Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightആഖ്യയും...

ആഖ്യയും ആഖ്യാതവുമില്ലാത്ത ചപ്ലാച്ചി ഭാഷയിൽ ലോകസത്യങ്ങൾ വരച്ചുവെച്ച ബഷീർ

text_fields
bookmark_border
Basheer.jpg
cancel

കോട്ടയത്തെ വൈക്കം തലയോലപ്പറമ്പിൽ 1908 ജനുവരിയിൽ ഉമ്മ ബഷീറിനെ 'ഡും' എന്ന് പെറ്റപ്പോൾ ലോകത്തെ സർവചരാചരങ്ങൾക്കുമായി ഒരു എഴുത്തുകാരൻ പിറക്കുകയായിരുന്നു. ലോകമാകെ അലഞ്ഞ് ച്ചിരിപ്പിടിയോളം അനുഭവങ്ങളുമായി ബഷീർ എഴുതാനിരുന്നു. മലയാളം അതുവരെ കണ്ടിട്ടില്ലാത്ത ഭാഷയിൽ ജീവിതത്തി​​​​​െൻറ സകല നോവുകളെയും ചിരിയിലേക്ക് പകർത്തി. അനിയൻ അബ്​ദുൽ ഖാദറി​​​​​െൻറ ഭാഷയിൽ പറഞ്ഞാൽ ആഖ്യയും ആഖ്യാതവുമില്ലാത്ത നല്ല ചപ്ലാച്ചി ഭാഷയിൽ ബഷീർ ലോകസത്യങ്ങൾ വരച്ചുവെച്ചു. ഒരു ബഷീറിയൻ സ്​റ്റൈൽ അദ്ദേഹം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. ഭാഷയിൽ, ശൈലിയിൽ എല്ലാം പുതിയൊരു എഴുത്തു ലോകം.

'ഉമ്മാ ഞാൻ ഗാന്ധീനെ തൊട്ടു'
കുഞ്ഞാത്തുമ്മയുടെയും കായി അബ്​ദുറഹിമാ​​​​​െൻറയും മകനായി ജനിച്ച ബഷീറി​​​​​െൻറ വിദ്യാഭ്യാസം തലയോലപ്പറമ്പ് മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടകാലം. സ്വാതന്ത്ര്യം നേടാതെ അടങ്ങിയിരിക്കില്ലെന്ന് ഉറച്ച ബാല്യം. അക്കാലത്താണ് മഹാത്മാഗാന്ധി വൈക്കത്ത് വരുന്നത്. ഹെഡ്മാസ്​റ്ററുടെ വിലക്ക് ലംഘിച്ച് വീട്ടിൽനിന്ന്​ ഒളിച്ച് ഗാന്ധിയെ കാണാൻ പോയ ബഷീർ തിരിച്ചുവന്ന് അഭിമാനത്തോടെ വിളിച്ചു പറഞ്ഞു, ''ഉമ്മാ, ഞാൻ ഗാന്ധീനെ തൊട്ടു...''
അതൊരു വഴിത്തിരിവായിരുന്നു. അടങ്ങാത്ത സ്വാതന്ത്ര്യദാഹംകൊണ്ട് പൊറുതിമുട്ടിയ ബഷീർ നടന്ന് എറണാകുളത്തെത്തി കോഴിക്കോട്ടേക്ക് വണ്ടികയറി സ്വാതന്ത്ര്യസമരത്തിൽ സജീവമായി. 1930-ൽ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലായി. പിന്നീട് ഭഗത് സിങ്ങി​​​​​െൻറ മാതൃകയിൽ തീവ്രവാദ സംഘടനയുണ്ടാക്കി. അതി​​​​​െൻറ മുഖപത്രമായ 'ഉജ്ജീവന'ത്തിലാണ് ആദ്യമായി ബഷീറി​​​​​െൻറ വാക്കുകൾ അച്ചടിമഷി പുരളുന്നത്. പ്രഭ എന്നായിരുന്നു അന്ന് ഉപയോഗിച്ച തൂലികാനാമം.

