പെത്തഡിൻ നൽകിയ ഉന്മാദത്തെപ്പറ്റി കുഞ്ഞബ്ദുള്ള

താഹ മാടായി
12:36 PM
27/10/2017
punathil-doctor
മരണത്തെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മകളെയാണോ ജീവിതം എന്നു പറയുന്നത്? ജീവിതത്തിന്റെ ആത്യന്തികമായ അര്‍ത്ഥം എന്താണ്? മരണത്തിലേക്ക് ഒഴുകിപ്പോകുന്ന അനുഭവങ്ങളുടെ ദീര്‍ഘമാസങ്ങള്‍...
എല്ലാ കലാകാരന്മാരേയുംപോലെ, അവന്‍, കുഞ്ഞബ്ദുള്ളയും മരണത്തിന്റെ നിഗൂഢമായ അവസ്ഥകളെക്കുറിച്ച് ആലോചിക്കാറുണ്ട്. ജീവിതത്തിന്റെ മറ്റൊരു അവസ്ഥാന്തരമാണ് മരണം.
അലിഗഢില്‍ ഹൗസ് സര്‍ജന്‍സിയായിരിക്കുന്ന കാലത്ത് ഒരു വാര്‍ഡ്‌സ്റ്റോറിന്റെ ഇന്‍ചാര്‍ജ് ആയിരുന്നു എനിക്ക്. ആശുപത്രി വാര്‍ഡിലേക്കാവശ്യമായ എല്ലാത്തരം മരുന്നുകളും, കമ്പിളികളും ലിനന്‍, കോട്ടണ്‍ തോര്‍ത്തുകളും വിതരണം ചെയ്യുന്നത് ഈ സ്റ്റോറില്‍ നിന്നാണ്. വളരെ ഉത്തരവാദിത്വമുള്ള ജോലിയാണ്. എല്ലാ ദിവസവും കൃത്യമായി സ്റ്റോക്കുകള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഒരു കണക്കെഴുത്തുകാരന്റെ സൂക്ഷ്മമായ ബുദ്ധിയും ജാഗ്രതയും ആവശ്യമുണ്ട് ഇത്തരം ജോലികള്‍ക്ക്.
ആറ് വാര്‍ഡുകള്‍ക്കായിരുന്നു ഒരു സ്റ്റോര്‍. മെഡിസിന്‍, ഇഞ്ചക്ഷന്‍, സിറപ്പുകള്‍, ലിനന്‍, ബെഡ്, വിരിപ്പുകള്‍, ബി.പി. അപ്പാരെറ്റസ്... തുടങ്ങി ഓരോ വാര്‍ഡിലേക്കും ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ഡോക്ടര്‍മാരില്‍നിന്നും നഴ്‌സുമാരില്‍നിന്നുമൊക്കെ രജിസ്റ്ററില്‍ ഒപ്പിട്ടുവാങ്ങണം. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ അടുത്ത സുഹൃത്ത് ജെയിന്‍, പഞ്ചാബുകാരന്‍, സുന്ദരന്‍, എന്റെ സീനിയര്‍ തന്റെ വാര്‍ഡിലേക്ക് പെത്തഡിന്‍ ആവശ്യപ്പെട്ടു.
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട മെഡിസിനാണ് പെത്തഡിന്‍. ഏറെ അപകടകാരികളായ മെഡിസിനുകളുടെ കൂട്ടത്തിലാണ് ഇതിനുള്ള ഇടം. ഇത്തരം അപകടകാരികളെ ഷെഡ്യൂള്‍ഡ് മെഡിസിന്‍ എന്നാണു പറയുക. ഇവ സൂക്ഷിക്കാന്‍ ഓരോ വാര്‍ഡിലും പ്രത്യേകം ലോക്കറുകളുമുണ്ടാകും. മോര്‍ഫിന്‍, പെത്തഡിന്‍, സോഡിയം പെന്റര്‍തോള്‍ ഇത്തരം മെഡിസിനുകളാണ് ഈ ലോക്കറില്‍ സൂക്ഷിക്കുക.
