പാകിസ്താന്‍ വൈകാതെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാകും –കവി സച്ചിദാനന്ദന്‍
text_fieldsകൊച്ചി: ഇന്ത്യയിലെ സ്വതന്ത്ര നിലപാടുള്ള കലാകാരന്മാരും എഴുത്തുകാരും ചിന്തകന്മാരുമെല്ലാം എത്തിച്ചേരുന്നതോടെ പാകിസ്താന്‍ വൈകാതെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമായി മാറുമെന്ന് കവി പ്രഫ. കെ. സച്ചിദാനന്ദന്‍. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന സാംസ്കാരിക പ്രവര്‍ത്തകരെല്ലാം പാകിസ്താനിലേക്ക് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും സംഘ്പരിവാര്‍ കൂട്ടാളികളും പറയുന്ന സാഹചര്യത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷന്‍ ഇരുപത്തിനാലാം ദേശീയ സമ്മേളനത്തിന്‍െറ ഭാഗമായി കൊച്ചിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ‘സംസ്കാരവും ജനകീയ ഐക്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സച്ചിദാനന്ദന്‍. എം.എഫ്. ഹുസൈനും യു.ആര്‍. അനന്തമൂര്‍ത്തിക്കും ശേഷം ഇപ്പോള്‍ ഷാരൂഖ് ഖാനും നന്ദിത ദാസും തുടങ്ങി കമല്‍ വരെ പാകിസ്താനിലേക്ക് പോകണമെന്നാണ് സംഘ്പരിവാര്‍ നിലപാട്.
മറ്റുമതക്കാര്‍ പ്രത്യേകിച്ച് മുസ്ലിംകള്‍ മറ്റു രാഷ്ട്രങ്ങളില്‍നിന്ന് വന്നവരാണെന്ന് മുദ്രകുത്തി വെറുപ്പ് പടര്‍ത്തുകയാണ്. ഇന്ത്യയുടെ ബഹുസ്വരത തച്ചുതകര്‍ത്ത് എല്ലാം ഏകമുഖവും കേന്ദ്രീകൃതവുമാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. തങ്ങളുടെ ദൈവം മാത്രം മതിയെന്ന് വാദിക്കുകയും ശഠിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസും മോദിയുമൊക്കെ മറ്റ് മതവിശ്വാസികളില്‍ ഭയം ജനിപ്പിക്കുന്നു.
തങ്ങള്‍ക്ക് ഹിതകരമല്ലാത്തതെല്ലാം വേണ്ടെന്ന ഇവരുടെ നിലപാടിന് തെളിവാണ് ഗോമാംസനിരോധനം. സംഘ്പരിവാറിന്‍െറ ഇന്നത്തെ ഹിന്ദുത്വം സങ്കുചിതത്വത്തിന്‍െറയും അസഹിഷ്ണുതയുടെയും മൂര്‍ത്തരൂപമായിരിക്കുന്നു. ഹിന്ദുത്വത്തിന്‍െറ കെണിയില്‍ മധ്യവര്‍ഗം കൂടുതല്‍ കൂടുതല്‍ കുടുങ്ങുകയാണ്.
വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തും. അസഹിഷ്ണുതക്കെതിരെ സാഹിത്യകാരന്മാര്‍ പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചത് പൊടുന്നനെയുള്ള സ്വാഭാവികപ്രതികരണമായിരുന്നു. ഗൂഢാലോചനയെന്നും തെറ്റിദ്ധരിപ്പിക്കല്‍ എന്നുമൊക്കെയായിരുന്നു സര്‍ക്കാര്‍ അതിന് ഒൗദ്യോഗികമായി ആരോപിച്ചത്.
ജീവിതത്തിന്‍െറയല്ല മരണത്തിന്‍െറ ആരാധകരാണ് സംഘ്പരിവാറുകാര്‍. ഇതേവിധം തന്നെയാണ് ഐ.എസ് ഭീകരരും മതത്തിന് വേണ്ടി മരിക്കൂ എന്ന് ആഹ്വാനം ചെയ്യുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.