വൈക്കം മുഹമ്മദ് ബഷീറായ കഥ
വൈക്കം മുഹമ്മദ് ബഷീർ ^ആ പേര് സ്വീകരിച്ചത് അങ്ങനെ ചുമ്മാതൊന്നുമല്ല. അതിനു പിന്നിലും ഒരു ഘടാഘടിയൻ കാരണമുണ്ട്. ''തലയോലപ്പറമ്പുകാരനായ ഞാൻ ഒരാളെ രക്ഷിക്കാൻ വേണ്ടിയാണ് വൈക്കം മുഹമ്മദ് ബഷീറായത്. സർ സി.പിക്കെതിരെ തിരുവിതാംകൂറിൽ ജോറായി സമരം നടക്കുന്ന കാലം. ഞാൻ സചിവോത്തമനെ വിമർശിച്ചും പരിഹസിച്ചും ലേഖനങ്ങളും നാടകങ്ങളും എഴുതി. ഇതൊക്കെ എഴുതുന്ന മുഹമ്മദ് ബഷീറിനെ തേടി പൊലീസ് നടന്നു. അവർക്ക് പറവൂരുകാരൻ മുഹമ്മദ് ബഷീറിനെയായിരുന്നു സംശയം. ആ സാധുമനുഷ്യനെ രക്ഷിക്കാൻ പേര് ഒന്നുകൂടി വ്യക്​തമാക്കാൻ തീരുമാനിച്ചു. തലയോലപ്പറമ്പ് എന്ന സ്ഥലപ്പേര് പേരിന് നീളം കൂട്ടും. അതുകൊണ്ട് താലൂക്കി​​​​​െൻറ പേരുചേർത്ത് വൈക്കം മുഹമ്മദ് ബഷീർ എെന്നഴുതി. പറവൂർ മുഹമ്മദ് ബഷീർ രക്ഷപ്പെട്ടു.''

'പോടാ, പോ...
നീ രാജ്യമൊക്കെ കറങ്ങീട്ട് വാ...'

വയലിൽ സഹായിക്കാത്തതിൽ അരിശംപൂണ്ട ബാപ്പ മജീദിനോട് 'പോടാ, പോ... നീ രാജ്യമൊക്കെ ഒന്ന്​ കറങ്ങീട്ട് വാ' എന്നു പറയുന്നുണ്ട് ബാല്യകാലസഖിയിൽ. അതോടെയാണ് സുഹറയെയും കുടുംബത്തെയും വിട്ട് മജീദ് നാടുവിടുന്നത്. 'പോടാ, പോ...' എന്നത് ബഷീറിനോടുകൂടിയുള്ള ആക്രോശമായിരുന്നു. നാടുവിട്ട ബഷീർ ലോകം ചുറ്റിസഞ്ചരിച്ചു. ആഫ്രിക്കയും അറേബ്യയും കറങ്ങി. ഇന്ത്യൻ ജീവിതങ്ങളുടെ അകവും പുറവും കണ്ടു. നീണ്ട പത്തു വർഷക്കാലം പല നാട്ടിലും ജീവിച്ചു. പല വേഷങ്ങളും കെട്ടി. ഇംഗ്ലീഷ് ട്യൂഷൻ ടീച്ചർ, മാജിക്കുകാര​​​​​െൻറ സഹായി, അടുക്കളക്കാരൻ, ഹോട്ടൽ തൊഴിലാളി, കൈനോട്ടക്കാരൻ അങ്ങനെ പല ജോലികളും ചെയ്തു. കറാച്ചിയിൽ ഹോട്ടൽ നടത്തിയിരുന്ന ബഷീർ ലാഹോറിലെ സിവിൽ മിലിട്ടറി ഗസറ്റ് പത്രത്തിൽ കോപ്പി ഹോൾഡറായും ജോലി ചെയ്തിരുന്നു. മുൻകൂട്ടി തീരുമാനിക്കാതെ അലക്ഷ്യമായി നടത്തിയ യാത്രയാണ് എഴുത്തിന് കരുത്തേകിയത്. ആ അനുഭവങ്ങൾ അദ്ദേഹം എഴുതി. ആ വാക്കുകൾ വിശ്വസാഹിത്യത്തോളം വളർന്നു. സാധാരണക്കാര​​​​​െൻറ ജീവിതം അടുത്തറിഞ്ഞ് എഴുതിയ കൃതികൾ നാനാഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടു.

