Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഉപ്പ...

ഉപ്പ സ്​നേഹത്തടവിലാണ്...

text_fields
bookmark_border
punathil-and-daughter
cancel
camera_alt???????? ??? ????????????? ??????: ????? ????????

‘എനിക്കിനി വേറെ ആരും വേണ്ട. കൂട്ടുകാരും എഴുത്തും വായനയും ഒന്നും വേണ്ട. എ​​​​​​െൻറ മക്കൾക്കൊപ്പം കഴിഞ്ഞാൽ മതി. എന്നെ നോക്കാൻ നിനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?’ ഏറെ നാളത്തെ അകൽച്ചകളുടെ മഞ്ഞുരുക്കി ഉപ്പ മകളോട് ചോദിച്ചു. 
ഇല്ല. എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. 
തന്‍റെ രണ്ട് ആൺമക്കളെക്കാൾ കാര്യത്തോടെ പരിഗണിക്കുന്ന മരുമകനോടായിരുന്നു അടുത്ത ചോദ്യം.
ഞാൻ ഇവിടെ നിൽക്കുന്നതിൽ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ?
സന്തോഷമേയുള്ളു.
മലയാളസാഹിത്യ വിഹായസിൽ പറന്നുനടന്ന ആ ഉപ്പ, സാക്ഷാൽ പുനത്തിൽ കുഞ്ഞബ്ദുള്ള അങ്ങനെ മകളുടെ വീട്ടിൽ ചിറകൊതുക്കി. മൂന്നു വർഷം മുമ്പ് ഉപ്പ കുടുംബത്തി​​​​​​െൻറ സ്​നേഹത്തിലേക്ക് തിരിച്ചുവന്ന നിമിഷങ്ങൾ മകൾ നാസിമയുടെ കൺമുന്നിൽ ഇപ്പോഴുമുണ്ട്. 

punathil-with-daughter-and-son
മകളും മരുമകനുമൊത്ത് പുനത്തിൽ ഫോട്ടോ: അജീബ് കൊമാച്ചി
 

‘അതിന് മുമ്പും ഇടക്കൊക്കെ വരുമായിരുന്നു. ഇനി ഞാൻ കുറച്ചുദിവസം എ​​​​​​െൻറ മോളടുത്ത് നിൽക്കട്ടെ എന്നും പറഞ്ഞ്. വരുമ്പോൾ ആരോഗ്യകാര്യത്തിലെ ശ്രദ്ധക്കുറവിനെക്കുറിച്ച് സംസാരിക്കാതിരിക്കാൻ എനിക്കാകില്ല. അതും പറഞ്ഞ് എന്നോട് ഉടക്കി ഉടനെ മടങ്ങിപ്പോകും. അതായിരുന്നു പതിവ്. ഞങ്ങൾ മൂന്നു മക്കളും അദ്ദേഹത്തി​​​​​​െൻറ ജീവിതത്തിലോ സ്വാതന്ത്ര്യത്തിലോ ഒരിക്കലും കടന്നുചെന്നിട്ടില്ല. ഒരു ചോദ്യവും ചോദിച്ചിട്ടില്ല. ഇഷ്​ടപ്പെട്ട രീതിയിൽ ജീവിക്കുന്നതിനെ വിലക്കിയിട്ടുമില്ല. ഹോസ്​പിറ്റൽ ജീവിതം വിട്ടതിന് ശേഷമാണ് കുടുംബത്തിൽ നിന്ന് അകന്ന്മാറി ഉപ്പ ജീവിക്കാൻ തുടങ്ങിയത്. സൗഹൃദങ്ങളുടെ പെരുവെള്ളപ്പാച്ചിലാണ് ഉപ്പയുടെ ജീവിതം. പക്ഷേ, ഒറ്റക്കുള്ള ജീവിതത്തി​​​​​​െൻറ ഒരുഘട്ടത്തിൽ ഒപ്പമുണ്ടായ ചില കൂട്ടുകെട്ടുകൾ തനിക്ക് ദോഷമാണെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു കുടുംബത്തിലേക്കുള്ള അദ്ദേഹത്തി​​​​​​െൻറ മടക്കം. മദ്യം തന്നെയായിരുന്നു വില്ലൻ. മുമ്പ് ഒപ്പം കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചില്ല എന്നല്ല, അദ്ദേഹം വരാൻ തയ്യാറല്ലായിരുന്നു. ആ തീരുമാനത്തിന് എതിരെനിന്ന് കൂട്ടിക്കൊണ്ട്വരാൻ ഞങ്ങൾക്കും ആഗ്രഹമില്ലായിരുന്നു. ഒടുവിൽ  കാസബ്ലാങ്കയിൽ ആരോഗ്യം ക്ഷയിച്ച് കിടന്ന ഉപ്പയെ അദ്ദേഹത്തി​​​​​​െൻറ സഹോദരിയുടെ മകനെത്തി നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. അവിടെ കുറച്ച് ദിവസം കഴിഞ്ഞപ്പോഴായിരുന്നു എനിക്ക് നാസിമോളുടെ കൂടെ കഴിഞ്ഞാൽ മതിയെന്ന് പറഞ്ഞ് ഉപ്പ എ​​​​​​െൻറ അടുത്തെത്തിയത്.’ ആരോഗ്യം പൂർണ്ണമായും നശിച്ച ഉപ്പയുടെ തിരിച്ചുവരവിനെക്കുറിച്ച് പറയുമ്പോൾ ശബ്ദമിടറുന്നുണ്ട് നാസിമക്ക്. 