ഡോക്ടര്‍ ജെയിന്‍ ആവശ്യപ്പെട്ടതുപ്രകാരം ഞാന്‍ പെത്തഡിന്‍ നല്‍കി. പക്ഷേ, പിന്നീടാണ് അതിശയകരമായ ചില സംഭവങ്ങളുടെ തുടര്‍ച്ചകളുണ്ടാവുന്നത്. ഡോക്ടര്‍ ജെയിന്‍ വീണ്ടും വീണ്ടും പെത്തഡിന്‍ ആവശ്യപ്പെടാന്‍ തുടങ്ങി. പെത്തഡിന്‍ വായുഗുളികപോലെ കഴിക്കേണ്ട ഒന്നല്ലല്ലോ. എനിക്കതില്‍ എന്തോ പന്തികേട് തോന്നി. ഡോക്ടര്‍ ജെയിന്‍ ചികിത്സിക്കുന്ന പേഷ്യന്റിനെകാണാന്‍ ഞാന്‍ തീരുമാനിച്ചു. അപ്പോഴാണ് അത്ഭുതകരമായ ഒരു കാര്യം മനസ്സിലായത്, അങ്ങനെയൊരു പേഷ്യന്റ് ആ വാര്‍ഡില്‍ ഇല്ല! അപ്പോള്‍ ഈ പെത്തഡിനുകളൊക്കെ എങ്ങോട്ടാണു പോകുന്നത്? ഏതു മാന്ത്രികവിദ്യയ്ക്കുവേണ്ടിയാണ് ഈ മെഡിസിന്‍ ഡോ. ജെയിന്‍ ഉപയോഗിക്കുന്നത്?
മദ്യത്തെക്കാള്‍ ലഹരിയുള്ളവനാണ് പെത്തഡിന്‍. പ്രത്യേകം ഉന്മാദം അതുണ്ടാക്കും. നമ്മുടെ ഉള്ളില്‍ ആനന്ദത്തിന്റെ ഒരുപാട് പൂത്തിരികള്‍ ഒന്നിച്ചു കത്തുന്നതുപോലെ തോന്നും. ചിലപ്പോള്‍ മാലാഖയുടെ ചിറകുകള്‍ ഉള്ളതുപോലെ, ചിറകുവിരിച്ച് ആകാശസഞ്ചാരം നടത്താം. ഇത്തരം മരുന്നുകളുപയോഗിച്ച് ഏഴാനാകാശത്തുനിന്ന് ഭൂമിയിലെ മനുഷ്യരെനോക്കി സംസാരിച്ച ചില വിരുതന്മാരും ഉണ്ട്. സ്വര്‍ഗത്തിന്റെ കവാടത്തിലെത്തി സെന്റ് പീറ്ററെ അഭിവാദ്യംചെയ്ത ഒരാളെ എനിക്കറിയാം. അങ്ങനെയുള്ള വിചിത്രാനുഭവങ്ങള്‍...
പിന്നെ ഈ മെഡിസിനുപയോഗിച്ചാല്‍ തീരെ ഉറക്കം കിട്ടുകയുമില്ല. സദാ ഉണര്‍ന്നിരിക്കുന്ന അവസ്ഥ. ഡോ. ജെയിന്‍ ഈ മെഡിസിന്‍ കുത്തിവെച്ച് ഓവര്‍ഡോസിലായി. സാധാരണനിലയില്‍ സഹിക്കവയ്യാത്ത വേദനയുള്ള ഒരു കാന്‍സര്‍ രോഗിക്ക് അന്‍പത് മില്ലിഗ്രാം പെത്തഡിന്‍ ഇഞ്ചക്ഷന്‍ കൊടുത്താല്‍ 24 മണിക്കൂര്‍ വേദനാരഹിതമായി സമാധാനത്തോടെ ഉറങ്ങാം. എന്നാല്‍ ഈ മരുന്നിന് അഡിക്റ്റായവര്‍ ഒരു ദിവസം 500 മില്ലി ഗ്രാംവരെ സ്വന്തം ശരീരത്തിലേക്കു കുത്തിവെക്കും. ഡോ. ജെയിന്‍ പത്ത് ഇഞ്ചക്ഷനുകള്‍ ഒന്നിടവിട്ട് തന്റെ ശരീരത്തിലേക്ക് അടിച്ചുകയറ്റി!
