ദുരിതങ്ങളേ നാണിക്കുക.. സുധ ഇനിയും കവിതയെഴുതും
text_fieldsവിദ്യാഭ്യാസ യോഗ്യത --------------അഞ്ചാം ക്ലാസ്
ആദ്യ കവിതസമാഹാരം -------------പ്രണാമം
ഇഷ്ടപ്പെട്ട കവികൾ ----------------സുഗതകുമാരിയും ഒ.എൻ.വിയും
ജോലി ------------------തട്ടുകട നടത്തിപ്പ്
ഇതാണ് എറണാകുളം കതൃക്കടവ് ഇടശ്ശേരിപ്പറമ്പിലെ പുറമ്പോക്ക് ഭൂമിയിൽ തട്ടുകട നടത്തി ജീവിക്കുന്ന സുധ എന്ന കവയിത്രിയുടെ ചെറുവിവരണം. ജന്മംകൊണ്ട് ആലപ്പുഴ ജില്ലയിലെ ചേർത്തലക്കാരിയാണെങ്കിലും 33 വർഷമായി എറണാകുളത്താണ് താമസം. പറയത്തക്ക വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാത്ത ഈ അറുപത്തിരണ്ടുകാരിയുടെ ആദ്യകവിതസമാഹാരം ഇക്കഴിഞ്ഞ ലോക കവിതദിനത്തിൽ (മാർച്ച് 21ന്) പുറത്തിറങ്ങി. വായിച്ചവരൊക്കെ മികച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമായി സുധയെ തേടിയെത്തുന്നു. വലിയൊരു സ്വപ്ന സാക്ഷാത്കാരത്തിെൻറ പൂർത്തീകരണം മാത്രമല്ല, ജീവിതത്തിൽ അനുനിമിഷം തേടിയെത്തിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും നേർക്ക് സുധയെറിയുന്ന ആത്മവിശ്വാസത്തിെൻറ മറുപടി കൂടിയാണിത്.
ദുഃഖമാണെന്നുമെൻ
മിത്രമെന്നോർത്തില്ല...
വേദനകളും ദുരിതങ്ങളും ഒപ്പം ചേർന്ന് നടക്കാൻ തുടങ്ങിയപ്പോഴാണ് കവിതയെഴുതാൻ തുടങ്ങിയത്. എഴുതിത്തുടങ്ങുമ്പോൾ മനസ്സിലെ ഭാരം കുറയും. വേദനകൾക്ക് കനം കുറയുമെന്നും സുധ പറയുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് 10മാസം പ്രായമായ കൊച്ചനുജത്തിയെ മരണം തട്ടിയെടുത്തത്. സംസ്കാരവും ചടങ്ങുമെല്ലാം കഴിഞ്ഞ് സ്കൂളിൽ പോയിരുന്നപ്പോഴാണ് അനുജത്തിയെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് തോന്നിയത്. മനസ്സിലെ വിഷമവും നഷ്ടവും ഓർമകളുമെല്ലാം അന്ന് നോട്ടുബുക്കിെൻറ പേജിലേക്ക് പകർന്നു.കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിലാണ് പഠിച്ചത്. പണിക്കായി കൃഷിയിടത്തിൽ പോകാത്തതിന് വഴക്കുപറഞ്ഞ അച്ഛനോടുള്ള വാശിക്കാണ് പഠനം നിർത്തിയത്. എത്ര നിർബന്ധിച്ചിട്ടും പിന്നീട് സ്കൂളിൽ പോയില്ല. വയനാട്ടിലേക്ക് കുടിയേറിയെങ്കിലും കല്യാണം കഴിച്ച് എറണാകുളത്തേക്ക് വരികയായിരുന്നു. ചെറുപ്പത്തിലെ ദുരിതങ്ങൾ വലുതായപ്പോഴും ഒട്ടും കുറയാതെ കൂടെപ്പോന്നു.

‘ഇന്നുമീ ജീവിതം കണ്ണീർക്കടലാണ്,
മറന്നു ഞാൻ ശാന്തിതൻ നാളുകൾ...’