അന്നൊക്കെ ഉപ്പയോട് ഞാൻ ചോദിച്ചത് ഒന്ന് മാത്രം, ‘എന്നാലും ആരോഗ്യം വച്ച് കളിച്ചല്ലോ ഉപ്പ’. അതിന് മറുപടി മൗനമായിരിക്കും.  
ജീവിതത്തിലേക്ക് ഉപ്പയെ തിരിച്ചുകൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമത്തിന് ആത്മാർഥമായി ഒപ്പം നിൽക്കാൻ അദ്ദേഹം എന്തായാലും തയ്യാറായി. ആ കാലയളവിൽ ആരെയും കാണാനും സംസാരിക്കാനും ഇഷ്​ടമേയല്ലായിരുന്നു. ആരു വന്നാലും ഞങ്ങൾ മടക്കിവിട്ടു. വിളിച്ച് ഫോൺ അദ്ദേഹത്തിന് കൊടുക്കു എന്ന് ആവശ്യപ്പെട്ടവരോടും മുഖം തിരിച്ചു. കൂടുതൽ വാശിപിടിച്ചവരോട് ഫോണിലൂടെ നിങ്ങളോട് എനിക്ക് സംസാരിക്കാൻ താത്പര്യമില്ലെന്ന് ഉപ്പ തന്നെ പറഞ്ഞ സംഭവങ്ങളുമുണ്ടായി.’ അതേസമയം, അദ്ദേഹത്തിനെ വിളിച്ച് ശല്യം ചെയ്യാനില്ല; നിങ്ങൾ കാര്യം പറഞ്ഞാൽ മതി എന്ന് പറഞ്ഞ് വിളിച്ച സൗഹൃദങ്ങളെയും നാസിമയും ഭർത്താവ് ജലീലും സ്​നേഹപൂർവം ഓർക്കുന്നു.

സ്​ട്രിക്റ്റായത്കൊണ്ട് ഇന്നും ഉപ്പയുണ്ട്
സന്തോഷത്തി​​​​​​െൻറ നാളുകൾ ആ കുടുംബത്തിലേക്ക് തിരിച്ചുവന്നതിനിടയിലാണ് അപ്രതീക്ഷിതമായൊരു അപവാദം തേടിയെത്തിയത്; പുനത്തിൽ കുഞ്ഞബ്ദുള്ളയെ മകളും കുടുംബവും തടവിലിട്ടിരിക്കുന്നു. 