പിന്നെ അയാള്‍ ഒരിക്കലും ഉണര്‍ന്നില്ല!
ആ മരണം ഒരു കറുത്ത അധ്യായമായി ജീവിതത്തിന്റെ താളുകളില്‍ അങ്ങനെയുണ്ട്. എങ്കിലും മനുഷ്യസംബന്ധിയായ ജിജ്ഞാസകളില്‍നിന്നു ഞാന്‍ ഒരിക്കലും മോചിതനായിരുന്നില്ല. എന്താണ് പെത്തഡിന്‍ നല്‍കുന്ന ഉന്മാദം? ജീവിതത്തെ ഉപേക്ഷിക്കാന്‍മാത്രം അതു നല്കുന്ന ലഹരിയെന്താണ്? ഇത്തരം ചോദ്യങ്ങള്‍ എട്ടുകാലിവലപോലെ എന്റെ മനസ്സില്‍ നെയ്തുതുടങ്ങി. വടകരയില്‍ ഡോക്ടറായി ജോലി തുടങ്ങിയ കാലം. ഒരു ദിവസം എന്നോടൊപ്പമുള്ള ഡോക്ടര്‍ ചോദിച്ചു:
എപ്പോഴെങ്കിലും അവനെ ഉപയോഗിച്ചിട്ടുണ്ടോ? രണ്ട് ആംപ്യൂള്‍ എങ്കിലും എടുത്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ഇല്ലെന്നു തലയാട്ടി.
അദ്ദേഹം അമ്പത് മില്ലിഗ്രാം എനിക്ക് അടിച്ചുതന്നു. വളരെ ധ്യാനപൂര്‍വമായ ഒരു പ്രവൃത്തിപോലെയാണ് ആ ഡോക്ടര്‍ എന്റെ ഞരമ്പുകളില്‍ പെത്തഡിന്‍ കുത്തിവെച്ചത്. ഞരമ്പില്‍ നേരിട്ട് കുത്തിവെക്കുമ്പോള്‍ നല്ല സുഖമായിരിക്കും. വിശപ്പുണ്ടാവുകയില്ല, വായ ഉണങ്ങി വരണ്ടിരിക്കും, ഒരുതരം വിരക്തി, മാന്ദ്യം... ഇതാണ് ആദ്യാനുഭവം. പക്ഷേ, രണ്ടുദിവസം കുത്തിവെച്ചപ്പോള്‍ ആദ്യത്തെപോലെയുള്ള തിക്താനുഭവങ്ങളൊന്നുമുണ്ടാ
യില്ല. പിന്നെ ഉപയോഗിച്ചുതുടങ്ങിയപ്പോഴതാ ശരീരത്തിന് ചിറകുകള്‍ വരുന്നു. ഞാനും ആകാശസഞ്ചാരം തുടങ്ങി. സ്വര്‍ഗകവാടത്തില്‍ചെന്ന് സെന്റ് പീറ്ററുമായി ഒരു സൗഹൃദ സംഭാഷണം നടത്തി. സ്വര്‍ഗത്തിലേക്കുള്ള അദ്ദേഹത്തിന്റെ ക്ഷണത്തെ സ്‌നേഹപൂര്‍വം
നിരാകരിച്ച് ഭൂമിയിലേക്കുതന്നെ ഇറങ്ങിവന്നു. ഭൂമിയില്‍ പക്ഷേ, മനുഷ്യനായിട്ടല്ല ഇറങ്ങിയത്. ഒരു പൂമ്പാറ്റയായി കാരക്കാട്ടെ ഗ്രാമത്തിലൂടെ പറന്നു... ലഹരി കഴിയുമ്പോള്‍ വീണ്ടും മലമുകളിലെ കുഞ്ഞബ്ദുള്ളതന്നെ
യായി.