സുധയുടെ ‘ദുഃഖപുത്രി’ എന്ന കവിത തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്. ഭർത്താവിെൻറ കച്ചവടമെല്ലാം തകർന്നപ്പോൾ വാടകവീട്ടിൽനിന്ന് ഇറങ്ങേണ്ടി വന്നു. പിടിച്ചുനിൽക്കാൻ തടിമില്ലിൽ ജോലി നോക്കി. തുടർന്നാണ് തട്ടുകട തുടങ്ങിയത്. ‘ദൈവസഹായം’ എന്നുപേരിട്ട ഈ കൊച്ചുകടയാണ് ഇപ്പോൾ ജീവിതത്തിലെ പിടിവള്ളി. മറ്റുള്ളവരും ചായക്കും മറ്റും വില കൂട്ടിയപ്പോൾ ഈ കടയിൽ ചായക്ക് മാത്രമല്ല, പലഹാരങ്ങൾക്കും അഞ്ചുരൂപമാത്രമേ ഉള്ളൂ. അതിൽനിന്ന് കിട്ടുന്ന സന്തോഷം മതിയെന്നാണ് സുധയുടെ നിലപാട്. ഈ അവസ്ഥകളൊക്കെ അറിഞ്ഞ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ഉന്തുവണ്ടി സമ്മാനമായി തന്നു. അതിലാണ് ഇപ്പോൾ ചായക്കച്ചവടം.
രാവിലെ മുതലുള്ള തിരക്കിനിടയിലും വായന മുടക്കാറില്ല. ആക്രിക്കച്ചവടക്കാരിൽനിന്ന് കിട്ടുന്ന പുസ്തകങ്ങളും തമ്മനം വിനോദ ലൈബ്രറിയിൽനിന്ന് മറ്റുമെല്ലാം കിട്ടുന്ന പുസ്തകങ്ങൾ ആർത്തിയോടെ വായിച്ചുതീർക്കും. പകൽ മുഴുവൻ ജോലിയെടുത്ത് ക്ഷീണിച്ച് വന്നാലും രാത്രി മെഴുകുതിരി വെട്ടത്തിലാണ് വായന.
‘‘മനസ്സിൽ ദുഃഖം വരുമ്പോൾ എഴുതിത്തുടങ്ങിയതാണ്. ഇക്കാലത്തിനിടക്ക് എത്രയോ കവിതകൾ എഴുതി. ചിലതൊക്കെ കത്തിച്ചുകളഞ്ഞു. എഴുതിയ കവിതകൾ കാണാതെ പഠിച്ച് ഈണം നൽകി ചൊല്ലും. കടയിൽ ചായ കുടിക്കാൻ വരുന്നവരാണ് എെൻറ ആസ്വാദകർ. ഇവിടെ വരുന്നവർക്ക് കവിതയെല്ലാം ചൊല്ലിക്കേൾപ്പിക്കും. അവരും പ്രോത്സാഹിപ്പിക്കും’’- സുധ പറയുന്നു.
ആദ്യപുസ്തകം വെളിച്ചം കാണുന്നു
നൂറിലധികം കവിതകൾ എഴുതിക്കഴിഞ്ഞപ്പോഴാണ് ഇതൊരു പുസ്തകമാക്കിയാലോ എന്ന് ആഗ്രഹം തോന്നുന്നത്. പക്ഷേ, കിട്ടുന്ന തുച്ഛമായ പൈസക്ക് അന്നന്നത്തെ ജീവിതം തള്ളിനീക്കുന്ന എനിക്ക് അത് സാധിക്കുമോ എന്നറിയില്ലായിരുന്നു. എെൻറ കവിതളെക്കുറിച്ചും പുസ്തകമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും കേട്ടറിഞ്ഞ ചെന്നൈ സ്വദേശി ആർട്ടിസ്റ്റ് ഷൺമുഖൻ എന്നൊരാളാണ് അതിനുള്ള സഹായം ചെയ്തുതന്നത്. ദൈവം ഒരുപക്ഷേ എെൻറ പ്രാർഥന കേട്ടതാവണം. കവിതയുടെ തിരുത്തും മറ്റുകാര്യങ്ങളുമായി മൂന്ന് വർഷത്തോളമെടുെത്തങ്കിലും ഇക്കഴിഞ്ഞ മാർച്ച് 21ന് ആദ്യപുസ്തകം വെളിച്ചം കണ്ടു. ‘പ്രണാമം’ എന്നാണ് പുസ്തകത്തിെൻറ പേര്. 24 കവിതകളാണുള്ളത്.
സ്വന്തം വേദനകൾ മാത്രമല്ല, ചുറ്റുമുള്ള കാഴ്ചകളും സംഭവങ്ങളും കവിതക്ക് വിഷയമാകാറുണ്ട്. ഈ 33 വർഷത്തിനിടക്ക് കടവന്ത്രക്കും എറണാകുളത്തിനും വന്ന മാറ്റങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, ഡൽഹിയിൽ പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായ സംഭവം, നാടിെൻറ ഓർമകൾ അങ്ങനെയങ്ങനെ പലതും കവിതകളായി പിറന്നു. വെറുതെ കുത്തിക്കുറിക്കുന്ന വാക്കുകളായല്ല ശക്തമായ ഭാഷയായാണ് സുധയുടെ കവിതകൾ ആസ്വാദകനോട് സംവദിക്കുന്നത്.