‘സ്വന്തം ബാപ്പയെ കൂടെ നിർത്തി പരിചരിക്കുന്നത് തടങ്കലിൽ ഇട്ടിരിക്കുന്നതാണെന്ന് പറഞ്ഞാൽ എന്താ മറുപടി പറയുക? മുക്കിലും മൂലയിലും വൃദ്ധസദനങ്ങൾ പെരുകുന്ന, മാതാപിതാക്കളെ നടതള്ളുന്ന നാട്ടിലാണ് ഇത് പറഞ്ഞതെന്ന് ഓർക്കണം.  അങ്ങനെ പറഞ്ഞവരെക്കുറിച്ച് ഒരു കാര്യം വ്യക്തമാണ്, പുനത്തിൽ കുഞ്ഞബ്ദുള്ള ആരാണെന്ന് അവർക്കറിയില്ല. എ​​​​​​െൻറ ഉപ്പയെ അറിയുന്നവർക്കറിയാം, അദ്ദേഹത്തി​​​​​​െൻറ സമ്മതമില്ലാതെ ഒരു കുഞ്ഞിനും ഒരു നിമിഷത്തേക്ക് പോലും അദ്ദേഹത്തെ പിടിച്ചുകെട്ടാനാകില്ലെന്ന്. ഉപ്പയുടെ തുറന്ന ജീവിതം തന്നെ അതിന് തെളിവാണ്. അങ്ങനെ പറഞ്ഞു പരത്തിയവർക്ക് അവരുടേതായ എന്തെങ്കിലും നേട്ടങ്ങളുണ്ടാകും എന്നല്ലാതെ എന്ത് പറയാൻ.’
എന്തു കൊണ്ട് നേരത്തെ കൂടെ കൊണ്ടുവന്നില്ല എന്ന് ചോദിക്കുന്നവർക്കും ഇതേ മറുപടിയാണ് നാസിമക്ക് നൽകാനുള്ളത്, പുനത്തിൽ കുഞ്ഞബ്ദുള്ള ആഗ്രഹിച്ചാലല്ലാതെ ആർക്കും അദ്ദേഹത്തി​​​​​​െൻറ കാര്യത്തിൽ ഇടപെടാനാകില്ല. 
ഉപ്പയുടെ കാര്യത്തിൽ ശരിക്കും തങ്ങൾ സ്​ട്രിക്റ്റാക്കിയിരുന്നു എന്നത് പൂർണ്ണമായും ശരിയാണെന്ന് നാസിമ വ്യക്തമാക്കുന്നു. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു. ‘ഞങ്ങളുടെ സമ്മതമില്ലാതെ, ഉപ്പ ആഗ്രഹിക്കാതെ ആരെയും കാണാനോ വിളിച്ച് സംസാരിക്കാനോ അനുവദിച്ചില്ല. അങ്ങനെ സ്​ട്രിക്ക്റ്റാക്കിയത് കൊണ്ടാണ് വിവാദങ്ങളുണ്ടാക്കി മുതലെടുക്കാൻ നടക്കുന്നവർക്ക് അതിനുള്ള അവസരം നൽകി പുനത്തിൽ കുഞ്ഞബ്ദുള്ള ഇപ്പോഴും ജീവിച്ചിരിക്കുന്നത്.’ –നാസിമ പറയുന്നു.
ഉപ്പയുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുള്ള പോരാട്ടം എളുപ്പമായിരുന്നില്ല. കുറച്ചൊന്നുമല്ല ഞങ്ങൾ അനുഭവിച്ചത്. അതൊക്കെ കണ്ട് മനസ്​ കട്ടിയായതുകൊണ്ട് വിവാദമുണ്ടായപ്പോൾ ‘ഇതൊക്കെ എന്ത്’ എന്ന ഭാവമായിരുന്നു. ‘ആരെയും ബോധിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഉപ്പയെയും ഞങ്ങളെയും അടുത്തറിയാവുന്നവർക്ക് സത്യമറിയാമായിരുന്നു. അവർ വിളിച്ചുപറഞ്ഞു നിങ്ങൾ ചെയ്യുന്നത് ശരിയാണെന്ന്. പിന്നെ ഞങ്ങൾക്ക് വലുത് ഉപ്പയുടെ വാക്കുകളായിരുന്നു.’ 
ഉപ്പയെ പഴയത് പോലെ എഴുത്തി​​​​​​െൻറ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. ഞങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്തിയപ്പോൾ എഴുത്ത് തന്നെ വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോൾ എഴുത്തിനോടുള്ള മാനസിക അടുപ്പം തിരിച്ചുപിടിക്കുമ്പോൾ ശരീരത്തി​​​​​​െൻറ ആരോഗ്യം കൂടെ നിൽക്കാത്ത അവസ്​ഥയാണ്. 
