mahabharatham bheeman Sasikala teacher M T Vasudevan Nair 
News Summary - What is the negative attitude towards Sasikala teachers with Bhim's story?
Next Story