ആകാശമിഠായിയും ഇമ്മിണി വല്യൊന്നും
അനുഭവങ്ങളുടെ വെയിലും മഴയും നനഞ്ഞ ബഷീർ മലയാളത്തി​​​​​െൻറ ഉമ്മറക്കോലായിൽ എഴുതാനിരുന്നു. വായനക്കാർക്ക് ഒട്ടും പരിചയമില്ലാതിരുന്ന ഭാഷയിൽ അത്രയും ലളിതമായി പല ജീവിതങ്ങളും കാണിച്ചുതന്നു. എഴുത്തുകാരനായതിനെക്കുറിച്ച് ബഷീർ തന്നെ പറയുന്നതിങ്ങനെ; ''ഞാൻ എഴുത്തുകാരനായത് യാദൃച്ഛിക സംഭവമൊന്നുമല്ല. ഒമ്പതു കൊല്ലം ലക്കും ലഗാനുമില്ലാതെ എന്നു പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്ത് മുഴുവൻ ചുറ്റിക്കറങ്ങി. രാജ്യങ്ങൾ അടച്ചു വലവീശിയമാതിരിയാണ് കറങ്ങിയത്. അനിശ്ചിതമായ കാലഘട്ടം. വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള സഞ്ചാരം. അവസാനം സ്വന്തം നാടായ കേരളത്തിൽ തിരിച്ചെത്തി. ആകെ സ്വന്തമായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോൾ നിധികിട്ടിയമാതിരി ഒരെണ്ണം കിട്ടി; സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി. എഴുതി. അങ്ങനെ ഞാൻ എഴുത്തുകാരനായി.''
1943ൽ ഇറങ്ങിയ പ്രേമലേഖനമായിരുന്നു ആദ്യ കൃതി. ബാല്യകാലസഖി, ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മായുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശികൾ, ശബ്​ദങ്ങൾ, അനുരാഗത്തി​​​​​െൻറ ദിനങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീനിലയം (നീലവെളിച്ചം എന്ന ചെറുകഥ തിരക്കഥയാക്കിയത്), കഥാബീജം (നാടകത്തി​​​​​െൻറ തിരക്കഥ), ജന്മദിനം, ഓർമക്കുറിപ്പ്, പൂവൻപഴം, അനർഘനിമിഷം, വിഡ്ഢികളുടെ സ്വർഗം, മരണത്തി​​​​​െൻറ നിഴൽ, മുച്ചീട്ടു കളിക്കാര​​​​​െൻറ മകൾ, പാവപ്പെട്ടവരുടെ വേശ്യ, ജീവിത നിഴൽപ്പാടുകൾ, വിശപ്പ്, ഒരു ഭഗവദ്​​ഗീതയും കുറെ മുലകളും, താരാസ്‌പെഷൽസ്, മാന്ത്രികപ്പൂച്ച, നേരും നുണയും, ഓർമയുടെ അറകൾ ‍(ഓർമക്കുറിപ്പുകൾ) ആനപ്പൂട, ചിരിക്കുന്ന മരപ്പാവ, ശിങ്കിടി മുങ്കൻ, ചെവിയോർക്കുക! അന്തിമകാഹളം..., സർപ്പയജ്​ഞം (ബാലസാഹിത്യം), യാ ഇലാഹി (മരണശേഷം പ്രസിദ്ധീകരിച്ചത്) എന്നിവയാണ് ബഷീർ ലോകത്തിന് നൽകിയ സംഭാവനകൾ.

ഗുത്തിന ഹാലിട്ട ലിത്താപ്പോ...
നിഘണ്ടുവിൽ തപ്പിയാൽ കിട്ടാത്ത കുറെ വാക്കുകളാണ് ബഷീർ സാഹിത്യത്തി​​​​​െൻറ പ്രത്യേകത. അനുഭവങ്ങൾ വിവരിക്കാൻ അദ്ദേഹം സ്വന്തം ഭാഷ സൃഷ്​ടിച്ചെടുത്തു. ഹിന്ദുവായ കേശവൻ നായരുടെയും ക്രിസ്ത്യാനിയായ സാറാമ്മയുടെയും കുഞ്ഞിന് ഇടാൻ കണ്ടെത്തിയ പേര് ആകാശമിഠായി. ഇമ്മിണി വല്യ ഒന്ന്, ച്ചിരിപ്പിടിയോളം, ലൊഡുക്കൂസ്, ബഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം, വെളിച്ചത്തിനെന്തു തെളിച്ചം, സ്ത്രീകളുടെ തലയിൽ നിലാവെളിച്ചമാണ് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പദങ്ങളും പ്രയോഗങ്ങളും.
അനുജത്തിയുടെ കൂട്ടുകാരികൾക്ക് ‍കോളജിൽ പാടാൻ 'ൻറുപ്പുപ്പാക്കൊരാനേണ്ടാർന്നി'ലെ നിസാർ അഹമ്മദ് എഴുതിക്കൊടുത്ത 'ഗുത്തിന ഹാലിട്ട ലിത്താപ്പോ സഞ്ചിന ബാലിക ലുട്ടാപ്പീ..' എന്ന വരികളിൽ ബഷീറി​​​​െൻറ കൃസൃതി തെളിഞ്ഞുനിൽക്കുന്നു. വാക്കുകളുണ്ടാക്കുന്ന ശബ്​ദമായാണ് പല പ്രയോഗങ്ങളും ബഷീർ നടത്തിയത്. കാത്തു കാത്തിരുന്ന് പാത്തുമ്മയുടെ ആട് പെറ്റത് 'ഡും' എന്നാണ്. നിസാർ അഹമ്മദ് നട്ട മരങ്ങളെ കാണിക്കാൻ കുഞ്ഞിപ്പാത്തുമ്മ ഉമ്മയെ വിളിക്കുമ്പോൾ ഉമ്മ മെതിയടി ചവിട്ടി നടന്നുവരുന്നത് 'ക്ടോ' എന്നാണ്. അണ്ണാൻ 'ദുസ്...ദുസ്' എന്ന് ചിലച്ചതും കുഞ്ഞിപ്പാത്തുമ്മ കുരുവിയെ 'ഷ്ഷൂ, ഭൂ, ധുർർ' എന്നു പറഞ്ഞ് ഓടിക്കുന്നതായും ബഷീർ എഴുതുന്നു. അങ്ങനെ ബഷീർ ശബ്​ദങ്ങളെപ്പോലും എഴുത്തിലേക്ക് കൊണ്ടുവന്നു.