നാസിമയുടെ കുടുംബത്തി​​​​​​െൻറ സ്​പെയ്സ്​ അപഹരിക്കണ്ടെന്ന തോന്നലിൽ ഒരു ദിവസം പുനത്തിൽ പറഞ്ഞു ഒറ്റക്ക് താമസിക്കണമെന്ന്, അങ്ങനെയാണ് കോഴിക്കോട് ബീച്ചിനടുത്തുള്ള ഫ്ലാറ്റിലേക്ക് അദ്ദേഹം താമസം മാറിയത്. 
‘ദിവസവും നീ വന്ന് എന്നെ നോക്കണം എന്ന് മാത്രമാണ് ഉപ്പ പറഞ്ഞത്. ഞങ്ങൾ ഇടക്ക് ഒന്ന് രണ്ട് ദിവസമെങ്കിലും പോകാതിരുന്നാൽ, പിന്നെ ചെല്ലുമ്പോൾ കുഞ്ഞുങ്ങപെ്പോലെ പിണങ്ങിക്കിടക്കുകയായിരിക്കും.  ആളിപ്പോൾ ബെഡിൽ നിന്ന് എണീക്കാൻ പോലും മടിപിടിച്ച് എപ്പോഴും കിടപ്പാണ്. ഇടക്കൊക്കെ എണീറ്റിരുന്ന് ടിവിയൊക്കെ കാണാൻ പറഞ്ഞാൽ, ഇങ്ങനെ കിടക്കുന്നതി​​​​​​െൻറ സുഖം നിങ്ങൾക്കൊന്നും അറിയൂലെന്നായിരിക്കും മറുപടി.’ 

എന്നും പ്രിയപ്പെട്ട ഉപ്പ
അടങ്ങിക്കിടക്കുന്ന ഉപ്പയുടെ കാര്യം പറയുമ്പോൾ ത​​​​​​െൻറ കുഞ്ഞുനാളുമുതൽ എപ്പോഴും തിരക്കിനിടയിൽ മാത്രം കണ്ട ഉപ്പയാണ് നാസിമയുടെ ഓർമകളിലേക്ക് ഓടിയെത്തുന്നത്.  വടകരയിൽ കഴിച്ചുകൂട്ടിയ നാളുകളിൽ പേരുകേട്ട ഡോക്ടറും എഴുത്തുകാരനുമായി ഉപ്പ ഓടിനടക്കുകയായിരുന്നു. എന്നാൽ, ഒരിക്കലും ഡിസിപ്ലിൻ വിട്ടൊരു കളിയില്ല. കൃത്യമായ ദിനചര്യകൾ അളന്നൊതുക്കി വെച്ച ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. രാവിലെ 7.30 ന് ഡോക്ടറായി ക്ലിനിക്കിലേക്ക് യാത്രതിരിക്കുന്നതോടെയായിരുന്നു ഉപ്പയുടെ ദിവസമാരംഭിക്കുന്നത്. പ്രഭാതഭക്ഷണം കഴിക്കുക എന്ന ശീലമില്ലായിരുന്നു. ഒരു ഗ്ലാസ്​ പാലിൽ അതൊതുക്കും. രോഗികൾക്ക് അൽപം വിശ്രമം നൽകി ഉച്ചക്ക് 1.30 ആകുമ്പോൾ ആൾ തിരികെ വീട്ടിലെത്തിയിട്ടുണ്ടാകും. മീൻ നിർബന്ധമുള്ള വെജിറ്റേറിയൻ ഈണിന് പിന്നാലെ 3.30 വരെ നീളുന്ന ഉച്ചയുറക്കം. വീണ്ടും ക്ലിനിക്കിലേക്ക്. വൈകുന്നേരം ആറുമണിയാകുന്നതോടെ വീട്ടിൽ സന്ദർശകർ വന്നെത്താൻ തുടങ്ങും, രോഗികളല്ല. സാഹിത്യസദസിനായി സൗഹൃദക്കൂട്ടങ്ങൾ വന്നണയുകയാണ്. രാത്രി എട്ടുമണിയോടെ തിരിച്ചെത്തുന്ന ഉപ്പ കുളിച്ച് റെഡിയായി താഴെ എത്തുന്നത് വരെ അവർക്കൊക്കെ കമ്പനികൊടുക്കുന്നതി​​​​​​െൻറ തിരക്കിൽ ഓടിനടന്നതി​​​​​​െൻറ രസമുള്ള ഓർമകൾ നിരവധി. ടി. രാജൻ മാസ്​റ്റർ, മേപ്പയിൽ വിജയൻ, ചുണ്ടയിൽ പ്രഭാകരൻ തുടങ്ങി നിരവധിപ്പേർ അടങ്ങിയ ആ സദസിലേക്ക് ഉപ്പ എത്തുന്നതോടെ ആഘോഷമായിരുന്നു ആ വീട് മുഴുവൻ. സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ചും വിവരം കിട്ടാൻ അവിടെ ഇരുന്നാൽ മതി. കുട്ടികളായത്കൊണ്ട് മാറിനിൽക്കാനൊന്നും ഒരിക്കലും പറഞ്ഞിരുന്നില്ല. കണ്ടില്ലെങ്കിൽ ഉപ്പ വിളിക്കും അവിടെവന്നിരിക്കാൻ പറഞ്ഞ്. സൗഹൃദസദസ്​ കഴിഞ്ഞതിന് ശേഷമാണ് എഴൂത്തി​​​​​​െൻറയും വായനയുടെയും ലോകത്തേക്ക് കടക്കുക. 