മഴനനയാതെ കയറിക്കിടക്കാൻ ഒരു വീട്...
കടങ്ങളും കഷ്ടപ്പാടുകളും ഒന്നിനുമേൽ ഒന്നായി വന്നപ്പോൾ സ്വന്തമായി ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല. ഒരു മകനുണ്ട്. അവൻ കല്യാണം കഴിച്ച് ചെറിയൊരു വാടകവീട്ടിലാണ് താമസം. അവിടെ സ്ഥലമില്ലാത്തതിനാൽ പുറമ്പോക്ക് ഭൂമിയിലെ ചായക്കടക്കടുത്തുള്ള തകർന്നുവീഴാറായ കൂരയിലാണ് താമസം.പാമ്പും പഴുതാരയും എലിയും പൂച്ചയുമെല്ലാം കയറിയിറങ്ങുന്നതാണ് ഇവിടെ. അതിനും ആരോട് സുധക്ക് പരിഭവമില്ല. ഉള്ളിലെ സങ്കടങ്ങളെല്ലാം ‘ചെറ്റക്കുടിൽ’ എന്ന കവിതയായി പിറന്നു...
‘ഒരു തുണ്ടു ഭൂമിയിൽ,
ചെറു കുടിലുകെട്ടുവാൻ എനിക്കനുവാദം നൽകിയ തമ്പുരാനേ...
നമിക്കുന്നു നിന്നെ ഞാനെന്നും
എൻ സ്വപ്നമാളികയാണിതെന്നും
ഞാനിതിൽ റാണിയായി വാണീടുന്നു...’
സൂക്ഷിക്കാനൊരു ഇടമില്ലാത്തതിനാലും മഴക്കാലത്ത് ചോർന്നൊലിച്ച് നനഞ്ഞുപോകുന്നതുകൊണ്ടും അച്ചടിച്ച പുസ്തകം ഇവിടെവെക്കാൻ പറ്റില്ല. മകെൻറ വാടകവീട്ടിലാണ് സൂക്ഷിക്കുന്നത്. ഏത് നിമിഷവും ഈ കുടിലിൽനിന്ന് ഇറങ്ങേണ്ടി വരും. മാറിമാറി വരുന്ന സർക്കാറുകളുടെ ഭവനപദ്ധതികളിലേക്ക് അപേക്ഷ അയക്കാറുണ്ട്. ഒരിക്കൽ എല്ലാം ശരിയായി എന്നൊക്കെ പറഞ്ഞ് ആൾക്കാർ വന്നു. പക്ഷേ, പോയി നോക്കിയപ്പോൾ എെൻറ പേരില്ല. ഞാൻ അയക്കുന്ന അപേക്ഷകളൊന്നും എത്തേണ്ടിടത്ത് എത്തുന്നില്ല. അതിന് കാരണമെന്തെന്ന് ഇപ്പോഴും അറിയില്ല. റോഡ് വികസനമെന്നും മറ്റും പറഞ്ഞ് ഉദ്യോഗസ്ഥർ വന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങിയിട്ട് കുറേയായി. ഈ കുടിലിൽനിന്ന് ഇറങ്ങിയാൽ പോകാൻ മറ്റൊരു ഇടമില്ല. ഒരിക്കൽ ഇവിടെനിന്ന് ഇറങ്ങേണ്ടിവരുമെന്ന് വാർഡ് കൗൺസിലർ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു- ‘നിങ്ങൾ ഇറക്കിവിട്ടാൽ കൈയിലുള്ള ഗുളിക മുഴുവൻ എടുത്ത് ഞാൻ കഴിക്കും...’ അല്ലാതെ ഞാനെന്ത് പറയാൻ.
ഭർത്താവിനാണെങ്കിൽ പണിക്ക് പോകാനുള്ള ആരോഗ്യവുമില്ല. അടുത്തിടെ ഒരു അപകടത്തിൽ പരിക്കേറ്റ് കിടക്കുകയാണ്. കഴിഞ്ഞവർഷം എനിക്കായിരുന്നു അപകടം സംഭവിച്ചത്. ജീവിതം ഓരോ നിമിഷവും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നന്നായി അറിയാം. എങ്കിലും തോറ്റ് പിന്മാറില്ല. മനസ്സിൽ അക്ഷരങ്ങൾ കവിതയായി പിറക്കുന്ന കാലത്തോളം എഴുത്ത് തുടരും.