എനിക്കൊരു മരമായാൽ മതി...
വേണ്ട, എനിക്കു ബുദ്ധിവേണമെന്നില്ല. ഏതെങ്കിലും മൃഗമായാൽ മതി. ഏതെങ്കിലും വൃക്ഷമായാൽ മതി എന്നു പറയുന്ന ബഷീറി​​​​​െൻറ പ്രകൃതിസ്‌നേഹം വിവരി​േക്കണ്ട ആവശ്യമില്ല... അദ്ദേഹത്തി​​​​​െൻറ പ്രകൃതിയുമായുള്ള ആത്മബന്ധം പല കൃതികളിലും വ്യക്തമാണ്. കടിച്ച അട്ടയെ കൊല്ലാൻ നോക്കുകയും ഉടനെ അതിനും കാണില്ലേ കുടുംബം എന്നു ചിന്തിച്ച് ദയാശീലയാവുന്ന ൻറുപ്പുപ്പാക്കൊരാനേണ്ടാർന്നിലെ കുഞ്ഞിപ്പാത്തുമ്മ, വിശക്കുന്നുണ്ടാവുമെന്നു പറഞ്ഞ് ഗർഭിണിയായ പാത്തുമ്മയുടെ ആടിന് സ്വന്തം പുസ്തകങ്ങൾ തന്നെ തിന്നാൻ കൊടുക്കുന്ന ബഷീർ, അങ്ങനെ നിരവധി ഉദാഹരണങ്ങൾ. മൂർഖനെ അടിച്ചുകൊല്ലാൻ പറയുന്ന ഭാര്യയോട് ''ഇല്ല. ഭവതിയെപ്പോലെ ഈശ്വരസൃഷ്​ടി. അതും ജീവിക്കട്ടെ. ഈ ഭൂഗോളത്തി​​​​െൻറ സൃഷ്​ടിയാണ്. ഭൂമിയുടെ അവകാശികളായി കുറെയേറെ ജീവികളെ ദൈവം സൃഷ്​ടിച്ചിരിക്കുന്നു'' എന്ന മറുപടി ബഷീർ ഭൂമിയുടെ അവകാശികളിൽ വിവരിക്കുന്നുണ്ട്. ചിരിയും ചിന്തയും ഒരുമിച്ച് പകർത്തിയ എഴുത്തുകാരൻ ഇന്നും വായനക്കാർക്കിടയിൽ നല്ല സ്​റ്റൈലായിത്തന്നെ ജീവിക്കുന്നു.

ബഷീർ പുരസ്കാരങ്ങൾ
•പത്മശ്രീ പുരസ്കാരം 1982
•കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ് 1970
•കേരള സാഹിത്യ അക്കാദമി ഫെലോഷിപ് 1981
•കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം 1987
•സംസ്കാരദീപം അവാർഡ് 1987
•പ്രേംനസീർ അവാർഡ് 1992
•ലളിതാംബിക അന്തർജനം അവാർഡ് 1992
•മുട്ടത്തുവർക്കി അവാർഡ് 1993
•വള്ളത്തോൾ പുരസ്കാരം 1993

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaikkom muhammed basheer
Next Story