്മമൂന്നു മക്കൾക്കും എന്നും നല്ലൊരു സുഹൃത്തായ ഉപ്പയാണ് നാസിമക്ക് പുനത്തിൽ. ‘എന്തും ചോദിക്കാനും പറയാനും ഉള്ള സ്വാതന്ത്ര്യം എപ്പോഴുമുണ്ടായിരുന്നു. എന്നാലും ഞങ്ങളുടെ ലിമിറ്റ് കഴിഞ്ഞ് പോയിട്ടില്ല. ഉപ്പക്കൊപ്പം നടത്തിയ ചെറുചെറു യാത്രകളാണ് വിവാഹശേഷം ഞാൻ ഒരുപാട് മിസ്​ ചെയ്ത സംഗതികളിലൊന്ന്.’
പുനത്തിലി​​​​​​െൻറ പ്രശസ്​തമായ വൃത്തിപ്രിയത്തെക്കുറിച്ചും മകൾക്ക് ഏറെ പറയാനുണ്ട്. ‘അങ്ങനെയൊന്നും ദേഷ്യം പിടിക്കുന്നയാളല്ല ഉപ്പ. ദേഷ്യം പിടിച്ചാൽ പിന്നെ പറയുകയും വേണ്ട. അദ്ദേഹത്തെ പെട്ടെന്ന് ദേഷ്യം പിടിപ്പിക്കാൻ പറ്റിയ ഒരേ ഒരു കാരണം വൃത്തിയും വെടിപ്പും ഇല്ലാതിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് വരുമ്പോൾ ഒരു പേപ്പർ കഷണം വീട്ടിൽ എവിടെയെങ്കിലും കിടക്കുന്നത് കണ്ടാൽ മതി, ആളുടെ ഭാവം മാറും. ഞങ്ങളുടെ റൂമിലൊക്കെ ഇടക്ക് വരുമ്പോൾ എല്ലാം അടുക്കിപ്പറുക്കിവച്ചിരിക്കുന്നത് കണ്ടാൽ വലിയ സന്തോഷമാകും.’ കുട്ടിക്കാലത്തി​​​​​​െൻറ ഓർമകൾക്കൊപ്പം നിറഞ്ഞ ചിരിയും പുനത്തിലി​​​​​​െൻറ നാസിമോളുടെ മുഖത്ത് വിരിഞ്ഞു. വായിക്കണം എന്ന കാര്യത്തിൽ മാത്രമായിരുന്നു ഉപ്പക്ക് എപ്പോഴും നിർബന്ധമുണ്ടായിരുന്നത് എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ അഭിമാനം. പുസ്​തകങ്ങൾ സമ്മാനിച്ചിരുന്ന ഉപ്പയെക്കുറിച്ച് പറയുമ്പോൾ ഗുരുവിനോടെന്നപോൽ ബഹുമാനം. പ്രഭാത് ബുക്സി​​​​​​െൻറ റഷ്യൻ കഥകൾ ഇഷ്​ടപ്പെട്ടിരുന്ന കുട്ടിക്കാലത്തെ സമ്പന്നമാക്കിയ ഉപ്പ, കവിതകൾ ചൊല്ലിക്കേൾപ്പിക്കുന്നതി​​​​​​െൻറ താളം ഇപ്പോഴും നാസിമയുടെ കാതകലത്തുണ്ട്. ഉപ്പയുടെ ചൊല്ലലാണ് തനിക്കധികം ഇഷ്​ടമല്ലായിരുന്ന ആ കവിതകൾ കേൾക്കാൻ പിടിച്ചിരുത്തിയിട്ടുള്ളതെന്ന് നാസിമ. കുട്ടിയായിരുന്നപ്പോൾ സ്​മാരകശിലകളുടെ അധ്യായങ്ങൾ ഉപ്പ വായിച്ച് കേൾപ്പിച്ചിരുന്നതും അവർ ഓർക്കുന്നു. 
