പുരസ്കാരങ്ങളുടെ മാസ്മരികതയിൽ വീഴാത്ത എഴുത്തുകാരൻ
text_fieldsവിയന: ഒരിക്കൽ സാഹിത്യ നൊബേലിനെതിരെ ശക്തമായി വാദിച്ച എഴുത്തുകാരനെ തേടി പുരസ്കാരമെത്തി എന്നത് ചരിത്രത്തിെൻറ കാവ്യനീതിയാകാം. സാഹിത്യനൊബേൽ നൽകുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട എഴുത്തുകാരിൽ പ്രധാനിയായിരുന്നു പീറ്റർ ഹാൻഡ്കെ. നിമിഷനേരത്തേക്കുള്ള പ്രശസ്തി മാത്രം കൊണ്ടുവരുന്നതാണ് പുരസ്കാര ലബ്ധി എന്നായിരുന്നു പീറ്ററുടെ കണ്ടെത്തൽ. നൊബേൽ ജേതാവാകുന്നതിലൂടെ പത്രങ്ങളിൽ കുറച്ചുനേരത്തേക്ക് നിറഞ്ഞുനിന്നേക്കാം. ആ വ്യാജകിരീടം എഴുത്തുകാർക്ക് ആവശ്യമില്ലെന്നായിരുന്നു അഭിപ്രായം.
നോവലിസ്റ്റ് മാത്രമല്ല, അറിയപ്പെടുന്ന നാടകകൃത്തും കവിയും പരിഭാഷകനും കൂടിയാണിദ്ദേഹം. സെർബ് ദേശീയത കൊണ്ട് മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ്. വിഖ്യാത ജർമൻ എഴുത്തുകാരനും നൊബേൽ ജേതാവുമായ തോമസ് മാനെ ഏറ്റവും മോശം എഴുത്തുകാരനെന്നും അദ്ദേഹത്തിെൻറ ഭാഷ മോശമാണെന്നു പറയാനും പീറ്റർ മടികാണിച്ചിരുന്നില്ല. ഇങ്ങനെ പലഅവസരത്തിലും വിഗ്രഹഭഞ്ജകനായി മാറി. വംശഹത്യക്ക് ശിക്ഷിക്കപ്പെട്ട സെർബ് മുൻ പ്രസിഡൻറ് സ്ലൊബോഡൻ മിലോസെവികിെൻറ മരണാനന്തരചടങ്ങിൽ പങ്കെടുത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തുവന്നു.
എൽഫ്രഡ് യെൽനികിനെ പോലുള്ള വിഖ്യാത എഴുത്തുകാർ അനുകൂലിച്ചപ്പോൾ സൽമാൻ റുഷ്ദിയടക്കമുള്ള വിമർശിച്ചു.പ്രതിഷേധത്തെ തുടർന്ന് 2006ൽ ജർമനിയിലെ വിഖ്യാത പുരസ്കാരമായ ദ ഹീൻറിച്ച് ഹീൻ അവാർഡ് സ്വീകരിച്ചില്ല. അദ്ദേഹത്തിെൻറ നാടകത്തിന് ഫ്രാൻസ് വേദി നൽകാത്തതും വാർത്തയായി. 2014ൽ നോർവേയിൽ ഇബ്സൺ പുരസ്കാരം സ്വീകരിച്ച വേളയിലും പീറ്റർ എതിർപ്പു നേരിട്ടു.
1942 ഡിസംബർ ആറിന് തെക്കൻ ഓസ്ട്രിയയിലെ ഗ്രിഫൻ എന്ന പ്രദേശത്താണ് പീറ്റർ ജനിച്ചത്. പിതാവ് സൈനികനായിരുന്നു. സ്ലൊവീനിയൻ ന്യൂനപക്ഷ വിഭാഗത്തിൽപെട്ടയാളായിരുന്നു മാതാവ്. കുറച്ചുകാലം ബർലിനിലുണ്ടായിരുന്നു എന്നതൊഴിച്ചാൽ പീറ്റർ വളർന്നത് ഓസ്ട്രിയയിലാണ്. ഏറ്റവും വെറുത്ത കത്തോലിക് സ്കൂളിലെ പഠനകാലത്ത് അവിടത്തെ മാഗസിനിലാണ് എഴുത്തിെൻറ ഹരിശ്രീ കുറിച്ചത്. എഴുത്താണ് ജീവിതമെന്നു തിരിച്ചറിയാൻ അധികകാലം വേണ്ടിവന്നില്ല.
1966ൽ ദ ഹോർനറ്റ്സ് എന്ന നോവലും ഒഫൻറിങ് ദ ഓഡിയൻസ് എന്ന നാടകവും പുറത്തിറങ്ങി. രണ്ടും വിജയമായതോടെ നിയമപഠനം പാതിവഴിയിലുപേക്ഷിച്ച് മുഴുസമയ എഴുത്തുകാരനായി. ‘ഷോർട് ലെറ്റർ, ലോങ് ഫെയർവെൽ’, കവിതാസമാഹാരമായ ‘ദ ഇന്നർവേൾഡ് ഓഫ് ദ ഔട്ടർവേൾഡ് ഓഫ് ദ ഇന്നർവേൾഡ്’, 1971ൽ ജീവനൊടുക്കിയ അമ്മയെ കുറിച്ചെഴുതിയ സോറോ ബിയോണ്ട് ഡ്രീംസ് എന്നിവയാണ് പ്രധാന കൃതികൾ.
പീറ്ററിെൻറ ചില നോവലുകൾ സിനിമയാക്കിയിട്ടുണ്ട്. 1972ൽ ജർമൻ സംവിധായകനും സുഹൃത്തുമായ വിം വെൻഡേഴ്സ് പീറ്ററിെൻറ ദ ‘ഗോൾകീപ്പേഴ്സ് ഫിയർ ഓഫ് ദ പെനാൽറ്റി’ എന്ന നോവൽ ഇതിവൃത്തമാക്കി സിനിമയെടുത്തു. 1987ൽ ഇരുവരും ഒരുമിച്ചതോടെ ‘വിംഗ്സ് ഓഫ് ഡിസയർ’ പിറന്നു. 77ാം വയസ്സിലും എഴുത്തിെൻറ ലോകത്ത് സജീവമാണിദ്ദേഹം.