ദിവസം കഴിയുന്തോറും ഉന്മാദത്തിന്റെ ഡോസ്
പോരാ എന്നൊരു തോന്നല്‍. ഓവര്‍ഡോസ് ഉന്മാദത്തിന് വേണ്ടി മനസ്സ് കൊതിച്ചുതുടങ്ങി. ജീവിതം, മരണം തുടങ്ങിയ വികാരങ്ങളെല്ലാം മനസ്സില്‍നിന്നു പോയി. ഒരു ദിവസം പെത്തഡിന്‍ കുത്തിവെച്ചു ഞാന്‍ എന്റെ കൈഞരമ്പ് മുറിച്ചു. ചോര ഒഴുകുന്നത് അറിഞ്ഞിരുന്നില്ല. ചോരതന്നെയാണോ... വേദനയില്ല. ശരീരത്തിലൊന്നുമില്ല. ആത്മാവ്‌പോലുമില്ലാത്ത അവസ്ഥ. പോരാത്തതിന് രണ്ട് സ്‌മോളും അടിച്ചിരുന്നു... മുറിയിലേക്കു കയറിവന്ന ഭാര്യ അലീമ എന്റെ വികാരരഹിതമായ കിടപ്പുകണ്ട് ഭയന്നു വിറച്ചു. കൈയില്‍നിന്നു ചോര ചോര്‍ന്നുതുടങ്ങിയ മഴത്തുള്ളിപോലെ ഇറ്റിക്കൊണ്ടിരുന്നു. അവള്‍ പെട്ടെന്നുതന്നെ എന്റെ സഹപ്രവര്‍ത്തകനായ ഡോക്ടറെ വിളിച്ചു. ഡോക്ടര്‍വന്ന് എന്റെ കിടപ്പുമുറിയെ ആശുപത്രി വാര്‍ഡാക്കി. പെട്ടെന്നുതന്നെ അടിയന്തിര ശുശ്രൂഷകള്‍ ചെയ്തു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ ബോധത്തിലേക്കു തിരിച്ചുവന്നു. സെന്റ്പീറ്ററില്ല, സ്വര്‍ഗമില്ല, ഏഴാനാകാശമില്ല, വടകരയിലെ മുറിയില്‍ ഒരു രോഗിയായി കിടക്കുന്നു. അരികില്‍ അലീമ...
പെത്തഡിന്‍ ഉപയോഗിച്ചതിന്റെ ദുരന്തമായിരുന്നു അത്.
ഒരിക്കലും ഡ്രഗ് ഞരമ്പില്‍ നേരിട്ട് കുത്തിവെക്കാന്‍ പാടില്ല. കേവലം ഒരു സുഖത്തിനുവേണ്ടിയുള്ള ആ ശ്രമം പിന്നീട് നരകമായി തീരും. ജീവിതത്തെ നെയ്
റോസ്റ്റ്‌പോലെ ഒടിച്ചുമടക്കി അതു നമ്മുടെ കൈയില്‍ തിരിച്ചുതരും. അതുകൊണ്ട് അവന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള എല്ലാവരോടും പറയുന്നു, നിങ്ങള്‍ ലഹരി കുത്തിവെക്കരുത്.
അറിഞ്ഞുകൊണ്ട് നരകത്തിലെ വിറകായി തീരാ
നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?
 
(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുനത്തിലിന്‍റെ 'ബദല്‍ ജീവിതം' എന്ന പുസ്തകത്തില്‍ നിന്ന്)
COMMENTS