ഉപ്പയുടെ േപ്രാത്സാഹനത്തിൽ എപ്പോഴും പുസ്​തകവുമായി രക്ഷപ്പെട്ട് കഴിഞ്ഞ താൻ അടുക്കളക്കാര്യത്തിലൊന്നും ശ്രദ്ധിക്കുന്നില്ലെന്നുള്ള ഉമ്മയുടെ പരാതിയെ തുടർന്ന് തന്നെ സൂത്രത്തിൽ പാചകത്തിലേക്ക് ആദ്യമായി കൈപിടിച്ച്കൊണ്ടുപോയ കഥയും നാസിമ പങ്കുവച്ചു. ‘നമുക്കിന്നൊരു ചിക്കൻ കറിവെക്കാം നാസി. ഉമ്മയെ ഒന്നും നമുക്ക് കൂട്ടെണ്ട.’ എന്ന് പറഞ്ഞ് തന്നെ അസിസ്​ൻറാക്കിയ ഉപ്പയുടെ പാചക വൈദഗ്ദ്യത്തെക്കുറിച്ച് പറയുമ്പോൾ മോൾക്ക് നൂറുനാവ്. ചെറിയൊരു ഉപ്പ്മാവായാലും തൈര് ഉണ്ടാക്കുന്നതിലായാലും ഉപ്പ ചെയ്യുമ്പോൾ കിട്ടുന്ന സ്വാദ് വേറെങ്ങും ലഭിച്ചിട്ടില്ലെന്ന് മകൾ. മധുരപ്രിയനായ ഉപ്പ കുട്ടികൾക്കുള്ള പലഹാരങ്ങൾ പോലും ഒളിപ്പിച്ച് വച്ച് കഴിക്കുന്ന മിടുക്കനാണെന്നും ചിരിച്ചുകൊണ്ട് നാസിമ. 

ഉപ്പയുടെ സൗഹൃദചെപ്പ്
വലുതും ചെറുതുമായ സാഹിത്യകാരന്മാരുടെയും നാനാതുറകളിൽ പെട്ട മറ്റ് സുഹൃത്തുക്കളുടെയും വിഹാരകേന്ദ്രമായിരുന്നു പുനത്തിലി​​​​​​െൻറ വീട്. ഒ.എൻ.വി, എം.ടി, എം. മുകുന്ദൻ, കോവിലൻ, എം.വി.ദേവൻ, ഒ.വി. വിജയൻ, വി.കെ.എൻ എന്നിങ്ങളെ അനേകം പേർ വീട്ടിലെത്തിയതി​​​​​​െൻറ ഓർമകൾ പങ്കുവെക്കാനുണ്ട് നാസിമക്ക്. ദിവസങ്ങളോം താമസിച്ചവരും അറിവ് പകർന്നവരും കുടുംബത്തി​​​​​​െൻറ ഭാഗമായവരുമൊക്കെയായി നിരവധിപ്പേർ. എന്ത് ചോദിച്ചാലും പ്രത്യേകിച്ച്, പുസ്​തകങ്ങൾ വാങ്ങിത്തരുന്ന ഉപ്പ ഒരിക്കൽ കോഴിക്കോട് നാഷണൽ ബുക് സ്​റ്റാളിൽ പോയപ്പോൾ തിരക്ക് കാരണം തന്നെ കൂടെക്കൂട്ടാതെ പോയത് കാരണം റോഡരുകിൽ കാറിലിരുന്ന് കരഞ്ഞ് ബഹളം വച്ച കുട്ടിക്കാലമോർത്തപ്പോൾ നാസിമക്ക് ചിരിപൊട്ടി. ‘അന്ന് അവിടെ അവിചാരിതമായെത്തിയ ഒ.എൻ.വി കരയുന്ന എന്നെക്കണ്ട് കാര്യം തിരക്കി. പുസ്​തകം വാങ്ങിത്തരാനാണെന്ന് കേട്ടപ്പോൾ എന്നെയും കൊണ്ട് കടയിലേക്ക് കയറിച്ചെന്ന് എന്ത് വേണമെങ്കിലും വാങ്ങിക്കോളാൻ അദ്ദേഹം പറഞ്ഞു. എന്നിട്ട് ഉപ്പയോട് പറഞ്ഞു, എന്താ നീ ഈ കാണിച്ചത്. കൊച്ചുകുട്ടികളോട് ഇങ്ങനെയൊന്നും ചെയ്യരുത്.’ ആ സംഭവത്തിന് പിന്നാലെ ‘നാസിമ മോൾക്ക്’ എന്നെഴുതി ഒ.എൻ.വി ഒപ്പിട്ടയച്ച ഭൂമിക്കൊരു ചരമഗീതം കോപ്പി ഇപ്പോഴും സൂക്ഷിച്ച്വച്ചിട്ടുണ്ടെന്ന് നാസിമ. 
ഉപ്പക്ക് ഏറെപ്രിയപ്പെട്ടതായിരുന്നു സൗഹൃദങ്ങളെന്ന് പറഞ്ഞ നാസിമ, സ്വന്തം ഉമ്മയും ഉപ്പയും മരിച്ചപ്പോൾ താൻ കരഞ്ഞിട്ടില്ലെന്ന് എഴുതിവെച്ച പുനത്തിൽ കരഞ്ഞത് നേരിട്ട് കണ്ട അപൂർവ സംഭവവും പങ്കുവച്ചു. ‘സാഹിത്യക്കൂട്ടിന് പുറത്തുള്ള പ്രിയ ചങ്ങാതിയായിരുന്ന ഡോ. അഷ്റഫ് മരിച്ചപ്പോഴാണ് ഉപ്പ കരഞ്ഞത്.’ വെള്ളിയാഴ്ചകളിൽ എം.ടിയുടെ കുടുംബത്തിനൊപ്പം പതിവുണ്ടായിരുന്ന ഔട്ടിങ്ങും അക്കുംബർ എന്ന് ഉപ്പ വിളിച്ചിരുന്ന അക്ബർ കക്കട്ടിലും കണ്ടാനശേരിയിൽ നിന്ന് ചക്കയും ചുമന്ന് വരുന്ന കോവിലനും മുളകോഷ്യത്തി​​​​​​െൻറ സ്വാദുമായെത്തുന്ന വി.കെ മാധവൻ കുട്ടിയുമെല്ലാം സംസാരത്തിനിടയിൽ ഓടിയെത്തി.
ഉപ്പയെക്കുറിച്ചുള്ള കാര്യങ്ങൾ എത്ര പറഞ്ഞാലും തീരില്ലെന്ന നാസിമയുടെ ജാമ്യം വെറുംവാക്കല്ല. മലയാളത്തി​​​​​​െൻറ പ്രിയ കഥപറച്ചിലുകാര​​​​​​െൻറ മകളുടെ ഓർമപ്പുസ്​തകത്താളിൽ നിറമുള്ള നിമിഷങ്ങൾ നിരവധി. അക്കേഷ്യ മരം പൂത്ത മണത്തി​​​​​​െൻറ ലഹരിപിടിച്ച് ഉപ്പ പാടുന്ന തരംഗിണിയുടെ പാട്ടുകൾ കേട്ട് വടകരയിലെ പഴയ വീട്ടിലെ മട്ടുപ്പാവിൽ ആകാശം നോക്കിക്കിടക്കുന്നൊരു പൂർണ്ണകുടുംബചിത്രം തെളിഞ്ഞുവരുന്ന മനസുമായി, തന്നെക്കാണാൻ കാത്തിരിക്കുന്ന ഉപ്പയുടെ അടുത്തേക്ക് പോകാൻ നാസിമ യാത്രപറഞ്ഞിറങ്ങി. 

 

Show Full Article
TAGS:punathil kunjabdulla nasima punthil died literature news malayalam news 
News Summary - Punathil Kunjabdulla-Literature news
Next Story